പാഠം 16
ഇയ്യോബ് ആരായിരുന്നു?
ഊസ് ദേശത്ത് യഹോവയെ ആരാധിച്ചിരുന്ന ഒരു മനുഷ്യനുണ്ടായിരുന്നു. ഇയ്യോബ് എന്നായിരുന്നു പേര്. ഇയ്യോബിന് ഇഷ്ടംപോലെ സമ്പത്തും വലിയ ഒരു കുടുംബവും ഉണ്ടായിരുന്നു. പാവങ്ങളെ സഹായിച്ചിരുന്ന ദയാലുവായ ഒരു മനുഷ്യനായിരുന്നു അദ്ദേഹം. ഭർത്താവ് മരിച്ചുപോയ സ്ത്രീകളെയും അനാഥക്കുഞ്ഞുങ്ങളെയും അദ്ദേഹം സഹായിച്ചിരുന്നു. എന്നാൽ ശരിയായ കാര്യങ്ങൾ ചെയ്തു എന്നുകരുതി ഇയ്യോബിന്റെ ജീവിതത്തിൽ ഒരിക്കലും ഒരു പ്രശ്നവും ഇല്ലായിരുന്നു എന്നാണോ?
ഇയ്യോബിന് അറിയില്ലായിരുന്നെങ്കിലും പിശാചായ സാത്താൻ അവനെ നോട്ടമിട്ടിരിക്കുകയായിരുന്നു. യഹോവ സാത്താനോടു പറഞ്ഞു: ‘എന്റെ ദാസനായ ഇയ്യോബിനെ നീ ശ്രദ്ധിച്ചോ? അവനെപ്പോലെ മറ്റാരും ഭൂമിയിലില്ല. ഞാൻ പറയുന്നതെല്ലാം കേട്ടനുസരിച്ച് അവൻ ശരിയായ കാര്യങ്ങൾ ചെയ്യുന്നു.’ സാത്താൻ പറഞ്ഞു: ‘ശരിയാ, ഇയ്യോബ് അനുസരിക്കുന്നുണ്ട്. അങ്ങ് അവനെ സംരക്ഷിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുകയല്ലേ? അവനു സ്ഥലവും മൃഗസമ്പത്തും കൊടുത്തിരിക്കുന്നു. അതെല്ലാം ഒന്നു തിരിച്ചെടുക്ക്. പിന്നെ അവൻ അങ്ങയെ ആരാധിക്കില്ല.’ യഹോവ പറഞ്ഞു: ‘നിനക്ക് ഇയ്യോബിനെ പരീക്ഷിച്ചുനോക്കാം. പക്ഷേ ഒരു കാര്യം, അവനെ കൊല്ലാൻ പാടില്ല.’ എന്തുകൊണ്ടാണ് ഇയ്യോബിനെ പരീക്ഷിക്കാൻ യഹോവ സാത്താനെ അനുവദിച്ചത്? ഇയ്യോബ് പരാജയപ്പെടില്ലെന്ന് യഹോവയ്ക്ക് അത്ര ഉറപ്പുണ്ടായിരുന്നു.
ഒന്നിനുപുറകേ ഒന്നായി ദുരന്തങ്ങൾ വരുത്തിക്കൊണ്ട് സാത്താൻ ഇയ്യോബിനെ പരീക്ഷിക്കാൻതുടങ്ങി. ആദ്യം, സെബായർ എന്ന് അറിയപ്പെട്ടിരുന്ന ഒരു കൂട്ടം ആളുകളെ സാത്താൻ അയച്ചു. അവർ ചെന്ന് ഇയ്യോബിന്റെ കാളകളെയും കഴുതകളെയും മോഷ്ടിച്ചു. അടുത്തതായി തീ ഇറങ്ങി ഇയ്യോബിന്റെ ആടുകളെ മുഴുവൻ നശിപ്പിച്ചു. പിന്നെ, കൽദയർ എന്ന് അറിയപ്പെട്ടിരുന്ന വേറൊരു കൂട്ടം ആളുകൾ ഒട്ടകങ്ങളെ മോഷ്ടിച്ചു. മൃഗങ്ങളെ നോക്കിയിരുന്ന ദാസന്മാരെല്ലാം കൊല്ലപ്പെട്ടു. അടുത്ത ദുരന്തമായിരുന്നു ഏറ്റവും ഭയങ്കരം. ഇയ്യോബിന്റെ മക്കളെല്ലാംകൂടി ഒരു വിരുന്നിനു കൂടിവന്നിരിക്കുമ്പോൾ ആ വീട് അവരുടെ മേൽ വീണ് അവർ എല്ലാം മരിച്ചു. ഇയ്യോബിനു സങ്കടം സഹിക്കാനായില്ല. എങ്കിലും യഹോവയെ ആരാധിക്കുന്നത് ഇയ്യോബ് നിറുത്തിക്കളഞ്ഞില്ല.
