യഹോവയുടെ സാക്ഷികൾ യുദ്ധത്തിൽ പങ്കെടുക്കാത്തത് എന്തുകൊണ്ടാണ്?
യഹോവയുടെ സാക്ഷികൾ യുദ്ധത്തിൽ പങ്കെടുക്കാത്തതിന്റെ കാരണങ്ങൾ ഇവയാണ്:
ദൈവത്തോടുള്ള അനുസരണം. ദൈവത്തിന്റെ ദാസന്മാർ ‘അവരുടെ വാളുകൾ കലപ്പകളാക്കുമെന്നും’ അവർ ഇനി ‘യുദ്ധം ചെയ്യാൻ പരിശീലിക്കുകയില്ലെന്നും’ ബൈബിൾ പറയുന്നു.—യശയ്യ 2:4.
യേശുവിനോടുള്ള അനുസരണം. “വാൾ ഉറയിൽ ഇടുക; വാൾ എടുക്കുന്നവരെല്ലാം വാളിന് ഇരയാകും” എന്ന് അപ്പോസ്തലനായ പത്രോസിനോട് യേശു പറഞ്ഞു. (മത്തായി 26:52) തന്റെ ശിഷ്യന്മാർ യുദ്ധത്തിനായി ആയുധം എടുക്കുകയില്ലെന്ന് യേശു അങ്ങനെ സൂചിപ്പിച്ചു.
രാഷ്ട്രീയ കാര്യങ്ങളിൽ നിഷ്പക്ഷരായിരുന്നുകൊണ്ട് ‘ലോകത്തിന്റെ ഭാഗമായിരിക്കരുത്’ എന്ന യേശുവിന്റെ കല്പന ശിഷ്യന്മാർ അനുസരിക്കുന്നു. (യോഹന്നാൻ 17:16) അവർ സൈനിക നടപടികൾക്കെതിരെ ശബ്ദമുയർത്തുകയോ സായുധസേനയിൽ പ്രവർത്തിക്കാൻ തീരുമാനിക്കുന്നവരുടെ സ്വാതന്ത്ര്യത്തിൽ കൈകടത്തുകയോ ചെയ്യുന്നില്ല.
സഹമനുഷ്യരോടുള്ള സ്നേഹം. “തമ്മിൽത്തമ്മിൽ സ്നേഹിക്കണം” എന്ന് യേശു ശിഷ്യന്മാരോടു കല്പിച്ചു. (യോഹന്നാൻ 13:34, 35) അങ്ങനെ, അവർ തങ്ങളുടെ സഹോദരീസഹോദരന്മാർക്കെതിരെ ഒരിക്കലും യുദ്ധം ചെയ്യുകയില്ലാത്ത ഒരു ആഗോള സഹോദരവർഗത്തിന്റെ ഭാഗമായിത്തീരുന്നു.—1 യോഹന്നാൻ 3:10-12.
ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളുടെ മാതൃക. മതവും യുദ്ധവും സർവവിജ്ഞാനകോശം (Encyclopedia of Religion and War) പറയുന്നു: “യേശുവിന്റെ ആദ്യകാല ശിഷ്യന്മാർ യുദ്ധങ്ങളിൽനിന്നും സൈനികസേവനത്തിൽനിന്നും വിട്ടുനിന്നു.” അങ്ങനെയുള്ള കാര്യങ്ങളിൽ ഉൾപ്പെടുന്നത്, “യേശു പഠിപ്പിച്ച സ്നേഹത്തിന്റെ മാർഗത്തിനും ശത്രുക്കളെ സ്നേഹിക്കാൻ നല്കിയ ഉദ്ബോധനത്തിനും കടകവിരുദ്ധമായിരിക്കുമായിരുന്നു” എന്നും ഈ ഗ്രന്ഥം കൂട്ടിച്ചേർക്കുന്നു. അതുപോലെ, “ഒരു ക്രിസ്ത്യാനിയായിരിക്കുന്നതും ഒരു പടയാളിയായിരിക്കുന്നതും തമ്മിൽ പൊരുത്തപ്പെടുകയില്ലെന്ന്” ജർമൻ ദൈവശാസ്ത്രജ്ഞനായ പീറ്റർ മീൻഹോൾട്ട് യേശുവിന്റെ ആദ്യകാലക്രിസ്ത്യാനികളെക്കുറിച്ച് പറഞ്ഞു.
സമൂഹത്തിന് നല്കുന്ന സംഭാവനകൾ
സമൂഹത്തിന് വളരെ ഗുണം ചെയ്യുന്നവരാണ് യഹോവയുടെ സാക്ഷികൾ. മാത്രമല്ല, ദേശത്തിന്റെ സുരക്ഷയ്ക്ക് അവർ ഒരുതരത്തിലും ഭീഷണിയും അല്ല. പിൻവരുന്ന ബൈബിൾകല്പനകൾക്ക് ചേർച്ചയിൽ ഞങ്ങൾ ഗവൺമെന്റുകളുടെ അധികാരത്തെ മാനിക്കുന്നു:
“എല്ലാവരും ഉന്നതാധികാരികൾക്കു കീഴ്പെട്ടിരിക്കട്ടെ.”—റോമർ 13:1.
“സീസർക്കുള്ളതു സീസർക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക.”—മത്തായി 22:21.
അതുകൊണ്ട്, ഞങ്ങൾ നിയമങ്ങൾ അനുസരിക്കുന്നു, നികുതികൾ കൊടുക്കുന്നു, സാമൂഹ്യക്ഷേമം മുൻനിറുത്തി ഗവൺമെന്റുകൾ സ്വീകരിക്കുന്ന നടപടികളോട് സഹകരിക്കുകയും ചെയ്യുന്നു.