നിങ്ങളുടെ സംഭാവനകൾ എങ്ങനെ ഉപയോഗിക്കുന്നു?
സമൃദ്ധികൊണ്ട് കുറവ് നികത്തുന്നു
2020 ഒക്ടോബർ 1
200-ലധികം ദേശങ്ങളിലായി യഹോവയുടെ സാക്ഷികൾ ആത്മീയമായും മറ്റ് വിധങ്ങളിലും ഇന്ന് ആളുകളെ സഹായിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ അതിൽ ഏതാണ്ട് 35 ദേശങ്ങളിൽ മാത്രമാണ് അവരുടെ ആവശ്യങ്ങൾക്കുള്ള പണം ആ പ്രദേശങ്ങളിൽനിന്നുതന്നെ സംഭാവനയായി ലഭിക്കുന്നത്. സാമ്പത്തികശേഷി കുറഞ്ഞ ദേശങ്ങളിൽ, ചെലവുകൾക്കുള്ള പണം എങ്ങനെയാണ് കണ്ടെത്തുന്നത്?
യഹോവയുടെ സാക്ഷികളുടെ ഭരണസംഘം ലോകമെങ്ങുമുള്ള സഹോദരങ്ങളുടെ ആത്മീയാവശ്യങ്ങളും പ്രവർത്തനങ്ങളും വിലയിരുത്തുന്നു. എന്നിട്ട് ലഭിക്കുന്ന പണം ശ്രദ്ധയോടെ പ്ലാൻ ചെയ്ത് ഇത്തരം കാര്യങ്ങൾക്കായി ഉപയോഗിക്കുന്നു. ഒരു ബ്രാഞ്ചിന് ആവശ്യമുള്ളതിലും അധികം സംഭാവനകൾ കിട്ടിയാൽ, മിച്ചം വരുന്ന പണം സാമ്പത്തികശേഷി കുറഞ്ഞ ദേശങ്ങളിൽ ഉപയോഗിക്കാനാകും. പരസ്പരം സഹായിച്ച ആദ്യകാല ക്രിസ്ത്യാനികളുടെ മാതൃകയനുസരിച്ചാണ് ഈ ക്രമീകരണം. ‘സമത്വം ഉണ്ടാകാൻ’ അത് അവരെ സഹായിച്ചു. (2 കൊരിന്ത്യർ 8:14) അവർ തങ്ങളുടെ സമൃദ്ധിയിൽനിന്ന്, ഇല്ലായ്മയിൽ കഴിഞ്ഞ ക്രിസ്ത്യാനികളുടെ കുറവ് നികത്തി.
മറ്റു ബ്രാഞ്ചുകളിൽനിന്ന് സംഭാവനകൾ ലഭിച്ച സഹോദരങ്ങൾക്ക് അതെക്കുറിച്ച് എന്താണ് തോന്നിയത്? ഉദാഹരണത്തിന്, ടാൻസനിയയിലെ പകുതിയിലധികം ആളുകളുടെയും ദിവസവരുമാനം 150 രൂപയിലും കുറവാണ്. അവിടത്തെ മഫിൻഗ സഭയുടെ രാജ്യഹാൾ ഇത്തരം ഫണ്ട് ഉപയോഗിച്ചാണ് പുതുക്കിപ്പണിതത്. അവിടത്തെ സഭ ഇങ്ങനെ എഴുതി, “രാജ്യഹാൾ പുതുക്കിപ്പണിതതിനു ശേഷം മീറ്റിങ്ങിന് കൂടുതൽപ്പേർ വരാൻതുടങ്ങി. യഹോവയുടെ സംഘടനയ്ക്കും ലോകമെങ്ങുമുള്ള സഹോദരങ്ങളുടെ ഉദാരതയ്ക്കും വളരെ നന്ദി. അതുകൊണ്ടാണല്ലോ ഞങ്ങൾക്ക് ഈ മനോഹരമായ രാജ്യഹാൾ കിട്ടിയത്.”
കോവിഡ്-19 മഹാമാരി കാരണം ശ്രീലങ്കയിലുള്ള ചില സഹോദരങ്ങൾക്ക് ഭക്ഷണം കിട്ടാൻ ബുദ്ധിമുട്ട് നേരിട്ടു. അവരിൽ ചിലരാണ് ഇമാരോ ഫെർനാണ്ടോ സഹോദരിയും മകനായ ഇനോഷും. മറ്റു ദേശങ്ങളിൽനിന്ന് കിട്ടിയ സംഭാവനകൾകൊണ്ട് അവർക്ക് ആവശ്യമായ സഹായങ്ങൾ കൊടുക്കാനായി. അവർ സ്വന്തമായി ഉണ്ടാക്കിയ കാർഡിൽ ഇങ്ങനെ എഴുതി, “ഈ സമയത്ത് ഞങ്ങളോട് സ്നേഹം കാണിച്ച എല്ലാ സഹോദരങ്ങൾക്കും ഒത്തിരി നന്ദിയുണ്ട്. സഹോദരങ്ങൾ ഒരു കുടുംബംപോലെയായിരിക്കുന്നത് വലിയൊരു അനുഗ്രഹംതന്നെയാണ്. ഈ അവസാനകാലത്ത് എല്ലാ സഹോദരങ്ങളെയും യഹോവ സഹായിക്കട്ടെ എന്നാണ് ഞങ്ങളുടെ പ്രാർഥന.”
