ഫിലിപ്പീൻസ് ഫോട്ടോ ഗാലറി 1 (2014 ഫെബ്രുവരി മുതൽ 2015 മെയ് വരെ)
യഹോവയുടെ സാക്ഷികൾ കിസോൺ സിറ്റിയിലുള്ള ഫിലിപ്പീൻസ് ബ്രാഞ്ചോഫീസിന്റെ നിലവിലുള്ള സൗകര്യങ്ങൾ നവീകരിക്കുകയും പുതിയ കെട്ടിടങ്ങൾ പണിയുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഫിലിപ്പീൻസിൻ ആവശ്യമായ പ്രസിദ്ധീകരണങ്ങൾ ഇപ്പോൾ ജപ്പാൻ ബ്രാഞ്ചിൽ അച്ചടിക്കുന്നതുകൊണ്ട് ഇവിടത്തെ പഴയ അച്ചടിശാല കമ്പ്യൂട്ടർ, പ്രാദേശിക ഡിസൈൻ/നിർമാണം, അറ്റകുറ്റപ്പണി, ഷിപ്പിങ്, പരിഭാഷാ തുടങ്ങിയ ഡിപ്പാർട്ടുമെന്റുകൾക്കായി മാറ്റിയിരിക്കുകയാണ്. പഴയ അച്ചടിശാലയിലും മറ്റ് കെട്ടിടങ്ങളിലും ആയി 2014 ഫെബ്രുവരിക്കും 2015 മെയ് മാസത്തിനും ഇടയിൽ നടത്തിയ നിർമാണപ്രവർത്തനങ്ങളുടെ ചില വിവരങ്ങളാണ് ഈ ഫോട്ടോ ഗാലറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2016 ഒക്ടോബറോടെ പണികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
2014 ഫെബ്രുവരി 28—കെട്ടിടം 7
ഫൈബർഗ്ലാസ് ഈർപ്പം കയറാതെ സംരക്ഷിക്കാനായി താത്കാലിക ജോലിക്കാർ അവ പൊതിയുന്നു. അവർ ചർമസംരക്ഷണത്തിനുവേണ്ട മുൻകരുതൽ എടുത്തിരിക്കുന്നു.
2014 ഏപ്രിൽ 2—കെട്ടിടം 7
ഫിലിപ്പീനോ ആംഗ്യഭാഷയ്ക്കുള്ള റെക്കോർഡിങ് സ്റ്റുഡിയോയുടെ മേൽത്തട്ടിന്റെ പണി പൂർത്തിയാക്കുന്നു. തട്ടിലെ സമചതുരാകൃതിയിലുള്ള ദ്വാരങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഉപകരണങ്ങൾ (HVAC diffusers) സ്റ്റുഡിയോയിൽ എല്ലായിടത്തും ഒരേ അളവിൽ സമീകൃതവായു എത്തിക്കുന്നു.
2014 ഒക്ടോബർ 21—കിസോൺ സിറ്റിയിലെ പണിസ്ഥലം
തണുപ്പിച്ച വെള്ളം എല്ലായിടത്തും എത്തിക്കുന്നതിനായി മണ്ണ് നീക്കുന്നു. ബ്രാഞ്ച് സമുച്ചയത്തിലെ എല്ലാ കെട്ടിടങ്ങളിലും വെള്ളം ലഭ്യമാകും.
2014 ഡിസംബർ 19—1, 5, 7 കെട്ടിടങ്ങളെ ബന്ധിപ്പിക്കുന്ന മുകളിലൂടെയുള്ള നടപ്പാത
പുതുതായി പണിത അടച്ചുകെട്ടിയ ഈ നടപ്പാത ഊണുമുറി സ്ഥിതി ചെയ്യുന്ന കെട്ടിടം 1 ഉൾപ്പെടെ എല്ലാ പ്രധാന കെട്ടിടങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നുണ്ട്. കെട്ടിടം 7-ൽ ജോലി ചെയ്യുന്ന 300-ലേറെ പേർക്ക് ഈ നടപ്പാത വളരെ പ്രയോജനപ്രദമാണ്.
