മഹാമാരിക്കു ശേഷം ആ പഴയകാലം തിരിച്ചുകിട്ടുമോ? മുന്നോട്ടുപോകാൻ ബൈബിൾ നൽകുന്ന സഹായം
“ഒരു സാധാരണ ജീവിതത്തിലേക്ക് എല്ലാം ഒന്നു തിരിച്ചുവരാനാണ് നമ്മുടെയെല്ലാം ആഗ്രഹം.”—ആംഗല മെർക്കൽ, ജർമൻ ചാൻസലർ.
കോവിഡ്-19 മഹാമാരി ലോകത്തെ മുഴുവൻ പിടിച്ചുലയ്ക്കുന്ന ഈ സമയത്ത് നിങ്ങൾക്കും ഇതുതന്നെയായിരിക്കും തോന്നുന്നത്. ‘സാധാരണ ജീവിതം’ എന്നതുകൊണ്ട് എന്താണ് ആളുകൾ ഉദ്ദേശിക്കുന്നത്? ആളുകൾ എന്തൊക്കെയാണു പ്രതീക്ഷിക്കുന്നത്?
എല്ലാം പഴയതുപോലെ ആകാൻ. പഴയതുപോലെ എല്ലാവരുടെയും ഒപ്പം ആയിരിക്കാനും അവർക്കു കൈ കൊടുക്കാനും കെട്ടിപ്പിടിക്കാനും യാത്രകൾ ചെയ്യാനും ഒക്കെ പലരും ആഗ്രഹിക്കുന്നു. ഡോ. ആന്തണി ഫൗച്ചി a അതെക്കുറിച്ച് ഇങ്ങനെയാണ് പറയുന്നത്: “ഒരു സാധാരണ ജീവിതം എന്നു പറഞ്ഞാൽ റസ്റ്റോറന്റിലും തീയേറ്ററിലും ഒക്കെ പോകാൻ പറ്റണം എന്നാണ് ആളുകൾ ചിന്തിക്കുന്നത്.”
ജീവിതം കുറെക്കൂടെ നല്ലതാകാൻ. മുമ്പുണ്ടായിരുന്നതിനേക്കാൾ നല്ലൊരു ജീവിതം തുടങ്ങാനുള്ള അവസരമായി ഇതിനെ കാണുന്നവരുമുണ്ട്. ആളുകൾക്കു കഷ്ടപ്പെട്ട് ജോലി ചെയ്യേണ്ടിവരുന്ന, സാമൂഹിക അസമത്വമുള്ള, ആളുകളുടെ മാനസികാരോഗ്യം ഒന്നിനൊന്ന് കുറഞ്ഞുവരുന്ന ഈ ലോകം മാറിയേ തീരൂ എന്ന് അവർക്കു തോന്നുന്നു. ലോക സാമ്പത്തിക ഫോറത്തിന്റെ സ്ഥാപകനായ ക്ലോസ് ഷ്വാബ് പറയുന്നു: “മഹാമാരി വന്ന ഈ സമയം ഒരു നല്ല അവസരമാണ്. മുമ്പത്തേതിൽനിന്നും എന്തു മാറ്റമാണ് വേണ്ടതെന്ന് ഒന്നിരുന്ന് ചിന്തിക്കാനും ഒരു പുതിയ ലോകത്തെ വാർത്തെടുക്കാനും ഇപ്പോൾ കിട്ടിയിരിക്കുന്ന ഈ സുവർണ്ണാവസരം പിന്നെ കിട്ടില്ല.”
മഹാമാരി വന്ന ഈ ലോകത്തിൽ ഇനിയൊരിക്കലും ഒരു ‘സാധാരണ ജീവിതം’ ഉണ്ടാകുകയേ ഇല്ലെന്നു ചിലർ കരുതുന്നു. കാരണം അവർക്കു ജോലി നഷ്ടപ്പെട്ടു, വീടില്ലാതായി, ആരോഗ്യം മോശമായി. ചിലർക്ക് വലിയ നഷ്ടം സംഭവിച്ചു; അവരുടെ പ്രിയപ്പെട്ടവർ മരിച്ചുപോയി.
