പാസ്റ്ററാണെന്ന് തെറ്റിദ്ധരിച്ചു
ചിലിയിലെ ഒരു സെമിത്തേരിക്കു പുറത്ത് ഒസ്മാനും ഭാര്യയും അദ്ദേഹത്തിന്റെ മകളും കാർട്ട് ഉപയോഗിച്ച് പരസ്യസാക്ഷീകരണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് വലിയ സംഗീതത്തിന്റെ അകമ്പടിയോടെ ഒരു ശവസംസ്കാര ശുശ്രൂഷയ്ക്കായി അനേകം ആളുകൾ ആ വഴി വന്നു. അവരിൽ ചിലർ ഒസ്മാനെ കണ്ടപ്പോൾ അവരുടെ പാസ്റ്ററാണെന്നു തെറ്റിദ്ധരിച്ച് ഒസ്മാന്റെ അടുത്ത് വന്ന് കെട്ടിപ്പിടിച്ചു. എന്നിട്ട് “കൃത്യസമയത്തുതന്നെ വന്നതിന് ഒരുപാട് നന്ദി ഞങ്ങൾ പാസ്റ്ററിനെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു” എന്ന് ഒസ്മാനോടു പറഞ്ഞു.
തെറ്റിദ്ധാരണ മാറ്റാൻ ഒസ്മാൻ ശ്രമിച്ചെങ്കിലും ആ ബഹളത്തിനിടയിൽ അവർക്കു കാര്യം ഒട്ടും പിടികിട്ടിയില്ല. ആ കൂട്ടം സെമിത്തേരിയിലേക്കു പോയി അൽപ്പസമയം കഴിഞ്ഞപ്പോൾ കുറച്ചുപേർ തിരിച്ചുവന്ന് അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു: “പാസ്റ്റർ ഞങ്ങൾ അങ്ങയ്ക്കുവേണ്ടി കാത്തിരിക്കുകയാണ്.”
ഒച്ചപ്പാടും ബഹളവും ഒന്നു കുറഞ്ഞതിനുശേഷമാണ് താൻ ആരാണ് താൻ എന്തിനുവേണ്ടി അവിടെ വന്നു എന്നൊക്കെ ഒസ്മാനു പറയാൻ കഴിഞ്ഞത്. പാസ്റ്റർ വരാത്തതുകാരണം അവിടെ കൂടിവന്നവരൊക്കെ വലിയ ദേഷ്യത്തിലായി. അവർ ഒസ്മാനോടു ചോദിച്ചു: “ഇവിടെ കൂടിവന്നിരിക്കുന്നവരോടു ബൈബിളിൽനിന്ന് എന്തെങ്കിലും ചില കാര്യങ്ങൾ സംസാരിക്കാമോ?” ഒസ്മാൻ അതു സമ്മതിച്ചു.
കല്ലറയിലേക്കു നടക്കുന്ന സമയത്ത് മരിച്ച വ്യക്തിയെക്കുറിച്ച് ഏതാനും ചില കാര്യങ്ങൾ ഒസ്മാൻ അവരോടു ചോദിച്ചു. അതോടൊപ്പം അവിടെ കൂടിവന്നിരിക്കുന്നവരോടു സംസാരിക്കാൻ പറ്റുന്ന തിരുവെഴുത്തുകൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചും ചിന്തിച്ചു. കല്ലറയ്ക്കൽ എത്തിയപ്പോൾ താൻ ഒരു യഹോവയുടെ സാക്ഷിയാണെന്നും മറ്റുള്ളവരോടു സന്തോഷവാർത്ത അറിയിക്കുന്ന ഒരു വേലയിൽ ഏർപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വെളിപാട് 21:3, 4, യോഹന്നാൻ 5:28, 29 എന്നീ വാക്യങ്ങൾ ഉപയോഗിച്ചുകൊണ്ട് മനുഷ്യൻ മരിക്കാൻ ദൈവം ഉദ്ദേശിച്ചിരുന്നില്ല എന്ന കാര്യം അദ്ദേഹം വിശദീകരിച്ചു. കൂടാതെ ദൈവം മരിച്ചവരെ വീണ്ടും ഭൂമിയിലേക്കു കൊണ്ടുവരുമെന്നും അവർക്ക് ഇവിടെ എന്നേക്കും ജീവിക്കാനുള്ള അവസരം ഉണ്ടായിരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. അദ്ദേഹം പ്രസംഗിച്ചു കഴിഞ്ഞ ഉടനെ പലരും അദ്ദേഹത്തെ സ്നേഹത്തോടെ കെട്ടിപ്പിടിച്ചുകൊണ്ട് “യഹോവയിൽ നിന്നുള്ള സന്തോഷവാർത്തയുടെ ഈ സന്ദേശം” അറിയിച്ചതിനു നന്ദി അറിയിച്ചു. പിന്നെ അദ്ദേഹം കാർട്ടിനടുത്തേക്കു മടങ്ങി.
സംസ്കാരത്തിനു ശേഷം ചിലർ കാർട്ടിനടുത്ത് വന്ന് ഒസ്മാനോടും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ബൈബിളിനെക്കുറിച്ച് ചില ചോദ്യങ്ങൾ ചോദിച്ചു. അത് ഒരു നീണ്ട സംഭാഷണത്തിലേക്കു നയിച്ചു. സംഭാഷണത്തിനൊടുവിൽ അവർ കാർട്ടിലുണ്ടായിരുന്ന മിക്ക പ്രസിദ്ധീകരണങ്ങളും വാങ്ങി കൊണ്ടുപോയി.