യുവജനങ്ങൾ ചോദിക്കുന്നു
എനിക്ക് എന്റെ ടീച്ചറുമായി എങ്ങനെ ഒത്തുപോകാം?
അധ്യാപകർ പേടിസ്വപ്നമാകുമ്പോൾ
എല്ലാ കുട്ടികളുടെ ജീവിതത്തിലും ഒരിക്കലെങ്കിലും കർക്കശക്കാരായ, എപ്പോഴും ദേഷ്യപ്പെടുന്ന അധ്യാപകരെ കാണേണ്ടിവരും.
21 വയസ്സുള്ള ലുയിസ് പറയുന്നു, “കുട്ടികളോട് മര്യാദയില്ലാതെ ഇടപെടുന്ന, എപ്പോഴും മോശം വാക്കുകൾ ഉപയോഗിക്കുന്ന ഒരു ടീച്ചർ എനിക്കുണ്ടായിരുന്നു. അടുത്തുതന്നെ റിട്ടയർ ആകാൻ പോകുന്നതുകൊണ്ട് തന്നെ ഇതിന്റെ പേരിൽ പിരിച്ചുവിടില്ലെന്നായിരിക്കാം അവർ ചിന്തിച്ചത്.”
25 വയസ്സുള്ള മെലാനി തന്നെ എപ്പോഴും ഒറ്റപ്പെടുത്തിയ ഒരു ടീച്ചറെക്കുറിച്ച് പറയുന്നു. “എന്റെ മതത്തിന്റെ പേരിലായിരുന്നു എന്നെ കളിയാക്കിയിരുന്നത്. ‘നിന്റെ ഈ മതത്തെ ആരാ കളിയാക്കാത്തത്?’ എന്നായിരുന്നു ടീച്ചർ പറഞ്ഞത്.”
ഇങ്ങനെയുള്ള അധ്യാപകർ നിങ്ങൾക്കുമുണ്ടെങ്കിൽ ഈ അധ്യയനവർഷവും പോയെന്നു തോന്നിയേക്കാം. എങ്കിൽ പിൻവരുന്ന നിർദേശങ്ങൾ ഒന്നു പരീക്ഷിച്ചുനോക്കൂ.
എങ്ങനെ ഒത്തുപോകാം?
ഇഷ്ടം അറിഞ്ഞ് പ്രവർത്തിക്കുക. ഓരോ അധ്യാപകരും ഓരോന്നായിരിക്കും കുട്ടികളിൽനിന്ന് പ്രതീക്ഷിക്കുന്നത്. നിങ്ങളിൽനിന്ന് നിങ്ങളുടെ ടീച്ചർ എന്താണു പ്രതീക്ഷിക്കുന്നതെന്ന് മനസ്സിലാക്കുക. എന്നിട്ട് ടീച്ചർ ആഗ്രഹിക്കുന്നതുപോലെ കാര്യങ്ങൾ ചെയ്യാൻ പറ്റുമോ എന്നു നോക്കുക.
ബൈബിൾ തത്ത്വം: “ബുദ്ധിയുള്ളവൻ ശ്രദ്ധിച്ചുകേട്ട് കൂടുതൽ ഉപദേശം സ്വീകരിക്കുന്നു.”—സുഭാഷിതങ്ങൾ 1:5.
“ടീച്ചറിന്റെ സ്റ്റൈലനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു. അതാണ് നല്ലതെന്ന് എനിക്കു തോന്നി. അങ്ങനെ ടീച്ചറുമായി ഒത്തുപോകാൻ എനിക്കു കഴിഞ്ഞു.”—ക്രിസ്റ്റഫർ.
ആദരവുണ്ടായിരിക്കുക. അധ്യാപകരോട് എപ്പോഴും ബഹുമാനത്തോടെ സംസാരിക്കുക. അവർ നിങ്ങളോട് മോശമായി പെരുമാറുമ്പോൾ അതേ രീതിയിൽത്തന്നെ തിരിച്ചടിക്കാൻ നിങ്ങൾക്കു തോന്നിയേക്കാം. പക്ഷേ ഓർക്കുക, അവർ നിങ്ങളെ കാണുന്നത് കൂടെ ജോലി ചെയ്യുന്ന ഒരാളായിട്ടല്ല, വിദ്യാർഥികളായിട്ടാണ്.
ബൈബിൾ തത്ത്വം: “എപ്പോഴും നിങ്ങളുടെ വാക്കുകൾ, ഉപ്പു ചേർത്ത് രുചിവരുത്തിയതുപോലെ ഹൃദ്യമായിരിക്കട്ടെ. അങ്ങനെയാകുമ്പോൾ, ഓരോരുത്തർക്കും എങ്ങനെ മറുപടി കൊടുക്കണമെന്നു നിങ്ങൾ അറിഞ്ഞിരിക്കും.”—കൊലോസ്യർ 4:6.
