ലേവ്യ 8:1-36
8 യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു:
2 “അഹരോനെയും പുത്രന്മാരെയും+ കൊണ്ടുവരുക. വസ്‌ത്രങ്ങൾ,+ അഭിഷേകതൈലം,+ പാപയാഗത്തിനുള്ള കാള, രണ്ട് ആൺചെമ്മരിയാട്, പുളിപ്പില്ലാത്ത അപ്പം+ വെച്ചിരിക്കുന്ന കൊട്ട എന്നിവയും കൊണ്ടുവരണം.
3 ഇസ്രായേൽസമൂഹത്തെ മുഴുവൻ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ ഒന്നിച്ചുകൂട്ടുകയും വേണം.”
4 യഹോവ കല്പിച്ചതുപോലെതന്നെ മോശ ചെയ്‌തു. ഇസ്രായേൽസമൂഹം സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ ഒന്നിച്ചുകൂടി.
5 അപ്പോൾ മോശ അവരോടു പറഞ്ഞു: “ഇങ്ങനെ ചെയ്യാനാണ് യഹോവ നമ്മളോടു കല്പിച്ചിരിക്കുന്നത്.”
6 അതനുസരിച്ച് മോശ അഹരോനെയും പുത്രന്മാരെയും അടുത്ത് കൊണ്ടുവന്ന് അവരെ വെള്ളംകൊണ്ട് കഴുകി.+
7 അതിനു ശേഷം അഹരോനെ നീളൻ കുപ്പായം+ ധരിപ്പിച്ചു, അരയിൽ നടുക്കെട്ടു+ കെട്ടി, കൈയില്ലാത്ത അങ്കിയും+ അണിയിച്ചു. എന്നിട്ട് ഏഫോദ്+ ധരിപ്പിച്ച് അതിന്റെ നെയ്തെടുത്ത അരപ്പട്ടകൊണ്ട്+ അതു മുറുക്കെ കെട്ടി.
8 അടുത്തതായി അഹരോനെ മാർച്ചട്ട+ അണിയിച്ച് അതിൽ ഊറീമും തുമ്മീമും+ വെച്ചു.
9 പിന്നെ തലപ്പാവ്+ അണിയിച്ചു. അതിന്റെ മുൻഭാഗത്തായി സമർപ്പണത്തിന്റെ വിശുദ്ധചിഹ്നമായ,* തിളങ്ങുന്ന സ്വർണത്തകിടും വെച്ചു.+ യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ ഇതെല്ലാം ചെയ്‌തു.
10 പിന്നെ മോശ അഭിഷേകതൈലം എടുത്ത് വിശുദ്ധകൂടാരവും അതിനുള്ളിലുള്ളതെല്ലാം അഭിഷേകം+ ചെയ്‌ത് വിശുദ്ധീകരിച്ചു.
11 അതിനു ശേഷം തൈലത്തിൽ കുറച്ച് എടുത്ത് യാഗപീഠത്തിൽ ഏഴു പ്രാവശ്യം തളിച്ച് യാഗപീഠവും അതിന്റെ എല്ലാ ഉപകരണങ്ങളും വെള്ളം വെക്കാനുള്ള പാത്രവും അതിന്റെ താങ്ങും അഭിഷേകം ചെയ്‌ത് വിശുദ്ധീകരിച്ചു.
12 ഒടുവിൽ അഹരോനെ വിശുദ്ധീകരിക്കാൻ അഭിഷേകതൈലത്തിൽ കുറച്ച് അഹരോന്റെ തലയിൽ ഒഴിച്ച് അഭിഷേകം ചെയ്‌തു.+
13 പിന്നെ മോശ അഹരോന്റെ പുത്രന്മാരെ കൊണ്ടുവന്ന് അവരെ നീളൻ കുപ്പായങ്ങൾ ധരിപ്പിച്ചു, അരയിൽ നടുക്കെട്ടുകൾ കെട്ടി, തലേക്കെട്ടും+ അണിയിച്ചു.* യഹോവ കല്പിച്ചതുപോലെതന്നെ മോശ ചെയ്‌തു.
14 അതിനു ശേഷം, മോശ പാപയാഗത്തിനുള്ള കാളയെ കൊണ്ടുവന്നു. അഹരോനും പുത്രന്മാരും അവരുടെ കൈകൾ അതിന്റെ തലയിൽ വെച്ചു.+
15 മോശ അതിനെ അറുത്ത് അതിന്റെ രക്തം+ വിരൽകൊണ്ട് എടുത്ത് യാഗപീഠത്തിന്റെ ഓരോ കൊമ്പിലും പുരട്ടി യാഗപീഠത്തിനു പാപശുദ്ധി വരുത്തി. ബാക്കിയുള്ള രക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചു. അങ്ങനെ യാഗപീഠം വിശുദ്ധീകരിച്ച് അതിൽ വെച്ച് പാപപരിഹാരം വരുത്താൻ അത് ഒരുക്കി.