2015 ജനുവരി 15—കെട്ടിടം 5
50 ടൺ ഭാരമെടുക്കാൻ ശേഷിയുള്ള ക്രെയ്ൻ ഉപയോഗിച്ച് മേൽക്കൂരയ്ക്കുവേണ്ട ഷീറ്റുകൾ ഉയർത്തുന്നു. അവിടത്തെ കരാറുകാരുടെ ഉടമസ്ഥതയിലുള്ള പലതരം ക്രെയ്നുകളും ഉപയോഗിച്ചിരുന്നു.
2015 ജനുവരി 15—കെട്ടിടം 5A (ചെറിയ കെട്ടിടം)
125 ചതുരശ്ര മീറ്റർ വിസ്തീർണം ഉള്ള രണ്ടുനില കെട്ടിടത്തിൽ രണ്ട് ശുചിമുറികളും ഗോവണിക്കുള്ള സ്ഥലവും ഒരു ലിഫ്റ്റും ഉണ്ട്. ശുചിമുറികളും ഗോവണിപ്പടികളും ഇതിലായതുകൊണ്ട് അടുത്ത കെട്ടിടം 5-ന് കൂടുതൽ സ്ഥലസൗകര്യം ലഭിച്ചിട്ടുണ്ട്. കെട്ടിടം 5-ൽ ലിഫ്റ്റ് സ്ഥാപിക്കുന്നതിന് പകരം ഈ ചെറിയ കെട്ടിടത്തിൽ ആക്കിയതുകൊണ്ട് ലിഫ്റ്റിന്റെ ശബ്ദം ഓഡിയോ-വീഡിയോ ഡിപ്പാർട്ടുമെന്റിനെ ബാധിക്കുന്നില്ല.
2015 ജനുവരി 15—കെട്ടിടം 5A (ചെറിയ കെട്ടിടം)
പടുതയുടെ കീഴിൽനിന്ന് ജോലിക്കാർ കമ്പി കെട്ടുന്നു. പകൽസമയത്ത്, ജനുവരി മാസത്തിൽ 29-ഉം ഏപ്രിലിൽ 34-ഉം ഡിഗ്രി സെൽഷ്യസ് വരെ ചൂട് അനുഭവപ്പെടാറുണ്ട്.
2015 മാർച്ച് 5—കെട്ടിടം 5
ജോലിക്കാർ മേൽക്കൂര തടികൊണ്ടുള്ള തുലാം ഉപയോഗിച്ച് ബലപ്പെടുത്തുന്നു. കെട്ടിടം 5-ന് കടുപ്പമുള്ള ഏകദേശം 800 ഉരുപ്പടികൾ ഉപയോഗിച്ചു.
2015 മാർച്ച് 5—കെട്ടിടം 5
ചെറിയ ചില പണികൾക്കായി സിമന്റ് കുഴയ്ക്കുന്നു. ഈ നിർമാണ പ്രവർത്തനങ്ങളിൽ സഹായിക്കാൻ ഓസ്ട്രേലിയ, കനഡ, ഫ്രാൻസ്, ജപ്പാൻ, ന്യൂസിലൻഡ്, ദക്ഷിണ കൊറിയ, സ്പെയിൻ, ഐക്യനാടുകൾ തുടങ്ങിയ മറ്റു പല രാജ്യങ്ങളിൽനിന്നുമായി 100-ലേറെ ജോലിക്കാർ എത്തിയിരുന്നു.
2015 മാർച്ച് 25—കെട്ടിടം 5
കെട്ടിടം 5-ന് ഉരുക്ക് മേൽക്കൂര സ്ഥാപിക്കുന്നു. നേരത്തെ ഇവിടെയാണ് പരിഭാഷാവിഭാഗം പ്രവർത്തിച്ചിരുന്നത്. ഈ കെട്ടിടം നവീകരിച്ച് ഓഡിയോ വീഡിയോ വിഭാഗങ്ങളും സേവനവിഭാഗവും പ്രവർത്തിക്കുന്നു.
2015 മെയ് 13—കെട്ടിടം 5
ഓഫീസ് ഭിത്തിക്കുള്ള ചട്ടക്കൂട് ഉണ്ടാക്കുന്നതിന് ലോഹഭാഗങ്ങൾ മുറിക്കുന്നു.