ബൈബിളിലെ സംഖ്യകൾ എന്തിനെ അർഥമാക്കുന്നു? സംഖ്യാജ്യോതിഷം ബൈബിളുമായി യോജിപ്പിലാണോ?
ബൈബിളിന്റെ ഉത്തരം
ബൈബിളിൽ സംഖ്യകൾ മിക്കയിടത്തും അക്ഷരാർഥത്തിൽത്തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ചിലയിടങ്ങളിൽ പ്രതീകങ്ങളായും ഉപയോഗിച്ചിട്ടുണ്ട്. ഒരു സംഖ്യ പ്രതീകമായിട്ടാണോ ഉപയോഗിച്ചിരിക്കുന്നതെന്ന് സാധാരണയായി അതിന്റെ സന്ദർഭത്തിൽനിന്ന് മനസ്സിലാക്കാനാകും. പ്രതീകാത്മകമായ അർഥത്തിൽ ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന ചില സംഖ്യകളെക്കുറിച്ച് നമുക്കു നോക്കാം:
1 ഐക്യം. ഉദാഹരണത്തിന് തന്റെ അനുഗാമികളെക്കുറിച്ച് ദൈവത്തോടു പ്രാർഥിച്ചപ്പോൾ, “പിതാവേ, അങ്ങ് എന്നോടും ഞാൻ അങ്ങയോടും യോജിപ്പിലായിരിക്കുന്നതുപോലെ അവർ എല്ലാവരും ഒന്നായിരിക്കാനും . . . ഞാൻ അപേക്ഷിക്കുന്നു” എന്ന് യേശു പറഞ്ഞു.—യോഹന്നാൻ 17:21; മത്തായി 19:6.
2 ഒരു പ്രശ്നം നിയമപരമായി പരിഹരിക്കുമ്പോൾ, രണ്ടു സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കാര്യത്തിന്റെ സത്യാവസ്ഥ ഉറപ്പാക്കിയിരുന്നത്. (ആവർത്തനം 17:6) അതുപോലെ, ഒരു ദർശനമോ അല്ലെങ്കിൽ ഒരു പ്രസ്താവനയോ ആവർത്തിക്കുമ്പോൾ അതു സത്യമാണെന്നും അതു സംഭവിക്കുമെന്നും ഉറപ്പാക്കാൻ കഴിയുമായിരുന്നു. ഉദാഹരണത്തിന്, ഈജിപ്തിലെ ഫറവോൻ കണ്ട ഒരു സ്വപ്നം വ്യാഖ്യാനിച്ചപ്പോൾ യോസേഫ് ഇങ്ങനെ പറഞ്ഞു: “സ്വപ്നം രണ്ടു പ്രാവശ്യം കണ്ടതിന്റെ അർഥം, സത്യദൈവം ഇക്കാര്യം തീരുമാനിച്ച് ഉറപ്പിച്ചിരിക്കുന്നെന്നും അതു വേഗത്തിൽ നടപ്പാക്കുമെന്നും ആണ്.” (ഉൽപത്തി 41:32) പ്രവചനത്തിൽ ‘രണ്ടു കൊമ്പുകൾ’ എന്നത് ഇരട്ട ഭരണാധിപത്യത്തെ സൂചിപ്പിച്ചു. പ്രവാചകനായ ദാനിയേലിനോട് മേദോ-പേർഷ്യൻ സാമ്രാജ്യത്തെക്കുറിച്ച് പറഞ്ഞതിൽനിന്ന് ഇതു വ്യക്തമാണ്.—ദാനിയേൽ 8:20, 21; വെളിപാട് 13:11.
3 മൂന്നു സാക്ഷികളുടെ മൊഴിയാൽ ഒരു കാര്യം സ്ഥിരീകരിച്ചിരുന്നതുപോലെ, ഒരു കാര്യം മൂന്നു പ്രാവശ്യം ആവർത്തിക്കുന്നത് അത് ഊന്നിപ്പറയാനോ ഉറപ്പിച്ചുപറയാനോ വേണ്ടിയായിരുന്നു.—യഹസ്കേൽ 21:27; പ്രവൃത്തികൾ 10:9-16; വെളിപാട് 4:8; 8:13.
4 രൂപത്തിലോ പ്രവർത്തനത്തിലോ ഉള്ള പൂർണതയെ കുറിക്കാൻ ഇതിനു കഴിയും. “ഭൂമിയുടെ നാലു കോണിൽ” എന്ന പ്രയോഗം അതിന് ഒരു ഉദാഹരണമാണ്.—വെളിപാട് 7:1; 21:16; യശയ്യ 11:12.
