ജോർജിയ | 1924-1990
വിശ്വാസത്തിൽ വളരാൻ മീറ്റിങ്ങുകൾ സഹായിക്കുന്നു
താത്പര്യക്കാരുടെ വിശ്വാസം വളർത്തുന്നതിൽ മീറ്റിങ്ങുകൾ വഹിച്ച പങ്കു ചെറുതല്ല. വളരെ വർഷങ്ങളായി സത്യത്തിലുള്ളവരെപ്പോലെതന്നെ പുതിയതായി സ്നാനമേറ്റവരും മീറ്റിങ്ങുകൾ നടത്താൻ തങ്ങളുടെ വീടുകൾ വിട്ടുതരുന്നതിൽ ഒരു മടിയും കാണിച്ചില്ല. കൂടിവരുന്നവരെയെല്ലാം അവർ ഹൃദ്യമായി സ്വാഗതം ചെയ്യുമായിരുന്നു. അത് അവരുടെ സ്നേഹത്തിന്റെ ഇഴയടുപ്പം വർധിപ്പിച്ചു.
കുറെ പേർ സ്നാനമേൽക്കാൻ തയ്യാറാകുമ്പോൾ സഹോദരങ്ങൾ വളരെ വിവേകത്തോടെ പ്രത്യേകമീറ്റിങ്ങുകൾ നടത്തും. സോഖുമി നഗരത്തിനു വെളിയിൽ, കരിങ്കടലിന്റെ തീരത്ത് അങ്ങനെയൊരു
മീറ്റിങ്ങ് 1973 ആഗസ്റ്റിൽ സഹോദരങ്ങൾ സംഘടിപ്പിച്ചു. പക്ഷേ ആ 35 പേർക്കും സ്നാനമേൽക്കാനുള്ള സമയം കിട്ടിയില്ല! കാരണം ആ മീറ്റിങ്ങ് തീരുന്നതിനു മുമ്പ് പോലീസ് അതു തടസ്സപ്പെടുത്തുകയും വ്ലാഡിമർ ഗ്ലാഡ്യുക്ക് ഉൾപ്പെടെ ചില സഹോദരങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.മോചിതരായശേഷം വ്ലാഡിമറും മറ്റു സഹോദരങ്ങളും എല്ലാ സ്നാനാർഥികളോടും വീണ്ടും സംസാരിച്ചു. പരാജയപ്പെട്ട ആദ്യശ്രമം കഴിഞ്ഞ് രണ്ടാം ദിവസം അവരെല്ലാം സ്നാനമേറ്റു. വ്ലാഡിമർ ഓർക്കുന്നു: “യഹോവ ഞങ്ങളുടെ കൂടെയുണ്ടായിരുന്നതായി ഞങ്ങൾക്ക് അനുഭവപ്പെട്ടു. സ്നാനത്തിനു ശേഷം, ഞങ്ങളെല്ലാവരും യഹോവയ്ക്കു നന്ദി പറഞ്ഞ് പ്രാർഥിച്ചു.”
ഉപദ്രവം കാരണം സന്തോഷവാർത്ത വ്യാപിക്കുന്നു!
സ്നാനം നടന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോൾ, വ്ലാഡിമർ ഗ്ലാഡ്യുക്കിനെ വീണ്ടും അറസ്റ്റ് ചെയ്തു. പിന്നീട് അദ്ദേഹത്തെയും ഇറ്റാ സുഡാരെൻകോയെയും നറ്റേലാ ചർഗീഷ്വിലിയെയും വർഷങ്ങൾ നീണ്ട തടവിനു വിധിച്ചു. ഇത് അറിഞ്ഞ പ്രചാരകർക്കു സങ്കടം തോന്നിയെങ്കിലും പ്രസംഗപ്രവർത്തനത്തിലുള്ള അവരുടെ വീര്യം കെട്ടുപോയില്ല. വളരെ വിവേചനയോടെ അവർ അതു തുടർന്നു.
അധികാരികളുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ പ്രചാരകർ അവരുടെ സ്വന്തം പ്രദേശം വിട്ട് മറ്റു നഗരങ്ങളിലും ഗ്രാമങ്ങളിലും പോയി പ്രസംഗിച്ചു. അങ്ങനെ ഒരർഥത്തിൽ ഈ ഉപദ്രവം, സന്തോഷവാർത്ത മറ്റു സ്ഥലങ്ങളിലേക്കു വ്യാപിക്കുന്നതിന് ഇടയാക്കി.