16 അതിനു ശേഷം കുടലുകളിന്മേലുള്ള മുഴുവൻ കൊഴുപ്പും കരളിന്മേലുള്ള കൊഴുപ്പും വൃക്കകൾ രണ്ടും അവയുടെ കൊഴുപ്പും+ എടുത്ത് യാഗപീഠത്തിൽ വെച്ച് ദഹിപ്പിച്ചു.*
17 കാളയുടെ ബാക്കി ഭാഗങ്ങൾ, അതിന്റെ തോൽ, മാംസം, ചാണകം എന്നിവ പാളയത്തിനു വെളിയിൽവെച്ച് തീയിലിട്ട് ചുട്ടുകളഞ്ഞു.+ യഹോവ കല്പിച്ചതുപോലെതന്നെ മോശ ചെയ്‌തു.
18 പിന്നെ മോശ ദഹനയാഗത്തിനുള്ള ആൺചെമ്മരിയാടിനെ കൊണ്ടുവന്നു. അഹരോനും പുത്രന്മാരും അതിന്റെ തലയിൽ കൈകൾ വെച്ചു.+
19 മോശ അതിനെ അറുത്ത് ആ രക്തം യാഗപീഠത്തിന്റെ എല്ലാ വശങ്ങളിലും തളിച്ചു.
20 മോശ ആൺചെമ്മരിയാടിനെ മുറിച്ച് കഷണങ്ങളാക്കി അതിന്റെ തലയും കഷണങ്ങളും കൊഴുപ്പും* ദഹിപ്പിച്ചു.
21 കുടലുകളും കണങ്കാലുകളും വെള്ളംകൊണ്ട് കഴുകി. അങ്ങനെ ആൺചെമ്മരിയാടിനെ മുഴുവൻ മോശ യാഗപീഠത്തിൽ വെച്ച് ദഹിപ്പിച്ചു. ഇതു പ്രസാദിപ്പിക്കുന്ന* സുഗന്ധമായി അഗ്നിയിൽ യഹോവയ്ക്ക് അർപ്പിച്ച ദഹനയാഗമായിരുന്നു. യഹോവ കല്പിച്ചതുപോലെതന്നെ മോശ ചെയ്‌തു.
22 പിന്നെ മോശ രണ്ടാമത്തെ ആൺചെമ്മരിയാടിനെ, അതായത് സ്ഥാനാരോഹണത്തിന്റെ+ ആടിനെ, കൊണ്ടുവന്നു. അഹരോനും പുത്രന്മാരും അവരുടെ കൈകൾ അതിന്റെ തലയിൽ വെച്ചു.+
23 മോശ അതിനെ അറുത്ത് കുറച്ച് രക്തം എടുത്ത് അഹരോന്റെ വലത്തെ കീഴ്ക്കാതിലും വലങ്കൈയുടെ പെരുവിരലിലും വലങ്കാലിന്റെ പെരുവിരലിലും പുരട്ടി.
24 അടുത്തതായി മോശ അഹരോന്റെ പുത്രന്മാരെ മുന്നോട്ടു കൊണ്ടുവന്ന് കുറച്ച് രക്തം അവരുടെ വലത്തെ കീഴ്ക്കാതിലും വലങ്കൈയുടെ പെരുവിരലിലും വലങ്കാലിന്റെ പെരുവിരലിലും പുരട്ടി. ബാക്കിയുള്ള രക്തം യാഗപീഠത്തിന്റെ എല്ലാ വശങ്ങളിലും തളിച്ചു.+
25 എന്നിട്ട് മോശ കൊഴുത്ത വാലും കുടലുകളിന്മേലുള്ള മുഴുവൻ കൊഴുപ്പും കരളിന്മേലുള്ള കൊഴുപ്പും വൃക്കകൾ രണ്ടും അവയുടെ കൊഴുപ്പും ഉൾപ്പെടെ മുഴുവൻ കൊഴുപ്പും വലങ്കാലും എടുത്തു.+
26 കൂടാതെ, യഹോവയുടെ സന്നിധിയിൽ ഇരിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ കൊട്ടയിൽനിന്ന് വളയാകൃതിയിലുള്ള, പുളിപ്പില്ലാത്ത ഒരു അപ്പവും+ വളയാകൃതിയിലുള്ള, എണ്ണ ചേർത്ത ഒരു അപ്പവും+ കനം കുറഞ്ഞ് മൊരിഞ്ഞിരിക്കുന്ന ഒരു അപ്പവും എടുത്തു. എന്നിട്ട് അവ കൊഴുപ്പിന്റെ കഷണങ്ങളുടെയും വലങ്കാലിന്റെയും മുകളിൽ വെച്ചു.
27 അതിനു ശേഷം മോശ അവയെല്ലാം അഹരോന്റെ ഉള്ളങ്കൈകളിലും അഹരോന്റെ പുത്രന്മാരുടെ ഉള്ളങ്കൈകളിലും വെച്ച് യഹോവയുടെ സന്നിധിയിൽ ഒരു ദോളനയാഗമായി* അങ്ങോട്ടും ഇങ്ങോട്ടും ആട്ടി.