സാത്താൻ പക്ഷേ വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. ഇയ്യോബിന്റെ ശരീരം മുഴുവൻ പരുക്കൾ വരുത്തിക്കൊണ്ട് സാത്താൻ ഇയ്യോബിനെ കൂടുതൽ കഷ്ടപ്പെടുത്തി. വേദനകൊണ്ട് ഇയ്യോബ് പുളഞ്ഞു. എന്തുകൊണ്ടാണു തനിക്ക് ഇങ്ങനെയൊക്കെ വരുന്നതെന്ന് ഇയ്യോബിനു പിടികിട്ടിയില്ല. എന്നിട്ടും ഇയ്യോബ് യഹോവയെത്തന്നെ ആരാധിച്ചു. ഇത്രയെല്ലാം സഹിക്കേണ്ടി വന്നിട്ടും ഇയ്യോബ് വിശ്വസ്തനായിരിക്കുന്നതു കണ്ടപ്പോൾ യഹോവയ്ക്കു സന്തോഷം തോന്നി.
അടുത്തതായി, ഇയ്യോബിനെ പരീക്ഷിക്കാൻ സാത്താൻ മൂന്നു പേരെ അയച്ചു. അവർ പറഞ്ഞു: ‘നീ എന്തോ പാപം ചെയ്തിട്ട് അതു മറച്ചുവെക്കാൻനോക്കി. അതിനു ദൈവം നിന്നെ ശിക്ഷിക്കുകയാണ് ഇപ്പോൾ.’ ഇയ്യോബ് പറഞ്ഞു: ‘ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല.’ എങ്കിലും, യഹോവയാണ് ഈ പ്രശ്നങ്ങളെല്ലാം വരുത്തുന്നതെന്ന് ഇയ്യോബ് ചിന്തിക്കാൻതുടങ്ങി. ദൈവം ഈ കാണിക്കുന്നത് ന്യായമല്ലെന്നും ഇയ്യോബ് പറഞ്ഞു.
എലീഹു എന്നു പേരുള്ള ഒരു ചെറുപ്പക്കാരൻ മിണ്ടാതിരുന്ന് ഈ സംസാരമെല്ലാം കേട്ടു. എന്നിട്ട് ഇങ്ങനെ പറഞ്ഞു: ‘നിങ്ങൾ എല്ലാവരും പറഞ്ഞതു തെറ്റാണ്. നമുക്കൊക്കെ മനസ്സിലാക്കാൻ കഴിയുന്നതിനെക്കാൾ ഉന്നതനാണ് യഹോവ. ദൈവത്തിന് ഒരിക്കലും ഒരു ദുഷ്ടതയും ചെയ്യാൻ പറ്റില്ല. ദൈവം എല്ലാം കാണുന്നുണ്ട്. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ആളുകളെ സഹായിക്കുകയും ചെയ്യുന്നു.’
തുടർന്ന് യഹോവ ഇയ്യോബിനോടു സംസാരിച്ചു. യഹോവ ചോദിച്ചു: ‘ഞാൻ ആകാശവും ഭൂമിയും ഉണ്ടാക്കിയപ്പോൾ നീ എവിടെയായിരുന്നു? ഞാൻ അനീതി കാണിക്കുന്നെന്നു നീ പറഞ്ഞത് എന്തുകൊണ്ടാണ്? നീ എന്തൊക്കെയോ പറയുന്നു, പക്ഷേ എന്തുകൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നതെന്നു നിനക്ക് അറിയില്ല.’ ഇയ്യോബ് കുറ്റം സമ്മതിച്ചുകൊണ്ട് പറഞ്ഞു: ‘എനിക്കു തെറ്റു പറ്റി. ഞാൻ അങ്ങയെക്കുറിച്ച് കേട്ടിട്ടുണ്ടായിരുന്നു, പക്ഷേ ഇപ്പോഴാണ് അങ്ങയെ ശരിക്കും അറിഞ്ഞത്. അങ്ങയ്ക്കു ചെയ്യാൻ പറ്റാത്തതായി ഒന്നുമില്ല. ഞാൻ ഓരോന്നു പറഞ്ഞുപോയതിന് എന്നോടു ക്ഷമിക്കണം.’
പരീക്ഷണം അവസാനിച്ചപ്പോൾ യഹോവ ഇയ്യോബിന് ആരോഗ്യം തിരിച്ചുകൊടുത്തു. മുമ്പുണ്ടായിരുന്നതെല്ലാം ഇരട്ടിയായി നൽകി. ഇയ്യോബ് ദീർഘകാലം സന്തോഷത്തോടെ ജീവിച്ചു. യഹോവയെ അനുസരിക്കുന്നതു ബുദ്ധിമുട്ടായിരുന്നപ്പോഴും അങ്ങനെ ചെയ്തതുകൊണ്ട് ഇയ്യോബിനെ യഹോവ അനുഗ്രഹിച്ചു. ജീവിതത്തിൽ എന്തെല്ലാം സംഭവിച്ചാലും ഇയ്യോബിനെപ്പോലെ നിങ്ങളും യഹോവയെ ആരാധിക്കുന്നതിൽ തുടരുമോ?
“ഇയ്യോബ് സഹിച്ചുനിന്നതിനെക്കുറിച്ച് നിങ്ങൾ കേൾക്കുകയും യഹോവ ഒടുവിൽ നൽകിയ അനുഗ്രഹങ്ങൾ കാണുകയും ചെയ്തിരിക്കുന്നു.”—യാക്കോബ് 5:11