യുവജനങ്ങൾ ചോദിക്കുന്നു
രാജ്യഹാളിൽ മീറ്റിങ്ങുകൾക്കു പോകുന്നത് എന്തിന്?
യഹോവയുടെ സാക്ഷികൾ രാജ്യഹാളുകൾ എന്ന് അറിയപ്പെടുന്ന അവരുടെ ആരാധനാസ്ഥലങ്ങളിൽ ആഴ്ചയിൽ രണ്ടു തവണ മീറ്റിങ്ങുകൾ നടത്താറുണ്ട്. അവിടെ എന്താണ് നടക്കുന്നത്? അവിടെ പോയാൽ നിങ്ങൾക്ക് എന്തെങ്കിലും പ്രയോജനമുണ്ടോ?
രാജ്യഹാളിൽ എന്താണ് നടക്കുന്നത്?
ബൈബിളിലെ നിർദേശങ്ങൾ അനുദിനജീവിതത്തിൽ എങ്ങനെ പ്രവൃത്തിപഥത്തിൽ കൊണ്ടുവരാം എന്നതുപോലുള്ള കാര്യങ്ങൾ പഠിപ്പിക്കുന്ന സ്ഥലങ്ങളാണ് രാജ്യഹാളുകൾ. അവിടെ നടക്കുന്ന മീറ്റിങ്ങുകൾ നിങ്ങളെ:
ദൈവത്തെക്കുറിച്ചുള്ള സത്യം മനസ്സിലാക്കാൻ സഹായിക്കും.
ലോകസംഭവങ്ങളുടെ പിന്നിലെ ശരിക്കുള്ള കാരണം മനസ്സിലാക്കാൻ സഹായിക്കും.
ഒരു നല്ല വ്യക്തിയായിത്തീരാൻ സഹായിക്കും.
നല്ല കൂട്ടുകാരെ കണ്ടെത്താൻ സഹായിക്കും.
നിങ്ങൾക്ക് അറിയാമോ? ദൈവരാജ്യത്തെക്കുറിച്ച് കൂടെക്കൂടെ യഹോവയുടെ സാക്ഷികളുടെ മീറ്റിങ്ങുകളിൽ ചർച്ച ചെയ്യുന്നതുകൊണ്ടാണ് അവർ കൂടുന്ന ആ സ്ഥലത്തെ രാജ്യഹാൾ എന്നു വിളിക്കുന്നത്.—മത്തായി 6:9, 10; 24:14; ലൂക്കോസ് 4:43.
മീറ്റിങ്ങിന് പോകേണ്ടത് എന്തുകൊണ്ട്?
അവിടെ പറയുന്ന കാര്യങ്ങൾ നിങ്ങൾക്കു പ്രയോജനം ചെയ്യും. യഹോവയുടെ സാക്ഷികളുടെ മീറ്റിങ്ങുകളിൽ ചർച്ച ചെയ്യുന്ന ബൈബിൾതത്ത്വങ്ങൾ ‘ജ്ഞാനം നേടാൻ’ നിങ്ങളെ സഹായിക്കും. (സുഭാഷിതങ്ങൾ 4:5) അതിന്റെ അർഥം, ജീവിതത്തിൽ നല്ല തീരുമാനങ്ങൾ എടുക്കാൻ ബൈബിളിനു നിങ്ങളെ സഹായിക്കാനാകും എന്നാണ്. ജീവിതത്തിലെ പ്രധാനപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനും അതു സഹായിക്കും. അത്തരം ചോദ്യങ്ങളിൽ ചിലതാണ്:
വാരാന്ത്യങ്ങളിലെ ഞങ്ങളുടെ മീറ്റിങ്ങുകളിൽ ചില വിഷയങ്ങളെ അടിസ്ഥാനമാക്കിയ പ്രസംഗങ്ങൾ നടത്താറുണ്ട്. അവയിൽ ചില വിഷയങ്ങളാണു താഴെ കൊടുത്തിരിക്കുന്നത്:
ബൈബിളിന്റെ മാർഗനിർദേശം പിൻപറ്റേണ്ടത് എന്തുകൊണ്ട്?
