പോലീസ് അകമ്പടിയോടെ ജോസഫ്
നിങ്ങൾ ഒരു യഹോവയുടെ സാക്ഷിയാണെങ്കിൽ പോലീസിന്റെ അകമ്പടിയോടെ വീടുതോറും പോയി സന്തോഷവാർത്ത പറയുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പറ്റുമോ? 2017-ൽ മൈക്രോനേഷ്യയിൽവെച്ച് ജോസഫിന് അങ്ങനെയൊരു അനുഭവമുണ്ടായി. ഒറ്റപ്പെട്ട ഒരു ദ്വീപിലെ ആളുകളോടു സന്തോഷവാർത്ത അറിയിക്കുന്ന ഒരു പ്രത്യേക പ്രചാരണപരിപാടിയിലായിരുന്നു ജോസഫും മറ്റു മൂന്നു സാക്ഷികളും.
ഉച്ചയാകാറായപ്പോൾ ഏകദേശം 600 പേരുള്ള ഒരു ചെറിയ ദ്വീപിൽ ആ നാലു സാക്ഷികൾ എത്തി. അവിടെ ആ ദ്വീപിലെ മേയർ അവരെ അഭിവാദനം ചെയ്തു. പിന്നെ എന്താണു സംഭവിച്ചതെന്നു ജോസഫ് പറയുന്നു: “ഞങ്ങളെ പോലീസിന്റെ വണ്ടിയിൽ എല്ലാ വീടുകളിലേക്കും കൊണ്ടുപോകാമെന്നു മേയർ പറഞ്ഞു. അതു കേട്ടപ്പോൾ ഞങ്ങൾ അതിശയിച്ചുപോയി. എങ്കിലും വളരെ ആദരവോടെ അതു വേണ്ടെന്നു പറഞ്ഞു. സാധാരണ വീടുതോറും പോകുന്നതുപോലെ പോകാനായിരുന്നു ഞങ്ങൾ ആഗ്രഹിച്ചത്.”
അങ്ങനെ പ്രചാരകർ എത്ര ആളുകളോടു സംസാരിക്കാൻ പറ്റുമോ അത്രയും ആളുകളോടു സംസാരിക്കാനായി നടന്നുനീങ്ങി. സാക്ഷികൾ പറയുന്നു: “ആളുകൾ വളരെ ആതിഥ്യമര്യാദയുള്ളവരും സന്ദേശത്തിൽ താത്പര്യമുള്ളവരും ആയിരുന്നു. അതുകൊണ്ട് ഓരോ വീട്ടിലും ഉദ്ദേശിച്ചതിനെക്കാൾ കൂടുതൽ സമയം ഞങ്ങൾക്കു ചെലവഴിക്കേണ്ടിവന്നു.”
ആ ദിവസം പിന്നീട് പോലീസുവണ്ടി ജോസഫിന്റെ അടുത്തുകൂടി മൂന്നു പ്രാവശ്യം കടന്നുപോയി. മൂന്നാം പ്രാവശ്യം അവർ വണ്ടി നിറുത്തിയിട്ട്, ഇനി പോകാനുള്ള വീടുകളിൽ വണ്ടിയിൽ കൊണ്ടുപോകാമെന്നു പറഞ്ഞു. ജോസഫ് ഇങ്ങനെ പറയുന്നു: “ഞാൻ വേണ്ടെന്നു പറഞ്ഞു. പക്ഷേ ഇത്തവണ അവർ നിർബന്ധത്തോടെ ഇങ്ങനെ പറഞ്ഞു: ‘നിങ്ങൾക്ക് ഇനി കുറച്ച് സമയമല്ലേ ഉള്ളൂ. ബാക്കി വീടുകളിലേക്കു ഞങ്ങൾ നിങ്ങളെ കൊണ്ടുപോകാം.’ ഇപ്രാവശ്യം അവരുടെ വാക്കു കേൾക്കാതിരിക്കാൻ കഴിഞ്ഞില്ല. കാരണം ഞങ്ങൾക്കു കുറച്ച് വീടുകളിൽക്കൂടി പോകാനുണ്ടായിരുന്നു. ഓരോ വീട് അടുക്കുമ്പോഴും പോലീസുകാർ ആ വീട്ടുകാരന്റെ പേരു പറയും. ആരും വാതിൽ തുറന്നില്ലെങ്കിൽ വീട്ടുകാരനെ വിളിക്കാനായി ഹോണടിക്കാമെന്നും അവർ എന്നോടു പറഞ്ഞു.
“അവരുടെ സഹായംകൊണ്ട് ആ ദിവസം അവിടെയുള്ള വീടുകളെല്ലാം സന്ദർശിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. ഞങ്ങൾ ഒരുപാടു പ്രസിദ്ധീകരണങ്ങൾ കൊടുത്തു. താത്പര്യം കാണിച്ചവരുടെ അടുത്ത് മടങ്ങിച്ചെല്ലാനുള്ള ക്രമീകരണവും ചെയ്തു.” “അൽപ്പം സന്തോഷവാർത്ത അറിയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്” എന്നു പോലീസുകാരൻ ജോസഫിനോടു പറഞ്ഞു. സൂര്യാസ്തമയത്തോടെ അവിടം വിട്ട സാക്ഷികളെ, കൈയിൽ ബൈബിൾപ്രസിദ്ധീകരണവും മുഖത്തു പുഞ്ചിരിയും ആയി തീരത്തു നിന്ന പോലീസുകാർ കൈവീശി യാത്ര അയച്ചു.