ഉൽപത്തി 50:1-26
50 അപ്പോൾ യോസേഫ് അപ്പന്റെ മേൽ വീണ് പൊട്ടിക്കരഞ്ഞ് അപ്പനെ ചുംബിച്ചു.+
2 അതിനു ശേഷം യോസേഫ് തന്റെ ഭൃത്യന്മാരായ വൈദ്യന്മാരോട് അപ്പന്റെ മൃതദേഹം സുഗന്ധവർഗം+ ഇട്ട് സൂക്ഷിക്കാൻ കല്പിച്ചു. ആ വൈദ്യന്മാർ ഇസ്രായേലിന്റെ മൃതദേഹത്തിൽ സുഗന്ധവർഗം ഇട്ടു.
3 അവർ 40 ദിവസം എടുത്താണ് അതു ചെയ്‌തത്; സുഗന്ധവർഗം ഇടാൻ സാധാരണ അത്രയും ദിവസം ആവശ്യമായിരുന്നു. ഈജിപ്തുകാർ യാക്കോബിനുവേണ്ടി 70 ദിവസം വിലപിച്ചു.
4 യാക്കോബിനുവേണ്ടിയുള്ള വിലാപകാലം കഴിഞ്ഞപ്പോൾ യോസേഫ് ഫറവോന്റെ കൊട്ടാരത്തിലുള്ളവരോടു* പറഞ്ഞു: “നിങ്ങൾക്ക് എന്നോടു ദയ തോന്നുന്നെങ്കിൽ ഫറവോനോട് ഇങ്ങനെ പറയണം.
5 ‘എന്റെ അപ്പൻ എന്നെക്കൊണ്ട് ഇങ്ങനെ സത്യം ചെയ്യിച്ചിരുന്നു:+ “ഇതാ, ഞാൻ മരിക്കാറായിരിക്കുന്നു;+ കനാൻ ദേശത്ത് ഞാൻ വെട്ടിയുണ്ടാക്കിയ എന്റെ ശ്‌മശാനസ്ഥലത്ത്+ നീ എന്നെ അടക്കണം.”+ അതുകൊണ്ട്, അവിടെ പോയി എന്റെ അപ്പനെ അടക്കം ചെയ്യാൻ എന്നെ അനുവദിച്ചാലും. അതിനു ശേഷം ഞാൻ മടങ്ങിയെത്തിക്കൊള്ളാം.’”
6 അപ്പോൾ ഫറവോൻ, “നീ സത്യം ചെയ്തതുപോലെതന്നെ പോയി നിന്റെ അപ്പനെ അടക്കിക്കൊള്ളുക” എന്നു പറഞ്ഞു.+
7 അങ്ങനെ യോസേഫ് അപ്പനെ അടക്കാൻ പോയി. ഫറവോന്റെ ദാസന്മാരെല്ലാം—രാജസദസ്സിലെ മൂപ്പന്മാരും* ഈജിപ്ത് ദേശത്തിലെ എല്ലാ മൂപ്പന്മാരും+—യോസേഫിനെ അനുഗമിച്ചു.
8 കൂടാതെ, യോസേഫിന്റെ വീട്ടിലുള്ള എല്ലാവരും യോസേഫിന്റെ സഹോദരന്മാരും യോസേഫിന്റെ അപ്പന്റെ വീട്ടിലുള്ളവരും കൂടെ പോയി.+ കുഞ്ഞുങ്ങളെയും ആടുമാടുകളെയും മാത്രമേ അവർ ഗോശെൻ ദേശത്തുനിന്ന് കൊണ്ടുപോകാതിരുന്നുള്ളൂ.
9 രഥങ്ങളും+ കുതിരക്കാരും യോസേഫിനെ അനുഗമിച്ചു. അങ്ങനെ, വലിയൊരു കൂട്ടം യോസേഫിനോടൊപ്പമുണ്ടായിരുന്നു.
10 യോർദാൻ പ്രദേശത്തുള്ള ആതാദിലെ മെതിക്കളത്തിൽ എത്തിയപ്പോൾ ദുഃഖാർത്തരായ അവർ അവിടെ വലിയൊരു വിലാപം നടത്തി. യോസേഫ് അപ്പനെ ഓർത്ത് ഏഴു ദിവസം വിലപിച്ചു.
11 ആതാദിലെ മെതിക്കളത്തിൽവെച്ചുള്ള അവരുടെ ആ വിലാപം കണ്ടപ്പോൾ തദ്ദേശവാസികളായ കനാന്യർ അത്ഭുതത്തോടെ, “ഇത് ഈജിപ്തുകാർക്കുവേണ്ടിയുള്ള വലിയ വിലാപമാണ്!” എന്നു പറഞ്ഞു. അതുകൊണ്ട് യോർദാൻ പ്രദേശത്തുള്ള ആ സ്ഥലത്തിന് ആബേൽ-മിസ്രയീം* എന്നു പേര് വന്നു.
12 അങ്ങനെ, ഇസ്രായേൽ നിർദേശിച്ചിരുന്നതുപോലെതന്നെ അദ്ദേഹത്തിന്റെ ആൺമക്കൾ ചെയ്‌തു.+
13 അവർ ഇസ്രായേലിനെ കനാൻ ദേശത്തേക്കു കൊണ്ടുപോയി, ഹിത്യനായ എഫ്രോനിൽനിന്ന് ശ്മശാനത്തിനായി അബ്രാഹാം മമ്രേക്കരികെ വാങ്ങിയ മക്‌പേല നിലത്തെ ഗുഹയിൽ അടക്കം ചെയ്‌തു.+
14 അപ്പനെ അടക്കിയശേഷം യോസേഫ് സഹോദരന്മാരോടും ശവസംസ്കാരത്തിനു വന്ന മറ്റെല്ലാവരോടും ഒപ്പം ഈജിപ്തിലേക്കു മടങ്ങി.
