“സത്യസന്ധതയുടെ ഒരു ചെറിയ പ്രവൃത്തി”
സൗത്ത് ആഫ്രിക്കയിലെ ഒരു യഹോവയുടെ സാക്ഷിയായ ഡാനിയേലയ്ക്ക് ഒരു കോഫിഷോപ്പിൽനിന്ന് ഒരു ബാഗ് കളഞ്ഞുകിട്ടി. ആ ബാഗിൽ പൈസയും ക്രെഡിറ്റ് കാർഡുകളും അടങ്ങിയ ഒരു പേഴ്സുണ്ടായിരുന്നു. ഉടമസ്ഥനു ബാഗ് തിരിച്ചുകൊടുക്കാൻ തീരുമാനിച്ച ഡാനിയേല ഫോൺ നമ്പറും അഡ്രസ്സും ഒക്കെ തിരഞ്ഞെങ്കിലും ഒരു പേര് മാത്രമേ കണ്ടെത്താൻ കഴിഞ്ഞുള്ളൂ. ആ വ്യക്തിയെ ബാങ്ക് വഴി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതു വിജയിച്ചില്ല. ശ്രമം ഉപേക്ഷിക്കാതെ ഡാനിയേല ബാഗിൽനിന്ന് കിട്ടിയ ഒരു ഡോക്ടറുടെ ചീട്ടിലെ ഫോൺ നമ്പറിലേക്കു വിളിച്ചു. ഫോൺ എടുത്ത റിസപ്ഷനിസ്റ്റ് ഡാനിയേലയുടെ നമ്പർ ബാഗിന്റെ ഉടമസ്ഥനു കൊടുക്കാമെന്നു സമ്മതിച്ചു.
ഡാനിയേലയുടെ കൈവശം കളഞ്ഞുപോയ ബാഗ് കിട്ടിയെന്നും അതു തിരികെ ഏൽപ്പിക്കാൻ ആഗ്രഹിക്കുന്നെന്നും പറഞ്ഞുകൊണ്ട് ഡോക്ടറുടെ ഓഫീസിൽനിന്ന് ഫോൺ വന്നപ്പോൾ ഉടമസ്ഥൻ ശരിക്കും അതിശയിച്ചുപോയി. ബാഗ് വാങ്ങിക്കാൻ വന്ന ഉടമസ്ഥൻ ഡാനിയേലയും ഡാനിയേലയുടെ പപ്പയെയും പരിചയപ്പെട്ടു. ബാഗ് തിരികെ ഉടമസ്ഥനുതന്നെ നൽകുന്നതിനുവേണ്ടി ഇത്ര ശ്രമം ചെയ്തതിന്റെ കാരണം അവർ അദ്ദേഹത്തോടു വിശദീകരിച്ചു. യഹോവയുടെ സാക്ഷികൾ ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ ശ്രമിക്കുന്നവരാണെന്ന് അവർ അദ്ദേഹത്തോടു പറഞ്ഞു. അതുകൊണ്ടാണ് അവർ എപ്പോഴും സത്യസന്ധരായിരിക്കാൻ ശ്രമിക്കുന്നത്.—എബ്രായർ 13:18.
ഏതാനും മണിക്കൂറുകൾക്കു ശേഷം ബാഗും പേഴ്സും തിരിച്ചുനൽകിയതിനു വീണ്ടും നന്ദി പറഞ്ഞുകൊണ്ട് ഡാനിയേലയ്ക്കും പപ്പയ്ക്കും ഉടമസ്ഥൻ ഒരു സന്ദേശം അയച്ചു. അതിൽ ഇങ്ങനെ എഴുതിയിരുന്നു: “എന്നെ കണ്ടെത്താൻ നിങ്ങൾ ഒത്തിരി കഷ്ടപ്പെട്ടതിന് ഒരുപാട് നന്ദി. നിങ്ങളെയും കുടുംബത്തെയും പരിചയപ്പെടാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. നിങ്ങളുടെ ആ സൗഹൃദഭാവവും നല്ല മനസ്സും ഞാൻ എന്നും സ്നേഹത്തോടെ ഓർക്കും. എന്റെ സന്തോഷത്തിന്, നിങ്ങൾക്ക് ഒരു സമ്മാനമായിട്ട് ഒരു ചെറിയ തുക തരാൻ ഞാൻ ആഗ്രഹിക്കുന്നു. ദൈവത്തെ സേവിക്കുന്നതിനുവേണ്ടി നിങ്ങൾ വ്യക്തിപരമായി ഒരുപാട് ത്യാഗങ്ങൾ ചെയ്യുന്നുണ്ടെന്ന് എനിക്ക് അറിയാം. നിങ്ങളുടെ പ്രവർത്തനം നിങ്ങൾ ഏതുതരം ആളുകളാണെന്ന കാര്യം വ്യക്തമാക്കുന്നു. ഡാനിയേലയുടെ സത്യസന്ധതയിൽനിന്നും വിശ്വസ്തതയിൽനിന്നും എനിക്ക് അത് മനസ്സിലായി. ഒരിക്കൽ കൂടി നിങ്ങളെ ഞാൻ നന്ദി അറിയിക്കുന്നു. നിങ്ങളുടെ ശുശ്രൂഷയെ ദൈവം അനുഗ്രഹിക്കട്ടെ.”
ഏതാനും മാസങ്ങൾക്കു ശേഷം ഡാനിയേലയുടെ പപ്പ ആ വ്യക്തിയോടു വീണ്ടും സംസാരിച്ചു. അപ്പോൾ ആ വ്യക്തി തനിക്കുണ്ടായ ഒരു അനുഭവത്തെക്കുറിച്ച് പറഞ്ഞു. അദ്ദേഹം അടുത്തിടെ കടയിൽ പോയപ്പോൾ ഒരു പേഴ്സ് കളഞ്ഞുകിട്ടി. അദ്ദേഹം അത് ഉടമസ്ഥയ്ക്കു തിരികെ നൽകി. മറ്റൊരാളുടെ സത്യസന്ധതകൊണ്ട് തനിക്കും അടുത്തിടെ പ്രയോജനമുണ്ടായെന്നും അതാണു പേഴ്സ് തിരികെ നൽകാൻ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം അവരോടു പറഞ്ഞു. അദ്ദേഹത്തിന്റെതന്നെ വാക്കുകൾ കേൾക്കൂ: “സത്യസന്ധതയുടെയും ദയയുടെയും ഒരു ചെറിയ പ്രവൃത്തി മറ്റൊരു നന്മപ്രവൃത്തിയിലേക്കു നയിക്കും. അങ്ങനെ എല്ലാവരും ചെയ്യാൻ തുടങ്ങിയാൽ അതു നാടിന് എത്ര നല്ലതായിരിക്കും.”