യുവജനങ്ങൾ ചോദിക്കുന്നു
സ്പോർട്സിനെക്കുറിച്ച് ഞാൻ എന്തൊക്കെ അറിഞ്ഞിരിക്കണം?
സ്പോർട്സ് ഒന്നുകിൽ ഗുണം ചെയ്യും, അല്ലെങ്കിൽ ദോഷം ചെയ്യും. നിങ്ങൾ എന്തു കളിക്കുന്നു, എങ്ങനെ കളിക്കുന്നു, എത്ര സമയം കളിക്കുന്നു എന്നിവയെ ആശ്രയിച്ചാണ് ഇത് നിർണയിക്കുന്നത്.
പ്രയോജനങ്ങൾ എന്തെല്ലാമാണ്?
സ്പോർട്സ് ആരോഗ്യത്തിന് ഗുണം ചെയ്യും. ‘കായികപരിശീലനം പ്രയോജനമുള്ളത്’ എന്നാണ് ബൈബിൾ പറയുന്നത്. (1 തിമൊഥെയൊസ് 4:8) ചെറുപ്പക്കാരനായ റയാൻ പറയുന്നു: “ഊർജസ്വലരായിരിക്കാനുള്ള ഒരു നല്ല മാർഗമാണ് സ്പോർട്സ്. കുത്തിയിരുന്ന് വീഡിയോ ഗെയിമുകൾ കളിക്കുന്നതിനെക്കാൾ എത്രയോ നല്ലതാണ് അത്!”
കൂട്ടായ പ്രവർത്തനത്തിനും ആത്മശിക്ഷണത്തിനും സ്പോർട്സ് ഉപകരിക്കുന്നു. ഒരു സ്പോർട്സ് ഇനത്തെക്കുറിച്ചുള്ള ദൃഷ്ടാന്തം പറഞ്ഞുകൊണ്ട് ബൈബിൾ ഗുണകരമായ ഒരു പാഠം പഠിപ്പിക്കുന്നു. അത് ഇങ്ങനെ പറയുന്നു: “ഓട്ടമത്സരത്തിൽ ഓട്ടക്കാർ എല്ലാവരും ഓടുമെങ്കിലും ഒരാൾക്കേ സമ്മാനം കിട്ടുകയുള്ളൂ. . . ഒരു മത്സരത്തിൽ പങ്കെടുക്കുന്നവരെല്ലാം എല്ലാ കാര്യങ്ങളിലും ആത്മനിയന്ത്രണം പാലിക്കുന്നു.” (1 കൊരിന്ത്യർ 9:24, 25) എന്താണ് പാഠം? നിയമങ്ങൾ അനുസരിച്ച് ഒരു കളിയിൽ ഏർപ്പെടുന്നതിന് ആത്മനിയന്ത്രണവും സഹകരണവും ആവശ്യമാണ്. കൗമാരപ്രായത്തിലുള്ള അബീഗയിൽ പറയുന്നത് ശ്രദ്ധിക്കൂ: “സ്പോർട്സിൽ ഏർപ്പെട്ടതിലൂടെ മറ്റുള്ളവരുമായി സഹകരിക്കുന്നതും ആശയവിനിമയം നടത്തുന്നതും എങ്ങനെയാണെന്ന് ഞാൻ പഠിച്ചു.”
നല്ല സുഹൃത്തുക്കളെ നേടാൻ സ്പോർട്സ് സഹായിക്കുന്നു. മിക്ക കളികളും ആളുകളെ ഒന്നിച്ചു നിൽക്കാൻ സഹായിക്കുന്നു. യുവപ്രായത്തിലുള്ള ജോർഡൻ പറയുന്നു: “ഏതാണ്ട് എല്ലാ കളികളിലും ഒരളവോളം മത്സരം ഉൾപ്പെടുന്നുണ്ട്. ഒരു രസമായിട്ട് കാണുന്നെങ്കിൽ സുഹൃത്തുക്കളെ നേടാനുള്ള ഒരു നല്ല മാർഗമാണ് അത്.”
ദോഷങ്ങൾ എന്തെല്ലാമാണ്?
എന്തു കളിക്കുന്നു. ബൈബിൾ പറയുന്നത്: “യഹോവ നീതിമാനെയും ദുഷ്ടനെയും പരിശോധിക്കുന്നു. അക്രമം ഇഷ്ടപ്പെടുന്നവനെ ദൈവം വെറുക്കുന്നു.”—സങ്കീർത്തനം 11:5.
ചില സ്പോർട്സിൽ അക്രമം ഉൾപ്പെടുന്നു എന്നത് വ്യക്തമാണ്. ചെറുപ്പക്കാരിയായ ലോറൻ പറയുന്നു: “എതിരാളിയെ ഇടിക്കുന്നതാണ് ബോക്സിങിൽ പ്രധാനമായും നടക്കുന്നത്. ക്രിസ്ത്യാനികൾ പോരാട്ടത്തിൽനിന്ന് വിട്ടുനിൽക്കേണ്ടവരാണ്. പിന്നെ എന്തിനാണ് മറ്റൊരാളെ ഇടിച്ചു വീഴ്ത്തുന്ന ഒരു കളി കണ്ട് ആസ്വദിക്കുന്നത്?”