ഈ മഹാമാരി കഴിയുമ്പോഴേക്കും ജീവിതം എങ്ങനെയായിത്തീരും എന്നു നമുക്ക് ആർക്കും കൃത്യമായി പറയാൻ കഴിയില്ല. (സഭാപ്രസംഗകൻ 9:11) എന്നാൽ ഭാവിയെക്കുറിച്ച് ന്യായമായ പ്രതീക്ഷകൾ മാത്രം ഉണ്ടായിരിക്കാനും മാറിവരുന്ന സാഹചര്യങ്ങളുമായി ഒത്തുപോകാനും ബൈബിളിനു നമ്മളെ സഹായിക്കാനാകും. അതുപോലെ നിങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത, നമുക്ക് ഉറപ്പോടെ നോക്കിയിരിക്കാൻ കഴിയുന്ന ഒരു ഭാവിയെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്.
കോവിഡ്-19 മഹാമാരിയെ എങ്ങനെ കാണണം?
‘ലോകാവസാനത്തിന്’ മുമ്പ് ‘മാരകമായ പകർച്ചവ്യാധികൾ’ ഉണ്ടാകുമെന്നു വർഷങ്ങൾക്ക് മുമ്പുതന്നെ ബൈബിൾ പറഞ്ഞിട്ടുണ്ട്. (മത്തായി 24:3, സത്യവേദപുസ്തകം; ലൂക്കോസ് 21:11) ഈ കാര്യം മനസ്സിൽപ്പിടിച്ചുകൊണ്ട് കോവിഡ്-19-നെക്കുറിച്ച് ഇനിയൊന്ന് ചിന്തിക്കുക. നമ്മുടെ കാലത്ത് നടക്കുമെന്ന് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞ പ്രധാനപ്പെട്ട പല സംഭവങ്ങളിൽ ഒന്നാണ് ഇത്; എന്നുപറഞ്ഞാൽ യുദ്ധങ്ങളും വലിയ ഭൂകമ്പങ്ങളും ഭക്ഷ്യക്ഷാമങ്ങളും ഒക്കെപ്പോലെതന്നെ.
ഇത് അറിയുന്നതുകൊണ്ടുള്ള പ്രയോജനം: ഈ പകർച്ചവ്യാധികൊണ്ട് ഉണ്ടായ പ്രശ്നങ്ങൾക്കു കുറെയൊക്കെ മാറ്റം വന്നാലും, നമ്മൾ ജീവിക്കുന്നത് ‘ബുദ്ധിമുട്ട് നിറഞ്ഞ സമയത്താണെന്നു’ ബൈബിൾ മുന്നറിയിപ്പ് തരുന്നു. (2 തിമൊഥെയൊസ് 3:1) ഇത് അറിയുന്നത് പ്രശ്നങ്ങൾ നിറഞ്ഞ ഈ സമയത്ത് ന്യായമായ പ്രതീക്ഷകൾ മാത്രം വെക്കാൻ നമ്മളെ സഹായിക്കും.
പ്രശ്നങ്ങൾ കൂടിക്കൂടി വരുന്ന നമ്മുടെ ഈ ലോകം വലിയൊരു മാറ്റത്തിന്റെ വക്കിലാണെന്നു ബൈബിൾ പറയുന്നു. എന്താണ് ആ മാറ്റം?
മഹാമാരിക്ക് അപ്പുറം നിങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ഭാവി!
ഇപ്പോൾ നമ്മൾ നേരിടുന്ന വലിയവലിയ പ്രശ്നങ്ങളെക്കുറിച്ച് മാത്രമല്ല ബൈബിൾ മുൻകൂട്ടിപ്പറയുന്നത്. പെട്ടെന്നുതന്നെ വരാൻപോകുന്ന നല്ലൊരു ഭാവിയെക്കുറിച്ചും അതു പറയുന്നുണ്ട്. മനുഷ്യരുടെ ഗവൺമെന്റുകൾക്ക് സ്വപ്നംപോലും കാണാൻ കഴിയാത്ത എന്നാൽ ദൈവത്തിന് മാത്രം നൽകാൻ കഴിയുന്ന ഒരു നല്ല ഭാവിയാണ് അത്. “ദൈവം അവരുടെ കണ്ണുകളിൽനിന്ന് കണ്ണീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കില്ല; ദുഃഖമോ നിലവിളിയോ വേദനയോ ഉണ്ടായിരിക്കില്ല.”—വെളിപാട് 21:4.
