യുവജനങ്ങൾ ചോദിക്കുന്നു
മാതാപിതാക്കൾ വെച്ചിരിക്കുന്ന നിയമങ്ങളെക്കുറിച്ച് എനിക്ക് അവരോട് എങ്ങനെ സംസാരിക്കാം?
പതിനഞ്ചു വയസ്സുണ്ടായിരുന്നപ്പോൾ മാതാപിതാക്കൾ വെച്ചിരുന്ന നിയമങ്ങൾ എനിക്കു വേണ്ടതുതന്നെയായിരുന്നു. പക്ഷേ ഇപ്പോൾ എനിക്കു വയസ്സു 19 ആയി. എനിക്കു കുറച്ചുകൂടി സ്വാതന്ത്ര്യം വേണം.—സിൽവിയ.
സിൽവിയയെപ്പോലെ നിങ്ങൾക്കും തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ അതെക്കുറിച്ച് മാതാപിതാക്കളോടു സംസാരിക്കാൻ ഈ ലേഖനം നിങ്ങളെ സഹായിക്കും.
നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
മാതാപിതാക്കളോട് അവർ വെച്ചിരിക്കുന്ന നിയമങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനു മുമ്പ് പിൻവരുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:
നിയമങ്ങളില്ലാത്ത ജീവിതം അലങ്കോലമായിരിക്കും. തിരക്കുള്ള ഒരു റോഡ് സങ്കല്പിക്കുക. ട്രാഫിക് ബോർഡുകളോ ട്രാഫിക് സിഗ്നലുകളോ വേഗപരിധികളോ ഒന്നുമില്ലെങ്കിൽ എന്തായിരിക്കും സ്ഥിതി? റോഡിലാണെങ്കിലും വീട്ടിലാണെങ്കിലും കാര്യങ്ങളെല്ലാം ചിട്ടയായിപ്പോകണമെങ്കിൽ നിയമങ്ങൾ വേണം.
മാതാപിതാക്കൾക്കു നിങ്ങളെക്കുറിച്ച് വിചാരമുണ്ടെന്നതിന്റെ തെളിവാണു നിയമങ്ങൾ. അവർ പ്രത്യേകിച്ച് നിയമങ്ങളൊന്നും വെക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് എന്തു സംഭവിച്ചാലും അവർക്കു വലിയ കുഴപ്പമൊന്നുമില്ലെന്നു വരും. അങ്ങനെയുള്ളവർ ശരിക്കും നല്ല മാതാപിതാക്കളാണോ?
നിങ്ങൾക്ക് അറിയാമോ? മാതാപിതാക്കൾ അനുസരിക്കേണ്ട ചില നിയമങ്ങളുമുണ്ട്! സംശയമുണ്ടോ? ഉണ്ടെങ്കിൽ ഉൽപത്തി 2:24; ആവർത്തനം 6:6, 7; എഫെസ്യർ 6:4; 1 തിമൊഥെയൊസ് 5:8 എന്നീ ബൈബിൾഭാഗങ്ങൾ ഒന്നു വായിച്ചുനോക്കൂ.
മാതാപിതാക്കൾ വെച്ചിരിക്കുന്ന നിയമങ്ങൾ അന്യായമാണെന്നാണോ ഇപ്പോഴും നിങ്ങൾക്കു തോന്നുന്നത്?
നിങ്ങൾക്കു ചെയ്യാനാകുന്നത്
സംസാരിക്കുന്നതിനു മുമ്പ് ഇതൊന്നു ചിന്തിക്കുക. മാതാപിതാക്കൾ വെക്കുന്ന നിയമങ്ങൾ അനുസരിക്കുന്ന കാര്യത്തിൽ നിങ്ങൾ എങ്ങനെയുണ്ട്? അത്ര പോരെങ്കിൽ ഇപ്പോൾ സംസാരിക്കാതിരിക്കുന്നതായിരിക്കും നല്ലത്. “എനിക്ക് എങ്ങനെ മാതാപിതാക്കളുടെ വിശ്വാസം നേടിയെടുക്കാം?” എന്ന ലേഖനം ആദ്യം ഒന്നു വായിക്കുന്നതു നന്നായിരിക്കും.
