ആത്മാർപ്പണത്തിന്റെ മാതൃകകൾ—ബൾഗേറിയ
ബൾഗേറിയയിലുള്ള യഹോവയുടെ സാക്ഷികൾ ദൈവത്തെയും ദൈവവചനമായ ബൈബിളിനെയും കുറിച്ചുള്ള സത്യം ആളുകളെ പഠിപ്പിക്കുന്നതിൽ തിരക്കോടെ പങ്കെടുക്കുന്നു. അവരെ സഹായിക്കുന്നതിന് നൂറുകണക്കിന് സാക്ഷികളാണ് 2000 മുതൽ മറ്റു ദേശങ്ങളിൽനിന്ന് ബൾഗേറിയയിലേക്കു വന്ന് താമസിച്ചിരിക്കുന്നത്. ഇങ്ങനെ പ്രസംഗവേലയ്ക്കുവേണ്ടി ഒരു വിദേശരാജ്യത്തേക്ക് മാറിത്താമസിക്കുമ്പോൾ എന്തെല്ലാം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നേക്കാം? അതിനുവേണ്ടി ചെയ്യുന്ന ശ്രമങ്ങളൊന്നും വെറുതെയല്ലെന്നു പറയാവുന്നത് എന്തുകൊണ്ടാണ്? ബൾഗേറിയയിലേക്കു മാറിത്താമസിച്ച ചിലർ അതെക്കുറിച്ച് എന്താണ് പറയുന്നതെന്നു നോക്കാം.
ലക്ഷ്യം വെക്കുന്നു
മുമ്പ് ഇംഗ്ലണ്ടിൽ താമസിച്ചിരുന്ന ഡാരൻ പറയുന്നത് ഇതാണ്: “ആവശ്യം അധികമുള്ള ഒരു വിദേശരാജ്യത്ത് പോയി സേവിക്കുക എന്നതായിരുന്നു ആദ്യംമുതലേ ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളുടെ വിവാഹശേഷം ഡോണും ഞാനും റഷ്യൻഭാഷക്കാരെ ബൈബിൾ പഠിപ്പിക്കുന്നതിനായി ലണ്ടനിലേക്കു താമസം മാറി. വിദേശത്തേക്കു മാറുന്നതിനെക്കുറിച്ച് പലതവണ ആലോചിച്ചെങ്കിലും പലപല കാരണങ്ങൾകൊണ്ട് അതു നടന്നില്ല. ഇനി ഞങ്ങളുടെ ആ ആഗ്രഹം നടക്കില്ല എന്നുപോലും ഞങ്ങൾക്കു തോന്നി. പക്ഷേ ഞങ്ങളുടെ സാഹചര്യത്തിനു മാറ്റം വന്നെന്നും വീണ്ടും ആ ലക്ഷ്യത്തിൽ എത്തിച്ചേരാനാകുമെന്നും ഞങ്ങളുടെ ഒരു സുഹൃത്ത് പറഞ്ഞു.” അപ്പോൾമുതൽ ഡാരനും ഡോണും ആവശ്യം കൂടുതലുള്ള ഏതു രാജ്യത്തേക്കു മാറാൻ കഴിയുമെന്നു ചിന്തിച്ചു. അങ്ങനെ 2011-ൽ അവർ ബൾഗേറിയയിലേക്കു താമസം മാറി.
മറ്റു രാജ്യങ്ങളിലേക്കു മാറിത്താമസിച്ചവരുടെ നല്ല അനുഭവങ്ങൾ വിദേശത്ത് പോയി സേവിക്കാൻ ലക്ഷ്യമില്ലാതിരുന്ന ചിലരെപ്പോലും പ്രോത്സാഹിപ്പിച്ചു. ഭർത്താവ് ലൂക്കയോടൊപ്പം ഇറ്റലിയിൽ താമസിച്ചുകൊണ്ടിരുന്ന ജേഡ പറയുന്നു. “തെക്കെ അമേരിക്കയിലും ആഫ്രിക്കയിലും തീക്ഷ്ണതയോടെ സേവിച്ചുകൊണ്ടിരുന്ന സഹോദരിമാരെ ഞാൻ പരിചയപ്പെട്ടു. അവരുടെ സന്തോഷവും നല്ല അനുഭവങ്ങളും ഒക്കെ എന്നെ ശരിക്കും ചിന്തിപ്പിച്ചു. ആത്മീയലക്ഷ്യങ്ങളിൽ ചില മാറ്റങ്ങൾ വരുത്താൻ അത് എന്നെ സഹായിച്ചു.”