“മിക്ക കുട്ടികളും ടീച്ചർമാരെ എപ്പോഴും ബഹുമാനിക്കാറൊന്നുമില്ല. പക്ഷേ നിങ്ങൾ അവരോട് ആദരവോടെ സംസാരിച്ചാൽ അവർ അതു ശ്രദ്ധിക്കും; നിങ്ങളെ കൂടുതൽ ഇഷ്ടപ്പെടും.”—സിയാറ.
അവരെ മനസ്സിലാക്കുക. അധ്യാപകർക്കും നമ്മളെപ്പോലെതന്നെ കുറെ പ്രശ്നങ്ങളും ടെൻഷനുകളും ഒക്കെയുണ്ട്. അതുകൊണ്ട് അവരെ നിങ്ങൾ പെട്ടെന്നുതന്നെ വെറുക്കരുത്. ‘ഈ ടീച്ചർ എന്തൊരു സാധനമാണ്’ എന്നു ചിന്തിക്കുന്നതിനു മുമ്പ് അവരെ മനസ്സിലാക്കാൻ ശ്രമിക്കുക.
ബൈബിൾ തത്ത്വം: “നമുക്കെല്ലാം തെറ്റുകൾ പറ്റാറുണ്ടല്ലോ.”—യാക്കോബ് 3:2, അടിക്കുറിപ്പ്.
“ടീച്ചർമാരെ ശരിക്കും സമ്മതിക്കണം. ക്ലാസ്സിലുള്ള കുട്ടികളെയൊക്കെ പിടിച്ചിരുത്തി പഠിപ്പിക്കുന്നത് അത്ര എളുപ്പമല്ല. അതുകൊണ്ട് ഞാൻ മര്യാദയ്ക്ക് ഇരുന്നാൽ ടീച്ചറുടെ തലവേദന കുറച്ചെങ്കിലും കുറയുമല്ലോ.”—അലെക്സിസ്.
മാതാപിതാക്കളോടു പറയുക. നിങ്ങളെ ഏറ്റവും നന്നായി സഹായിക്കാൻ കഴിയുന്നത് മാതാപിതാക്കൾക്കാണ്. നിങ്ങൾ നന്നായി പഠിച്ചുകാണാൻ അവർ ആഗ്രഹിക്കുന്നുണ്ട്. പ്രശ്നക്കാരായ അധ്യാപകരോട് എങ്ങനെ ഇടപെടണമെന്ന് അവർക്ക് പറഞ്ഞുതരാനാകും.
ബൈബിൾ തത്ത്വം: “കൂടിയാലോചിക്കാത്തപ്പോൾ പദ്ധതികൾ തകരുന്നു.”—സുഭാഷിതങ്ങൾ 15:22.
“മാതാപിതാക്കൾക്ക് ഇതുപോലുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്ത് കുറച്ചുകൂടെ പരിചയമുണ്ടാകും. അതുകൊണ്ട് അവർക്ക് എന്താണെങ്കിലും നിങ്ങളെ സഹായിക്കാൻ കഴിയും.”—ഒലീവിയ.
ടീച്ചറോട് എങ്ങനെ സംസാരിക്കാം?
ഈ പ്രശ്നം നിങ്ങളെ കൂടുതൽ ബുദ്ധിമുട്ടിക്കുന്നെങ്കിൽ ടീച്ചറോട് അതു തുറന്നുപറയുന്നതു നല്ലതായിരിക്കും. കാര്യങ്ങൾ തുറന്നുപറഞ്ഞാൽ ടീച്ചർ എങ്ങാനും ചൂടാകുമോ, പ്രശ്നം കൂടുതൽ വഷളാകുമോ എന്നൊക്കെ നമുക്കു പേടി തോന്നിയേക്കാം. ഓർക്കുക, നമ്മൾ തർക്കിക്കുന്നില്ല. കാര്യം പറയുന്നെന്നേയുള്ളൂ. പലപ്പോഴും നമ്മൾ ചിന്തിച്ചുകൂട്ടുന്നതിനെക്കാൾ എളുപ്പമായിരിക്കും ഇങ്ങനെ സംസാരിക്കാൻ. പ്രശ്നം പരിഹരിക്കാനും ഇതു നമ്മളെ സഹായിക്കും.
ബൈബിൾ തത്ത്വം: ‘സമാധാനം ഉണ്ടാക്കാൻവേണ്ടി നമ്മളാലാകുന്നതെല്ലാം ചെയ്യാം.’—റോമർ 14:19.
“നിങ്ങളോടു മാത്രമാണ് ടീച്ചർ എപ്പോഴും ദേഷ്യപ്പെടുന്നത് എന്നു ചിലപ്പോൾ തോന്നിയേക്കാം. അങ്ങനെയെങ്കിൽ, വിഷമിപ്പിക്കുന്ന എന്തെങ്കിലും ഞാൻ ചെയ്തിട്ടുണ്ടോ എന്നു ടീച്ചറോടുതന്നെ ചോദിക്കുക. ഏതു കാര്യത്തിൽ മാറ്റം വരുത്തണമെന്ന് മനസ്സിലാക്കാൻ അതു നിങ്ങളെ സഹായിക്കും.”—ജൂലിയാന.
