എന്തിനാണ് പ്രാർഥിക്കുന്നത്?
ആളുകൾക്ക് ഏറ്റവും കൂടുതൽ അറിയാൻ താത്പര്യവും കൗതുകവും ഉള്ള ഒന്നാണ് പ്രാർഥന. പ്രാർഥനയെക്കുറിച്ച് സാധാരണയായി ആളുകൾ ചോദിക്കാറുള്ള ഏഴു ചോദ്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാം. ഈ ചോദ്യങ്ങൾക്ക് ബൈബിൾ തരുന്ന ഉത്തരം എന്താണെന്നും നമുക്ക് കാണാം. എങ്ങനെ പ്രാർഥിച്ച് തുടങ്ങാം എന്നും പ്രാർഥിക്കുന്ന കാര്യത്തിൽ എങ്ങനെ മെച്ചപ്പെടാം എന്നും ഈ ലേഖനങ്ങൾ നമുക്കു കാണിച്ചുതരുന്നു.
ലോകത്തിലെ എല്ലാ സംസ്കാരങ്ങളിലും മതങ്ങളിലും ഉള്ള ആളുകൾ പ്രാർഥിക്കുന്നു. ആളുകൾ ഒറ്റയ്ക്കിരുന്നും കൂട്ടമായും പ്രാർഥിക്കാറുണ്ട്. പള്ളികൾ, ക്ഷേത്രങ്ങൾ, സിനഗോഗുകൾ, മോസ്കുകൾ മറ്റ് പുണ്യസങ്കേതങ്ങൾ എന്നിവിടങ്ങളിൽ ആളുകൾ പ്രാർഥിക്കുന്നു. പ്രാർഥിക്കാനായി വിരികൾ, ജപമാലമണികൾ, പ്രാർഥനാചിത്രങ്ങൾ, രൂപങ്ങൾ, പുസ്തകങ്ങൾ, കൊളുത്തുകളിൽ തൂക്കിയിട്ടിരിക്കുന്ന പ്രാർഥനാകുറിപ്പുകൾ തുടങ്ങിയവ ഒക്കെ ഉപയോഗിക്കുന്നു.
മറ്റു ജീവികളിൽനിന്ന് മനുഷ്യരെ വ്യത്യസ്തരാക്കി നിറുത്തുന്ന ഒരു കാര്യമാണ് പ്രാർഥന. മനുഷ്യർക്കും മൃഗങ്ങൾക്കും ഇടയിൽ സമാനതകൾ ഉണ്ട് എന്നത് ശരിയാണ്. ഭക്ഷണം, വെള്ളം, വായു ഇവ രണ്ടു കൂട്ടർക്കും വേണം. മനുഷ്യനെപ്പോലെതന്നെ മൃഗങ്ങളും ജനിക്കുന്നു, ജീവിക്കുന്നു, മരിക്കുന്നു. (സഭാപ്രസംഗകൻ 3:19) പക്ഷേ മനുഷ്യർ മാത്രമേ പ്രാർഥിക്കുന്നുള്ളൂ. അത് എന്തുകൊണ്ടാണ്?
കാരണം പ്രാർഥന നമുക്ക് ആവശ്യമാണ്. ദൈവത്തോട് അടുക്കാൻ കഴിയുന്ന ഒരു വഴി പ്രാർഥന ആണെന്ന് ആളുകൾ വിചാരിക്കുന്നു. വിശുദ്ധവും പവിത്രവും നിത്യം പ്രയോജനം ചെയ്യുന്നതും ആയിട്ടാണ് അവർ അതിനെ കരുതുന്നത്. ഈ ഒരു ആഗ്രഹത്തോടെയാണ് നമ്മളെ സൃഷ്ടിച്ചിരിക്കുന്നത് എന്ന് ബൈബിൾ പറയുന്നു. (സഭാപ്രസംഗകൻ 3:11) യേശു അതെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: “ആത്മീയകാര്യങ്ങൾക്കായി ദാഹിക്കുന്നവർ സന്തുഷ്ടർ.”—മത്തായി 5:3.