2015-ൽ തോമസും വെറോണിക്കയും ചെക് റിപ്പബ്ലിക്കിൽനിന്ന് ബൾഗേറിയയിലേക്കു താമസം മാറ്റി. അവരോടൊപ്പം മക്കളായ ക്ലാരയും മത്തിയാസും ഉണ്ടായിരുന്നു. അവിടേക്കു മാറിത്താമസിക്കാൻ അവരെ പ്രചോദിപ്പിച്ചത് എന്തായിരുന്നു? തോമസ് പറയുന്നു: “ദൂരേക്കു മാറിത്താമസിച്ച ഞങ്ങളുടെ ബന്ധുക്കളെയും സഹോദരങ്ങളെയും കുറിച്ച് ഞങ്ങൾ ചിന്തിച്ചു. അവർക്കു ലഭിച്ച നല്ല അനുഭവങ്ങളെക്കുറിച്ച് ഞങ്ങൾ വീട്ടിൽ സംസാരിച്ചു. അവർ ആസ്വദിക്കുന്ന സന്തോഷമാണ് ഞങ്ങളെയും അതിനു പ്രോത്സാഹിപ്പിച്ചത്.” ഈ കുടുംബം ഇപ്പോൾ ബൾഗേറിയയിലെ മൊണ്ടാന നഗരത്തിൽ സന്തോഷത്തോടെ പ്രസംഗവേല ചെയ്യുന്നു.
ബൾഗേറിയയിലേക്കു മാറിത്താമസിച്ച മറ്റൊരു സാക്ഷിയാണ് ലിന്റ. അവർ പറയുന്നു: “കുറെ വർഷങ്ങൾക്കു മുമ്പ് ഞാൻ ഇക്വഡോർ സന്ദർശിച്ചു. അപ്പോൾ പ്രസംഗപ്രവർത്തനത്തിനായി അങ്ങോട്ട് മാറിത്താമസിച്ച ചിലരെ ഞാൻ പരിചയപ്പെട്ടു. എന്നെങ്കിലും ഒരിക്കൽ എനിക്കും ആവശ്യം അധികമുള്ള സ്ഥലത്ത് പോയി സേവിക്കാൻ കഴിയുമല്ലോ എന്നു ഞാൻ ചിന്തിച്ചു.” ഫിൻലൻഡിൽനിന്നുള്ള ദമ്പതികളാണ് പേട്രിയയും നാഥിയയും. മറ്റുള്ളവരുടെ നല്ല മാതൃക അവരെ ശരിക്കും പ്രോത്സാഹിപ്പിച്ചു. ആ ദമ്പതികൾ പറയുന്നത് ഇങ്ങനെയാണ്: “ആളുകളെ ബൈബിൾ പഠിപ്പിക്കുന്നതിനുവേണ്ടി മാറിത്താമസിച്ച അനുഭവസമ്പന്നരായ ചില പ്രചാരകർ ഞങ്ങളുടെ സഭയിലുണ്ടായിരുന്നു. സേവനത്തിൽ ചെലവഴിച്ച ആ വർഷങ്ങളെപ്പറ്റി അവർ എപ്പോഴും വളരെ ഉത്സാഹത്തോടെയാണ് സംസാരിച്ചിരുന്നത്. ജീവിതത്തിലെ ഏറ്റവും നല്ല കാലമായിരുന്നു അതെന്ന് അവർ പറയുമായിരുന്നു.”
മുൻകൂട്ടി പ്ലാൻ ചെയ്യുന്നു
വിദേശത്ത് പോയി സേവിക്കാൻ മുന്നമേ നന്നായി പ്ലാൻ ചെയ്യേണ്ടത് പ്രധാനമാണ്. (ലൂക്കോസ് 14:28-30) ബെൽജിയത്തിൽനിന്നുള്ള നെലെ പറയുന്നു: “മറ്റൊരു രാജ്യത്ത് പോയി പ്രസംഗിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചപ്പോൾമുതലേ ഞാൻ അതെക്കുറിച്ച് പ്രാർഥിച്ചു. നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ ആ വിഷയത്തെക്കുറിച്ചുള്ള ലേഖനങ്ങളും കണ്ടെത്തി. ആ ലേഖനങ്ങൾ പഠിച്ചപ്പോൾ മാറിത്താമസിക്കുന്നതിനുവേണ്ടി ഞാൻ എന്തൊക്കെ ചെയ്യണമെന്ന് എനിക്കു മനസ്സിലായി.”