“പ്രശ്നത്തെക്കുറിച്ച് ക്ലാസ്സിൽവെച്ച് സംസാരിക്കുന്നതിനു പകരം ടീച്ചറെ ഒറ്റയ്ക്കു കണ്ട് കാര്യങ്ങൾ പറയുന്നതായിരിക്കും നല്ലത്. മിക്കവാറും ടീച്ചർ നിങ്ങളെ മനസ്സിലാക്കും. നിങ്ങൾ സംസാരിച്ച രീതിയും അവർക്ക് ഇഷ്ടപ്പെടും.”—ബെഞ്ചമിൻ.
ഒരു അനുഭവം
“ഞാൻ പഠിക്കാൻ തീരെ മോശമായിരുന്നു, മാർക്കും കുറവായിരുന്നു. എന്റെ ടീച്ചർ എന്നെ ഒട്ടും സഹായിച്ചില്ല. എപ്പോഴും എന്നെ കുറ്റപ്പെടുത്തി. ആ ടീച്ചർ കാരണം എനിക്കു സ്കൂളിൽ പോകാനേ തോന്നിയില്ല.
“എന്റെ ഈ പ്രശ്നം ഞാൻ മറ്റൊരു സാറിനോടു പറഞ്ഞു, അപ്പോ സാർ പറഞ്ഞു: ‘ടീച്ചറിന്റെ പ്രശ്നം എന്താണെന്ന് നിനക്കും അറിയില്ല, നിന്റെ പ്രശ്നം എന്താണെന്ന് ടീച്ചറിനും അറിയില്ല. നീ ആദ്യം നിന്റെ വിഷമം പറയ്. മറ്റു കുട്ടികൾക്കും ഇതേ പ്രശ്നമൊക്കെ ഉണ്ടാകും, പക്ഷേ പേടി കാരണം ടീച്ചറിനോട് ഇതൊന്നും പറയാത്തതായിരിക്കും.‘
“ആദ്യം എനിക്കും ഒട്ടും ധൈര്യമുണ്ടായിരുന്നില്ല. പക്ഷേ സാർ പറഞ്ഞതിനെക്കുറിച്ച് ഞാൻ ആലോചിച്ചു. സംസാരിക്കുന്നതാണ് നല്ലതെന്ന് എനിക്കും തോന്നി. കാര്യങ്ങൾ ശരിയാകണമെങ്കിൽ ഞാൻതന്നെ മുൻകൈയെടുക്കണം.
“തൊട്ടടുത്ത ദിവസം ഞാൻ ടീച്ചറെ കണ്ട് സംസാരിച്ചു. ‘ടീച്ചറിന്റെ ക്ലാസ്സ് എനിക്ക് ഒരുപാട് ഇഷ്ടമാണ്, നന്നായി പഠിക്കണമെന്നുമുണ്ട്. പക്ഷേ എനിക്കു പറ്റുന്നില്ല, എന്തു ചെയ്യണമെന്ന് എനിക്ക് അറിയില്ല.’ എനിക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങളെക്കുറിച്ച് ടീച്ചർ പറഞ്ഞുതന്നു. ക്ലാസ്സിനു ശേഷംപോലും എന്നെ പഠിപ്പിക്കാൻ റെഡിയായി.
“ഞാനിത് ഒട്ടും പ്രതീക്ഷിച്ചില്ല. ശരിക്കും അങ്ങനെ സംസാരിച്ച് കഴിഞ്ഞപ്പോ ടീച്ചർക്ക് എന്നെയും മനസ്സിലാക്കാൻ പറ്റി, എനിക്കു ടീച്ചറെയും മനസ്സിലാക്കാൻ പറ്റി. പിന്നീട് കാര്യങ്ങളൊക്കെ കുഴപ്പമില്ലാതെ പോയി.”—മരിയ.
ഒരു കാര്യം: നിങ്ങൾക്ക് അധ്യാപകരുമായി ഒത്തുപോകാൻ ബുദ്ധിമുട്ടാണെങ്കിൽ വിഷമിക്കേണ്ട, അതിനെ ഭാവിയിലേക്കുള്ള ഒരു പരിശീലനമായി കാണുക. 22 വയസ്സുള്ള കാറ്റി പറയുന്നു: “പഠനം കഴിഞ്ഞാലും ഇതുപോലുള്ള ആളുകളെ നിങ്ങൾക്കു വീണ്ടും കണ്ടുമുട്ടേണ്ടിവരും. ജോലിസ്ഥലത്ത് നിങ്ങൾക്ക് എല്ലായ്പോഴും നല്ലൊരു ബോസിനെ കിട്ടണമെന്നില്ല. ഇപ്പോൾത്തന്നെ ടീച്ചർമാരുമായി ഒത്തുപോകാൻ കഴിഞ്ഞാൽ ഭാവിയിലും ഇതുപോലുള്ള ആളുകൾ നിങ്ങൾക്ക് വലിയൊരു പ്രശ്നമായിരിക്കില്ല.”