“കണ്ണിനു പകരം കണ്ണ്” എന്നു പറയുന്നതിന്റെ അർഥം എന്താണ്?
ബൈബിളിന്റെ ഉത്തരം
പുരാതന ഇസ്രായേൽ ജനതയ്ക്കു ദൈവം മോശയിലൂടെ നൽകിയ നിയമത്തിൽ “കണ്ണിനു പകരം കണ്ണ്” എന്ന നിയമമുണ്ടായിരുന്നു. പിൽക്കാലത്ത് യേശു മലയിൽവെച്ച് നടത്തിയ പ്രസംഗത്തിൽ അത് ഉദ്ധരിച്ചു. (മത്തായി 5:38; പുറപ്പാട് 21:24, 25; ആവർത്തനം 19:21) ഈ നിയമത്തിന്റെ അർഥം തെറ്റു ചെയ്ത വ്യക്തിക്കു കിട്ടുന്ന ശിക്ഷ അയാൾ ചെയ്ത തെറ്റിനു തക്കതായിരിക്കണം എന്നാണ്. a
ഒരാളെ മനഃപൂർവം അപകടപ്പെടുത്താൻ ശ്രമിക്കുന്നവരുടെ കാര്യത്തിലാണ് ഈ നിയമം ബാധകമാകുന്നത്. അവരുടെ കാര്യത്തിൽ മോശയുടെ നിയമം ഇങ്ങനെ പറയുന്നു: “ഒടിവിനു പകരം ഒടിവ്, കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്. അവൻ ഏതുതരത്തിലുള്ള പരിക്ക് ഏൽപ്പിച്ചോ അതേ തരത്തിലുള്ള പരിക്ക് അവനും ഏൽപ്പിക്കണം.”—ലേവ്യ 24:20.
“കണ്ണിനു പകരം കണ്ണ്” എന്ന നിയമത്തിന്റെ ഉദ്ദേശ്യം എന്തായിരുന്നു?
“കണ്ണിനു പകരം കണ്ണ്” എന്ന നിയമം, നിയമം കൈയിലെടുക്കാനുള്ള അധികാരം ആളുകൾക്കു നൽകിയില്ല. മറിച്ച് അങ്ങേയറ്റം കഠിനമോ നിസ്സാരമോ ആകാതെ, ഉചിതമായ ശിക്ഷ നടപ്പിലാക്കാൻ അതു നിയമിതരായ ന്യായാധിപന്മാരെ സഹായിച്ചു.
കൂടാതെ, മറ്റുള്ളവരെ മനഃപൂർവം അപകടപ്പെടുത്തുന്നതിൽനിന്നും അതിനുള്ള പദ്ധതിയിടുന്നതിൽനിന്നും ഇത് ആളുകളെ തടഞ്ഞു. നിയമം ഇങ്ങനെ വിശദീകരിക്കുന്നു: “മറ്റുള്ളവർ ഇതു കേട്ട് ഭയപ്പെടും; മേലാൽ ഇത്തരമൊരു തിന്മ നിങ്ങൾക്കിടയിൽ ചെയ്യാൻ അവർ മുതിരില്ല.”—ആവർത്തനം 19:20.
“കണ്ണിനു പകരം കണ്ണ്” എന്ന നിയമം ക്രിസ്ത്യാനികൾക്കു ബാധകമാണോ?
അല്ല. ക്രിസ്ത്യാനികൾ ഈ നിയമത്തിൻകീഴിൽ വരുന്നില്ല. കാരണം ഇതു മോശയുടെ നിയമത്തിന്റെ ഭാഗമായിരുന്നു. യേശുവിന്റെ മരണത്തോടെ ഈ നിയമം അസാധുവായി.—റോമർ 10:4.
അങ്ങനെയാണെങ്കിലും ദൈവത്തിന്റെ ചിന്താഗതി മനസ്സിലാക്കാൻ ഈ നിയമം സഹായിക്കുന്നു. ഉദാഹരണത്തിന്, ദൈവം നീതിക്കു മൂല്യം കല്പിക്കുന്നു എന്ന് ഇതു കാണിക്കുന്നു. (സങ്കീർത്തനം 89:14) ദൈവത്തിന്റെ നീതിയുടെ നിലവാരവും ഇതു വ്യക്തമാക്കുന്നു. അതായത് തെറ്റു ചെയ്തയാൾക്കു “ന്യായമായ തോതിൽ ശിക്ഷണം” കിട്ടണമെന്ന് ഇതു കാണിക്കുന്നു.—യിരെമ്യ 30:11.
“കണ്ണിനു പകരം കണ്ണ്” എന്ന നിയമത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ
തെറ്റിദ്ധാരണ: “കണ്ണിനു പകരം കണ്ണ്” എന്ന നിയമം ക്രൂരമാണ്.
വസ്തുത: നീതി നടപ്പാക്കുന്നതിനു കഠിനവും ക്രൂരവും ആയ നടപടികൾ സ്വീകരിക്കാൻ ഈ നിയമം അനുവാദം നൽകിയില്ല. മറിച്ച് ഈ നിയമം നടപ്പാക്കേണ്ട രീതി ഇതായിരുന്നു: യോഗ്യതയുള്ള ന്യായാധിപന്മാർ കുറ്റകൃത്യത്തിൽ കുറ്റക്കാരനുള്ള പങ്ക് എത്രത്തോളമുണ്ടെന്നും മറ്റു സാഹചര്യങ്ങളും പരിഗണിച്ചതിനു ശേഷം മാത്രം ശിക്ഷ വിധിക്കും. (പുറപ്പാട് 21:28-30; സംഖ്യ 35:22-25) അതുവഴി അങ്ങേയറ്റം കടുത്ത ശിക്ഷാനടപടികൾ ഒഴിവാക്കാൻ ഈ നിയമം സഹായിച്ചു.
തെറ്റിദ്ധാരണ: “കണ്ണിനു പകരം കണ്ണ്” എന്ന നിയമം ആളുകൾക്കു പ്രതികാരം ചെയ്യാനുള്ള അനുവാദം നൽകുന്നു.
വസ്തുത: മോശയുടെ നിയമത്തിൽ ഇങ്ങനെയും പറയുന്നുണ്ട്: “നിന്റെ ജനത്തിലെ ആരോടും പ്രതികാരം ചെയ്യുകയോ പക വെച്ചുകൊണ്ടിരിക്കുകയോ അരുത്.” (ലേവ്യ 19:18) പരസ്പരം പ്രതികാരം ചെയ്യാൻ പ്രേരിപ്പിക്കുന്നതിനു പകരം, ദൈവത്തിലും നീതി നടപ്പാക്കാൻ അധികാരമുള്ള നിയമവ്യവസ്ഥയിലും ആശ്രയിക്കാനാണു മോശയുടെ നിയമം ആളുകളെ പ്രോത്സാഹിപ്പിച്ചത്.—ആവർത്തനം 32:35.
a ഈ തത്ത്വത്തെ കുറിക്കാൻ ലെക്സ് റ്റാലിയോണിസ് എന്ന ലത്തീൻ പദപ്രയോഗം ഉപയോഗിക്കാറുണ്ട്. മറ്റു പുരാതനസമൂഹങ്ങളുടെ നിയമവ്യവസ്ഥയിലും ഇതു കാണാം.