പോളണ്ടിൽനിന്നുള്ള ക്രിസ്റ്റനും ഇർമിനയും ഇപ്പോൾ ഒൻപതു വർഷത്തിലേറെയായി ബൾഗേറിയയിൽ താമസിക്കുന്നു. അങ്ങോട്ട് മാറിത്താമസിക്കാൻ അവരെ എന്താണു സഹായിച്ചത്? പോളണ്ടിൽവെച്ചുതന്നെ അവർ ഒരു ബൾഗേറിയൻ ഭാഷാഗ്രൂപ്പിനൊപ്പം പ്രവർത്തിച്ചിരുന്നു. ബൾഗേറിയൻ ഭാഷ പഠിക്കാൻ ആ ഗ്രൂപ്പിലെ സഹോദരങ്ങൾ അവരെ ശരിക്കും സഹായിച്ചു. ക്രിസ്റ്റനും ഇർമിനയും പറയുന്നത് ഇതാണ്: “നമ്മൾ നമ്മളെത്തന്നെ വിട്ടുകൊടുക്കുകയാണെങ്കിൽ യഹോവ തീർച്ചയായും നമുക്കുവേണ്ടി കരുതും. അത് അനുഭവിച്ചറിയേണ്ട ഒന്നുതന്നെയാണ്. “ഇതാ ഞാൻ, എന്നെ അയച്ചാലും” എന്നു നിങ്ങൾ മനസ്സോടെ യഹോവയോടു പറയുന്നെങ്കിൽ ഒരിക്കലും ചെയ്യാൻ കഴിയില്ലെന്നു നിങ്ങൾ വിചാരിച്ച കാര്യങ്ങൾപോലും ചെയ്യാനാകും.—യശയ്യ 6:8.
സ്വിറ്റ്സർലൻഡിൽനിന്നുള്ള ദമ്പതികളായ റെറ്റോയുടെയും കൊർണേലിയയുടെയും കാര്യം നോക്കാം. മാറിത്താമസിക്കുന്നതിനുവേണ്ടി അവർ മുന്നമേതന്നെ തങ്ങളുടെ ജീവിതം ലളിതമാക്കി. തങ്ങൾക്കാവശ്യമായ പണം സ്വരുക്കൂട്ടാനും അത് അവരെ സഹായിച്ചു. അവർ ഇങ്ങനെ പറയുന്നു: “ബൾഗേറിയയിലേക്കു താമസം മാറുന്നതിന് ഒരു വർഷം മുമ്പ് ഞങ്ങൾ അവിടെ പോയിരുന്നു. അവിടത്തെ ജീവിതം എങ്ങനെയാണെന്നു മനസ്സിലാക്കാൻ ഒരാഴ്ച ഞങ്ങൾ അവിടെ ചെലവഴിച്ചു. വർഷങ്ങളായി മിഷനറിവേലയിൽ ഏർപ്പെട്ടിരുന്ന ഒരു ദമ്പതികളെ ഞങ്ങൾ അവിടെവെച്ച് കണ്ടുമുട്ടി. അവർ തന്ന പല നിർദേശങ്ങളും ഞങ്ങൾക്കു ശരിക്കും പ്രയോജനമായിരുന്നു.” റെറ്റോയും കൊർണേലിയയും ആ നിർദേശങ്ങൾ പ്രയോജനപ്പെടുത്തി. അവർ ഇപ്പോൾ 20 വർഷത്തിലേറെയായി ബൾഗേറിയയിൽ സേവിക്കുന്നു.
