ആത്മാർപ്പണത്തിന്റെ മാതൃകകൾ—അൽബേനിയയിലും കൊസോവോയിലും
“യഹോവയ്ക്കുവേണ്ടി ഇത്രയൊക്കെ ചെയ്യാൻ പറ്റുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല.” ആവശ്യം അധികമുള്ള അൽബേനിയയിൽ a സേവിക്കുന്നതിനെക്കുറിച്ച് ഇംഗ്ലണ്ടുകാരിയായ ഗ്വെൻ പറഞ്ഞ വാക്കുകളാണ് ഇത്.
‘ജനതകളുടെ അമൂല്യവസ്തുക്കളെ’ കൂട്ടിച്ചേർക്കാൻ അൽബേനിയയിലേക്കു മാറിത്താമസിച്ച അനേകം സാക്ഷികളിൽ ഒരാളാണ് ഗ്വെൻ. (ഹഗ്ഗായി 2:7) ഇങ്ങനെ ചെയ്യാൻ ഈ സുവിശേഷകരെ എന്താണു പ്രേരിപ്പിക്കുന്നത്? മാറിത്താമസിക്കുന്നതിനുവേണ്ടി അവർ എന്തെല്ലാം മാറ്റങ്ങളാണു വരുത്തിയത്? സന്തോഷം തരുന്ന എന്തൊക്കെ കാര്യങ്ങളാണ് ബുദ്ധിമുട്ടുകളുണ്ടെങ്കിലും സഹിച്ചുനിൽക്കാൻ അവരെ സഹായിക്കുന്നത്?
സാഹചര്യങ്ങൾ പലത്, പക്ഷേ ആഗ്രഹം ഒന്ന്
അൽബേനിയയിലേക്കു മാറിവരുന്ന എല്ലാ പ്രചാരകരെയും അതിനു പ്രേരിപ്പിക്കുന്നത് ഒരേ കാര്യമാണ്: യഹോവയോടുള്ള സ്നേഹവും യഹോവയെ അറിയാൻ മറ്റുള്ളവരെ സഹായിക്കാനുള്ള ആഗ്രഹവും.
മാറിത്താമസിക്കുന്നതിനു മുമ്പുതന്നെ തങ്ങളുടെ ശുശ്രൂഷ വിപുലപ്പെടുത്താനുള്ള ചില കാര്യങ്ങൾ അവർ ചെയ്തു. അത് മറ്റൊരു രാജ്യത്ത് പോയി സേവിക്കുന്നതിന്റെ ബുദ്ധിമുട്ടുകളെ തരണം ചെയ്യാൻ അവരെ സഹായിച്ചു. ഗ്വെൻ പറയുന്നു: “ആദ്യം എന്റെ സ്ഥലത്തുതന്നെ അൽബേനിയൻ ഭാഷ സംസാരിക്കുന്ന ഒരു ഗ്രൂപ്പിൽ ഞാൻ പ്രവർത്തിച്ചുതുടങ്ങി. പിന്നീട് അൽബേനിയയിലെ ഒരു കൺവെൻഷനു ഞാൻ പങ്കെടുത്തു. പിന്നെ, ആ ഭാഷ നന്നായി പഠിക്കാൻ കുറച്ചുനാൾ ഞാൻ അവിടെ പോയി നിന്നു.”
ഇറ്റലിക്കാരിയായ മാന്വെല തനിക്ക് 23 വയസ്സുള്ളപ്പോൾ തന്റെ രാജ്യത്തുതന്നെയുള്ള ഒരു ചെറിയ സഭയിൽ പ്രവർത്തിക്കാനായി അവിടേക്കു മാറിത്താമസിച്ചു. ആ സഹോദരി പറയുന്നു: “ഞാൻ അവിടെ നാലു വർഷം സേവിച്ചു. അപ്പോഴാണ് അൽബേനിയയിൽ കൂടുതൽ ആവശ്യമുണ്ടെന്ന് ഞാൻ അറിഞ്ഞത്. അതുകൊണ്ട് കുറച്ച് മാസം അവിടെ പോയി മുൻനിരസേവനം ചെയ്യാൻ ഞാൻ കാര്യങ്ങൾ ക്രമീകരിച്ചു.”
