ലേവ്യ 11:1-47
11 പിന്നെ യഹോവ മോശയോടും അഹരോനോടും പറഞ്ഞു:
2 “ഇസ്രായേല്യരോട് ഇങ്ങനെ പറയുക: ‘കരയിലെ ജന്തുക്കളിൽ നിങ്ങൾക്കു കഴിക്കാകുന്നവ ഇവയാണ്:+
3 പൂർണമായി പിളർന്ന ഇരട്ടക്കുളമ്പുള്ള, അയവിറക്കുന്ന മൃഗങ്ങൾ.
4 “‘എന്നാൽ അയവിറക്കുന്നതിലും ഇരട്ടക്കുളമ്പുള്ളതിലും നിങ്ങൾ ഭക്ഷിക്കരുതാത്ത മൃഗങ്ങളുമുണ്ട്: ഒട്ടകം അയവിറക്കുന്നതാണെങ്കിലും അതിന് ഇരട്ടക്കുളമ്പില്ല. അതു നിങ്ങൾക്ക് അശുദ്ധം.+
5 പാറമുയൽ+ അയവിറക്കുന്നതാണെങ്കിലും അതിന് ഇരട്ടക്കുളമ്പില്ല. അതു നിങ്ങൾക്ക് അശുദ്ധം.
6 മുയൽ അയവിറക്കുന്നതാണെങ്കിലും അതിന് ഇരട്ടക്കുളമ്പില്ല. അതു നിങ്ങൾക്ക് അശുദ്ധം.
7 പന്നിക്കു+ പൂർണമായി പിളർന്ന ഇരട്ടക്കുളമ്പുണ്ട്. പക്ഷേ അത് അയവിറക്കുന്നില്ല. അതു നിങ്ങൾക്ക് അശുദ്ധം.
8 നിങ്ങൾ അവയുടെ മാംസം കഴിക്കുകയോ അവയുടെ ജഡത്തിൽ തൊടുകയോ അരുത്. അവ നിങ്ങൾക്ക് അശുദ്ധമാണ്.+
9 “‘വെള്ളത്തിൽ ജീവിക്കുന്നവയിൽ നിങ്ങൾക്കു കഴിക്കാകുന്നവ ഇവയാണ്: കടലിലോ നദിയിലോ ജീവിക്കുന്ന, ചിറകും ചെതുമ്പലും ഉള്ളതെല്ലാം നിങ്ങൾക്കു തിന്നാം.+
10 എന്നാൽ കടലിലും നദിയിലും കൂട്ടമായി സഞ്ചരിക്കുന്ന എല്ലാ ജലജീവികളിലും വെള്ളത്തിലുള്ള മറ്റെല്ലാ ജീവികളിലും, ചിറകും ചെതുമ്പലും ഇല്ലാത്തതെല്ലാം നിങ്ങൾക്ക് അറപ്പായിരിക്കണം.
11 അതെ, അവ നിങ്ങൾക്ക് അറപ്പായിരിക്കണം. നിങ്ങൾ അവയുടെ മാംസം തിന്നുകയേ അരുത്.+ അവയുടെ ജഡം നിങ്ങൾക്ക് അറപ്പായിരിക്കണം.
12 ചിറകും ചെതുമ്പലും ഇല്ലാത്ത, വെള്ളത്തിലുള്ളതെല്ലാം നിങ്ങൾക്ക് അറപ്പായിരിക്കണം.
13 “‘പക്ഷികളിൽ നിങ്ങൾ അറപ്പോടെ കാണേണ്ടവയുണ്ട്. അറയ്ക്കേണ്ടതായതുകൊണ്ട് അവയെ തിന്നരുത്. ആ പക്ഷികൾ ഇവയാണ്: കഴുകൻ,+ താലിപ്പരുന്ത്, കരിങ്കഴുകൻ,+
14 ചെമ്പരുന്ത്, എല്ലാ തരത്തിലുമുള്ള ചക്കിപ്പരുന്ത്,
15 എല്ലാ തരത്തിലുമുള്ള മലങ്കാക്ക,
16 ഒട്ടകപ്പക്ഷി, മൂങ്ങ, കടൽക്കാക്ക, എല്ലാ തരത്തിലുമുള്ള പ്രാപ്പിടിയൻ,
17 നത്ത്, നീർക്കാക്ക, നെടുഞ്ചെവിയൻ മൂങ്ങ,
18 അരയന്നം, ഞാറപ്പക്ഷി, ശവംതീനിക്കഴുകൻ,
19 കൊക്ക്, എല്ലാ തരത്തിലുമുള്ള മുണ്ടി, ഉപ്പൂപ്പൻ, വവ്വാൽ.
20 കൂട്ടമായി കാണപ്പെടുന്ന, ചിറകുള്ള ചെറുജീവികളിൽ* നാലു കാലിൽ നടക്കുന്നവയെല്ലാം നിങ്ങൾക്ക് അറപ്പായിരിക്കണം.
