ലേവ്യ 1:1-17
1 യഹോവ മോശയെ വിളിച്ച് സാന്നിധ്യകൂടാരത്തിൽനിന്ന്*+ അവനോടു പറഞ്ഞു:
2 “ഇസ്രായേല്യരോടു പറയുക: ‘നിങ്ങളിൽ ആരെങ്കിലും വളർത്തുമൃഗങ്ങളിൽനിന്ന് യഹോവയ്ക്കു യാഗം അർപ്പിക്കുന്നെങ്കിൽ അതു കന്നുകാലികളിൽനിന്നോ ആട്ടിൻപറ്റത്തിൽനിന്നോ ആയിരിക്കണം.+
3 “‘ദഹനയാഗം കന്നുകാലികളിൽനിന്നുള്ളതാണെങ്കിൽ അതു ന്യൂനതയില്ലാത്ത ആണായിരിക്കണം.+ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽവെച്ച് അവൻ അതു സ്വമനസ്സാലെ+ യഹോവയുടെ സന്നിധിയിൽ അർപ്പിക്കണം.
4 അവൻ ദഹനയാഗത്തിനുള്ള മൃഗത്തിന്റെ തലയിൽ കൈ വെക്കണം. അങ്ങനെ അത് അവന്റെ പാപപരിഹാരത്തിനായി അവന്റെ പേരിൽ സ്വീകരിക്കും.
5 “‘പിന്നെ കാളക്കുട്ടിയെ യഹോവയുടെ സന്നിധിയിൽവെച്ച് അറുക്കണം. എന്നിട്ട്, അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ+ രക്തം കൊണ്ടുവന്ന് സാന്നിധ്യകൂടാരത്തിന്റെ പ്രവേശനകവാടത്തിലുള്ള യാഗപീഠത്തിന്റെ എല്ലാ വശങ്ങളിലും തളിക്കണം.+
6 ദഹനയാഗമൃഗത്തെ തോലുരിച്ച് കഷണങ്ങളാക്കണം.+
7 അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ, യാഗപീഠത്തിൽ തീ ഇട്ട്+ തീയുടെ മുകളിൽ വിറക് അടുക്കണം.
8 അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ ദഹനയാഗമൃഗത്തിന്റെ കഷണങ്ങൾ തലയും കൊഴുപ്പും* സഹിതം യാഗപീഠത്തിലെ തീയുടെ മുകളിലുള്ള വിറകിൽ അടുക്കിവെക്കണം.+
9 അതിന്റെ കുടലുകളും കണങ്കാലുകളും വെള്ളംകൊണ്ട് കഴുകണം. പുരോഹിതൻ അവയെല്ലാം ഒരു ദഹനയാഗമായി യാഗപീഠത്തിൽ വെച്ച് പുക ഉയരുംവിധം ദഹിപ്പിക്കണം. യഹോവയെ പ്രസാദിപ്പിക്കുന്ന* സുഗന്ധമായി അഗ്നിയിൽ അർപ്പിക്കുന്ന യാഗമാണ് ഇത്.+
10 “‘ഒരു ആടിനെയാണു ദഹനയാഗമായി അർപ്പിക്കുന്നതെങ്കിൽ,+ അത് ഇളംപ്രായത്തിലുള്ള ചെമ്മരിയാടോ കോലാടോ ആകട്ടെ, ന്യൂനതയില്ലാത്ത ആണായിരിക്കണം.+
11 അതിനെ യാഗപീഠത്തിന്റെ വടക്കുവശത്തുവെച്ച് യഹോവയുടെ സന്നിധിയിൽ അറുക്കണം. അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം യാഗപീഠത്തിന്റെ എല്ലാ വശങ്ങളിലും തളിക്കുകയും വേണം.+
12 പുരോഹിതൻ അതിനെ മുറിച്ച് കഷണങ്ങളാക്കണം. എന്നിട്ട് അവ യാഗപീഠത്തിലെ തീയുടെ മുകളിലുള്ള വിറകിൽ തലയും കൊഴുപ്പും* സഹിതം അടുക്കിവെക്കണം.
13 അതിന്റെ കുടലുകളും കണങ്കാലുകളും വെള്ളംകൊണ്ട് കഴുകിയിട്ട് അവയെല്ലാം കൊണ്ടുവന്ന് യാഗപീഠത്തിൽ വെച്ച് ദഹിപ്പിക്കണം.* യഹോവയെ പ്രസാദിപ്പിക്കുന്ന സുഗന്ധമായി അഗ്നിയിൽ അർപ്പിക്കുന്ന ദഹനയാഗമാണ് ഇത്.
14 “‘അതേസമയം, പക്ഷികളിൽനിന്നാണ് യഹോവയ്ക്കു ദഹനയാഗം അർപ്പിക്കുന്നതെങ്കിൽ, അതു ചെങ്ങാലിപ്രാവോ നാട്ടുപ്രാവിൻകുഞ്ഞോ+ ആയിരിക്കണം.
15 പുരോഹിതൻ അതിനെ യാഗപീഠത്തിലേക്കു കൊണ്ടുവന്ന് അതിന്റെ കഴുത്തു മുറിച്ച് യാഗപീഠത്തിൽ വെച്ച് ദഹിപ്പിക്കണം. എന്നാൽ അതിന്റെ രക്തം യാഗപീഠത്തിന്റെ വശത്തുകൂടെ ഒഴുക്കിക്കളയണം.
16 അവൻ അതിന്റെ കണ്ഠസഞ്ചിയും തൂവലും നീക്കം ചെയ്ത് അവ യാഗപീഠത്തിന് അരികെ കിഴക്കുവശത്ത്, ചാരം*+ ഇടുന്ന സ്ഥലത്തേക്ക് എറിയണം.
17 അവൻ അതിനെ ചിറകിന്റെ ഭാഗത്ത് പിളർക്കണം. എന്നാൽ രണ്ടു ഭാഗമായി വേർപെടുത്തരുത്. പിന്നെ പുരോഹിതൻ അതിനെ യാഗപീഠത്തിൽ, തീയുടെ മുകളിലുള്ള വിറകിന്മേൽ വെച്ച് ദഹിപ്പിക്കണം. യഹോവയെ പ്രസാദിപ്പിക്കുന്ന സുഗന്ധമായി അഗ്നിയിൽ അർപ്പിക്കുന്ന ദഹനയാഗമാണ് ഇത്.
അടിക്കുറിപ്പുകള്
^ അഥവാ “വൃക്കകൾക്കു ചുറ്റുമുള്ള കൊഴുപ്പും.”
^ അഥവാ “യഹോവയ്ക്കു പ്രീതികരമായ; യഹോവയുടെ മനം കുളിർപ്പിക്കുന്ന.” അക്ഷ. “യഹോവയെ ശാന്തമാക്കുന്ന.”
^ അഥവാ “വൃക്കകൾക്കു ചുറ്റുമുള്ള കൊഴുപ്പും.”
^ അഥവാ “പുക ഉയരുംവിധം ദഹിപ്പിക്കണം.”
^ അതായത്, ബലിമൃഗങ്ങളുടെ കൊഴുപ്പിൽ കുതിർന്ന ചാരം.