ഫെഡറിക്കയ്ക്ക് വെറും 7 വയസ്സുള്ളപ്പോഴാണ് ഒരു കൺവെൻഷനിൽവെച്ച് അൽബേനിയയെക്കുറിച്ച് കേൾക്കുന്നത്. അവൾ പറയുന്നു: “അൽബേനിയയിലെ പ്രചാരകർ അനേകം ബൈബിൾപഠനങ്ങൾ ആരംഭിച്ചെന്നും താത്പര്യക്കാർ മീറ്റിങ്ങിനു വരുന്നുണ്ടെന്നും പരിപാടി നടത്തിയ ഒരു സഹോദരൻ പറഞ്ഞു. അന്നു തുടങ്ങി അൽബേനിയയിലേക്കു പോകണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്റെ ആഗ്രഹത്തെക്കുറിച്ച് ഞാൻ പപ്പയോടും മമ്മിയോടും പറയുമായിരുന്നു. അത് അവരെ അതിശയിപ്പിച്ചെങ്കിലും പപ്പ പറഞ്ഞു, ‘അതെക്കുറിച്ച് പ്രാർഥിക്ക്. അത് യഹോവയുടെ ഇഷ്ടമാണെങ്കിൽ യഹോവ ആ പ്രാർഥന കേൾക്കും.’ കുറച്ച് മാസങ്ങൾക്കു ശേഷം അൽബേനിയയിൽ സേവിക്കാൻ ഞങ്ങളുടെ കുടുംബത്തെ ക്ഷണിച്ചു!” വർഷങ്ങൾ കുറെ കടന്നുപോയി. ഇപ്പോൾ ഫെഡറിക്കയും ഭർത്താവായ ഓർഗെസും അൽബേനിയയിൽ മുഴുസമയശുശ്രൂഷകരായി സേവിക്കുന്നു.
ജോലിയിൽനിന്ന് വിരമിച്ചതിനു ശേഷം ജാൻ പിയാരോ, ഭാര്യയായ ഗ്ലോറിയയോടൊപ്പം അൽബേനിയയിലേക്കു മാറിത്താമസിച്ചു. അതെക്കുറിച്ച് സഹോദരൻ പറയുന്നു: “ഞങ്ങളുടെ അഞ്ച് ആൺമക്കളും വളർന്നത് ഇറ്റലിയിലാണ്. അവരിൽ മൂന്നു പേർ ആവശ്യം അധികമുള്ളിടത്തു സേവിക്കാനായി മറ്റൊരു രാജ്യത്തേക്കു പോയി. ‘നിങ്ങൾക്ക് മാസിഡോണിയയിലേക്കു കടന്നുചെല്ലാമോ?’ എന്ന വീക്ഷാഗോപുര ലേഖനം ഞങ്ങളെ ശരിക്കും സ്വാധീനിച്ചു. പിന്നെ, എനിക്കു കിട്ടുന്ന പെൻഷൻകൊണ്ട് അൽബേനിയയിൽ എങ്ങനെ സേവിക്കാമെന്ന് ഞങ്ങൾ ഇരുന്ന് കണക്കുകൂട്ടിനോക്കി.”
അവർ നന്നായി പ്ലാൻ ചെയ്തു
ആവശ്യം അധികമുള്ളിടത്തേക്കു മാറണമെങ്കിൽ കാര്യങ്ങൾ മുന്നമേതന്നെ നന്നായി പ്ലാൻ ചെയ്യുകയും ചില മാറ്റങ്ങൾ വരുത്തുകയും ഒക്കെ ചെയ്യേണ്ടതുണ്ട്. (ലൂക്കോസ് 14:28) അതിൽ ഒരു കാര്യമാണ് ജീവിക്കാൻ ആവശ്യമായ പണം കണ്ടെത്തുന്നത്. മുന്നമേ പറഞ്ഞ ഗ്വെൻ എന്താണു ചെയ്തത്? ഇംഗ്ലണ്ടിലായിരുന്നപ്പോൾ അവൾ കുറച്ചുനാൾ ചേച്ചിയുടെകൂടെ താമസിച്ചു. അങ്ങനെ ചെലവ് ചുരുക്കിയപ്പോൾ ആവശ്യം അധികമുള്ള സ്ഥലത്തേക്കു പോകാനുള്ള പണം കണ്ടെത്താൻ അവൾക്കായി. ഇംഗ്ലണ്ടിൽനിന്നുതന്നെയുള്ള സോഫിയയും ക്രിസ്റ്റഫറും ഇങ്ങനെ പറയുന്നു: “ഞങ്ങൾ കാറും കുറച്ച് ഫർണിച്ചറുകളും വിറ്റു. ഒരു വർഷമെങ്കിലും അൽബേനിയയിൽ നിൽക്കണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം.” എന്നാൽ അതിലും കൂടുതൽ കാലം അവർക്കു നിൽക്കാൻ കഴിഞ്ഞു.
