തോറാ എന്നാൽ എന്താണ്?
ബൈബിളിന്റെ ഉത്തരം
“തോറാ” എന്നതു തോഹ്റ എന്ന എബ്രായപദത്തിൽനിന്ന് വന്നതാണ്. “ഉപദേശം,” “നിയമം” എന്നൊക്കെ അതു പരിഭാഷപ്പെടുത്താവുന്നതാണ്. a (സുഭാഷിതങ്ങൾ 1:8; 3:1; 28:4) ഈ എബ്രായപദം ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നത് എങ്ങനെയാണെന്നു മനസ്സിലാക്കാൻ പിൻവരുന്ന ഉദാഹരണങ്ങൾ സഹായിക്കും:
തോഹ്റ മിക്കപ്പോഴും അർഥമാക്കുന്നത് ബൈബിളിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങളെയാണ്—ഉൽപത്തി, പുറപ്പാട്, ലേവ്യ, സംഖ്യ, ആവർത്തനം. ഈ പുസ്തകങ്ങൾ പഞ്ചഗ്രന്ഥങ്ങൾ എന്നും അറിയപ്പെടുന്നു. “അഞ്ചു ഭാഗങ്ങളുള്ള വാല്യം” എന്ന് അർഥമുള്ള ഗ്രീക്കുപദത്തിൽനിന്നാണ് ഇതു വന്നിരിക്കുന്നത്. തോറാ എഴുതിയത് മോശയായതുകൊണ്ട് അതിനെ ‘മോശയുടെ നിയമപുസ്തകം’ എന്നും വിളിക്കുന്നു. (യോശുവ 8:31; നെഹമ്യ 8:1) തെളിവനുസരിച്ച്, ഇത് ആദ്യം എഴുതിയത് ഒറ്റ പുസ്തകമായിട്ടാണ്. എന്നാൽ കൈകാര്യം ചെയ്യാനുള്ള എളുപ്പത്തിനുവേണ്ടി പിന്നീട് പല പുസ്തകങ്ങളായി തിരിച്ചു.
ചില പ്രത്യേക വിഷയങ്ങളോട് അനുബന്ധിച്ച് ഇസ്രായേല്യർക്കു കൊടുത്ത നിയമങ്ങളെയും തോഹ്റ എന്നു വിളിക്കുന്നു. അതിന്റെ ചില ഉദാഹരണങ്ങളാണ് “പാപയാഗത്തിന്റെ നിയമം (തോഹ്റ),” “കുഷ്ഠത്തെ സംബന്ധിച്ചുള്ള നിയമം,” “നാസീർവ്രതസ്ഥനെ സംബന്ധിച്ച നിയമം” തുടങ്ങിയവ.—ലേവ്യ 6:25; 14:57; സംഖ്യ 6:13.
ചിലപ്പോൾ ഉപദേശത്തെയും പ്രബോധനത്തെയും അർഥമാക്കാൻ തോഹ്റ എന്ന പദം ഉപയോഗിക്കാറുണ്ട്. അത്തരം ഉപദേശങ്ങൾ മാതാപിതാക്കളിൽനിന്നോ ബുദ്ധിശാലികളിൽനിന്നോ ദൈവത്തിൽനിന്നുതന്നെയോ ആകാം.—സുഭാഷിതങ്ങൾ 1:8; 3:1; 13:14; യശയ്യ 2:3, അടിക്കുറിപ്പ്.
തോറായിൽ അഥവാ പഞ്ചഗ്രന്ഥങ്ങളിൽ എന്താണ് അടങ്ങിയിട്ടുള്ളത്?
സൃഷ്ടിയുടെ സമയംമുതൽ മോശയുടെ മരണംവരെ ദൈവം മനുഷ്യരോട് ഇടപെട്ടതിന്റെ ചരിത്രം.—ഉൽപത്തി 1:27, 28; ആവർത്തനം 34:5.
മോശയുടെ നിയമത്തിലെ ചട്ടങ്ങൾ. (പുറപ്പാട് 24:3) ആ നിയമത്തിൽ 600-ലധികം പ്രമാണങ്ങളുണ്ട്. ശേമ അഥവാ ജൂതന്മാരുടെ വിശ്വാസപ്രഖ്യാപനം ആണ് അതിൽ മുഖ്യം. ശേമയിലെ ഒരു ഭാഗം ഇങ്ങനെയാണ്: “നിന്റെ ദൈവമായ യഹോവയെ നീ നിന്റെ മുഴുഹൃദയത്തോടും നിന്റെ മുഴുദേഹിയോടും നിന്റെ മുഴുശക്തിയോടും കൂടെ സ്നേഹിക്കണം.” (ആവർത്തനം 6:4-9) യേശു അതിനെ “ഏറ്റവും വലിയതും ഒന്നാമത്തേതും ആയ കല്പന” എന്നാണു വിളിച്ചത്.—മത്തായി 22:36-38.