ചിന്തിക്കാൻ: അക്രമാസക്തമായ അത്തരം സ്പോർട്സിൽ ഏർപ്പെടുന്നതുകൊണ്ടോ അതു കാണുന്നതുകൊണ്ടോ ഒന്നും അക്രമപ്രവർത്തനങ്ങളിലേക്ക് ഞാൻ പോകുകയില്ല എന്നു പറഞ്ഞുകൊണ്ട് നമ്മൾ സ്വയം ന്യായീകരിക്കാറുണ്ടോ? എന്നാൽ ഇത് ഓർക്കുക: അക്രമം ചെയ്യുന്ന ആളെയല്ല, “അക്രമം ഇഷ്ടപ്പെടുന്നവനെ” യഹോവ വെറുക്കുന്നു എന്നാണ് സങ്കീർത്തനം 11:5-ൽ പറഞ്ഞിരിക്കുന്നത്.
എങ്ങനെ കളിക്കുന്നു. ബൈബിൾ പറയുന്നത്: “വഴക്കുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെയോ ദുരഭിമാനത്തോടെയോ ഒന്നും ചെയ്യാതെ താഴ്മയോടെ മറ്റുള്ളവരെ നിങ്ങളെക്കാൾ ശ്രേഷ്ഠരായി കാണുക.”—ഫിലിപ്പിയർ 2:3.
എതിർടീമുള്ള ഏതൊരു കളിയിലും ഒരളവോളം മത്സരം ഉൾപ്പെടുന്നുണ്ട് എന്നത് സത്യമാണ്. എന്നാൽ എന്തു വില കൊടുത്തും ജയിക്കുക എന്ന മനോഭാവം കളിയുടെ രസം കെടുത്തിക്കളയും. കൗമാരക്കാരിയായ ബ്രയാൻ പറയുന്നു: “ഒരു മത്സരമനോഭാവം പെട്ടെന്ന് നിങ്ങളെ കീഴ്പെടുത്തിയേക്കാം. നന്നായി കളിക്കാൻ എത്രത്തോളം ശ്രമിക്കുന്നുവോ താഴ്മ വളർത്തിയെടുക്കാനും അത്രത്തോളംതന്നെ ശ്രമിക്കണം.”
ചിന്തിക്കാൻ: “ഓരോ ആഴ്ചയിലും ഞങ്ങൾ ഫുട്ബോൾ കളിക്കുന്നു, അപ്പോഴെല്ലാം പരിക്കും പറ്റാറുണ്ട്” എന്ന് ചെറുപ്പക്കാരനായ ക്രിസ് സമ്മതിക്കുന്നു. സ്വയം ചോദിക്കുക: ‘മിക്കപ്പോഴും പരിക്ക് പറ്റാനുള്ള കാരണം എന്താണ്? പരിക്കിന്റെ ആഘാതം കുറയ്ക്കാൻ എനിക്ക് എന്തു ചെയ്യാൻ കഴിയും?’
എത്ര സമയം കളിക്കുന്നു. ബൈബിൾ പറയുന്നത്: ‘കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ ഏതെന്ന് ഉറപ്പുവരുത്താൻ കഴിവുള്ളവരാകുക’ എന്നാണ്.—ഫിലിപ്പിയർ 1:10.
മുൻഗണനകൾ നിശ്ചയിക്കുക. ആത്മീയകാര്യങ്ങൾ ഒന്നാം സ്ഥാനത്ത് വരണം. പല കളികളും മണിക്കൂറുകൾ കവർന്നെടുക്കുന്നു, കളിച്ചാലും ശരി, കണ്ടാലും ശരി! “നന്നായി ഉപയോഗിക്കേണ്ട എത്രയോ സമയമാണ് ടിവിയിൽ ഗെയിം കളിക്കാൻ ഞാൻ പാഴാക്കുന്നതെന്നു പറഞ്ഞ് അമ്മ മിക്കപ്പോഴും എന്നോട് വഴക്കിടാറുണ്ട്.”—ഡാരിയ എന്ന പെൺകുട്ടി.
ചിന്തിക്കാൻ: പ്രാധാന്യമേറിയ കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കൾ തരുന്ന ഉപദേശം നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ? ട്രിനാ പറയുന്നു: “ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യാതെ ഞാനും എന്റെ കൂടെപ്പിറപ്പുകളും സ്പോർട്സ് പരിപാടികൾ കണ്ടിരിക്കുമ്പോൾ അമ്മ മിക്കപ്പോഴും ഞങ്ങളോട് ചോദിക്കാറുണ്ട്: ‘നമ്മൾ കണ്ടാലും കണ്ടില്ലെങ്കിലും കളിക്കാർക്ക് കിട്ടേണ്ട പണം അവർക്കു കിട്ടും. എന്നാൽ നിങ്ങൾക്ക് എന്തു കിട്ടും?’ അമ്മ പറയുന്നതിന്റെ അർഥം ഇതായിരുന്നു: കളിക്കാരുടെ ജോലിയാണ് അത്. പക്ഷേ, ഹോംവർക്കുകളും മറ്റ് ഉത്തരവാദിത്വങ്ങളും ഒന്നും ചെയ്യാതെ അലസമായി നടന്നാൽ ഭാവിയിൽ നിങ്ങൾക്ക് വേണ്ട പണം എങ്ങനെ കിട്ടും? കളിക്കുന്നതോ കളി കാണുന്നതോ ഒന്നും ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളാകരുത് എന്നായിരുന്നു അമ്മ പറഞ്ഞതിന്റെ സാരം.”