ചില പ്രചാരകർ ഏതാനും മാസം അൽബേനിയയിൽ നിൽക്കും. എന്നിട്ട് അവർ സ്വദേശത്തേക്കു പോയി ജോലിയൊക്കെ ചെയ്ത് കുറച്ച് പൈസ ഉണ്ടാക്കും. പിന്നെ അൽബേനിയയിലേക്കു മടങ്ങിവരും. എലീസിയോയും മിര്യമും അതാണു ചെയ്തത്. എലീസിയോ പറയുന്നു: “ഇറ്റലിയിലെ ഒരു ടൂറിസ്റ്റ് സ്ഥലത്താണ് മിര്യമിന്റെ വീട്. കുറച്ച് കാലത്തേക്കു മാത്രം ചെയ്യാൻ പറ്റുന്ന ജോലികൾ അവിടെ ഇഷ്ടംപോലെ കിട്ടും. ഞങ്ങൾ വേനൽക്കാലത്ത് അങ്ങോട്ടുപോയി മൂന്നു മാസം ജോലി ചെയ്യും. അങ്ങനെ കിട്ടുന്ന പണംകൊണ്ട് ഞങ്ങൾ അൽബേനിയയിലേക്കു തിരിച്ചുവന്ന് പിന്നെയുള്ള ഒൻപത് മാസം അവിടെ പ്രവർത്തിക്കും. അഞ്ചു വർഷം ഞങ്ങൾ ഇങ്ങനെതന്നെ ചെയ്തു.”
തടസ്സങ്ങൾ മറികടക്കുന്നു
ആവശ്യം അധികമുള്ള ഒരു സ്ഥലത്തേക്കു മാറിക്കഴിഞ്ഞാൽ പുതിയ സാഹചര്യങ്ങളുമായി ഒത്തുപോകാതെ പറ്റില്ല. എന്നാൽ ആ സ്ഥലത്തെ സഹോദരങ്ങൾ പറഞ്ഞുകൊടുക്കുന്ന കാര്യങ്ങളും ആ സഹോദരങ്ങൾ ചെയ്യുന്നതൊക്കെ കണ്ട് പഠിക്കുന്നതും തടസ്സങ്ങൾ മറികടക്കാൻ ഇവരെ സഹായിക്കുന്നു. നമ്മൾ മുമ്പു കണ്ട സോഫിയ ഇങ്ങനെ പറയുന്നു: “തണുപ്പുകാലമായാൽ എന്റെ നാട്ടിലെപ്പോലെയൊന്നുമല്ല, അൽബേനിയയിൽ ഭയങ്കര തണുപ്പാണ്. അതുകൊണ്ട് ആ സമയത്ത് ഇവിടെയുള്ള സഹോദരിമാർ എങ്ങനെയാണ് വസ്ത്രം ധരിക്കുന്നതെന്ന് ഞാൻ നോക്കിപ്പഠിച്ചു.” പോളണ്ടിൽനിന്നുള്ള ഗിഷേഗോഷും ഭാര്യ സോനയും കൊസോവോയിലെ b മനോഹരമായ പ്രിസ്രൺ ടൗണിലേക്കു മാറി. സഹോദരൻ പറയുന്നു: “ഇവിടെയുള്ള സഹോദരങ്ങൾ താഴ്മയും ദയയും ക്ഷമയും ഉള്ളവരാണ്. ഭാഷ പഠിക്കാൻ മാത്രമല്ല മറ്റു പല കാര്യങ്ങൾക്കും ഞങ്ങളെ അവർ സഹായിച്ചു. ഉദാഹരണത്തിന്, വിലക്കുറവിൽ സാധനങ്ങൾ കിട്ടുന്ന കടകൾ കാണിച്ചുതന്നു. ഇനി, ഇവിടുത്തെ മാർക്കറ്റിൽ പോയി എങ്ങനെ സാധനങ്ങൾ വാങ്ങിക്കാമെന്നും അവർ പറഞ്ഞുതന്നു.”