ദൈവത്തിന്റെ പേരായ യഹോവ എന്നത് 1,800-ലധികം പ്രാവശ്യമുണ്ട്. ആ നാമം ഉപയോഗിക്കുന്നതിനെ വിലക്കുന്നതിനു പകരം അത് ഉച്ചരിക്കാൻ ദൈവജനത്തോട് ആവശ്യപ്പെട്ടുകൊണ്ടുള്ള കല്പനകൾ തോറായിൽ കാണാം.—സംഖ്യ 6:22-27; ആവർത്തനം 6:13; 10:8; 21:5.
തോറായെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ
തെറ്റിദ്ധാരണ: തോറായിലെ നിയമങ്ങൾ എല്ലാ കാലത്തേക്കുമുള്ളതാണ്, അവ കാലഹരണപ്പെടുന്നില്ല.
യാഥാർഥ്യം: ശബത്ത്, പൗരോഹിത്യം, പാപപരിഹാരദിവസം തുടങ്ങിയവയോടു ബന്ധപ്പെട്ട തോറായിലെ ചില ചട്ടങ്ങൾ ‘ശാശ്വതമോ’ ‘നിത്യം നിലനിൽക്കുന്നതോ’ ആണെന്നു ചില ബൈബിൾഭാഷാന്തരങ്ങൾ വിശേഷിപ്പിച്ചിട്ടുണ്ട് എന്നതു ശരിയാണ്. (പുറപ്പാട് 31:16; 40:15; ലേവ്യ 16:33, 34, പി.ഒ.സി.) എന്നാൽ ഈ വാക്യങ്ങളിൽ ഉപയോഗിച്ച എബ്രായപദത്തിന് ‘എന്നേക്കും നിലനിൽക്കുന്ന’ എന്ന അർഥം മാത്രമല്ല, ‘ഒരു നിശ്ചിതകാലത്തേക്ക് നിലനിൽക്കുന്ന’ എന്ന അർഥവുമുണ്ട്. b മോശയുടെ നിയമം പ്രാബല്യത്തിൽ വന്ന് 900 വർഷം കഴിഞ്ഞപ്പോൾ അതിനു പകരമായി “പുതിയ ഉടമ്പടി” സ്ഥാപിക്കുമെന്ന് ദൈവം മുൻകൂട്ടിപ്പറഞ്ഞു. (യിരെമ്യ 31:31-33) അത് “’ഒരു പുതിയ ഉടമ്പടി’ ആണ് എന്നു പറഞ്ഞുകൊണ്ട് മുമ്പത്തേതിനെ ദൈവം കാലഹരണപ്പെട്ടതാക്കി.” (എബ്രായർ 8:7-13) ഇന്നേക്ക് 2,000 വർഷങ്ങൾക്കു മുമ്പ് യേശുക്രിസ്തുവിന്റെ മരണത്തിന്റെ അടിസ്ഥാനത്തിൽ ആ ഉടമ്പടി പ്രാബല്യത്തിൽ വന്നു.—എഫെസ്യർ 2:15.
തെറ്റിദ്ധാരണ: തോറായ്ക്കു തുല്യമായ സ്ഥാനമാണ് വാമൊഴിയായി കൈമാറിയ ജൂതപാരമ്പര്യങ്ങൾക്കും താൽമൂദിനും ഉള്ളത്.
യാഥാർഥ്യം: എഴുതപ്പെട്ട തോറായ്ക്കു പുറമേ ദൈവം മോശയ്ക്കു മറ്റു നിയമങ്ങളൊന്നും കൊടുത്തതായി ബൈബിൾ പറയുന്നില്ല. പകരം ബൈബിൾ പറയുന്നത് ഇങ്ങനെയാണ്: “യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു: ‘ഈ വാക്കുകൾ നീ എഴുതിവെക്കുക.’” (പുറപ്പാട് 34:27) പരീശന്മാർ തുടങ്ങിവെച്ച ജൂതപാരമ്പര്യങ്ങൾ വാമൊഴിയായി കൈമാറുകയും പിന്നീട് എഴുതിവെക്കുകയും ചെയ്തു. മിഷ്ന എന്ന പേരിൽ അറിയപ്പെട്ട അതിനെ അവസാനം താൽമൂദിന്റെ ഭാഗമാക്കി. ഈ പാരമ്പര്യങ്ങൾ തോറായുമായി യോജിപ്പിലല്ല. അതുകൊണ്ടാണ് “പാരമ്പര്യത്തിന്റെ പേര് പറഞ്ഞ് നിങ്ങൾ ദൈവവചനത്തിനു വില കല്പിക്കാതിരിക്കുന്നു” എന്നു പരീശന്മാരോട് യേശുവിനു പറയേണ്ടിവന്നത്.—മത്തായി 15:1-9.
