കുടുംബങ്ങൾക്കുവേണ്ടി | മക്കളെ വളർത്തൽ
കുട്ടികളും സോഷ്യൽ മീഡിയയും—ഭാഗം 2: സോഷ്യൽ മീഡിയ സുരക്ഷിതമായി ഉപയോഗിക്കാൻ കൗമാരപ്രായത്തിലുള്ള മക്കളെ സഹായിക്കുക
പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് അറിയാവുന്നതുകൊണ്ട് പല മാതാപിതാക്കളും സോഷ്യൽ മീഡിയ ഉപയോഗിക്കാൻ തങ്ങളുടെ കുട്ടികളെ അനുവദിക്കാറില്ല. എന്നാൽ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ നിങ്ങളുടെ കൗമാരത്തിലുള്ള മകനെയോ മകളെയോ അനുവദിക്കുകയാണെന്നു വിചാരിക്കുക. അങ്ങനെയെങ്കിൽ അപകടങ്ങൾ ഒഴിവാക്കാനും ഡിജിറ്റൽ ലോകത്ത് നല്ലൊരു പൗരനാകാനും അവരെ എങ്ങനെ സഹായിക്കാം?
ഈ ലേഖനത്തിൽ
നിങ്ങളുടെ കുട്ടിയുടെ സമയം
നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്: സോഷ്യൽ മീഡിയയ്ക്ക് അഡിക്റ്റായിപ്പോകാനുള്ള നല്ല സാധ്യതയുണ്ട്. അതുകൊണ്ട് സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ഒരുപാട് സമയം കളയാതിരിക്കാൻ നിങ്ങളുടെ കൗമാരക്കാരന് സഹായം വേണ്ടിവന്നേക്കാം.
ബൈബിൾ തത്ത്വം: ‘കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ ഏതെന്ന് ഉറപ്പുവരുത്തുക.’—ഫിലിപ്പിയർ 1:10.
ചിന്തിക്കാനായി: സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതു കാരണം എന്റെ കുട്ടിയുടെ ഉറക്കം നഷ്ടപ്പെടുന്നുണ്ടോ? പഠിത്തം ഉഴപ്പുന്നുണ്ടോ? കുടുംബാംഗങ്ങളുമായി വേണ്ടത്ര സമയം ചെലവഴിക്കാൻ പറ്റാതെ വരുന്നുണ്ടോ? അതിനെക്കുറിച്ച് പഠനം നടത്തുന്നവർ പറയുന്നത്, കൗമാരപ്രായക്കാർക്ക് രാത്രി ഏതാണ്ട് ഒൻപതു മണിക്കൂർ ഉറക്കം വേണമെന്നാണ്. പക്ഷേ മണിക്കൂറുകളോളം സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന കുട്ടികൾക്ക് ഏഴു മണിക്കൂറിൽ താഴെയേ ഉറക്കം കിട്ടുന്നുള്ളൂ.
നിങ്ങൾക്കു ചെയ്യാനാകുന്നത്: ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് നിങ്ങളുടെ കൗമാരപ്രായക്കാരനുമായി ചർച്ച ചെയ്യുക. സോഷ്യൽ മീഡിയ ഉപയോഗിച്ച് ഒരുപാട് സമയം കളയാതിരിക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ചും സംസാരിക്കുക. ന്യായമായ ചില നിയമങ്ങൾ വെക്കാം. രാത്രി ബെഡ്റൂമിൽ ഫോണും മറ്റും വെക്കരുത് എന്നതുപോലുള്ള നിയമങ്ങൾ. ആത്മനിയന്ത്രണം വളർത്തിയെടുക്കാൻ നിങ്ങളുടെ കുട്ടിയെ സഹായിക്കുക എന്നതാണ് നിങ്ങളുടെ ലക്ഷ്യം. ഇനിയങ്ങോട്ടുള്ള ജീവിതത്തിൽ അവനെ സഹായിക്കുന്ന ഒരു ഗുണമാണ് അത്.—1 കൊരിന്ത്യർ 9:25.
നിങ്ങളുടെ കുട്ടിയുടെ മനസ്സും വികാരങ്ങളും
നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്: കൂട്ടുകാരുടെ എഡിറ്റ് ചെയ്ത സെൽഫികളും “റീലുകളും” ഒക്കെ കാണുമ്പോൾ ഒരു ചെറുപ്പക്കാരന് ഒറ്റപ്പെട്ടതുപോലെ തോന്നാം, പിരിമുറുക്കവും നിരാശയും ഒക്കെ തോന്നാം.
ബൈബിൾ തത്ത്വം: ‘അസൂയ ഉപേക്ഷിക്കുക.’—1 പത്രോസ് 2:1.