ബുദ്ധിമുട്ടുകൾ തരണം ചെയ്യുന്നു
ഒരു വിദേശരാജ്യത്തേക്കു താമസം മാറുന്നവർക്ക് അവിടത്തെ പുതിയ സാഹചര്യവുമായി പൊരുത്തപ്പെടേണ്ടിവരും. അതിൽ പല ബുദ്ധിമുട്ടുകളും ഉൾപ്പെട്ടേക്കാം. (പ്രവൃത്തികൾ 16:9, 10; 1 കൊരിന്ത്യർ 9:19-23) പുതിയ ഒരു ഭാഷ പഠിക്കണമെന്നുള്ളതാണ് അവരിൽ പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നം. മുമ്പ് കണ്ട ലൂക്ക പറയുന്നു: “മീറ്റിങ്ങുകളിൽ സ്വന്തം വാക്കുകളിൽ ഉത്തരം പറയുന്നത് ഞങ്ങൾ എപ്പോഴും ആസ്വദിച്ചിരുന്നു. പക്ഷേ ബൾഗേറിയയിൽ വന്നപ്പോൾ കുറച്ച് കാലത്തേക്കു ഞങ്ങൾക്ക് അങ്ങനെയൊന്നും പറ്റിയിരുന്നില്ല. ആ ഭാഷയിൽ ചെറിയ ഒരു ഉത്തരം പറയാൻപോലും ഞാനും ഭാര്യയും ശരിക്കും കഷ്ടപ്പെട്ടു. കുട്ടികൾ പറയുന്നപോലത്തെ ഉത്തരങ്ങളായിരുന്നു ഞങ്ങളും പറഞ്ഞിരുന്നത്. സത്യം പറഞ്ഞാൽ ഞങ്ങളെക്കാൾ നല്ല ഉത്തരം ആ സഭയിലെ കുട്ടികൾ പറയുമായിരുന്നു.”
ജർമനിയിൽനിന്നുള്ള റാവിൽ പറയുന്നു: “ഈ ഭാഷ പഠിച്ചെടുക്കാൻ അൽപ്പം പ്രയാസമാണ്. പക്ഷേ ഞാൻ ഇങ്ങനെ ചിന്തിക്കുമായിരുന്നു. ഭാഷ പഠിക്കുമ്പോൾ ചില തെറ്റുകളൊക്കെ പറ്റും. അതെക്കുറിച്ച് ഓർത്ത് വിഷമിക്കാതെ അതിനെ ഒരു തമാശയായി കാണണം. ഈ ബുദ്ധിമുട്ടുകളെയൊക്കെ ഞാൻ വലിയ ഒരു പ്രശ്നമായി കാണുന്നില്ല. ദൈവസേവനത്തിലായിരിക്കുമ്പോൾ ഇതൊക്കെ സ്വാഭാവികമാണ്.”
മുമ്പ് പറഞ്ഞ ലിന്റ ഇങ്ങനെ പറയുന്നു: “ഭാഷ പഠിക്കുന്ന കാര്യത്തിൽ ഞാൻ പൊതുവേ പുറകോട്ടാ. ബൾഗേറിയൻഭാഷയാണെങ്കിൽ പഠിക്കാനൊട്ട് എളുപ്പവുമല്ല. ഇതൊക്കെ ഇട്ടിട്ട് പോയാലോ എന്നു ഞാൻ പലതവണ ചിന്തിച്ചു. പലപ്പോഴും മറ്റുള്ളവർ പറയുന്നത് നമുക്കും, നമ്മൾ പറയുന്നത് അവർക്കും മനസ്സിലാകാതെ വരുമ്പോൾ ആകെയൊരു ഒറ്റപ്പെടൽ തോന്നും. എങ്കിലും യഹോവയുമായുള്ള എന്റെ ബന്ധം ശക്തമാക്കിനിറുത്താൻ ഞാൻ എല്ലാം സ്വീഡിഷ് ഭാഷയിൽത്തന്നെ പഠിക്കുമായിരുന്നു. എന്നാൽ അവസാനം സഹോദരങ്ങളുടെ സഹായത്തോടെ ഞാൻ ബൾഗേറിയൻഭാഷ പഠിച്ചെടുത്തു.”
ചിലർക്കു തങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒക്കെ വിട്ട് വീട്ടിൽനിന്ന് മാറിനിൽക്കുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ഭർത്താവ് യാനിസിനൊപ്പം ബൾഗേറിയയിലേക്കു താമസം മാറിയ ഇവ പറയുന്നത് ഇങ്ങനെയാണ്: “തുടക്കത്തിൽ എനിക്കു വലിയ ഏകാന്തത അനുഭവപ്പെട്ടു. അതുകൊണ്ട് ഞങ്ങൾ കൂടെക്കൂടെ നാട്ടിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിക്കുമായിരുന്നു. ഇവിടെ പുതിയ കൂട്ടുകാരെയുണ്ടാക്കാനും ശ്രമിച്ചു.”
