സംഖ്യ 35:1-34
35 യരീഹൊയ്ക്കു സമീപം യോർദാന് അരികെയുള്ള മോവാബ് മരുപ്രദേശത്തുവെച്ച്+ യഹോവ മോശയോട് ഇങ്ങനെ പറഞ്ഞു:
2 “ഇസ്രായേല്യരോടു തങ്ങൾക്കു കിട്ടുന്ന അവകാശത്തിൽനിന്ന് ലേവ്യർക്കു താമസിക്കാൻ നഗരങ്ങളും+ ആ നഗരങ്ങൾക്കു ചുറ്റുമുള്ള മേച്ചിൽപ്പുറങ്ങളും കൊടുക്കാൻ കല്പിക്കുക.+
3 ലേവ്യർ ആ നഗരങ്ങളിൽ താമസിക്കും. മേച്ചിൽപ്പുറങ്ങൾ അവരുടെ കന്നുകാലികൾക്കും അവരുടെ സാധനസാമഗ്രികൾക്കും അവരുടെ മറ്റെല്ലാ മൃഗങ്ങൾക്കും വേണ്ടിയായിരിക്കും.
4 നിങ്ങൾ ലേവ്യർക്കു കൊടുക്കുന്ന ഓരോ നഗരത്തിന്റെയും മേച്ചിൽപ്പുറങ്ങൾ അതതു നഗരത്തിന്റെ ചുറ്റുമതിലിൽനിന്ന് പുറത്തേക്ക് 1,000 മുഴമായിരിക്കണം.*
5 നഗരം നടുവിൽ വരുന്ന വിധത്തിൽ നിങ്ങൾ നഗരത്തിനു വെളിയിൽ കിഴക്കുഭാഗത്ത് 2,000 മുഴവും തെക്കുഭാഗത്ത് 2,000 മുഴവും പടിഞ്ഞാറുഭാഗത്ത് 2,000 മുഴവും വടക്കുഭാഗത്ത് 2,000 മുഴവും അളന്ന് വേർതിരിക്കണം. ഇവയായിരിക്കും അവരുടെ നഗരങ്ങളുടെ മേച്ചിൽപ്പുറങ്ങൾ.
6 “നിങ്ങൾ ലേവ്യർക്കു കൊടുക്കുന്ന നഗരങ്ങളിൽ ആറെണ്ണം കൊലയാളികൾക്ക് ഓടിരക്ഷപ്പെടാനുള്ള+ അഭയനഗരങ്ങളായിരിക്കും.+ ഇവയ്ക്കു പുറമേ 42 നഗരങ്ങൾകൂടി ലേവ്യർക്കു കൊടുക്കണം.
7 അങ്ങനെ ആകെ 48 നഗരങ്ങളും അവയുടെ മേച്ചിൽപ്പുറങ്ങളും നിങ്ങൾ അവർക്കു നൽകണം.+
8 ഇസ്രായേല്യരുടെ ഓഹരിയിൽനിന്നാണു നിങ്ങൾ അവർക്കു നഗരങ്ങൾ കൊടുക്കേണ്ടത്.+ വലിയ കൂട്ടങ്ങളിൽനിന്ന് അധികവും ചെറിയ കൂട്ടങ്ങളിൽനിന്ന് കുറച്ചും എടുക്കണം.+ എല്ലാ കൂട്ടങ്ങളും തങ്ങൾക്കു കിട്ടുന്ന അവകാശത്തിന് ആനുപാതികമായി തങ്ങളുടെ നഗരങ്ങളിൽ ചിലതു ലേവ്യർക്കു കൊടുക്കണം.”
9 യഹോവ മോശയോടു തുടർന്നുപറഞ്ഞു:
10 “ഇസ്രായേല്യരോട് ഇങ്ങനെ പറയുക: ‘നിങ്ങൾ ഇതാ, യോർദാൻ കടന്ന് കനാൻ ദേശത്തേക്കു പോകുന്നു.+
11 നിങ്ങൾക്ക് എളുപ്പം ചെന്നെത്താൻ കഴിയുന്ന നഗരങ്ങളാണ് അഭയനഗരങ്ങളായി തിരഞ്ഞെടുക്കേണ്ടത്. ഒരാൾ അബദ്ധത്തിൽ ആരെയെങ്കിലും കൊന്നാൽ അവിടേക്ക് ഓടിപ്പോകണം.+
12 സമൂഹത്തിനു മുമ്പാകെ വിചാരണ ചെയ്യപ്പെടുന്നതിനു മുമ്പ് കൊലയാളികൾ മരിക്കാതിരിക്കാൻ+ ആ നഗരങ്ങൾ രക്തത്തിനു പകരം ചോദിക്കുന്നവനിൽനിന്ന് അവർക്ക് അഭയം നൽകും.+
13 നിങ്ങൾ നൽകുന്ന ആറ് അഭയനഗരങ്ങൾ ഈ ലക്ഷ്യം സാധിക്കും.