ദൈവമായ യഹോവ b ഇങ്ങനെ ഉറപ്പ് തരുന്നു: “ഇതാ, ഞാൻ എല്ലാം പുതിയതാക്കുന്നു.” (വെളിപാട് 21:5) മഹാമാരി വരുത്തിവെച്ച ബുദ്ധിമുട്ടുകൾ അടക്കം ഈ ലോകത്തിലുള്ള എല്ലാ പ്രശ്നങ്ങളും ദൈവം പരിഹരിക്കും. ദൈവം നമുക്കു തരാൻപോകുന്നത്:
എല്ലാവർക്കും ശാരീരികവും മാനസികവും ആയ പൂർണാരോഗ്യം ഉണ്ടായിരിക്കും. രോഗമോ മരണമോ ഉണ്ടായിരിക്കില്ല.—യശയ്യ 25:8; 33:24.
അന്ന് ചെയ്യുന്ന ജോലി നമുക്കു ശരിക്കും സംതൃപ്തി തരും. അല്ലാതെ നമ്മളെ തളർത്തിക്കളയുന്നതോ നമ്മളെ മടുപ്പിക്കുന്നതോ ആയിരിക്കില്ല.—യശയ്യ 65:22, 23.
എല്ലാവർക്കും ഇഷ്ടംപോലെ ഭക്ഷണം ഉണ്ടായിരിക്കും. ആരും വിശന്നിരിക്കേണ്ടി വരില്ല.—സങ്കീർത്തനം 72:12, 13; 145:16.
പഴയ ഓർമകൾ നമ്മളെ വേദനിപ്പിക്കില്ല. ഇനി അതോടൊപ്പം, നമ്മുടെ മരിച്ചുപോയ പ്രിയപ്പെട്ടവരെ വീണ്ടും കാണാമെന്ന പ്രതീക്ഷയും ഉണ്ടായിരിക്കും.—യശയ്യ 65:17; പ്രവൃത്തികൾ 24:15.
ഇത് അറിയുന്നതുകൊണ്ടുള്ള പ്രയോജനം: ബൈബിൾ പറയുന്നു: “ഈ പ്രത്യാശ നമുക്ക് ഒരു നങ്കൂരമാണ്.” (എബ്രായർ 6:19) ഇങ്ങനെയൊരു നല്ല ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ ഇപ്പോഴുള്ള പ്രശ്നങ്ങളോട് ഒത്തുപോകാനും ടെൻഷൻ കുറയ്ക്കാനും സമാധാനത്തോടെയും സന്തോഷത്തോടെയും ഇരിക്കാനും നമ്മളെ സഹായിക്കും.
പക്ഷേ ബൈബിൾ പറയുന്ന ഈ കാര്യങ്ങൾ നിങ്ങൾക്കു ശരിക്കും വിശ്വസിക്കാൻ പറ്റുമോ? “ബൈബിൾ—സത്യത്തിന്റെ ആശ്രയയോഗ്യമായ ഉറവിടം” എന്ന ലേഖനം കാണുക.
മഹാമാരി മാറ്റിയ ജീവിതവുമായി ഒത്തുപോകാൻ ചില ബൈബിൾതത്ത്വങ്ങൾ
ജീവൻ വിലയേറിയതാണ്
തിരുവെഴുത്ത്: “ജ്ഞാനം ഒരുവന്റെ ജീവനെ സംരക്ഷിക്കുന്നു.”—സഭാപ്രസംഗകൻ 7:12.
ചെയ്യാൻ കഴിയുന്നത്: നല്ല തീരുമാനങ്ങൾ എടുക്കുന്നെങ്കിൽ രോഗം വരാനുള്ള സാധ്യത നമുക്ക് കുറയ്ക്കാനാകും. നിങ്ങളുടെ പ്രദേശത്തെ സാഹചര്യം വിലയിരുത്തുക. ആരോഗ്യത്തോടും സുരക്ഷയോടും ബന്ധപ്പെട്ട നിയന്ത്രണങ്ങളും പ്രദേശത്തെ രോഗവ്യാപനനിരക്കും എത്ര ശതമാനം ആളുകൾ പൂർണമായി വാക്സിൻ സ്വീകരിച്ചു എന്നതും അറിഞ്ഞിരിക്കുക.