28 എന്നിട്ട് അവരുടെ കൈയിൽനിന്ന് അവ എടുത്ത് യാഗപീഠത്തിൽ ദഹനയാഗമൃഗത്തിന്റെ മുകളിൽ വെച്ച് ദഹിപ്പിച്ചു. അവ പ്രസാദിപ്പിക്കുന്ന സുഗന്ധമായി അർപ്പിച്ച ഒരു സ്ഥാനാരോഹണബലിയായിരുന്നു. അഗ്നിയിൽ യഹോവയ്ക്ക് അർപ്പിച്ച ഒരു യാഗമായിരുന്നു അത്.
29 പിന്നെ അതിന്റെ നെഞ്ച് എടുത്ത് മോശ യഹോവയുടെ സന്നിധിയിൽ ഒരു ദോളനയാഗമായി അങ്ങോട്ടും ഇങ്ങോട്ടും ആട്ടി.+ സ്ഥാനാരോഹണത്തിന്റെ ആൺചെമ്മരിയാടിൽനിന്ന് ഇതു മോശയ്ക്കുള്ള ഓഹരിയായിരുന്നു, യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ.+
30 മോശ അഭിഷേകതൈലവും+ യാഗപീഠത്തിലുണ്ടായിരുന്ന കുറച്ച് രക്തവും എടുത്ത് അഹരോന്റെ മേലും അഹരോന്റെ വസ്ത്രങ്ങളിലും അഹരോന്റെകൂടെയുണ്ടായിരുന്ന പുത്രന്മാരുടെ മേലും അവരുടെ വസ്ത്രങ്ങളിലും തളിച്ചു. അങ്ങനെ മോശ അഹരോനെയും പുത്രന്മാരെയും+ വിശുദ്ധീകരിച്ചു. കൂടാതെ അഹരോന്റെയും പുത്രന്മാരുടെയും വസ്ത്രങ്ങളും വിശുദ്ധീകരിച്ചു.+
31 എന്നിട്ട് മോശ അഹരോനോടും പുത്രന്മാരോടും പറഞ്ഞു: “സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽവെച്ച് മാംസം വേവിക്കുക.+ സ്ഥാനാരോഹണത്തിന്റെ കൊട്ടയിലുള്ള അപ്പത്തോടൊപ്പം നിങ്ങൾ അത് അവിടെവെച്ച് കഴിക്കണം. ‘അഹരോനും പുത്രന്മാരും അതു കഴിക്കും’+ എന്ന് എന്നോടു കല്പിച്ചിരിക്കുന്നതുപോലെതന്നെ നിങ്ങൾ ചെയ്യണം.
32 ബാക്കിവരുന്ന മാംസവും അപ്പവും നിങ്ങൾ ചുട്ടുകളയണം.+
33 നിങ്ങളുടെ സ്ഥാനാരോഹണം പൂർത്തിയാകാൻവേണ്ട ഏഴു ദിവസം കഴിയുന്നതുവരെ നിങ്ങൾ സാന്നിധ്യകൂടാരത്തിന്റെ പ്രവേശനകവാടം വിട്ട് പുറത്തെങ്ങും പോകരുത്. കാരണം പുരോഹിതന്മാരായുള്ള നിങ്ങളുടെ സ്ഥാനാരോഹണത്തിന്*+ ഏഴു ദിവസം എടുക്കും.
34 നിങ്ങൾക്കു പാപപരിഹാരം+ വരുത്താൻ ഇന്നു നമ്മൾ ചെയ്തതുതന്നെ ഇനിയും ചെയ്യാൻ യഹോവ കല്പിച്ചിരിക്കുന്നു.
35 ഏഴു ദിവസത്തേക്ക്, രാവും പകലും സാന്നിധ്യകൂടാരത്തിന്റെ പ്രവേശനകവാടത്തിന് അടുത്തുണ്ടായിരിക്കുകയും+ യഹോവയോടുള്ള നിങ്ങളുടെ കടമ നിറവേറ്റുകയും വേണം.+ ഇല്ലെങ്കിൽ നിങ്ങൾ മരിക്കും. കാരണം ഇങ്ങനെയാണ് എന്നോടു കല്പിച്ചിരിക്കുന്നത്.”
36 അഹരോനും പുത്രന്മാരും മോശയിലൂടെ യഹോവ കല്‌പിച്ച എല്ലാ കാര്യങ്ങളും ചെയ്‌തു.
അടിക്കുറിപ്പുകള്‍
^ അഥവാ “വിശുദ്ധരാജമുടിയായ.”
^ അഥവാ “അവരുടെ തലയിൽ കെട്ടി.”
^ അഥവാ “പുക ഉയരുംവിധം ദഹിപ്പിച്ചു.”
^ അഥവാ “വൃക്കകൾക്കു ചുറ്റുമുള്ള കൊഴുപ്പും.”
^ അഥവാ “പ്രീതികരമായ, മനം കുളിർപ്പിക്കുന്ന.” അക്ഷ. “ശാന്തമാക്കുന്ന.”
^ അക്ഷ. “നിങ്ങളുടെ കൈ നിറയ്‌ക്കാൻ.”