14 യോർദാന്റെ ഈ വശത്ത് മൂന്നു നഗരങ്ങളും+ കനാൻ ദേശത്ത് മൂന്നു നഗരങ്ങളും+ നിങ്ങൾ അഭയനഗരങ്ങളായി കൊടുക്കണം.
15 ഇസ്രായേല്യരോ അവർക്കിടയിലെ കുടിയേറ്റക്കാരോ ദേശത്ത് വന്നുതാമസിക്കുന്ന വിദേശികളോ+ അബദ്ധത്തിൽ ആരെയെങ്കിലും കൊന്നാൽ, ഓടിരക്ഷപ്പെടാനുള്ള അഭയസ്ഥാനമായിരിക്കും ഈ ആറു നഗരങ്ങൾ.+
16 “‘എന്നാൽ ഒരാൾ മറ്റൊരാളെ ഒരു ഇരുമ്പുപകരണംകൊണ്ട് അടിച്ചിട്ട് അയാൾ മരിച്ചാൽ അയാളെ അടിച്ചവൻ ഒരു കൊലപാതകിയാണ്; ആ കൊലപാതകിയെ കൊന്നുകളയണം.+
17 ഒരാൾ മറ്റൊരാളെ ഒരു കല്ലുകൊണ്ട് ഇടിച്ചിട്ട് അയാൾ മരിച്ചാൽ അതു ചെയ്തവൻ ഒരു കൊലപാതകിയാണ്; ആ കൊലപാതകിയെ കൊന്നുകളയണം.
18 ഇനി, ഒരാൾ മറ്റൊരാളെ തടികൊണ്ടുള്ള ഒരു ഉപകരണം ഉപയോഗിച്ച് അടിച്ചിട്ട് അയാൾ മരിച്ചാലും അതു ചെയ്തവൻ ഒരു കൊലപാതകിയാണ്; ആ കൊലപാതകിയെ കൊന്നുകളയണം.
19 “‘രക്തത്തിനു പകരം ചോദിക്കാൻ ബാധ്യസ്ഥനായവനാണു കൊലപാതകിയെ കൊല്ലേണ്ടത്. കൊലപാതകിയെ കാണുമ്പോൾ അയാൾത്തന്നെ അവനെ കൊല്ലണം.
20 വിദ്വേഷംമൂലം ഒരാൾ മറ്റൊരാളെ തള്ളുകയോ ദ്രോഹചിന്തയോടെ* അവനു നേരെ എന്തെങ്കിലും എടുത്തെറിയുകയോ ചെയ്തിട്ട് അവൻ മരിച്ചുപോയാൽ,+
21 അല്ലെങ്കിൽ വിദ്വേഷംമൂലം അയാൾ മറ്റൊരാളെ കൈകൊണ്ട് അടിച്ചിട്ട് അവൻ മരിച്ചുപോയാൽ, അയാളെ ഉറപ്പായും കൊന്നുകളയണം; അയാൾ ഒരു കൊലപാതകിയാണ്. അയാളെ കാണുമ്പോൾ, രക്തത്തിനു പകരം ചോദിക്കുന്നവൻ അയാളെ കൊന്നുകളയണം.
