ഇയ്യോബ് 33:1-33
33 “അതുകൊണ്ട് ഇയ്യോബേ, എന്റെ വാക്കുകൾ ശ്രദ്ധിക്കുക;ദയവുചെയ്ത് ഞാൻ പറയുന്നതു മുഴുവൻ കേൾക്കുക.
2 എനിക്കു വായ് തുറന്നേ പറ്റൂ;നാവുകൊണ്ട്* സംസാരിച്ചേ മതിയാകൂ.
3 എന്റെ വാക്കുകൾ എന്റെ ഹൃദയശുദ്ധി വെളിപ്പെടുത്തുന്നു;+എന്റെ വായ് എനിക്ക് അറിയാവുന്ന കാര്യങ്ങൾ സത്യസന്ധമായി പറയുന്നു.
4 ദൈവത്തിന്റെ ആത്മാവാണ് എന്നെ നിർമിച്ചത്;+സർവശക്തന്റെ ശ്വാസമാണ് എനിക്കു ജീവൻ നൽകിയത്.+
5 കഴിയുമെങ്കിൽ എനിക്ക് ഉത്തരം തരുക;ഇയ്യോബേ, വാദങ്ങൾ നിരത്തുക; വാദിക്കാൻ തയ്യാറെടുത്തുകൊള്ളുക.
6 ഇതാ! ദൈവമുമ്പാകെ ഞാനും ഇയ്യോബിനെപ്പോലെതന്നെയാണ്;കളിമണ്ണുകൊണ്ടാണ് എന്നെയും ഉണ്ടാക്കിയത്.+
7 അതുകൊണ്ട് എന്നെ ഭയപ്പെടേണ്ടാ;എന്റെ വാക്കുകളുടെ ഭാരത്താൽ തളർന്നുപോകരുത്.
8 എന്നാൽ ഞാൻ കേൾക്കെ ഇയ്യോബ് ഇങ്ങനെ പറഞ്ഞു,ഞാൻ പല തവണ ഇതു കേട്ടു:
9 ‘ഞാൻ നിർമലനാണ്, ലംഘനങ്ങൾ ചെയ്യാത്തവൻ;+ഞാൻ ശുദ്ധിയുള്ളവനാണ്, തെറ്റുകൾ ചെയ്യാത്തവൻ.+
10 എന്നാൽ എന്നെ എതിർക്കാൻ ദൈവം കാരണങ്ങൾ കണ്ടെത്തുന്നു;ദൈവം എന്നെ ഒരു ശത്രുവായി കാണുന്നു.+
11 ദൈവം എന്റെ കാലുകൾ തടിവിലങ്ങിൽ* ഇടുന്നു,എന്റെ വഴികളെല്ലാം സൂക്ഷ്മമായി പരിശോധിക്കുന്നു.’+
12 എന്നാൽ ഇയ്യോബ് പറഞ്ഞതു ശരിയല്ല, അതുകൊണ്ട് ഞാൻ പറഞ്ഞുതരാം:
നശ്വരനായ മനുഷ്യനെക്കാൾ ദൈവം ഏറെ വലിയവനാണ്.+
13 എന്തിനാണു ദൈവത്തെക്കുറിച്ച് പരാതി പറയുന്നത്?+
ദൈവം ഇയ്യോബിന്റെ വാക്കുകൾക്കെല്ലാം ഉത്തരം തരാഞ്ഞതുകൊണ്ടാണോ?+
14 ഒന്നല്ല, പല തവണ ദൈവം സംസാരിക്കുന്നു;പക്ഷേ ആരും ശ്രദ്ധിക്കുന്നില്ല.
15 മനുഷ്യർ ഗാഢനിദ്രയിലാകുമ്പോൾ,അവർ കിടക്കയിൽ കിടന്ന് ഉറങ്ങുമ്പോൾ,ഒരു സ്വപ്നത്തിൽ, രാത്രിയിലെ ഒരു ദിവ്യദർശനത്തിൽ,+ ദൈവം സംസാരിക്കുന്നു.
16 പിന്നെ ദൈവം അവരുടെ ചെവികൾ തുറക്കുന്നു;+തന്റെ ഉപദേശങ്ങൾ അവരിൽ മായാതെ പതിപ്പിക്കുന്നു.*
17 അങ്ങനെ ദൈവം മനുഷ്യനെ തെറ്റിൽനിന്ന് പിന്തിരിപ്പിക്കുകയും+അഹങ്കാരത്തിൽനിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.+
18 ദൈവം അവന്റെ പ്രാണനെ കുഴിയിൽനിന്ന്* രക്ഷിക്കുന്നു,+വാളിന്* ഇരയാകാതെ അവന്റെ ജീവനെ സംരക്ഷിക്കുന്നു.
19 കിടക്കയിലെ യാതനകളും ഒരു മനുഷ്യനെ തിരുത്തുന്നു;അസ്ഥികളുടെ തീരാവേദനയും അവനെ ശാസിക്കുന്നു.