കമ്മ്യൂണിസ്റ്റ് ഭരണകാലത്ത്, വലിയ പട്ടണങ്ങളിൽ താമസിച്ചിരുന്ന പ്രചാരകർ തിരക്കു കുറഞ്ഞ തെരുവുകളിലും പാർക്കുകളിലും സാക്ഷീകരിച്ചു. മറ്റു സ്ഥലങ്ങളിൽനിന്ന്, ബന്ധുക്കളെ കാണാനും സാധനങ്ങൾ വാങ്ങാനും ഒക്കെ വന്നവരെ അവർ കണ്ടുമുട്ടി. ഒരു വ്യക്തി താത്പര്യം കാണിച്ചാൽ ബന്ധപ്പെടാനുള്ള വിവരങ്ങൾ ശേഖരിച്ച് വീണ്ടും കാണാനുള്ള ക്രമീകരണങ്ങൾ ചെയ്യുമായിരുന്നു.
സത്യം വ്യാപിപ്പിക്കുന്നതിനു പടിഞ്ഞാറൻ ജോർജിയയിലുടനീളം യാത്രചെയ്തവരിൽ ഒരാളായിരുന്നു ബാപുറ്റ്സാ ജെജ്ലാവാ. ആ സഹോദരി ഓർക്കുന്നു: “പല സ്ഥലങ്ങളിലും എനിക്കു ബന്ധുക്കൾ ഉണ്ടായിരുന്നതുകൊണ്ട് കൂടെക്കൂടെയുള്ള എന്റെ യാത്രകളെ ആരും സംശയത്തോടെ കണ്ടില്ല. ഏതാണ്ട് രണ്ടു വർഷം കഴിഞ്ഞപ്പോൾ
സുഗ്ദിദിയിൽ 20-ലധികം പേരും ഖൊറോട്ട്സ്കൂവിൽ അഞ്ചു പേരും എന്നോടൊപ്പം ബൈബിൾ പഠിക്കുന്നുണ്ടായിരുന്നു. അവരെല്ലാവരും പഠിച്ച് സ്നാനമേറ്റു.”ജോർജിയൻ ഭാഷയിൽ പ്രസിദ്ധീകരണങ്ങൾ ആവശ്യമായിവരുന്നു
ജോർജിയൻ ഭാഷയിലുള്ള പ്രസിദ്ധീകരണങ്ങളില്ലാതെ കാര്യങ്ങൾ മുന്നോട്ടുപോകില്ലെന്നു പെട്ടെന്നുതന്നെ വ്യക്തമായിത്തീർന്നു. മടക്കസന്ദർശനങ്ങളും ബൈബിൾപഠനങ്ങളും നടത്തുമ്പോൾ താത്പര്യം കാണിച്ചവർക്ക് ഏറ്റവും നന്നായി മനസ്സിലാകുന്ന ഭാഷയിലുള്ള ബൈബിളും മറ്റു പ്രസിദ്ധീകരണങ്ങളും വേണമെന്നു പ്രചാരകർ തിരിച്ചറിഞ്ഞു. *
ജോർജിയൻ ഭാഷയിലുള്ള പ്രസിദ്ധീകരണങ്ങളൊന്നുമില്ലാതെ ബൈബിൾപഠനം നടത്തുന്നതിന്റെ ബുദ്ധിമുട്ടിനെക്കുറിച്ച് ബാപുറ്റ്സാ സഹോദരി പറയുന്നു: “എന്റെ കൈയിൽ ഒരു ബൈബിളും റഷ്യൻ ഭാഷയിലുള്ള മറ്റു പ്രസിദ്ധീകരണങ്ങളും മാത്രമാണുണ്ടായിരുന്നത്. അതുകൊണ്ട് മിക്കപ്പോഴും വിദ്യാർഥികൾക്കായി അവർ പഠിക്കുന്ന ഭാഗം ഞാൻ പരിഭാഷ ചെയ്യുമായിരുന്നു.” നമ്മുടെ മാസികയിലെ ലേഖനങ്ങൾ വെറും ഒരു നിഘണ്ടു മാത്രം ഉപയോഗിച്ച് സഹോദരി പരിഭാഷ ചെയ്തു. മത്തായിയുടെ സുവിശേഷം മുഴുവനും സഹോദരി ഇങ്ങനെ പരിഭാഷപ്പെടുത്തി!