ജാഗ്രതയോടെയിരിക്കുക
തിരുവെഴുത്ത്: “ബുദ്ധിയുള്ള മനുഷ്യൻ ജാഗ്രതയുള്ളവൻ, അവൻ തിന്മയിൽനിന്ന് മാറിനടക്കുന്നു; എന്നാൽ വിഡ്ഢി അതിരു കവിഞ്ഞ ആത്മവിശ്വാസമുള്ളവനും എടുത്തുചാട്ടക്കാരനും ആണ്.”—സുഭാഷിതങ്ങൾ 14:16.
ചെയ്യാൻ കഴിയുന്നത്: ആരോഗ്യം സംരക്ഷിക്കാൻവേണ്ട മുൻകരുതലുകൾ തുടർന്നും എടുക്കുക. കൊറോണ മാറാൻ ഇനിയും കാലങ്ങൾ എടുക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
തെറ്റായ വിവരങ്ങൾക്കു പിന്നാലെ പോകരുത്
തിരുവെഴുത്ത്: “അനുഭവജ്ഞാനമില്ലാത്തവൻ കേൾക്കുന്നതെല്ലാം വിശ്വസിക്കുന്നു; എന്നാൽ വിവേകമുള്ളവൻ ഓരോ കാലടിയും ശ്രദ്ധയോടെ വെക്കുന്നു.”—സുഭാഷിതങ്ങൾ 14:15.
ചെയ്യാൻ കഴിയുന്നത്: കേട്ട പാതി കേൾക്കാത്ത പാതി എല്ലാം ചെയ്തുനോക്കരുത്. ആദ്യമേ അതു ശരിയാണോ എന്ന് ഉറപ്പുവരുത്തണം. നിങ്ങൾ എന്തു ചെയ്യുന്നു എന്നതു പ്രധാനമാണ്. കാരണം തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിങ്ങൾ എന്തെങ്കിലും ചെയ്താൽ അതു നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും.
പോസിറ്റീവായിരിക്കുക
തിരുവെഴുത്ത്: “‘കഴിഞ്ഞ കാലം ഇപ്പോഴത്തെക്കാൾ നല്ലതായിരുന്നതിന്റെ കാരണം എന്ത്’ എന്നു നീ ചോദിക്കരുത്. നീ അങ്ങനെ ചോദിക്കുന്നതു ജ്ഞാനമല്ലല്ലോ.”—സഭാപ്രസംഗകൻ 7:10.
ചെയ്യാൻ കഴിയുന്നത്: മഹാമാരിക്ക് മുമ്പുണ്ടായിരുന്ന സന്തോഷമുള്ള ജീവിതത്തെക്കുറിച്ചും മഹാമാരി വന്നപ്പോൾ നഷ്ടപ്പെട്ടുപോയ അവസരങ്ങളെക്കുറിച്ചും ഓർത്ത് വിഷമിക്കുന്നത് ഒഴിവാക്കുക. പകരം ഇപ്പോഴത്തെ സാഹചര്യം എങ്ങനെ സന്തോഷമുള്ളതാക്കാമെന്നു നോക്കുക.
മറ്റുള്ളവരെ ബഹുമാനിക്കുക
തിരുവെഴുത്ത്: “എല്ലാ മനുഷ്യരെയും ബഹുമാനിക്കുക.”—1 പത്രോസ് 2:17.
ചെയ്യാൻ കഴിയുന്നത്: മഹാമാരിയെക്കുറിച്ചും അതു കാരണം ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചും ആളുകൾക്ക് പല അഭിപ്രായമാണ്. അവരുടെ അഭിപ്രായങ്ങളെ നിങ്ങൾ തിരുത്താനും പോകേണ്ടാ, നിങ്ങൾ എടുത്ത നല്ല തീരുമാനങ്ങളിൽനിന്ന് നിങ്ങൾ മാറുകയും വേണ്ടാ. അതുപോലെ വാക്സിൻ എടുക്കാൻ പറ്റാത്തവരോടും പ്രായമായവരോടും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരോടും പരിഗണന കാണിക്കുക.
ക്ഷമ കാണിക്കുക
തിരുവെഴുത്ത്: “സ്നേഹം ക്ഷമയും ദയയും ഉള്ളതാണ്.”—1 കൊരിന്ത്യർ 13:4.
