യുവജനങ്ങൾ ചോദിക്കുന്നു
അൽപ്പം സ്വകാര്യത കിട്ടാൻ ഞാൻ എന്തു ചെയ്യണം?
മാതാപിതാക്കൾ എന്തിനാണ് എന്റെ കാര്യത്തിൽ ഇടപെടുന്നത്?
നിങ്ങളെക്കുറിച്ച് ചിന്തയുള്ളതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത് എന്നാണ് മാതാപിതാക്കൾ പറയുന്നത്. പക്ഷേ അതു നിങ്ങളുടെ സ്വകാര്യതയിലേക്കുള്ള ഒരു കടന്നുകയറ്റമായി നിങ്ങൾക്കു തോന്നിയേക്കാം. ഉദാഹരണത്തിന്:
കൗമാരപ്രായത്തിലുള്ള എറിൻ പറയുന്നു: “പപ്പ എന്റെ ഫോൺ എടുക്കും, പാസ്വേഡ് ചോദിക്കും, എന്റെ മെസ്സേജുകളെല്ലാം നോക്കും. അതു തടയാൻ ശ്രമിച്ചാൽ ഞാൻ എന്തോ മറയ്ക്കുന്നതായി പപ്പ ചിന്തിക്കും.”
20-കളുടെ തുടക്കത്തിലായിരിക്കുന്ന ഡെൻസി അവളുടെ ഫോൺബിൽ അമ്മ സൂക്ഷ്മപരിശോധന നടത്തിയതിനെക്കുറിച്ച് ഓർമിക്കുന്നു. അവൾ പറയുന്നു: “ഓരോ നമ്പറും ആരുടെയാണെന്നും ആ വ്യക്തി എന്തിനാണ് വിളിച്ചതെന്നും എന്താണ് സംസാരിച്ചതെന്നും അമ്മ എന്നോടു ചോദിക്കുമായിരുന്നു.”
അമ്മ തന്റെ ഡയറി എടുത്ത് വായിച്ചതിനെക്കുറിച്ച് കൗമാരപ്രായത്തിലുള്ള കെയ്ല പറയുന്നു: “എന്റെ പല തോന്നലുകളും ഞാൻ അതിൽ എഴുതിയിരുന്നു. അമ്മയെക്കുറിച്ചും ചില കാര്യങ്ങളുണ്ടായിരുന്നു. ആ സംഭവത്തിനു ശേഷം ഡയറി എഴുതുന്നത് ഞാൻ നിറുത്തി.”
ചുരുക്കിപ്പറഞ്ഞാൽ: നിങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുക എന്നതു മാതാപിതാക്കളുടെ കടമയാണ്. ആ ഉത്തരവാദിത്വം അവർ എങ്ങനെ നിർവഹിക്കുന്നു എന്നത് നിങ്ങളുടെ നിയന്ത്രണത്തിലല്ല. ചില സമയങ്ങളിൽ അവർ അതിരു കടക്കുന്നുണ്ടോ? ഒരുപക്ഷേ ഉണ്ടാകാം. എന്നാൽ അവർ അതിരു കടക്കുന്നു എന്ന തോന്നൽ കുറയ്ക്കാൻ നിങ്ങൾക്കു ചില കാര്യങ്ങൾ ചെയ്യാനാകും എന്നതാണ് സന്തോഷകരമായ കാര്യം.
നിങ്ങൾക്ക് എന്തു ചെയ്യാനാകും?
തുറന്ന് ഇടപെടുക. “എല്ലാത്തിലും സത്യസന്ധരായിരിക്കാൻ” ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു. (എബ്രായർ 13:18) മാതാപിതാക്കളോട് ഇടപെടുമ്പോഴും അങ്ങനെയായിരിക്കാൻ ശ്രമിക്കുക. നിങ്ങൾ എത്രത്തോളം സത്യസന്ധരും തുറന്ന് ഇടപെടുന്നവരും ആണോ അത്രത്തോളം സ്വകാര്യത അവർ നിങ്ങൾക്ക് അനുവദിച്ചുതരും.
ചിന്തിക്കാൻ: വിശ്വസ്തതയുടെ കാര്യത്തിൽ നിങ്ങളുടെ റെക്കോർഡ് എങ്ങനെയുള്ളതാണ്? മാതാപിതാക്കൾ വെച്ചിരിക്കുന്ന സമയത്തിനുള്ളിൽ നിങ്ങൾ വീട്ടിലെത്താറുണ്ടോ, അതോ ആ കാര്യത്തിൽ അലസത കാണിക്കുന്നുണ്ടോ? സുഹൃത്തുക്കൾ ആരൊക്കെയാണെന്ന് മറച്ചുപിടിക്കാറുണ്ടോ? തന്ത്രപൂർവമാണോ നിങ്ങൾ കാര്യങ്ങൾ ചെയ്യുന്നത്?