ഏതു സാഹചര്യത്തിൽ ജീവിക്കുന്നവരാണെങ്കിലും നമ്മുടെ സഹോദരങ്ങൾ തങ്ങൾക്കുള്ളത് കൊടുക്കാൻ മനസ്സുള്ളവരാണ്. നമ്മൾ മുമ്പ് കണ്ട ഇനോഷ് പണം ഇട്ടുവെക്കാൻ ഒരു കുടുക്ക ഉണ്ടാക്കി. ആവശ്യമുള്ളവരെ സഹായിക്കാൻവേണ്ടിയാണ് അവൻ അങ്ങനെ ചെയ്തത്. മെക്സിക്കോയിലുള്ള ഗ്വാഡലൂപ് അൽവാരെസ് സഹോദരിയും അതേപോലൊരു കാര്യമാണ് ചെയ്തത്. അവർ താമസിക്കുന്ന സ്ഥലത്ത് വളരെ കുറച്ചുപേർക്കേ ആവശ്യത്തിന് ശമ്പളം കിട്ടുന്നുള്ളൂ. എങ്കിലും തന്നെക്കൊണ്ട് കഴിയുന്നത് അവർ സംഭാവന ചെയ്യുന്നു. സഹോദരി എഴുതുന്നു: “യഹോവയുടെ നന്മയും വിശ്വസ്തസ്നേഹവും ഞാൻ എപ്പോഴും ഓർക്കും. മറ്റുള്ളവരുടെ സംഭാവനകളുടെ ഒപ്പം എന്റെ സംഭാവനയും ചേരുമ്പോൾ, അത് ആവശ്യമുള്ള സഹോദരങ്ങൾക്ക് ഉപകാരപ്പെടുമെന്ന് എനിക്ക് അറിയാം.”
മറ്റു സ്ഥലങ്ങളിലേക്ക് പണം അയച്ചുകൊടുക്കാൻ ബ്രാഞ്ചോഫീസുകൾക്കും സന്തോഷമേ ഉള്ളൂ. ബ്രസീൽ ബ്രാഞ്ച് കമ്മിറ്റിയിൽ സേവിക്കുന്ന ആന്തണി കർവാലോ സഹോദരൻ ഇങ്ങനെ പറയുന്നു, “കുറെ വർഷങ്ങളായി ഞങ്ങളുടെ രാജ്യത്തെ പ്രവർത്തനങ്ങൾക്ക് മറ്റു രാജ്യങ്ങളിൽനിന്നുള്ള സാമ്പത്തികസഹായം ആവശ്യമുണ്ടായിരുന്നു. ഇങ്ങനെ സഹായം ലഭിച്ചതുകൊണ്ട് ഇവിടെ വലിയ വർധനയാണ് ഉണ്ടായത്. ഇപ്പോൾ ഞങ്ങളുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടു, മറ്റുള്ളവരെ സഹായിക്കാൻപോലും ഞങ്ങൾക്കു കഴിയുന്നു. ലോകം മുഴുവനുമുള്ള പ്രസംഗപ്രവർത്തനത്തെ എങ്ങനെ സഹായിക്കാമെന്നാണു ഞങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. യേശുവിന്റെ ശിഷ്യന്മാർ ഈ ആത്മത്യാഗമനോഭാവമല്ലേ ഇപ്പോൾ കാണിക്കേണ്ടത്!”
സഹായം ആവശ്യമുള്ള സഹോദരങ്ങളെ നമുക്ക് എങ്ങനെ പിന്തുണയ്ക്കാം? അതിനായി പണം മറ്റ് ബ്രാഞ്ചോഫീസുകളിലേക്ക് നേരിട്ട് അയച്ചുകൊടുക്കാൻ പ്രതീക്ഷിക്കുന്നില്ല. പകരം സംഭാവനകൾ ലോകവ്യാപക പ്രവർത്തനങ്ങൾക്കുവേണ്ടി കൊടുക്കാം. നിങ്ങൾക്ക് സഭയിലെ “ലോകവ്യാപകപ്രവർത്തനം” എന്ന് എഴുതിയ സംഭാവനപ്പെട്ടിയിൽ പണം ഇടാം. അല്ലെങ്കിൽ donate.ps8318.com-ലൂടെ അത് അയയ്ക്കാം. നിങ്ങളുടെ ഓരോ സംഭാവനയും ഞങ്ങൾക്കു വളരെ വിലപ്പെട്ടതാണ്.