കഷ്ടകാലങ്ങളിൽ സഹായം എവിടെനിന്ന്?
ദൈവരാജ്യം നമുക്കുവേണ്ടി ഇപ്പോൾ എന്തു ചെയ്യുന്നു?
“എന്റെകൂടെ പഠിക്കുന്ന ഒരു കുട്ടി ഒരു മീറ്റിങ്ങിനു വന്നു. എന്റെ കുടുംബത്തോടൊപ്പം അവൻ ഇരുന്നു. ഞങ്ങൾ പഠിച്ചുകൊണ്ടിരുന്ന പുസ്തകങ്ങൾ അവനും കാണിച്ചുകൊടുത്തു. സദസ്യരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചർച്ചകളിൽ കേട്ട അഭിപ്രായങ്ങൾ ഒരുപാട് ഇഷ്ടമായെന്ന് മീറ്റിങ്ങു കഴിഞ്ഞപ്പോൾ അവൻ എന്നോടു പറഞ്ഞു. അവന്റെ പള്ളിയിൽ നമുക്കുള്ളതുപോലെ പഠിക്കാനുള്ള പ്രസിദ്ധീകരണങ്ങളൊന്നുമില്ലെന്നും അവൻ പറഞ്ഞു.”—ബ്രെന്റ.
നിങ്ങൾക്ക് അറിയാമോ? രാജ്യഹാളിൽ പ്രവേശനം സൗജന്യമാണ്. ഒരുതരത്തിലുള്ള പണപ്പിരിവുകളും അവിടെയില്ല.
പ്രോത്സാഹനം ലഭിക്കും. എന്തിനാണ് ക്രിസ്ത്യാനികൾ കൂടിവരേണ്ടത്? ബൈബിൾ പറയുന്ന ഒരു കാരണം കൂടിവരവുകളിലൂടെ “പരസ്പരം പ്രോത്സാഹിപ്പിക്കാം” എന്നതാണ്. (എബ്രായർ 10:24, 25) പൊതുവെ സ്വന്തം കാര്യം നോക്കുന്ന ഈ ലോകത്തിൽ, ദൈവത്തിനും മറ്റുള്ളവർക്കും മുൻഗണന കൊടുക്കുന്ന ആളുകളുമായി ഇടപഴകുമ്പോൾ നമുക്ക് ഉന്മേഷം കിട്ടും.
“വൈകുന്നേരമാകുമ്പോൾ ഞാൻ ആകെ വിഷമിച്ച് തളർന്നായിരിക്കും വരുക. പക്ഷേ രാജ്യഹാളിലുള്ളവരുമായി ഇടപഴകുമ്പോൾ എന്റെ അവസ്ഥ മെച്ചപ്പെടും. മീറ്റിങ്ങ് കഴിഞ്ഞ് വീട്ടിലേക്കു പോകുമ്പോൾ എനിക്കു നല്ല സന്തോഷമായിരിക്കും. അടുത്ത ദിവസത്തെ നേരിടാൻ ഞാൻ തയ്യാറായിരിക്കും.”—എലിസ.
നിങ്ങൾക്ക് അറിയാമോ? ലോകമെമ്പാടുമായി 60,000-ത്തിലധികം സ്ഥലങ്ങളിൽ യഹോവയുടെ സാക്ഷികളുടെ 1,20,000-ത്തിലധികം സഭകളുണ്ട്. മീറ്റിങ്ങുകൾക്കു വരുന്നവരുടെ എണ്ണം കൂടുന്നതുകൊണ്ട് ഒരോ വർഷവും ശരാശരി 1,500 പുതിയ രാജ്യഹാളുകൾ പണിയുന്നു. a
a മീറ്റിങ്ങ് നടക്കുന്ന സ്ഥലം കണ്ടെത്തുന്നതിന് “യഹോവയുടെ സാക്ഷികളുടെ സഭായോഗങ്ങൾ” എന്ന പേജിലെ “നിങ്ങൾക്ക് സൗകര്യപ്രദമായ സ്ഥലം കണ്ടെത്തുക” എന്നതു ക്ലിക്ക് ചെയ്യുക.