“മാതാപിതാക്കളുമായി ഒത്തുപോകാൻ ഞാൻ പല വിട്ടുവീഴ്ചകളും ചെയ്യണം. എന്റെ ജീവിതത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും അവരോടു തുറന്നുസംസാരിക്കും. അവർക്ക് അറിയേണ്ടതെല്ലാം ഞാൻ പറയും. അതുകൊണ്ടുതന്നെ അവർ എന്നെ വിശ്വസിക്കുകയും ആവശ്യമായ സ്വകാര്യത അനുവദിക്കുകയും ചെയ്യുന്നു.”—ഡെലിയ.
ക്ഷമയുള്ളവരായിരിക്കുക. ബൈബിൾ പറയുന്നു: “നിങ്ങൾ എങ്ങനെയുള്ളവരാണെന്ന് എപ്പോഴും പരീക്ഷിച്ച് ഉറപ്പുവരുത്തുക.” (2 കൊരിന്ത്യർ 13:5) വിശ്വസ്തതയുടെ ഒരു നല്ല രേഖ ഉണ്ടാക്കിയെടുക്കാൻ തീർച്ചയായും സമയമെടുക്കും. പക്ഷേ അതു തക്ക മൂല്യമുള്ളതാണ്.
ചിന്തിക്കാൻ: മാതാപിതാക്കളും നിങ്ങളുടെ പ്രായം കടന്നുവന്നവരാണ്. അവർ നിങ്ങളുടെ ജീവിതത്തിൽ താത്പര്യം കാണിക്കുന്നതിന്റെ ഒരു പ്രധാന കാരണം മനസ്സിലാക്കാൻ അതു നിങ്ങളെ സഹായിക്കുന്നുണ്ടോ?
“മാതാപിതാക്കൾ അവർ ചെയ്ത തെറ്റുകൾ ഇപ്പോഴും ഓർക്കുകയും കൗമാരത്തിലുള്ള തങ്ങളുടെ മക്കൾ അതേ തെറ്റുകൾ ആവർത്തിക്കരുതെന്ന് ചിന്തിക്കുകയും ചെയ്യുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.”—ഡാനിയേൽ.
സമാനുഭാവമുള്ളവരായിരിക്കുക. മാതാപിതാക്കളുടെ സ്ഥാനത്തുനിന്ന് ചിന്തിക്കുക. കാര്യപ്രാപ്തിയുള്ള ഒരു ഭാര്യ ‘വീട്ടിലുള്ളവർ ചെയ്യുന്നതെല്ലാം നിരീക്ഷിക്കുന്നു’ എന്നും ഒരു നല്ല പിതാവ് “യഹോവയുടെ ശിക്ഷണത്തിലും ഉപദേശത്തിലും” മക്കളെ വളർത്തിക്കൊണ്ടുവരുന്നെന്നും ബൈബിൾ പറയുന്നു. (സുഭാഷിതങ്ങൾ 31:27; എഫെസ്യർ 6:4) ഇതിനായി നിങ്ങളുടെ ജീവിതത്തിൽ ഇടപെടുക എന്നതല്ലാതെ മാതാപിതാക്കൾക്കു മറ്റൊരു എളുപ്പവഴിയുമില്ല.
ചിന്തിക്കാൻ: കൗമാരക്കാരെക്കുറിച്ച് ശരിക്ക് അറിയാവുന്ന ഒരു മാതാവോ പിതാവോ ആണ് നിങ്ങളെന്നു കരുതുക. എങ്കിൽ യാതൊരു നിയന്ത്രണവും വെക്കാതെ എല്ലാ കാര്യത്തിലും നിങ്ങൾ മകനോ മകൾക്കോ സ്വകാര്യത അനുവദിച്ചുകൊടുക്കുമോ?
“കൗമാരത്തിലായിരിക്കുമ്പോൾ മാതാപിതാക്കൾ നിങ്ങളുടെ സ്വകാര്യതയിൽ ‘കടന്നുകയറുകയാണെന്ന്’ തോന്നിയേക്കാം. എന്നാൽ ഇപ്പോൾ മുതിർന്നുകഴിഞ്ഞപ്പോൾ മാതാപിതാക്കൾ അങ്ങനെ ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്. അത് അവരുടെ സ്നേഹത്തിന്റെ തെളിവാണ്.”—ജെയിംസ്.