സന്തോഷിക്കാൻ പല കാരണങ്ങൾ
മറ്റൊരു സ്ഥലത്ത് പോയി സേവിക്കുന്നവർക്ക് അവിടെയുള്ള സഹോദരങ്ങളുടെ സാഹചര്യങ്ങൾ അറിയാനും അവരെ അടുത്ത സുഹൃത്തുക്കളാക്കാനും കഴിയുന്നു. സോന അതെക്കുറിച്ച് ഇങ്ങനെ പറയുന്നു: “ഇവിടുത്തെ സഹോദരങ്ങളെ കാണുമ്പോൾ യഹോവയുടെ സ്നേഹം എത്ര ശക്തമാണെന്ന് ഞാൻ മനസ്സിലാക്കുന്നുണ്ട്. കാരണം യഹോവയെക്കുറിച്ച് അറിഞ്ഞപ്പോൾ അവർക്ക് അവരുടെ വിശ്വാസത്തിലും ജീവിതത്തിലും വലിയ മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞു. അത് എന്റെ വിശ്വാസം ബലപ്പെടുത്തുന്നു. ഇനി, സഭയിലാണെങ്കിൽ ഞങ്ങളെ ഇവിടെ ശരിക്കും ആവശ്യമുണ്ടെന്ന് ഞങ്ങൾക്കു തോന്നാറുണ്ട്. ഇവിടെയുള്ള സഹോദരങ്ങൾ ഞങ്ങളുടെ അടുത്ത കൂട്ടുകാരാണ്.” (മർക്കോസ് 10:29, 30) തന്നെ പ്രോത്സാഹിപ്പിച്ച കാര്യത്തെക്കുറിച്ച് ഗ്ലോറിയ പറയുന്നതു ശ്രദ്ധിക്കുക: “ശക്തമായ വിശ്വാസം കാണിക്കുന്ന ഇവിടെയുള്ള പല സഹോദരിമാരെയും എനിക്ക് അറിയാം. സാക്ഷികൾക്കെതിരെ പ്രവർത്തിക്കുന്നവരുടെ ക്രൂരമായ ഉപദ്രവങ്ങൾ അവർ സഹിച്ചുനിൽക്കുന്നു. യഹോവയോട് അത്രയ്ക്കു സ്നേഹമുള്ളതുകൊണ്ടാണല്ലോ അവർക്ക് അതു പറ്റുന്നത്.”
നാട്ടിലായിരുന്നെങ്കിൽ പഠിക്കുകയില്ലാത്ത പല പുതിയ കാര്യങ്ങളും ആവശ്യം അധികമുള്ള സ്ഥലത്തേക്കു പോകുമ്പോൾ പഠിക്കാനാകുന്നു. ഉദാഹരണത്തിന്, ചെയ്യാൻ ബുദ്ധിമുട്ടുള്ളതെന്നു കരുതിയ ഒരു കാര്യം ചെയ്തുനോക്കുന്നത് ശരിക്കും സന്തോഷം തരുമെന്ന് പലരും മനസ്സിലാക്കിയിരിക്കുന്നു. അതെക്കുറിച്ച് സ്റ്റെഫാനോ പറയുന്നതു കേൾക്കുക: “എന്റെ രാജ്യത്ത് ഞങ്ങൾ പൊതുവെ സാക്ഷീകരിക്കാറുള്ളത് വീടുകൾക്കു പുറത്തുനിന്ന് ഇന്റർകോമിലൂടെയാണ്. വളരെ ചെറിയ അവതരണങ്ങളാണ് ഞങ്ങൾ നടത്തിയിരുന്നത്. പക്ഷേ അൽബേനിയക്കാർ ഒരു കാപ്പിയൊക്കെ കുടിച്ച്, കുറെ നേരം സംസാരിക്കാൻ ഇഷ്ടമുള്ളവരാണ്. തുടക്കത്തിൽ എനിക്ക് അത് വളരെ ബുദ്ധിമുട്ടായിരുന്നു. കാരണം ഞാൻ പൊതുവെ സംസാരിക്കാൻ മടിയുള്ള കൂട്ടത്തിലാണ്. പക്ഷേ പിന്നെപ്പിന്നെ ഞാൻ ആളുകളെക്കുറിച്ച് ചിന്തിക്കാൻതുടങ്ങി. ഇപ്പോൾ എനിക്ക് ആളുകളോട് സംസാരിക്കുന്നത് വലിയ ഇഷ്ടമാണ്. മുമ്പത്തെക്കാളും സന്തോഷത്തോടെയാണ് ഞാൻ ഇപ്പോൾ ശുശ്രൂഷ ചെയ്യുന്നത്.”