തങ്ങളുടെ മാതൃഭാഷയിൽ ഇങ്ങനെ ലേഖനങ്ങൾ കിട്ടുന്നതു പഠിച്ചുകൊണ്ടിരുന്നവർ വളരെ വിലമതിച്ചു. അതുകൊണ്ട്, പരിഭാഷ ചെയ്ത ലേഖനങ്ങൾ വ്യക്തിപരമായ ഉപയോഗത്തിന് അവർതന്നെ പകർത്തിയെഴുതുമായിരുന്നു. ജോർജിയൻ ഭാഷയിൽ ബൈബിൾ കിട്ടാൻ ബുദ്ധിമുട്ടായതിനാൽ ചില ബൈബിൾവിദ്യാർഥികൾ ദൈവവചനത്തിന്റെ ആധുനികകാലത്തെ ‘പകർപ്പെഴുത്തുകാർ’ ആയിത്തീർന്നു!
“ദിവസംമുഴുവൻ ഞാൻ അതു പകർത്തിയെഴുതി”
ജോർജിയൻ ഭാഷയിലേക്കു പരിഭാഷ ചെയ്ത പ്രസിദ്ധീകരണങ്ങൾ സഹോദരങ്ങൾക്കും താത്പര്യക്കാർക്കും വായിക്കാൻ ക്രമമനുസരിച്ച്
കൈമാറുമായിരുന്നു. ഓരോരുത്തർക്കും അതു വായിച്ചുതീർക്കാൻ കുറച്ച് ദിവസങ്ങളോ ആഴ്ചകളോ മാത്രമേ ലഭിച്ചിരുന്നുള്ളൂ. ആധുനിക ജോർജിയൻ ഭാഷയിലുള്ള ഗ്രീക്കു തിരുവെഴുത്തുകൾ ഇങ്ങനെ കൈമാറിയപ്പോൾ ആ തക്കത്തിന് അതു പകർത്തിയെഴുതാൻ ഒരു കുടുംബം തീരുമാനിച്ചു.ഗ്രീക്കു തിരുവെഴുത്തുകൾ പകർത്തിയെഴുതാൻ റൗൾ കാർച്ചാവയോട് അവന്റെ പിതാവ് ആവശ്യപ്പെടുമ്പോൾ അവനു വെറും 13 വയസ്സായിരുന്നു പ്രായം. റൗൾ പറയുന്നു: “എന്നെ പ്രോത്സാഹിപ്പിക്കാൻവേണ്ടിയായിരുന്നെന്നു തോന്നുന്നു, അച്ഛൻ ഒരു പെട്ടി നിറയെ നോട്ടുബുക്കുകളും പലതരത്തിലുള്ള പേനകളും പെൻസിലുകളുമായി ഒരു ദിവസം വന്നു. പേടി തോന്നിയെങ്കിലും ആ വെല്ലുവിളി ഞാൻ ഏറ്റെടുത്തു. ദിവസംമുഴുവൻ ഞാൻ അതു പകർത്തിയെഴുതി. മടുക്കുമ്പോൾ കൈ ഒന്നു നിവർക്കാൻ മാത്രമാണ് ഞാൻ എഴുത്ത് നിറുത്തിയത്.”
കൈയിൽ കിട്ടാൻ എല്ലാവരും ആഗ്രഹിച്ചിരുന്ന ആ ബൈബിൾ കുറച്ച് ആഴ്ചകൾ കൂടി കൈവശം വെക്കാൻ അനുവാദം കിട്ടിയപ്പോൾ റൗളിന്റെ കുടുംബാംഗങ്ങൾക്കു വളരെ സന്തോഷമായി. അങ്ങനെ രണ്ടു മാസംകൊണ്ട് ഈ വലിയ ജോലി റൗൾ പൂർത്തിയാക്കി, ഗ്രീക്കു തിരുവെഴുത്തുകളിലെ 27 പുസ്തകങ്ങളും പകർത്തിയെഴുതി!
കഠിനാധ്വാനികളായ ഈ പകർപ്പെഴുത്തുകാരൊക്കെ ഉണ്ടായിരുന്നെങ്കിലും, വർധിച്ചുവരുന്ന ബൈബിൾവിദ്യാർഥികളുടെ ആത്മീയവിശപ്പ് പൂർണമായി ശമിപ്പിക്കാൻ പറ്റിയില്ല. അതുകൊണ്ട്, അപകടംപിടിച്ച പണിയായിരുന്നിട്ടും സഹോദരീസഹോദരന്മാർ അവരുടെ വീടുകളിലിരുന്ന് ബൈബിൾപ്രസിദ്ധീകരണങ്ങളുടെ പകർപ്പെടുക്കാനും അവ വിതരണം ചെയ്യാനും ധൈര്യത്തോടെ മുന്നോട്ടുവന്നു.