ഇനി, സ്വിറ്റ്സർലൻഡിൽനിന്ന് അങ്ങോട്ട് മാറിത്താമസിച്ച റോബർട്ടും ലിയാനയും മറ്റു ചില വെല്ലുവിളികളാണു നേരിട്ടത്. അവർ ഇങ്ങനെ പറഞ്ഞു: “അവിടത്തെ ഭാഷയും സംസ്കാരവും ഞങ്ങൾക്ക് വലിയൊരു വെല്ലുവിളിയായിരുന്നു. അതു മാത്രമല്ല, അവിടത്തെ കൊടുംതണുപ്പിനോടും ഞങ്ങൾക്കു മല്ലിടണമായിരുന്നു.” എങ്കിലും സന്തോഷമുള്ള ഒരു മനസ്സും നല്ല നർമബോധവും ഉണ്ടായിരുന്നതു കഴിഞ്ഞ 14 വർഷം ബൾഗേറിയയിൽ വിശ്വസ്തതയോടെ സേവിക്കാൻ ഈ ദമ്പതികളെ സഹായിച്ചു.
കിട്ടിയ അനുഗ്രഹങ്ങൾ
ആവശ്യം അധികമുള്ളിടത്ത് സേവിക്കുന്നത് ഒരാൾക്കെടുക്കാൻ കഴിയുന്ന ഏറ്റവും നല്ല തീരുമാനമാണെന്ന് ലില്ലിക്ക് ഇപ്പോൾ മനസ്സിലായി. ലില്ലി പറയുന്നു: “മുമ്പ് നാട്ടിലായിരുന്നപ്പോൾ ഉള്ളതിനെക്കാൾ അധികം എനിക്ക് ഇപ്പോൾ യഹോവയെ അടുത്തറിയാൻ കഴിയുന്നുണ്ട്. യഹോവയുടെ സഹായം പല വിധങ്ങളിൽ ഞാൻ അനുഭവിച്ചറിയുന്നു. ഇപ്പോൾ എനിക്കു മറ്റുള്ളവരെ കൂടുതൽ സഹായിക്കാൻ കഴിയുന്നതുകൊണ്ട് യഹോവയുമായി ഒരു നല്ല ബന്ധമുണ്ട്. അത് എനിക്കു സന്തോഷവും സംതൃപ്തിയും തരുന്നു.” അവരുടെ ഭർത്താവ് റാവിലും അതിനോടു യോജിക്കുന്നു. അദ്ദേഹം പറയുന്നു: “ഇതാണ് ഏറ്റവും നല്ല ജീവിതം. പല രാജ്യങ്ങളിൽനിന്നുള്ള തീക്ഷ്ണതയുള്ള ക്രിസ്ത്യാനികളെ അടുത്തറിയാനുള്ള ഒരു നല്ല അവസരമാണ് ഇത്. മറ്റുള്ളവരെ ബൈബിൾ പഠിപ്പിക്കുന്നതിലുള്ള അവരുടെ അനുഭവപരിചയത്തിൽനിന്നും എനിക്ക് ഒരുപാട് പഠിക്കാൻ സാധിച്ചു.”
ഇന്ന് അനേകം സഹോദരങ്ങളും മനസ്സോടെ തങ്ങളെത്തന്നെ വിട്ടുകൊടുക്കുന്നതുകൊണ്ട് ‘ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത ഭൂലോകത്തെങ്ങും’ പ്രസംഗിക്കപ്പെടുന്നു. (മത്തായി 24:14) മറ്റുള്ളവരെ സഹായിക്കാൻ സ്വമനസ്സാലെ ബൾഗേറിയയിലേക്കു മാറിത്താമസിച്ചവർക്ക് യഹോവ എങ്ങനെയാണു തങ്ങളുടെ ഹൃദയാഭിലാഷങ്ങൾ സാധിച്ചുതന്നതെന്നും തങ്ങളുടെ പദ്ധതികളെല്ലാം വിജയിപ്പിച്ചതെന്നും കാണാൻ സാധിച്ചു.—സങ്കീർത്തനം 20:1-4.