ഇനി നിങ്ങൾ അനുസരിക്കുന്ന കാര്യത്തിൽ മിടുക്കരാണെങ്കിൽ, എന്താണു മാതാപിതാക്കളോടു പറയാൻപോകുന്നതെന്ന് ഒന്നു തയ്യാറാകുക. പറയാൻപോകുന്ന കാര്യം മുൻകൂട്ടി മനസ്സിൽ ഒന്നു ചിന്തിക്കുന്നെങ്കിൽ അതിൽ എത്രത്തോളം ന്യായമുണ്ടെന്നു നിങ്ങൾക്കു മനസ്സിലാകും. അടുത്തതായി സ്വസ്ഥമായി എപ്പോൾ, എവിടെവെച്ച് ഇതിനെക്കുറിച്ച് സംസാരിക്കാൻ പറ്റുമെന്നു മാതാപിതാക്കളോടു ചോദിക്കുക. എന്നിട്ട് സംസാരിക്കുന്ന സമയത്ത് ഇക്കാര്യങ്ങൾ മനസ്സിൽപ്പിടിക്കുക:
ആദരവോടെ സംസാരിക്കുക. “പരുഷമായ വാക്കുകൾ കോപം ആളിക്കത്തിക്കുന്നു” എന്നു ബൈബിൾ പറയുന്നു. (സുഭാഷിതങ്ങൾ 15:1) ഇക്കാര്യം മനസ്സിൽപ്പിടിക്കുക: നിങ്ങൾ മാതാപിതാക്കളോടു വാദിച്ചുജയിക്കാനോ അവർ കാണിക്കുന്നത് അന്യായമാണെന്നു പറഞ്ഞ് അവരെ കുറ്റപ്പെടുത്താനോ പോയാൽ സംസാരം എങ്ങുമെങ്ങും എത്തില്ല.
“മാതാപിതാക്കളെ ഞാൻ എത്രത്തോളം ആദരിക്കുന്നോ അത്രത്തോളം ആദരവ് അവർ എനിക്കും തരുന്നു. പരസ്പരം ആദരവോടെ ഇടപെടുന്നതുകൊണ്ട് പെട്ടെന്ന് ഒരു തീരുമാനത്തിലെത്താൻ ഞങ്ങൾക്കു പറ്റുന്നു.”—ബിയാൻക, 19.
ശ്രദ്ധിച്ചുകേൾക്കുക. “കേൾക്കാൻ തിടുക്കമുള്ളവരായിരിക്കണം; എന്നാൽ സംസാരിക്കാൻ തിടുക്കം കൂട്ടരുത്” എന്നാണു ബൈബിൾ പറയുന്നത്. (യാക്കോബ് 1:19) ഓർക്കുക: നിങ്ങൾ മാതാപിതാക്കളുമായി ഒരു കാര്യം ചർച്ച ചെയ്യുകയാണ്, അല്ലാതെ അവരോടു പ്രസംഗിക്കുകയല്ല.
“കുറച്ച് വലുതായിക്കഴിയുമ്പോൾ മാതാപിതാക്കളെക്കാൾ ഒരുപാട് അറിവുണ്ടെന്നു നമുക്കൊരു തോന്നലുണ്ടാകും. പക്ഷേ അതു വെറുമൊരു തോന്നലാണ്. ശരിക്കും നമ്മൾ അവർ പറയുന്നതു കേൾക്കണം.”—ഡെവാൻ, 20
മാതാപിതാക്കളുടെ സ്ഥാനത്തുനിന്ന് ചിന്തിക്കുക. “സ്വന്തം താത്പര്യം മാത്രം നോക്കാതെ മറ്റുള്ളവരുടെ താത്പര്യവുംകൂടെ നോക്കണം” എന്നാണല്ലോ ബൈബിൾ പറയുന്നത്. അതുകൊണ്ട് മാതാപിതാക്കളുടെ താത്പര്യംകൂടെ നോക്കണം.—ഫിലിപ്പിയർ 2:4.