ഭർത്താവായ വില്യമിനോടൊപ്പം ഐക്യനാടുകളിൽനിന്ന് അൽബേനിയയിലേക്കു മാറിയ ലിയ പറയുന്നു: “ഇവിടുത്തെ ജീവിതം കുറെക്കൂടി വിശാലമായി ചിന്തിക്കാൻ ഞങ്ങളെ പഠിപ്പിച്ചു. ആതിഥ്യത്തെക്കുറിച്ചും ബഹുമാനം കാണിക്കുന്നതിനെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചും ഒക്കെ ഞങ്ങൾ പലതും പഠിച്ചു. പ്രസംഗിക്കാനും തിരുവെഴുത്തുകളിൽനിന്ന് ന്യായവാദം ചെയ്യാനും കാര്യങ്ങൾ പറഞ്ഞുഫലിപ്പിക്കാനും ഉള്ള പുതിയ രീതികൾ ഞങ്ങൾ മനസ്സിലാക്കി.” വില്യം പറയുന്നത് ഇങ്ങനെയാണ്: “അൽബേനിയ കാണാൻവരുന്ന ഒട്ടുമിക്ക ആളുകളെയും ആകർഷിക്കുന്നത് ഇവിടുത്തെ മനോഹരമായ ബീച്ചുകളാണ്. എനിക്ക് പക്ഷേ ഇഷ്ടം, ഇവിടുത്തെ കുന്നും മലകളും ഒക്കെ കയറിനടക്കാനാണ്. എന്നാൽ അതിലും എനിക്ക് ഇഷ്ടം ഇവിടുത്തെ ആളുകളെയാണ്. ഇവിടെയുള്ള പല ഗ്രാമങ്ങളിലും പ്രത്യേക പ്രചാരണപരിപാടിയുടെ സമയത്ത് മാത്രമേ അല്പമെങ്കിലും പ്രവർത്തിച്ചിട്ടുള്ളൂ. അതുകൊണ്ട് നമ്മൾ ചെന്നുകഴിഞ്ഞാൽ ആളുകൾക്ക് കേട്ടിരിക്കാൻ ഇഷ്ടമാണ്. ചിലപ്പോൾ ഏതാനും വീടുകൾ കയറുമ്പോൾത്തന്നെ ഒരു ദിവസം കഴിയും.”
ആവശ്യം അധികമുള്ളിടത്തേക്കു മാറിത്താമസിക്കുന്നവർക്ക് ഏറ്റവും വലിയ സന്തോഷം തോന്നുന്നത് അവിടെയുള്ളവർ സത്യം സ്വീകരിക്കുന്നതു കാണുമ്പോഴാണ്. (1 തെസ്സലോനിക്യർ 2:19, 20) ഏകാകിയായിരുന്ന ലോറ അൽബേനിയയിലേക്കു മാറിത്താമസിച്ചു. ലോറയുടെ വാക്കുകൾ ഇതാണ്: “കുറെക്കാലം ഞാൻ ഫിയെറിൽ പ്രവർത്തിച്ചു. വെറും രണ്ടര വർഷംകൊണ്ട് 120 പേരാണ് പ്രചാരകരായത്. അവരിൽ 16 പേരെ എനിക്കു പഠിപ്പിക്കാനായി!” സാന്ദ്ര എന്ന മറ്റൊരു സഹോദരി പറയുന്നതു കേട്ടോ: “മാർക്കറ്റിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീയോട് ഞാൻ സാക്ഷീകരിച്ചു. ആ സ്ത്രീ ഇപ്പോൾ നമ്മുടെ ഒരു സഹോദരിയാണ്. പിന്നീട് സഹോദരി സ്വന്തം ഗ്രാമത്തിലേക്കു മടങ്ങിപ്പോയി. ഞാൻ അവസാനം സംസാരിച്ചപ്പോൾ സഹോദരി പറഞ്ഞത് സഹോദരിക്ക് അവിടെ 15 ബൈബിൾപഠനങ്ങൾ തുടങ്ങാനായെന്നാ!”