6 പൂർണതയെ കുറിക്കുന്ന ഏഴ് എന്ന സംഖ്യയെക്കാൾ ഒന്ന് കുറവായ ആറ് എന്ന സംഖ്യ അപൂർണമായ ഒന്നിനെയോ അപൂർണതയെയോ ദൈവത്തിന്റെ ശത്രുക്കളുമായി ബന്ധപ്പെട്ട എന്തിനെയെങ്കിലുമോ ആണ് കുറിക്കുന്നത്.—1 ദിനവൃത്താന്തം 20:6; ദാനിയേൽ 3:1; വെളിപാട് 13:18.
7 പൂർണതയെ പ്രതീകപ്പെടുത്താനാണ് ഈ സംഖ്യ മിക്കപ്പോഴും ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് തുടർച്ചയായി ഏഴു ദിവസം യരീഹൊയെ ചുറ്റാനും ഏഴാം ദിവസം ഏഴു പ്രാവശ്യം ചുറ്റാനും ദൈവം ഇസ്രായേല്യരോടു കല്പിച്ചു. (യോശുവ 6:15) ഏഴ് എന്ന സംഖ്യ ഈ അർഥത്തിൽ ഉപയോഗിച്ചിരിക്കുന്ന അനേകം സന്ദർഭങ്ങൾ ബൈബിളിലുണ്ട്. (ലേവ്യ 4:6; 25:8; 26:18; സങ്കീർത്തനം 119:164; വെളിപാട് 1:20; 13:1; 17:10) “7 അല്ല, 77 തവണ” സഹോദരനോടു ക്ഷമിക്കണം എന്ന് യേശു പത്രോസിനോടു പറഞ്ഞപ്പോൾ “7” എന്ന സംഖ്യയുടെ ആവർത്തനം “പരിധിയില്ലാതെ” ക്ഷമിക്കണം എന്ന അർഥമാണ് നൽകുന്നത്.—മത്തായി 18:21, 22.
10 ഈ സംഖ്യ തികവിനെ അഥവാ ആകെത്തുകയെ ആണ് അർഥമാക്കുന്നത്.—പുറപ്പാട് 34:28; ലൂക്കോസ് 19:13; വെളിപാട് 2:10.
12 ഈ സംഖ്യ തികവാർന്ന ഒരു ദിവ്യക്രമീകരണത്തെ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്, അപ്പോസ്തലനായ യോഹന്നാൻ കണ്ട സ്വർഗത്തെക്കുറിച്ചുള്ള ദർശനത്തിൽ ‘12 അപ്പോസ്തലന്മാരുടെ 12 പേരുകൾ കൊത്തിയ 12 അടിസ്ഥാനശിലകളുള്ള’ ഒരു നഗരമുണ്ടായിരുന്നു. (വെളിപാട് 21:14; ഉൽപത്തി 49:28) 12 എന്ന സംഖ്യയുടെ ഗുണിതങ്ങളും ഇതേ അർഥത്തിൽ ഉപയോഗിച്ചിട്ടുണ്ട്.—വെളിപാട് 4:4; 7:4-8.
40 പല ന്യായവിധികളുടെയും ശിക്ഷണത്തിന്റെയും കാലയളവുകൾ 40 എന്ന സംഖ്യയുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.—ഉൽപത്തി 7:4; യഹസ്കേൽ 29:11, 12.
സംഖ്യാജ്യോതിഷവും ജെമേട്രിയയും
ബൈബിളിൽ പ്രതീകാത്മക അർഥത്തിൽ സംഖ്യകൾ ഉപയോഗിക്കുന്നതും സംഖ്യാജ്യോതിഷവും തമ്മിൽ വ്യത്യാസമുണ്ട്. സംഖ്യാജ്യോതിഷത്തിൽ, സംഖ്യകൾക്കും സംഖ്യാകൂട്ടങ്ങൾക്കും സംഖ്യകളുടെ തുകയ്ക്കും നിഗൂഢമായ അർഥങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നു. ഉദാഹരണത്തിന് ജൂത കാബലിസ്റ്റുകൾ (തിരുവെഴുത്തുകളുടെ ഗൂഢാർഥവ്യാഖ്യാനവിദഗ്ധർ) ജെമേട്രിയ എന്ന ഒരു സംഖ്യാജ്യോതിഷവിദ്യ ഉപയോഗിച്ച് എബ്രായതിരുവെഴുത്തുകൾ വിശകലനം ചെയ്തു. അക്ഷരങ്ങൾക്കു സംഖ്യാമൂല്യം കല്പിച്ചുകൊണ്ട് അവയുടെ നിഗൂഢമായ അർഥം തേടുന്ന ഒരു വിദ്യയാണ് ഇത്. ഭാവിഫലം പറയുന്നതുപോലുള്ള ഒരു കാര്യമാണ് സംഖ്യാജ്യോതിഷം. അതു ദൈവം കുറ്റംവിധിക്കുന്നു.—ആവർത്തനം 18:10-12.