തെറ്റിദ്ധാരണ: തോറാ സ്ത്രീകളെ പഠിപ്പിക്കേണ്ടതില്ല.
യാഥാർഥ്യം: സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഇസ്രായേൽ ജനത്തെ മുഴുവൻ നിയമം വായിച്ചുകേൾപ്പിക്കണമെന്നു മോശയുടെ നിയമം അനുശാസിച്ചിരുന്നു. എന്തുകൊണ്ട്? “നിയമത്തിലെ വാക്കുകളെല്ലാം കേട്ടുപഠിക്കാനും ശ്രദ്ധാപൂർവം പാലിക്കാനും നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടാനും” വേണ്ടിയാണ് അങ്ങനെയൊരു ചട്ടം നൽകിയത്.—ആവർത്തനം 31:10-12. c
തെറ്റിദ്ധാരണ: തോറായിൽ നിഗൂഢമായ സന്ദേശങ്ങളുണ്ട്.
യാഥാർഥ്യം: തോറായിലെ സന്ദേശം നമ്മുടെ എത്തുപാടിന് അതീതമോ നിഗൂഢമോ അല്ല, പകരം വ്യക്തവും എല്ലാവർക്കും മനസ്സിലാകുന്നതും ആണെന്നാണ് അത് എഴുതിയ മോശ അഭിപ്രായപ്പെട്ടത്. (ആവർത്തനം 30:11-14) തോറായിൽ നിഗൂഢസന്ദേശമുണ്ട് എന്ന സിദ്ധാന്തം കബാലയിൽനിന്ന് അഥവാ ജൂതരുടെ നിഗൂഢപാരമ്പര്യത്തിൽനിന്ന് ആണ് വന്നിട്ടുള്ളത്. അതിലാകട്ടെ, തിരുവെഴുത്തുകളെ വ്യാഖ്യാനിക്കാൻ “കൗശലപൂർവം കെട്ടിച്ചമച്ച” രീതികളാണ് അവലംബിച്ചിരിക്കുന്നത്. d—2 പത്രോസ് 1:16.
a ഒരു ബൈബിൾ പദസൂചികയുടെ (The Strongest Strong’s Exhaustive Concordance of the Bible) പരിഷ്കരിച്ച പതിപ്പിന്റെ “എബ്രായ-അരമായ നിഘണ്ടു-പഴയ നിയമത്തിന്റെ സൂചിക” എന്നതിനു കീഴിലെ 8451-ാമത്തെ പദവും അതിന്റെ വിശദീകരണവും നോക്കുക.
b പഴയനിയമ ദൈവശാസ്ത്ര പദഗ്രന്ഥം (Theological Wordbook of the Old Testament), വാല്യം 2, പേജ് 672-673 കാണുക.
c ഇക്കാര്യത്തിൽ തോറാ പഠിപ്പിക്കുന്നതിനു നേർവിപരീതമാണ് ജൂതപാരമ്പര്യം. അതനുസരിച്ച് സ്ത്രീകൾ തോറാ പഠിക്കുന്നതു ശരിയല്ല. ഇതിന് ഉദാഹരണമാണ്, മിഷ്നയിലെ എലീയേസെർ ബേൻ ഹിർകാനസ് റബ്ബിയുടെ വാക്കുകൾ. അത് ഇങ്ങനെയാണ്: “ആരെങ്കിലും മകളെ തോറാ പഠിപ്പിക്കുന്നെങ്കിൽ അവളെ അസഭ്യം പഠിപ്പിക്കുന്നതിനു തുല്യമാണ്.” (സോത്താഹ് 3:4) ഇനി, “തോറാ സ്ത്രീകൾക്കു പകർന്നുകൊടുക്കുന്നതിലും നല്ലത് അതു കത്തിച്ചുകളയുന്നതാണ്” എന്ന പ്രസ്താവന യരുശലേം താൽമൂദിലും കാണാനാകും.—സോത്താഹ് 3:19എ.
d ഉദാഹരണത്തിന്, തോറായെക്കുറിച്ചുള്ള കബാലൻ ചിന്താഗതിയെ സംബന്ധിച്ച് ജൂതരുടെ ഒരു എൻസൈക്ലോപീഡിയ (Encyclopaedia Judaica) പറയുന്നത് ഇങ്ങനെയാണ്: “തോറായിൽ ഒരു കാര്യത്തെക്കുറിച്ചും ഒന്നും വ്യക്തമായി പറഞ്ഞിട്ടില്ല. ഓരോരുത്തർക്കും ഇഷ്ടാനുസരണം വ്യാഖ്യാനിക്കാൻ കഴിയുന്ന രീതിയിലാണ് അത് എഴുതിയിരിക്കുന്നത്.”—രണ്ടാമത്തെ പതിപ്പ്, വാല്യം 11, പേജ് 659.