പടിഞ്ഞാറൻ ജോർജിയയിൽ പ്രസംഗപ്രവർത്തനം ഇങ്ങനെ അതിവേഗം മുന്നേറുമ്പോൾ, കിഴക്കൻ ജോർജിയയുടെ അവസ്ഥ എന്തായിരുന്നു? നമ്മൾ മുമ്പ് പറഞ്ഞ വാസോ ക്വിനിയഷ്വിലിയെപ്പോലുള്ള
സത്യാന്വേഷികളെ സഹായിക്കാൻ തലസ്ഥാനനഗരിയായ ടിബിലിസിയിൽ ആരെങ്കിലുമുണ്ടായിരുന്നോ?തലസ്ഥാനനഗരിയിൽ സത്യം എത്തുന്നു
1970-കളിൽ സോവിയറ്റ് അധികാരികൾ, ഓരോ സ്ഥലത്തെയും യഹോവയുടെ സാക്ഷികളെ അവരുടെ വീടുകളിൽനിന്ന് പുറത്താക്കിക്കൊണ്ട് അവരുടെ മുന്നേറ്റം തടയാൻ ശ്രമിച്ചു. അതാണു ടിബിലിസിയിലേക്കു വന്ന യുക്രെയിനിയൻ ദമ്പതികളായ ഓലെക്സിയി കുർദാസിനും ലിഡിയ കുർദാസിനും സംഭവിച്ചത്. വിശ്വാസത്തിന്റെ പേരിൽ അനേകവർഷങ്ങളോളം സോവിയറ്റ് തടങ്കൽപ്പാളയത്തിൽ കഴിയേണ്ടിവന്നവരാണ് അവർ.
വളരെ മതഭക്തരായിരുന്ന സൗർ കെസ്സാവിനെയും എത്തേരി കെസ്സാവിനെയും സത്യം അറിയിച്ചതു കുർദാസ് ദമ്പതികളാണ്. അന്ന് 15 വയസ്സുണ്ടായിരുന്ന അവരുടെ മകൾ ലാരിസ, കുർദാസ് ദമ്പതികളെ ആദ്യമായി കണ്ടുമുട്ടിയപ്പോഴുള്ള അനുഭവം പറയുന്നു: “ഓർത്തഡോക്സ് സഭ മാത്രമാണ് സത്യമതം എന്നു തെളിയിക്കാൻ ഞങ്ങൾ ശ്രമിച്ചു. ചർച്ചകൾ മുന്നോട്ടുപോകവെ ഞങ്ങൾക്കു ന്യായങ്ങൾ ഒന്നും പറയാനില്ലാതായി. പക്ഷേ സാക്ഷികൾക്കു തിരുവെഴുത്തിൽനിന്ന് ന്യായങ്ങൾ തുടർന്നും കാണിക്കാനുണ്ടായിരുന്നു.”
ലാരിസ തുടരുന്നു: “ഞങ്ങൾ പള്ളിയിൽ പോയിരുന്നപ്പോൾ, ചുമരിൽ രണ്ടു ചിത്രങ്ങൾക്കിടയിൽ എഴുതിയിരുന്ന പത്തു കല്പനകൾ ഞാൻ എപ്പോഴും വായിക്കുമായിരുന്നു. എന്നാൽ ഒരു ദിവസം വൈകുന്നേരം ഓലെക്സിയി സഹോദരൻ പുറപ്പാട് 20:4, 5 ഞങ്ങളെ വായിച്ചുകേൾപ്പിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി. അന്നു രാത്രി എനിക്ക് ഉറങ്ങാൻപോലും കഴിഞ്ഞില്ല. എന്റെ ചിന്ത ഇതായിരുന്നു, ‘ചിത്രങ്ങളുടെ മുന്നിൽ കുമ്പിട്ട് ആരാധിക്കുകവഴി ഞങ്ങൾ വാസ്തവത്തിൽ ദൈവത്തിന്റെ കല്പന ലംഘിക്കുകയല്ലേ?’”
