സങ്കീർത്തനം 26:1-12
ദാവീദിന്റേത്.
26 യഹോവേ, എന്നെ വിധിക്കേണമേ; ഞാൻ നിഷ്‌കളങ്കത* കൈവിടാതെ നടന്നിരിക്കുന്നല്ലോ.+ചഞ്ചലപ്പെടാതെ ഞാൻ യഹോവയിൽ ആശ്രയിച്ചിരിക്കുന്നു.+
2 യഹോവേ, എന്നെ പരിശോധിക്കേണമേ, എന്നെ പരീക്ഷിച്ചുനോക്കേണമേ;എന്റെ ഹൃദയവും ഉള്ളിന്റെ ഉള്ളിലെ ചിന്തകളും* ശുദ്ധീകരിക്കേണമേ.+
3 കാരണം, അങ്ങയുടെ അചഞ്ചലമായ സ്‌നേഹം എപ്പോഴും എന്റെ മുന്നിലുണ്ട്;ഞാൻ അങ്ങയുടെ സത്യത്തിൽ നടക്കുന്നു.+
4 വഞ്ചകരോടു ഞാൻ കൂട്ടു കൂടാറില്ല;+തനിസ്വരൂപം മറച്ചുവെക്കുന്നവരെ ഞാൻ ഒഴിവാക്കുന്നു.*
5 ദുഷ്‌പ്രവൃത്തിക്കാരുടെ സംഘത്തെ ഞാൻ വെറുക്കുന്നു;+ദുഷ്ടന്മാരുമായി ഇടപഴകാൻ ഞാൻ വിസമ്മതിക്കുന്നു.+
6 നിഷ്‌കളങ്കതയിൽ ഞാൻ എന്റെ കൈ കഴുകും;യഹോവേ, അങ്ങയുടെ യാഗപീഠത്തെ ഞാൻ വലംവെക്കും.
7 എന്റെ അധരങ്ങൾ അപ്പോൾ നന്ദിവാക്കുകൾ പൊഴിക്കും,+അങ്ങയുടെ സകല മഹനീയപ്രവൃത്തികളെക്കുറിച്ചും ഘോഷിക്കും.
8 യഹോവേ, അങ്ങ് വസിക്കുന്ന ഭവനം,+അങ്ങയുടെ തേജസ്സു കുടികൊള്ളുന്ന സ്ഥലം,+ ഞാൻ പ്രിയപ്പെടുന്നു.
9 പാപികളുടെകൂടെ എന്നെ തൂത്തെറിയരുതേ;+അക്രമികളുടെകൂടെ* എന്റെ ജീവനെടുത്തുകളയരുതേ.
10 അവരുടെ കൈകൾ നാണംകെട്ട കാര്യങ്ങൾ ചെയ്യുന്നു;അവരുടെ വലങ്കൈ നിറയെ കൈക്കൂലിയാണ്.
11 എന്നാൽ, ഞാൻ എന്റെ നിഷ്‌കളങ്കതയിൽ* നടക്കും.
എന്നെ രക്ഷിക്കേണമേ;* എന്നോടു പ്രീതി കാട്ടേണമേ.
12 എന്റെ കാലുകൾ നിരപ്പായ സ്ഥലത്ത് ഉറച്ചുനിൽക്കുന്നു;+മഹാസഭയിൽ* ഞാൻ യഹോവയെ വാഴ്‌ത്തും.+
അടിക്കുറിപ്പുകള്‍
^ അഥവാ “ധർമനിഷ്ഠ.” പദാവലിയിൽ “ധർമനിഷ്ഠ” കാണുക.
^ അഥവാ “ഉള്ളിന്റെ ഉള്ളിലെ വികാരങ്ങളും.” അക്ഷ. “വൃക്കകളും.”
^ അഥവാ “കപടനാട്യക്കാരുമായി ഞാൻ ഇടപഴകാറില്ല.”
^ അഥവാ “രക്തം ചൊരിയുന്നവരുടെകൂടെ.”
^ അഥവാ “ധർമനിഷ്ഠയിൽ.” പദാവലിയിൽ “ധർമനിഷ്ഠ” കാണുക.
^ അക്ഷ. “വീണ്ടെടുക്കേണമേ.”
^ അക്ഷ. “സമ്മേളനങ്ങളിൽ.”