ചിന്തിക്കാനായി: സോഷ്യൽ മീഡിയയിലെ മറ്റുള്ളവരുടെ ഫോട്ടോയൊക്കെ കണ്ടിട്ട്, തന്നെ കാണാൻ അത്ര ഭംഗിയില്ലല്ലോ എന്നൊക്കെ നിങ്ങളുടെ കുട്ടിക്ക് ഇടയ്ക്കു തോന്നാറുണ്ടോ? ‘മറ്റുള്ളവരുടെ ജീവിതമൊക്കെ അടിപൊളിയാണ്, എന്റേത് ഭയങ്കര ബോറാണ്’ എന്ന് അവൻ ചിന്തിക്കാറുണ്ടോ?
നിങ്ങൾക്കു ചെയ്യാനാകുന്നത്: മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുന്നതിന്റെ അപകടങ്ങളെക്കുറിച്ച് നിങ്ങളുടെ കൗമാരക്കാരനുമായി സംസാരിക്കുക. ആൺകുട്ടികളെക്കാൾ പെൺകുട്ടികൾക്കായിരിക്കും കൂടുതൽ പ്രശ്നം. കാരണം ബന്ധങ്ങൾക്കും സൗന്ദര്യത്തിനും ഒക്കെ കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് അവരാണ്. ഇടയ്ക്കിടയ്ക്ക് സോഷ്യൽ മീഡിയയ്ക്ക് അവധി കൊടുക്കാൻ നിങ്ങൾക്കു കുട്ടിയോടു പറയാം. ജേക്കബ് എന്നൊരു ചെറുപ്പക്കാരൻ പറയുന്നു: “കുറച്ച് ദിവസത്തേക്ക് ഞാൻ എന്റെ സോഷ്യൽ മീഡിയ ആപ്പ് ഡിലീറ്റ് ചെയ്തു. അങ്ങനെ എനിക്ക് ഒരുപാട് സമയം ലാഭിക്കാൻ പറ്റി. മറ്റുള്ളവരെക്കുറിച്ചും, ഇനി എന്നെക്കുറിച്ചുതന്നെയും ഉള്ള കാഴ്ചപ്പാടുപോലും മാറി.”
നിങ്ങളുടെ കുട്ടിയുടെ ഓൺലൈനിലെ പെരുമാറ്റം
നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്: സോഷ്യൽ മീഡിയയിലായിരിക്കുമ്പോൾ നിങ്ങൾ ഒരു വലിയ കൂട്ടത്തിനു മുന്നിൽ ജീവിക്കുന്നതുപോലെയാണ്. അപ്പോൾ തെറ്റിദ്ധാരണകളും തർക്കങ്ങളും ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
ബൈബിൾ തത്ത്വം: ‘എല്ലാ തരം പകയും കോപവും ക്രോധവും ആക്രോശവും അസഭ്യസംസാരവും നിങ്ങളിൽനിന്ന് നീക്കിക്കളയുക. തമ്മിൽ ദയയുള്ളവരായിക്കുക.’—എഫെസ്യർ 4:31, 32.
ചിന്തിക്കാനായി: സോഷ്യൽ മീഡിയ കാരണം നിങ്ങളുടെ കുട്ടി ഗോസിപ്പുകളിലും തർക്കങ്ങളിലും ചെന്നുപെടുന്നുണ്ടോ? ദയയില്ലാതെ സംസാരിക്കുന്നുണ്ടോ?
നിങ്ങൾക്കു ചെയ്യാനാകുന്നത്: ഓൺലൈനിൽ നന്നായി പെരുമാറാൻ നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുക. ഡിജിറ്റൽ കുട്ടികൾ എന്ന ഇംഗ്ലീഷിലുള്ള പുസ്തകം പറയുന്നു: “മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്, ഒരു സാഹചര്യത്തിലും ക്രൂരത പാടില്ല എന്ന് കുട്ടികളെ പഠിപ്പിക്കുന്നത്—അതു നേരിട്ടായാലും ഓൺലൈനിലൂടെയായാലും.”
ഒരു കാര്യം ഓർക്കുന്നത് നല്ലതാണ്: സോഷ്യൽ മീഡിയ ഒരു അത്യാവശ്യ കാര്യമല്ല. പിന്നെ, എല്ലാ മാതാപിതാക്കളും സോഷ്യൽ മീഡിയ ഉപയോഗിക്കാൻ കൗമാരപ്രായത്തിലുള്ള തങ്ങളുടെ മക്കളെ അനുവദിക്കാറുമില്ല. ഇനി സോഷ്യൽ മീഡിയ ഉപയോഗിക്കാൻ കുട്ടിയെ അനുവദിക്കുകയാണെങ്കിൽ, ഈ കാര്യം നിങ്ങൾ ഉറപ്പുവരുത്തണം: സമയപരിധി പാലിക്കാനും നല്ല സൗഹൃദങ്ങൾ നിലനിറുത്താനും മോശം കാര്യങ്ങൾ ഒഴിവാക്കാനും ഉള്ള പക്വത നിങ്ങളുടെ കുട്ടിക്കുണ്ടെന്ന്.