ചെയ്യാൻ കഴിയുന്നത്: മുമ്പ് ഒരു ടെൻഷനുമില്ലാതെ ചെയ്ത കാര്യങ്ങളൊക്കെ ഇപ്പോൾ ചെയ്യാൻ ചിലർക്കു പേടിയായിരിക്കും. അവരോട് ദയയോടെ ഇടപെടുക. ഇനി മഹാമാരിയുടെ നിയന്ത്രണങ്ങളൊക്കെ കുറയുന്നതോടെ എടുത്തുചാടി കാര്യങ്ങൾ ചെയ്യാൻ നിങ്ങൾക്കു തോന്നിയേക്കാം. പക്ഷേ ക്ഷമയോടെ വേണം ഓരോന്നും പ്ലാൻ ചെയ്യാൻ.
മഹാമാരിയുടെ സമയത്ത് ബൈബിളിന്റെ സഹായം അനുഭവിച്ചറിയുന്നു
നല്ലൊരു ഭാവിയെക്കുറിച്ച് ബൈബിൾ പറയുന്ന കാര്യങ്ങൾ യഹോവയുടെ സാക്ഷികൾക്ക് ശരിക്കും ആശ്വാസം നൽകുന്നു. മഹാമാരിയെക്കുറിച്ച് ഒത്തിരി ചിന്തിച്ച് നിരാശപ്പെട്ടുപോകാതിരിക്കാൻ അത് അവരെ സഹായിക്കുന്നു. ആരാധനയ്ക്കുവേണ്ടി പതിവായി ഒരുമിച്ച് കൂടിവരാനുള്ള ബൈബിളിന്റെ കല്പന അനുസരിച്ചുകൊണ്ടും അവർ പരസ്പരം പ്രോത്സാഹിപ്പിക്കുന്നു. (എബ്രായർ 10:24, 25) യഹോവയുടെ സാക്ഷികളുടെ മീറ്റിങ്ങുകൾക്ക് എല്ലാവരെയും ക്ഷണിക്കാറുണ്ട്. മഹാമാരിയുടെ ഈ സമയത്ത് അത് വീഡിയോ കോൺഫറൻസ് വഴിയാണ് നടക്കുന്നത്.
യഹോവയുടെ സാക്ഷികളുടെ മീറ്റിങ്ങ് കൂടിയത് പ്രശ്നങ്ങളുടെ ഈ സമയത്ത് ഗുണം ചെയ്തെന്നു പലരും പറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന്, കോവിഡ്-19 ബാധിച്ച ഒരു സ്ത്രീ യഹോവയുടെ സാക്ഷികളുടെ ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുത്തു. കോവിഡ് ഉണ്ടാക്കിയ ആരോഗ്യപ്രശ്നങ്ങൾ കാരണം ആ സ്ത്രീ ആകെ വിഷമത്തിലായിരുന്നു. എന്നാൽ മീറ്റിങ്ങുകൾക്കു പങ്കെടുത്തത് ആ സ്ത്രീയെ ശരിക്കും ആശ്വസിപ്പിച്ചു. അവർ പറയുന്നു: “ഞാനും ഈ കുടുംബത്തിന്റെ ഭാഗമാണെന്ന് എനിക്കിപ്പോൾ തോന്നുന്നു. ബൈബിൾ വായിച്ചത് എന്റെ മനസ്സിനു ശാന്തിയും സമാധാനവും നൽകി. എന്റെ പ്രശ്നങ്ങളെക്കുറിച്ചല്ല, വരാൻപോകുന്ന നല്ല കാലത്തെക്കുറിച്ച് ചിന്തിക്കാൻ എനിക്ക് അതിലൂടെ കഴിയുന്നുണ്ട്. ദൈവത്തോട് അടുക്കാൻ എന്നെ സഹായിച്ചതിന് വളരെ നന്ദി. അതായിരുന്നു എപ്പോഴും എന്റെ ആഗ്രഹം.”
a അലർജിക്കും സാംക്രമിക രോഗത്തിനും ഉള്ള യു.എസ്. ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്റ്റർ.
b ബൈബിൾ പറയുന്നതനുസരിച്ച് ദൈവത്തിന്റെ പേരാണ് യഹോവ.—സങ്കീർത്തനം 83:18.