സംഭാഷണം തുടങ്ങുന്നതിന്
പാഠം 2
സ്വാഭാവികത
തത്ത്വം: “തക്കസമയത്ത് പറയുന്ന വാക്ക് എത്ര നല്ലത്!”—സുഭാ. 15:23.
ഫിലിപ്പോസിന്റെ മാതൃക
1. വീഡിയോ കാണുക, അല്ലെങ്കിൽ പ്രവൃത്തികൾ 8:30, 31 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചിന്തിക്കുക:
ഫിലിപ്പോസിൽനിന്ന് എന്തു പഠിക്കാം?
2. നമ്മൾ സ്വാഭാവികമായി സംഭാഷണം മുന്നോട്ടു കൊണ്ടുപോയാൽ അവരുടെ പിരിമുറുക്കം കുറയാനും അവർ സന്ദേശം ശ്രദ്ധിക്കാനും ഉള്ള സാധ്യത കൂടുതലാണ്.
ഫിലിപ്പോസിനെ അനുകരിക്കുക
3. നിരീക്ഷിക്കുക. ഒരു വ്യക്തിയുടെ മുഖഭാവത്തിൽനിന്നും ശരീരനിലയിൽനിന്നും നമുക്ക് ഒരുപാടു കാര്യങ്ങൾ മനസ്സിലാക്കാം. അദ്ദേഹത്തിനു നിങ്ങളോടു സംസാരിക്കാൻ താത്പര്യമുണ്ടോ? ഉണ്ടെങ്കിൽ ചെറിയ ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് ബൈബിൾസത്യങ്ങൾ അവതരിപ്പിക്കാനായേക്കും. ഉദാഹരണത്തിന്, “ദൈവം നമ്മുടെ കഷ്ടപ്പാടുകൾ കാണുന്നുണ്ടെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ” എന്നതുപോലുള്ള ചോദ്യങ്ങൾ. എന്നാൽ സംസാരിക്കാൻ താത്പര്യമില്ലാത്തവരോടു നമ്മൾ നിർബന്ധിച്ച് സംസാരിക്കേണ്ടതില്ല.
4. ക്ഷമയുള്ളവരായിരിക്കുക. എത്രയും പെട്ടെന്ന് അവരെ ബൈബിൾസത്യം അറിയിക്കണം എന്നു നമ്മൾ ചിന്തിക്കേണ്ടതില്ല. നമുക്ക് എപ്പോഴാണോ ബൈബിൾസത്യം സ്വാഭാവികമായി പറയാൻ പറ്റുന്നത്, അതുവരെ കാത്തിരിക്കുക. ചിലപ്പോൾ ആ വ്യക്തിയുമായി അടുത്ത പ്രാവശ്യം സംസാരിക്കുമ്പോഴായിരിക്കും നമുക്ക് അതിനുള്ള അവസരം കിട്ടുന്നത്.
5. മാറ്റം വരുത്തുക. ബൈബിളിലെ ഏതെങ്കിലും ഒരു ആശയം തയ്യാറായിട്ടായിരിക്കും നിങ്ങൾ പോകുന്നത്. പക്ഷേ വീട്ടുകാരൻ വേറെ ചില വിഷയങ്ങളായിരിക്കാം സംസാരിച്ചുതുടങ്ങുന്നത്. അപ്പോൾ വഴക്കം കാണിച്ചുകൊണ്ട്, വീട്ടുകാരനു പ്രയോജനം ചെയ്യുന്ന ഒരു ആശയം പങ്കുവെക്കുക.