20 അങ്ങനെ അവന്റെ ഉള്ളം ആഹാരം വെറുക്കുന്നു,രുചികരമായ ഭക്ഷണംപോലും അവനു വേണ്ടാതാകുന്നു.+
21 അവന്റെ ശരീരം മെലിഞ്ഞുമെലിഞ്ഞ് ഇല്ലാതാകുന്നു;മറഞ്ഞിരുന്ന എല്ലുകൾ ഉന്തിനിൽക്കുന്നു.
22 അവന്റെ ജീവൻ കുഴിയുടെ* അരികിലേക്കുംഅവന്റെ പ്രാണൻ മരണം വിതയ്ക്കുന്നവരുടെ അടുത്തേക്കും നീങ്ങുന്നു.
23 ശരി എന്തെന്നു മനുഷ്യനു പറഞ്ഞുകൊടുക്കാൻഒരു സന്ദേശവാഹകനുണ്ടെങ്കിൽ,*ആയിരത്തിൽ ഒരുവനെങ്കിലും അവനു ബുദ്ധി പറഞ്ഞുകൊടുക്കുന്നെങ്കിൽ,
24 ദൈവം അവനോടു കരുണ കാണിച്ച് ഇങ്ങനെ പറയും:‘അവൻ കുഴിയിലേക്കു* പോകാതെ അവനെ രക്ഷിക്കൂ!+
ഞാനൊരു മോചനവില കണ്ടിട്ടുണ്ട്!+
25 അവന്റെ ശരീരം ചെറുപ്പകാലത്തെക്കാൾ ആരോഗ്യമുള്ളതാകട്ടെ;*+
യൗവനകാലത്തെ പ്രസരിപ്പ് അവനു തിരിച്ചുകിട്ടട്ടെ.’+
26 അവൻ ദൈവത്തോട് അപേക്ഷിക്കും,+ ദൈവം അവനെ സ്വീകരിക്കും;സന്തോഷിച്ചാർത്ത് അവൻ തിരുമുഖം കാണും;ദൈവം തന്റെ നീതി മർത്യനു തിരികെ നൽകും.
27 ആ മനുഷ്യൻ മറ്റുള്ളവരോട് ഇങ്ങനെ പറയും:*‘ഞാൻ പാപം ചെയ്‌തു,+ നേരിനെ വളച്ചൊടിച്ചു;എങ്കിലും ഞാൻ അർഹിച്ച ശിക്ഷ എനിക്കു കിട്ടിയില്ല.*
28 ദൈവം എന്റെ ജീവൻ വീണ്ടെടുത്തു, കുഴിയിലേക്കു* പോകാതെ അതിനെ രക്ഷിച്ചു;+എന്റെ പ്രാണൻ വെളിച്ചം കാണും.’
29 ദൈവം ഒരു മനുഷ്യനുവേണ്ടി ഇതെല്ലാം ചെയ്യും;രണ്ടു തവണ, അല്ല മൂന്നു തവണ, ഇങ്ങനെ ചെയ്യും.
30 അതെ, ദൈവം അവനെ കുഴിയിൽനിന്ന്* തിരികെ കൊണ്ടുവരും;അങ്ങനെ ആ മനുഷ്യൻ ജീവന്റെ വെളിച്ചം ആസ്വദിക്കും.+
31 ഇയ്യോബേ, ശ്രദ്ധിച്ചിരുന്ന് ഞാൻ പറയുന്നതു കേൾക്കുക!
മിണ്ടാതിരിക്കുക, ഞാൻ സംസാരിക്കട്ടെ.
32 എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്നോടു പറയുക;
സംസാരിച്ചുകൊള്ളൂ; ഇയ്യോബ് നീതിമാനാണെന്നു തെളിയിക്കാനാണ് എന്റെ ആഗ്രഹം.
33 എന്നാൽ ഒന്നും പറയാനില്ലെങ്കിൽ ഞാൻ പറയുന്നതു ശ്രദ്ധിക്കുക;മിണ്ടാതിരുന്ന് കേൾക്കുക, ഞാൻ ബുദ്ധി പകർന്നുതരാം.”
അടിക്കുറിപ്പുകള്‍
^ അക്ഷ. “എന്റെ നാവിനും അണ്ണാക്കിനും.”
^ അക്ഷ. “അവർക്കുള്ള ഉപദേശങ്ങൾക്കു മേൽ മുദ്ര വെക്കുന്നു.”
^ അഥവാ “ആയുധത്തിന്.”
^ അഥവാ “ശവക്കുഴിയിൽനിന്ന്.”
^ അഥവാ “ശവക്കുഴിയുടെ.”
^ അഥവാ “ദൈവദൂതനുണ്ടെങ്കിൽ.”
^ അഥവാ “ശവക്കുഴിയിലേക്ക്.”
^ അഥവാ “പുതുമയുള്ളതാകട്ടെ.”
^ അക്ഷ. “പാടും.”
^ മറ്റൊരു സാധ്യത “അതുകൊണ്ട് എനിക്ക് ഒരു ഗുണവുമുണ്ടായില്ല.”
^ അഥവാ “ശവക്കുഴിയിലേക്ക്.”
^ അഥവാ “ശവക്കുഴിയിൽനിന്ന്.”