സഹിച്ചുനിൽക്കുന്നതുകൊണ്ടുള്ള അനുഗ്രഹങ്ങൾ
വർഷങ്ങൾക്കു മുമ്പ് ആവശ്യം അധികമുള്ള അൽബേനിയയിലേക്കു മാറിത്താമസിച്ച ചിലർ ഇപ്പോഴും അവിടെയുണ്ട്. അവർ അവരുടെ സേവനം നന്നായി ആസ്വദിക്കുന്നു. പണ്ട് ഇവരിൽനിന്ന് സന്തോഷവാർത്ത കേട്ട ആളുകൾ പിന്നീട് സത്യം പഠിച്ച് സാക്ഷികളായിത്തീർന്നെന്ന് അറിയുമ്പോൾ അവർ അതിശയിച്ചുപോകുന്നു. (സഭാപ്രസംഗകൻ 11:6) നേരത്തെ കണ്ട ക്രിസ്റ്റഫർ ഇങ്ങനെയാണ് പറയുന്നത്: “ഞാൻ ഒരു ദിവസം ഒരു മനുഷ്യനെ അവിചാരിതമായി കണ്ടുമുട്ടി. സംസാരിച്ചുവന്നപ്പോഴാ അറിയുന്നത് ഞാൻ അൽബേനിയയിൽ ആദ്യം വന്നപ്പോൾ തുടങ്ങിയ ഒരു ബൈബിൾപഠനമായിരുന്നു അതെന്ന്. അന്നൊക്കെ ഞങ്ങൾ ബൈബിളിൽനിന്ന് ചർച്ച ചെയ്ത കാര്യങ്ങൾ അക്ഷരംവിടാതെ അദ്ദേഹം പറയുന്നതു കേട്ടപ്പോൾ എനിക്കു ശരിക്കും സന്തോഷം തോന്നി. ഇപ്പോൾ അദ്ദേഹവും ഭാര്യയും സ്നാനപ്പെട്ട യഹോവയുടെ സാക്ഷികളാണ്.” നമ്മൾ നേരത്തെ പരിചയപ്പെട്ട ഫെഡറിക്കയുടെ വാക്കുകൾ ഇതാണ്: “ഒരു സഭയിൽ ചെന്നപ്പോൾ ഒരു സഹോദരി എന്റെ അടുത്ത് വന്നിട്ട് എന്നെ ഓർക്കുന്നുണ്ടോ എന്നു ചോദിച്ചു. ഒൻപതു വർഷം മുമ്പ് ഞാൻ ആ സഹോദരിയോടു സാക്ഷീകരിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. ഞാൻ അവിടെനിന്ന് മറ്റൊരു ടൗണിലേക്കു പോയി കുറച്ച് കഴിഞ്ഞാണ് അവർ ബൈബിൾ പഠിക്കുകയും സ്നാനമേൽക്കുകയും ചെയ്തത്. അൽബേനിയയിലെ ആദ്യവർഷങ്ങൾ വെറുതെയായിപ്പോയി എന്നാണ് ഞാൻ ചിന്തിച്ചിരുന്നത്. പക്ഷേ എനിക്ക് ശരിക്കും തെറ്റിപ്പോയി.”