മതങ്ങളുടെ കെട്ടിടങ്ങളും അവയിലെ ചിത്രപ്പണികളും മണിക്കൂറുകളോളം ഉള്ള ആളുകളുടെ പ്രാർഥനകളും എല്ലാം എന്താണ് കാണിക്കുന്നത്? ആളുകൾക്ക് ‘ആത്മീയകാര്യങ്ങളെക്കുറിച്ചുള്ള’ ദാഹം അല്ലെങ്കിൽ ദൈവവുമായുള്ള ഒരു ബന്ധത്തിലേക്കുവരാനുള്ള ആഗ്രഹം ഉണ്ട് എന്നല്ലേ? ചിലർ സ്വന്തമായി അവരുടെ ആത്മീയ ആവശ്യങ്ങൾ തൃപ്തിപ്പെടുത്താൻ നോക്കുന്നു. ഇനി വേറെ ചിലർ മറ്റുള്ളവരെ അതിനുവേണ്ടി ആശ്രയിക്കുന്നു. മറ്റുള്ളവർക്ക് എപ്പോഴും നമ്മളെ വേണ്ട വിധത്തിൽ സഹായിക്കാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ? കാരണം ദുർബലരായ നമുക്ക് ആയുസ്സു കുറവാണ്, കാര്യങ്ങൾ മുൻകൂട്ടിക്കാണാനും കഴിയില്ല. നമ്മളെക്കാൾ ജ്ഞാനവും ശക്തിയും ആയുസ്സും ഉള്ള ഒരാളുടെ സഹായം നമുക്കു കൂടിയേ തീരൂ. പ്രാർഥിക്കേണ്ടതിന്റെ ആവശ്യം അല്ലേ ഇതൊക്കെ കാണിക്കുന്നത്?
ശരിയായ മാർഗനിർദേശം കിട്ടാനായി എന്തു ചെയ്യാം? എന്റെ ചോദ്യങ്ങൾക്കുള്ള തൃപ്തികരമായ ഉത്തരം എവിടെനിന്ന് കിട്ടും? ഇങ്ങനെയൊക്കെ നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇനി, ഒരു കനത്ത നഷ്ടം നിങ്ങളെ വിഷമിപ്പിച്ചപ്പോൾ ആശ്വാസം വേണമെന്ന് തോന്നിയിട്ടില്ലേ? തീരുമാനം എടുക്കാനാകാതെ കഷ്ടപ്പെട്ടിരുന്ന ഒരു സമയത്ത് ആരെങ്കിലും ഒരു വഴി കാണിച്ചുതന്നിരുന്നെങ്കിൽ എന്ന് നിങ്ങൾ ആശിച്ചിട്ടുണ്ടോ? ഞാൻ ചെയ്ത ആ തെറ്റ് അവരൊന്ന് ക്ഷമിച്ചിരുന്നെങ്കിൽ എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
ഇതുപോലുള്ള കാര്യങ്ങൾക്കുവേണ്ടി പ്രാർഥിക്കാമെന്നാണ് ബൈബിൾ പറയുന്നത്. പ്രാർഥനയെക്കുറിച്ച് മനസ്സിലാക്കാൻ സഹായിക്കുന്ന ഏറ്റവും നല്ല പുസ്തകമാണ് ബൈബിൾ. അതിൽ വിശ്വസ്തരായ ധാരാളം സ്ത്രീപുരുഷന്മാരുടെ പ്രാർഥനകൾ രേഖപ്പെടുത്തിയിട്ടുണ്ട്. അവർ ആശ്വാസത്തിനുവേണ്ടിയും മാർഗനിർദേശത്തിനുവേണ്ടിയും ക്ഷമയ്ക്കായും ഇനി അവരെ വിഷമിപ്പിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾക്കായും പ്രാർഥിച്ചിരുന്നു.—സങ്കീർത്തനം 23:3; 71:21; ദാനിയേൽ 9:4, 5, 19; ഹബക്കൂക്ക് 1:3.
അവരുടെ ഓരോരുത്തരുടെയും പ്രാർഥനകൾ വ്യത്യസ്തമായിരുന്നെങ്കിലും അവയിൽ ചില പൊതുവായ കാര്യങ്ങൾ നമുക്ക് കാണാം. ദൈവം ശ്രദ്ധിക്കുന്ന തരത്തിലായിരുന്നു ഇവരുടെയെല്ലാം യാചനകൾ. ആരോടാണ് പ്രാർഥിക്കേണ്ടത് എന്ന് വിശ്വസ്തരായ ആ ദൈവദാസന്മാർക്ക് അറിയാമായിരുന്നു. എന്നാൽ ഇന്നു പലരും പ്രാർഥിക്കേണ്ടത് ആരോടാണ് എന്ന കാര്യത്തിന് വലിയ പ്രാധാന്യം ഒന്നും കൊടുക്കുന്നില്ല.