തന്റെ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുന്നതിനായി നേരം വെളുത്തപ്പോൾത്തന്നെ ലാരിസ പള്ളിയിലേക്ക് ഓടി. അവിടെ ചുമരിൽ എഴുതിയിരുന്ന കല്പന വീണ്ടും അവൾ വായിച്ചു, ‘എന്തിന്റെയെങ്കിലും രൂപമോ വിഗ്രഹമോ നീ ഉണ്ടാക്കരുത്. അവയുടെ മുന്നിൽ കുമ്പിടരുത്.’ ജീവിതത്തിൽ ആദ്യമായി ഈ ദിവ്യകല്പനയുടെ അർഥം എന്താണെന്ന് അവൾക്കു മനസ്സിലായി. ലാരിസയും മാതാപിതാക്കളും തുടർന്ന് പഠിച്ച് സ്നാനമേറ്റു. ടിബിലിസിയിലെ ആദ്യകാലസാക്ഷികളിൽപ്പെട്ടവരായിരുന്നു അവർ.
നീതിക്കായുള്ള അന്വേഷണത്തിന് ഉത്തരം കിട്ടുന്നു
വാസോ ക്വിനിയഷ്വിലി ബൈബിൾ സത്യം ആദ്യമായി കേട്ടിട്ട് ഇപ്പോൾ 20 വർഷം കഴിഞ്ഞിരിക്കുന്നു. അങ്ങനെയിരിക്കെ ടിബിലിസിയിൽ യഹോവയുടെ സാക്ഷികളുടെ മീറ്റിങ്ങിൽ പങ്കെടുത്ത ഒരാളെ അദ്ദേഹം കണ്ടുമുട്ടി. കാലങ്ങളായുള്ള തന്റെ കാത്തിരിപ്പ് ഒടുവിൽ ഫലം കണ്ടതിൽ അദ്ദേഹം അതിയായി സന്തോഷിച്ചു.
അദ്ദേഹം പണ്ട് അറിയപ്പെട്ടിരുന്ന ഒരു കുറ്റവാളിയായിരുന്നതുകൊണ്ട് ആദ്യമൊക്കെ അവിടെയുള്ള സാക്ഷികൾക്ക് അദ്ദേഹത്തെ സഭയുടെ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കാൻ മടിയായിരുന്നു. അദ്ദേഹം സോവിയറ്റ് അധികാരികളുടെ ചാരനാണോ എന്നുപോലും ചിലർ ഭയന്നിരുന്നു. അതുകൊണ്ട് നാലു വർഷത്തോളം നമ്മുടെ മീറ്റിങ്ങിനു വരാൻ വാസോയെ അനുവദിച്ചില്ല.
എന്നാൽ വാസോയുടെ നല്ല ഉദ്ദേശ്യം മനസ്സിലായപ്പോൾ സഹോദരങ്ങൾ അദ്ദേഹത്തെ സഭയുടെ ഭാഗമാകാനും സ്നാനമേൽക്കാനും അനുവദിച്ചു. അങ്ങനെ ചെറുപ്പം മുതൽ താൻ അന്വേഷിച്ചുനടന്ന ‘ന്യായത്തിന്റെ ദൈവമായ യഹോവയോട്’ അടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു! (യശയ്യ 30:18) 2014-ൽ മരിക്കുന്നതുവരെ വിശ്വസ്തതയുടെ ഒരു നല്ല ജീവിതരേഖ അദ്ദേഹം കാത്തുസൂക്ഷിച്ചു.
അങ്ങനെ, 1990-കളോടെ ജോർജിയയുടെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ പ്രസംഗപ്രവർത്തനം സുസ്ഥാപിതമായി. ഏതാണ്ട് 900 പ്രചാരകർ 942 ബൈബിൾപഠനങ്ങൾ ആ സമയത്ത് നടത്തുന്നുണ്ടായിരുന്നു. സാക്ഷികളുടെ ഈ പ്രവർത്തനം വരുങ്കാലങ്ങളിലെ നാടകീയമായ മുന്നേറ്റത്തിനുള്ള കളമൊരുക്കി.
^ ഖ. 12 എ.ഡി. അഞ്ചാം നൂറ്റാണ്ടുമുതൽത്തന്നെ ജോർജിയൻ ഭാഷയിൽ ബൈബിളിന്റെ ഭാഗങ്ങൾ പരിഭാഷപ്പെടുത്തിയിരുന്നെങ്കിലും കമ്മ്യൂണിസ്റ്റ് വാഴ്ചക്കാലത്ത് ബൈബിൾ കിട്ടാൻ വളരെ പ്രയാസമായിരുന്നു.—“ജോർജിയൻ ഭാഷയിലെ ബൈബിൾ” എന്ന ചതുരം കാണുക.