അൽബേനിയയിലേക്കോ കൊസോവോയിലേക്കോ ഒക്കെ മാറിത്താമസിച്ച സഹോദരങ്ങൾ സന്തോഷവും സംതൃപ്തിയും ഉള്ള ഒരു ജീവിതം കിട്ടിയതിലും യഹോവ തങ്ങളുടെ ശ്രമങ്ങളെ അനുഗ്രഹിച്ചിരിക്കുന്നതിലും വളരെ നന്ദിയുള്ളവരാണ്. അൽബേനിയയിൽ ഒത്തിരി വർഷം സേവിച്ച എലീസിയോ തന്റെ അനുഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: “ജീവിതം സുരക്ഷിതമാക്കാൻ ലോകം പലതും വെച്ചുനീട്ടുന്നുണ്ട്. അതിന്റെ പിന്നാലെപോകാൻ നമുക്കു തോന്നിയേക്കാം. പക്ഷേ അതു മണ്ടത്തരമാണ്. ശരിക്കും യഹോവയുടെ തത്ത്വങ്ങൾ അനുസരിച്ച് ജീവിക്കുന്നതാണ് ജീവിതത്തിന് ഒരു ഉദ്ദേശ്യവും സുരക്ഷിതത്വവും ഒക്കെ നൽകുന്നത്. ആവശ്യം അധികമുള്ളിടത്ത് ഇത്രയും നാളും സേവിച്ചപ്പോൾ എനിക്ക് അതാണു മനസ്സിലായത്. എനിക്ക് എന്തൊക്കെയോ ചെയ്യാൻപറ്റുന്നു, എന്നെക്കൊണ്ട് ഇവിടെ ആവശ്യമുണ്ട് എന്നൊക്കെയുള്ള തോന്നൽ എനിക്കു സന്തോഷം തരുന്നു. ഒരേ ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന ഒരുപാടു കൂട്ടുകാരുണ്ട് എനിക്ക് ഇവിടെ.” സാന്ദ്ര പറയുന്നു: “ഒരു മിഷനറിയാകുക എന്നുള്ളത് എന്റെ ഒരുപാടു നാളായിട്ടുള്ള ഒരു ആഗ്രഹമായിരുന്നു. ആവശ്യം അധികമുള്ളിടത്തേക്കു മാറിത്താമസിച്ചപ്പോൾ ആ ആഗ്രഹം എനിക്ക് യഹോവ സാധിച്ചുതന്നതുപോലെയാണ് തോന്നിയത്. അൽബേനിയയിലേക്കു പോന്നത് അബദ്ധമായല്ലോ എന്ന ഒരു ചിന്തയേ എനിക്കില്ല. മുമ്പൊരിക്കലും ഇല്ലാതിരുന്ന സന്തോഷമാണ് ഞാൻ ഇപ്പോൾ അനുഭവിക്കുന്നത്.”
a അൽബേനിയയിലെ നമ്മുടെ പ്രസംഗപ്രവർത്തനത്തിന്റെ ചരിത്രത്തെക്കുറിച്ച് കൂടുതൽ അറിയാൻ യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്തകം 2010 നോക്കുക.
b കൊസോവോ സ്ഥിതി ചെയ്യുന്നത് അൽബേനിയയുടെ വടക്കുകിഴക്കായിട്ടാണ്. ഈ പ്രദേശത്തുള്ള പല ആളുകളും സംസാരിക്കുന്നത് അൽബേനിയൻ ഭാഷയുടെതന്നെ ഒരു പ്രാദേശികരൂപമാണ്. ഈ ഭാഷ സംസാരിക്കുന്ന കൊസോവോയിലുള്ള ആളുകളോടു സന്തോഷവാർത്ത അറിയിക്കാനായി അൽബേനിയയിൽനിന്നും യൂറോപ്പ്യൻ രാജ്യങ്ങളിൽനിന്നും ഐക്യനാടുകളിൽനിന്നും ഒക്കെ സാക്ഷികൾ അവിടേക്കു മാറിത്താമസിച്ചിട്ടുണ്ട്. 2020-ലെ കണക്കനുസരിച്ച് എട്ട് സഭകളിലും മൂന്നു ഗ്രൂപ്പുകളിലും രണ്ടു പ്രീ-ഗ്രൂപ്പുകളിലും ആയി 256 പ്രചാരകർ അവിടെയുണ്ട്.