21 “‘എന്നാൽ കൂട്ടമായി കാണപ്പെടുന്ന ചെറുജീവികളിൽ നിങ്ങൾക്കു കഴിക്കാകുന്നവ, ചിറകുകളും നാലു കാലും ചാടിനടക്കാൻ പാദങ്ങൾക്കു മീതെ കാലിൽ സന്ധിബന്ധവും ഉള്ളവ മാത്രമാണ്.
22 ഇവയിൽ നിങ്ങൾക്കു കഴിക്കാകുന്നവയാണ് ദേശാടനം നടത്തുന്ന വിവിധതരം വെട്ടുക്കിളികൾ, ഭക്ഷ്യയോഗ്യമായ മറ്റു വെട്ടുക്കിളികൾ,+ വിവിധതരം ചീവീടുകൾ, വിവിധതരം പുൽച്ചാടികൾ എന്നിവ.
23 എന്നാൽ കൂട്ടമായി കാണപ്പെടുന്ന ചെറുജീവികളിൽ ചിറകുള്ള, നാലു കാലിൽ നടക്കുന്ന മറ്റുള്ളവയെല്ലാം നിങ്ങൾക്ക് അറപ്പായിരിക്കണം.
24 ഇവയാൽ നിങ്ങൾ അശുദ്ധരാകും. അവയുടെ ജഡത്തിൽ തൊടുന്നവൻ വൈകുന്നേരംവരെ അശുദ്ധനായിരിക്കും.+
25 അവയിൽ ഏതിന്റെയെങ്കിലും ജഡം എടുത്തുകൊണ്ടുപോകുന്നവൻ വസ്ത്രം കഴുകണം.+ അവൻ വൈകുന്നേരംവരെ അശുദ്ധനായിരിക്കും.
26 “‘ഇരട്ടക്കുളമ്പുള്ളതെങ്കിലും കുളമ്പു പൂർണമായി പിളരാത്ത, അയവിറക്കാത്ത മൃഗങ്ങളെല്ലാം നിങ്ങൾക്ക് അശുദ്ധം. അവയെ തൊടുന്നവരെല്ലാം അശുദ്ധരാകും.+
27 നാലു കാലിൽ നടക്കുന്ന ജീവികളിൽ പാദങ്ങളിൽ നഖമുള്ളവയെല്ലാം നിങ്ങൾക്ക് അശുദ്ധം. അവയുടെ ജഡത്തിൽ തൊടുന്നവരെല്ലാം വൈകുന്നേരംവരെ അശുദ്ധരായിരിക്കും.
28 അവയുടെ ജഡം എടുത്തുകൊണ്ടുപോകുന്നവൻ വസ്ത്രം കഴുകണം.+ അവൻ വൈകുന്നേരംവരെ അശുദ്ധനായിരിക്കും. കാരണം അവ നിങ്ങൾക്ക് അശുദ്ധമാണ്.+
29 “‘കരയിൽ കാണുന്ന, എണ്ണത്തിൽ ധാരാളമുള്ള ചെറുജീവികളിൽ ഇവ നിങ്ങൾക്ക് അശുദ്ധം: തുരക്കുന്ന എലി, ചുണ്ടെലി,+ പല്ലിവർഗത്തിലുള്ള ജീവികൾ,
30 ഗൗളി, പെരുംപല്ലി, നീർപ്പല്ലി, മണൽപ്പല്ലി, ഓന്ത്.
31 എണ്ണത്തിൽ ധാരാളമുള്ള ഈ ജീവികൾ നിങ്ങൾക്ക് അശുദ്ധം.+ അവയുടെ ജഡത്തിൽ തൊടുന്നവരെല്ലാം വൈകുന്നേരംവരെ അശുദ്ധരായിരിക്കും.+
32 “‘ഇനി, അവ ചത്ത് എന്തിലെങ്കിലും വീഴുന്നെങ്കിൽ, അതു മരപ്പാത്രമോ വസ്ത്രമോ തോലോ ചാക്കുതുണിയോ എന്തായിരുന്നാലും, അത് അശുദ്ധമാകും. ഉപയോഗത്തിലുള്ള ഏതൊരു പാത്രവും വെള്ളത്തിൽ മുക്കണം. അതു വൈകുന്നേരംവരെ അശുദ്ധമായിരിക്കും, പിന്നെ ശുദ്ധമാകും.
33 അവ ഒരു മൺപാത്രത്തിലാണു വീഴുന്നതെങ്കിൽ നിങ്ങൾ അത് ഉടച്ചുകളയണം. അതിലുണ്ടായിരുന്നതെല്ലാം അശുദ്ധമാകും.+
34 അങ്ങനെയൊരു പാത്രത്തിലെ വെള്ളം ഏതെങ്കിലും ആഹാരസാധനത്തിൽ പറ്റിയാൽ ആ ആഹാരം അശുദ്ധമാകും. ഏതെങ്കിലും പാനീയം ആ പാത്രത്തിലുണ്ടെങ്കിൽ അതും അശുദ്ധമാകും.