“മാതാപിതാക്കളെ എന്റെ ടീമിലുള്ളവരെപ്പോലെയല്ല, എതിർ ടീമിലുള്ളവരെപ്പോലെയാണു ഞാൻ കണ്ടിരുന്നത്. നല്ലൊരു വ്യക്തിയാകാൻ ഞാൻ ശ്രമിക്കുന്നതുപോലെ നല്ല മാതാപിതാക്കളാകാൻ അവരും ശ്രമിക്കുകയായിരുന്നെന്ന് ഇപ്പോഴാണ് എനിക്കു മനസ്സിലായത്. അവർ ചെയ്യുന്നതെല്ലാം എന്നോടുള്ള സ്നേഹംകൊണ്ടാണ്.”—ജോഷ്വ, 21.
പരിഹാരമാർഗങ്ങൾ മുന്നോട്ടുവെക്കുക. ഉദാഹരണത്തിന് ഇങ്ങനെയൊരു സാഹചര്യം ചിന്തിക്കുക: നിങ്ങൾക്ക് ഒരു പാർട്ടിക്കു പോകണം, അവിടെ എത്താൻ ഒരു മണിക്കൂർ വണ്ടി ഓടിക്കുകയും വേണം. പക്ഷേ മാതാപിതാക്കൾ നിങ്ങളോടു പോകേണ്ടെന്നു പറയുന്നു. എന്തായിരിക്കും അതിന്റെ കാരണം? പ്രശ്നം, നിങ്ങൾ വണ്ടി ഓടിക്കുന്നതാണോ അതോ ആ പാർട്ടിയാണോ?
വണ്ടി ഓടിക്കുന്നതാണു പ്രശ്നമെങ്കിൽ, നന്നായി ഡ്രൈവ് ചെയ്യുന്ന ഒരു കൂട്ടുകാരനോടൊപ്പം പോകാൻ തീരുമാനിച്ചാൽ പ്രശ്നം പരിഹരിക്കാൻ പറ്റുമോ?
പാർട്ടിയാണു പ്രശ്നമെങ്കിൽ, അവിടെ ആരൊക്കെ വരും, ആരാണ് അതിനു മേൽനോട്ടം നടത്തുന്നത് എന്നീ കാര്യങ്ങൾ അവരോടു പറഞ്ഞുകൊണ്ട് പ്രശ്നം പരിഹരിക്കാനാകുമോ?
ആദരവോടെ സംസാരിക്കാൻ എപ്പോഴും ശ്രദ്ധിക്കുക. മാതാപിതാക്കൾക്കു പറയാനുള്ളതു ക്ഷമയോടെ കേൾക്കുക. “അപ്പനെയും അമ്മയെയും ബഹുമാനിക്കു”ന്നുണ്ടെന്നു വാക്കിലും പ്രവൃത്തിയിലും കാണിക്കുക. (എഫെസ്യർ 6:2, 3) അവർ എന്തെങ്കിലും വിട്ടുവീഴ്ച ചെയ്യുമോ? ചിലപ്പോൾ ചെയ്തേക്കാം, ചിലപ്പോൾ ഇല്ലായിരിക്കാം. എന്തായാലും . . .
മാതാപിതാക്കളുടെ തീരുമാനം മനസ്സോടെ സ്വീകരിക്കുക. അതു വളരെ പ്രധാനപ്പെട്ടതാണ്. പക്ഷേ മിക്കപ്പോഴും ചെറുപ്പക്കാർ അതിന് അത്ര പ്രാധാന്യം കൊടുക്കാറില്ല. നിങ്ങൾ വിചാരിച്ചതുപോലെ കാര്യങ്ങൾ നടക്കാത്തതിന്റെ പേരിൽ മാതാപിതാക്കളോടു തർക്കിക്കാൻ പോയാൽ അടുത്ത തവണ ഒരു ആവശ്യം വരുമ്പോൾ കാര്യം ഇതിലും കഷ്ടമായിരിക്കും. എന്നാൽ മനസ്സോടെ അവരുടെ തീരുമാനം അംഗീകരിച്ചാൽ, ഇപ്പോൾ വെച്ചിരിക്കുന്ന ചില നിയമങ്ങളിൽ മാതാപിതാക്കൾ അയവ് വരുത്താൻ കൂടുതൽ സാധ്യതയുണ്ട്.