22 “‘എന്നാൽ വിദ്വേഷമൊന്നും കൂടാതെ അവിചാരിതമായി ഒരാൾ മറ്റൊരാളെ തള്ളുകയോ ദ്രോഹചിന്തയൊന്നും കൂടാതെ* അവനു നേരെ എന്തെങ്കിലും എറിയുകയോ ചെയ്തിട്ട് അവൻ മരിച്ചുപോയാൽ,+
23 അല്ലെങ്കിൽ അയാൾ എറിഞ്ഞ കല്ല് അബദ്ധത്തിൽ അവന്റെ ദേഹത്ത് കൊണ്ടിട്ട് അവൻ മരിച്ചുപോയാൽ, അയാൾ അവന്റെ ശത്രുവോ അവനെ ദ്രോഹിക്കാൻ അവസരം നോക്കി നടക്കുന്നവനോ അല്ലെങ്കിൽ,
24 സമൂഹം ഈ ന്യായത്തീർപ്പുകൾക്കു ചേർച്ചയിൽ കൊലയാളിയുടെയും രക്തത്തിനു പകരം ചോദിക്കുന്നവന്റെയും മധ്യേ ന്യായം വിധിക്കണം.+
25 പകരം ചോദിക്കുന്നവന്റെ കൈയിൽനിന്ന് സമൂഹം അയാളെ മോചിപ്പിച്ച് അയാൾ ഓടിച്ചെന്ന ആ അഭയനഗരത്തിലേക്കു തിരിച്ചയയ്ക്കണം. വിശുദ്ധതൈലത്താൽ അഭിഷിക്തനായ മഹാപുരോഹിതന്റെ മരണംവരെ അയാൾ അവിടെ താമസിക്കണം.+
26 “‘എന്നാൽ കൊലയാളി താൻ ഓടിപ്പോയ അഭയനഗരത്തിന്റെ അതിർത്തിക്കു പുറത്ത് പോകുകയും
27 രക്തത്തിനു പകരം ചോദിക്കുന്നവൻ അയാളെ അയാളുടെ അഭയനഗരത്തിന്റെ അതിർത്തിക്കു വെളിയിൽവെച്ച് കണ്ടിട്ട് കൊന്നുകളയുകയും ചെയ്താൽ അവന്റെ മേൽ രക്തം ചൊരിഞ്ഞതിന്റെ കുറ്റമില്ല.
28 കാരണം മഹാപുരോഹിതന്റെ മരണംവരെ കൊലയാളി അഭയനഗരത്തിൽ പാർക്കേണ്ടതായിരുന്നു. എന്നാൽ മഹാപുരോഹിതന്റെ മരണശേഷം അയാൾക്കു സ്വന്തം സ്ഥലത്തേക്കു മടങ്ങിപ്പോകാവുന്നതാണ്.+
29 ന്യായവിധി നടത്തുമ്പോൾ തലമുറകളോളം നിങ്ങളുടെ എല്ലാ താമസസ്ഥലങ്ങളിലും നിങ്ങൾ പിൻപറ്റേണ്ട നിയമങ്ങളാണ് ഇവ.
30 “‘ആരെങ്കിലും ഒരാളെ കൊന്നാൽ സാക്ഷികളുടെ മൊഴിയുടെ* അടിസ്ഥാനത്തിൽ+ ആ കൊലപാതകിയെ കൊന്നുകളയണം.+ എന്നാൽ ഒരേ ഒരു സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആരെയും കൊല്ലരുത്.
31 മരണയോഗ്യനായ ഒരു കൊലപാതകിയുടെ ജീവനുവേണ്ടി നിങ്ങൾ മോചനവില വാങ്ങരുത്. അയാളെ കൊന്നുകളയണം.+
32 അതുപോലെ, അഭയനഗരത്തിലേക്ക് ഓടിപ്പോയവനുവേണ്ടിയും നിങ്ങൾ മോചനവില വാങ്ങരുത്, മഹാപുരോഹിതന്റെ മരണത്തിനു മുമ്പ് തിരികെ വന്ന് സ്വന്തം സ്ഥലത്ത് താമസിക്കാൻ അയാളെ അനുവദിക്കരുത്.
33 “‘നിങ്ങൾ താമസിക്കുന്ന ദേശം നിങ്ങൾ മലിനമാക്കരുത്. രക്തം ദേശത്തെ മലിനമാക്കുന്നതിനാൽ,+ രക്തം ചൊരിഞ്ഞവന്റെ രക്തത്താലല്ലാതെ ദേശത്ത് ചൊരിഞ്ഞ രക്തത്തിനു പാപപരിഹാരമില്ല.+
34 ഞാൻ വസിക്കുന്നതും നിങ്ങൾ താമസിക്കുന്നതും ആയ ദേശം നിങ്ങൾ അശുദ്ധമാക്കരുത്. യഹോവ എന്ന ഞാൻ ഇസ്രായേൽ ജനത്തിന്റെ ഇടയിൽ താമസിക്കുന്നല്ലോ.’”+