35 അവയുടെ ജഡം വീഴുന്നത് എന്തിലായാലും അത് അശുദ്ധമാകും. അത് അടുപ്പോ തീച്ചട്ടിയോ ആയാലും പൊട്ടിച്ചുകളയണം. അവ അശുദ്ധമാണെന്നു മാത്രമല്ല, അവയുടെ അശുദ്ധി മാറ്റാനും കഴിയില്ല.
36 നീരുറവയും ജലസംഭരണിയും* മാത്രം അശുദ്ധമാകില്ല. പക്ഷേ അവയുടെ ജഡത്തിൽ തൊടുന്നവരെല്ലാം അശുദ്ധരാകും.
37 വിതയ്ക്കാൻ വെച്ചിരിക്കുന്ന വിത്തിന്മേലാണ് അവയുടെ ജഡം വീഴുന്നതെങ്കിൽ അതു ശുദ്ധം.
38 എന്നാൽ നനച്ച വിത്തിലാണ് അവയുടെ ജഡത്തിന്റെ ഏതെങ്കിലും ഭാഗം വീഴുന്നതെങ്കിൽ ആ വിത്തു നിങ്ങൾക്ക് അശുദ്ധം.
39 “‘ഇനി, ഭക്ഷ്യയോഗ്യമായ ഒരു മൃഗം ചാകുന്നെങ്കിൽ, അതിന്റെ ജഡത്തിൽ തൊടുന്നവൻ വൈകുന്നേരംവരെ അശുദ്ധനായിരിക്കും.+
40 ആ ജഡത്തിന്റെ ഏതെങ്കിലും ഭാഗം കഴിക്കുന്നവൻ തന്റെ വസ്ത്രം അലക്കണം; വൈകുന്നേരംവരെ അവൻ അശുദ്ധനായിരിക്കും.+ ആ ജഡം എടുത്തുകൊണ്ടുപോകുന്നവൻ തന്റെ വസ്ത്രം അലക്കണം; വൈകുന്നേരംവരെ അവൻ അശുദ്ധനായിരിക്കും.
41 കരയിലെ ചെറുജീവികളിൽ എണ്ണത്തിൽ ധാരാളമുള്ളവയെല്ലാം നിങ്ങൾക്ക് അറപ്പായിരിക്കണം.+ അവയെ തിന്നരുത്.
42 ഉരഗങ്ങളെയോ നാലു കാലിൽ നടക്കുന്ന ചെറുജീവികളെയോ കൂട്ടമായി കാണപ്പെടുന്ന, കരയിൽ കാണുന്ന, ധാരാളം കാലുകളുള്ള ചെറുജീവികളെയോ നിങ്ങൾ കഴിക്കരുത്. അവ നിങ്ങൾക്ക് അറപ്പായിരിക്കണം.+
43 കൂട്ടമായി കാണപ്പെടുന്ന ഏതെങ്കിലും ജീവി കാരണം നിങ്ങൾ അറയ്ക്കത്തക്ക അവസ്ഥയിലാകാൻ ഇടയാകരുത്. അവയെക്കൊണ്ട് നിങ്ങളെത്തന്നെ മലിനരാക്കി അശുദ്ധരാകരുത്.+
44 കാരണം ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്.+ ഞാൻ വിശുദ്ധനായതുകൊണ്ട്+ നിങ്ങൾ നിങ്ങളെത്തന്നെ ശുദ്ധീകരിച്ച് വിശുദ്ധരാകണം.+ അതുകൊണ്ട്, കൂട്ടമായി കാണപ്പെടുന്ന, കരയിൽ ജീവിക്കുന്ന ഒരു ചെറുജീവിയെക്കൊണ്ടും നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്.
45 കാരണം നിങ്ങൾക്കു ദൈവമായിരിക്കേണ്ടതിന്, ഈജിപ്ത് ദേശത്തുനിന്ന് നിങ്ങളെ നയിച്ചുകൊണ്ടുവരുന്നത് യഹോവ എന്ന ഞാനാണ്.+ ഞാൻ വിശുദ്ധനായതുകൊണ്ട്+ നിങ്ങളും വിശുദ്ധരായിരിക്കണം.+
46 “‘മൃഗങ്ങളെയും പറക്കുന്ന ജീവികളെയും എല്ലാ ജലജന്തുക്കളെയും കരയിൽ കൂട്ടമായി കാണപ്പെടുന്ന എല്ലാ ചെറുജീവികളെയും സംബന്ധിച്ചുള്ള നിയമമാണ് ഇത്.
47 ശുദ്ധവും അശുദ്ധവും തമ്മിലും കഴിക്കാകുന്ന ജീവികളും കഴിച്ചുകൂടാത്തവയും തമ്മിലും വ്യത്യാസം കല്പിക്കാൻവേണ്ടിയുള്ളതാണ് ഈ നിയമം.’”+