15 അപ്പന്റെ മരണശേഷം യോസേഫിന്റെ സഹോദരന്മാർ പറഞ്ഞു: “യോസേഫ് ഇപ്പോഴും നമ്മളോടു വിദ്വേഷം വെച്ചുകൊണ്ടിരിക്കുന്നുണ്ടാകും. നമ്മൾ അവനോടു ചെയ്‌ത ദ്രോഹങ്ങൾക്കെല്ലാം+ അവൻ പകരം വീട്ടും.”
16 അതുകൊണ്ട് അവർ യോസേഫിനെ ഇങ്ങനെ അറിയിച്ചു: “മരിക്കുന്നതിനു മുമ്പ് അപ്പൻ ഇങ്ങനെ കല്പിച്ചിരുന്നു:
17 ‘നിങ്ങൾ യോസേഫിനോട് ഇങ്ങനെ പറയണം: “നിന്റെ സഹോദരന്മാർ നിന്നോടു പാപവും ലംഘനവും ചെയ്‌ത് നിന്നെ ഒരുപാടു ദ്രോഹിച്ചു. പക്ഷേ നീ ദയവുചെയ്ത് അതെല്ലാം പൊറുക്കണം; ഞാൻ നിന്നോടു യാചിക്കുകയാണ്.”’ അതിനാൽ അപ്പൻ ആരാധിച്ചിരുന്ന ദൈവത്തിന്റെ ദാസന്മാരായ ഞങ്ങളുടെ ലംഘനം ദയവുചെയ്ത് ക്ഷമിക്കണം.” ഇതു കേട്ട യോസേഫ് കരഞ്ഞുപോയി.
18 പിന്നെ യോസേഫിന്റെ സഹോദരന്മാരും യോസേഫിന്റെ മുമ്പാകെ വന്ന് നിലത്ത് വീണ് നമസ്കരിച്ചു.+ അവർ പറഞ്ഞു: “ഞങ്ങളെ അടിമകളായി കണക്കാക്കിയാൽ മതി.”
19 യോസേഫ് അവരോടു പറഞ്ഞു: “എന്തിനാണു നിങ്ങൾ ഭയപ്പെടുന്നത്, ഞാൻ എന്താ ദൈവത്തിന്റെ സ്ഥാനത്താണോ?
20 നിങ്ങൾ എന്നെ ദ്രോഹിക്കാൻ ശ്രമിച്ചെങ്കിലും+ അതു ഗുണമായിത്തീരാനും അനേകരുടെ ജീവരക്ഷയ്ക്കു കാരണമാകാനും ദൈവം ഇടയാക്കി, അതാണു ദൈവം ഇന്നു ചെയ്തുകൊണ്ടിരിക്കുന്നത്.+
21 അതുകൊണ്ട് നിങ്ങൾ പേടിക്കേണ്ടാ. ഞാൻ നിങ്ങൾക്കും നിങ്ങളുടെ കുഞ്ഞുങ്ങൾക്കും തുടർന്നും ആഹാരം തരും.”+ അങ്ങനെ യോസേഫ് അവരെ ആശ്വസിപ്പിക്കുകയും ധൈര്യം പകരുംവിധം അവരോടു സംസാരിക്കുകയും ചെയ്‌തു.
22 യോസേഫും പിതൃഭവനവും ഈജിപ്തിൽത്തന്നെ താമസിച്ചു. യോസേഫ് 110 വർഷം ജീവിച്ചിരുന്നു.
23 യോസേഫ് എഫ്രയീമിന്റെ ആൺമക്കളുടെ+ മൂന്നാം തലമുറയെയും മനശ്ശെയുടെ മകനായ മാഖീരിന്റെ മക്കളെയും+ കണ്ടു. അവർ യോസേഫിന്റെ മടിയിൽ വളർന്നു.*
24 കുറെ നാളുകൾക്കു ശേഷം യോസേഫ് സഹോദരന്മാരോടു പറഞ്ഞു: “ഞാൻ മരിക്കാറായി. എന്നാൽ ദൈവം നിങ്ങളിലേക്കു ശ്രദ്ധ തിരിച്ച്+ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യം ചെയ്‌ത ദേശത്തേക്കു നിങ്ങളെ കൊണ്ടുപോകും.”+
25 തുടർന്ന് ഇങ്ങനെ പറഞ്ഞ് യോസേഫ് ഇസ്രായേൽമക്കളെക്കൊണ്ട് സത്യം ചെയ്യിച്ചു: “ദൈവം ഉറപ്പായും നിങ്ങളിലേക്കു ശ്രദ്ധ തിരിക്കും. അപ്പോൾ നിങ്ങൾ എന്റെ അസ്ഥികൾ ഇവിടെനിന്ന് കൊണ്ടുപോകണം.”+
26 അങ്ങനെ 110-ാം വയസ്സിൽ യോസേഫ് മരിച്ചു. അവർ യോസേഫിന്റെ ശവശരീരം സുഗന്ധവർഗം+ ഇട്ട് ഈജിപ്തിൽ ഒരു ശവപ്പെട്ടിയിൽ സൂക്ഷിച്ചു.
അടിക്കുറിപ്പുകള്‍
^ അഥവാ “വീട്ടിലുള്ളവരോട്.”
^ അർഥം: “ഈജിപ്തുകാരുടെ വിലാപം.”
^ അതായത്, അവരെ പുത്രന്മാരായി കണക്കാക്കി പ്രത്യേകമമത കാണിച്ചു.