സങ്കീർത്തനം 69:1-36
സംഗീതസംഘനായകന്; “ലില്ലി”കൾക്കുവേണ്ടി ചിട്ടപ്പെടുത്തിയത്. ദാവീദിന്റേത്.
69 ദൈവമേ, എന്നെ രക്ഷിക്കേണമേ; വെള്ളം എന്റെ ജീവനു ഭീഷണി ഉയർത്തുന്നു.+
2 ഞാൻ ആഴമേറിയ ചെളിക്കുണ്ടിലേക്ക് ആണ്ടുപോയിരിക്കുന്നു;+ എനിക്കു കാൽ ഉറപ്പിക്കാൻ ഇടമില്ല.
നിലയില്ലാക്കയത്തിൽ ഞാൻ അകപ്പെട്ടിരിക്കുന്നു;ആർത്തലച്ചുവന്ന വെള്ളം എന്നെ ഒഴുക്കിക്കൊണ്ടുപോയി.+
3 സഹായത്തിനായി നിലവിളിച്ച് ഞാൻ അവശനായിരിക്കുന്നു;+എന്റെ തൊണ്ട അടഞ്ഞുപോയി.
എന്റെ ദൈവത്തിനായി കാത്തുകാത്തിരുന്ന് എന്റെ കണ്ണുകൾ തളർന്നു.+
4 ഒരു കാരണവുമില്ലാതെ എന്നെ വെറുക്കുന്നവർ+എന്റെ തലമുടിയുടെ എണ്ണത്തെക്കാൾ അധികം.
എന്നെ ഒടുക്കിക്കളയാൻ നോക്കുന്നഎന്റെ വഞ്ചകരായ ശത്രുക്കൾ* പെരുകിയിരിക്കുന്നു.
മോഷ്ടിച്ചെടുക്കാത്തതു വിട്ടുകൊടുക്കാൻ ഞാൻ നിർബന്ധിതനായി.
5 ദൈവമേ, എന്റെ ബുദ്ധിയില്ലായ്മ അങ്ങ് അറിയുന്നല്ലോ;എന്റെ കുറ്റം അങ്ങയിൽനിന്ന് മറഞ്ഞിരിക്കുന്നില്ല.
6 പരമാധികാരിയാം കർത്താവേ, സൈന്യങ്ങളുടെ അധിപനായ യഹോവേ,അങ്ങയിൽ പ്രത്യാശ വെക്കുന്നവർ ഞാൻ കാരണം നാണംകെടാൻ ഇടവരരുതേ.
ഇസ്രായേലിന്റെ ദൈവമേ, അങ്ങയെ തേടുന്നവർ അപമാനിതരാകാൻ ഞാൻ കാരണക്കാരനാകരുതേ.
7 അങ്ങയുടെ പേരിൽ ഞാൻ നിന്ദ സഹിക്കുന്നു;+അപമാനം എന്റെ മുഖത്തെ മൂടുന്നു.+
8 എന്റെ സഹോദരന്മാർക്കു ഞാൻ അപരിചിതനായിരിക്കുന്നു;എന്റെ അമ്മയുടെ മക്കൾക്കു ഞാൻ അന്യനായി.+
9 അങ്ങയുടെ ഭവനത്തോടുള്ള ശുഷ്കാന്തി എന്നെ തിന്നുകളഞ്ഞു;+അങ്ങയെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേൽ വീണിരിക്കുന്നു.+
10 ഞാൻ ഉപവസിച്ച് എന്നെത്തന്നെ താഴ്ത്തിയപ്പോൾ*അതിന്റെ പേരിൽ എനിക്കു നിന്ദ സഹിക്കേണ്ടിവന്നു.
11 ഞാൻ വിലാപവസ്ത്രം ധരിച്ചപ്പോൾഅവരുടെ പരിഹാസപാത്രമായിത്തീർന്നു.*
12 നഗരകവാടങ്ങളിൽ ഇരിക്കുന്നവർക്കു ഞാൻ സംസാരവിഷയമായി;കുടിയന്മാർ എന്നെക്കുറിച്ച് പാട്ട് ഉണ്ടാക്കുന്നു.
13 എന്നാൽ യഹോവേ, സ്വീകാര്യമായ ഒരു സമയത്ത്എന്റെ പ്രാർഥന തിരുസന്നിധിയിൽ എത്തട്ടെ.+
സമൃദ്ധമായി അചഞ്ചലസ്നേഹം കാണിക്കുന്ന ദൈവമേ,അങ്ങയുടെ ആശ്രയയോഗ്യമായ രക്ഷാപ്രവൃത്തികളാൽ എനിക്ക് ഉത്തരമേകേണമേ.+
14 ചെളിക്കുണ്ടിൽനിന്ന് എന്നെ രക്ഷിക്കേണമേ;ഞാൻ മുങ്ങിത്താഴാൻ അനുവദിക്കരുതേ.
എന്നെ വെറുക്കുന്നവരിൽനിന്ന് എന്നെ രക്ഷിക്കേണമേ;ആഴക്കയത്തിൽനിന്ന് എന്നെ കരകയറ്റേണമേ.+
15 ആർത്തലച്ചുവരുന്ന പ്രളയജലം എന്നെ ഒഴുക്കിക്കൊണ്ടുപോകരുതേ;+ആഴങ്ങൾ എന്നെ വിഴുങ്ങാനോകിണർ* എന്നെ മൂടിക്കളയാനോ അനുവദിക്കരുതേ.+
16 യഹോവേ, എനിക്ക് ഉത്തരമേകേണമേ. അങ്ങയുടെ അചഞ്ചലമായ സ്നേഹം എത്ര നല്ലത്!+
അങ്ങയുടെ മഹാകരുണയ്ക്കു ചേർച്ചയിൽ എന്നിലേക്കു തിരിയേണമേ.+
17 അങ്ങ് ഈ ദാസനിൽനിന്ന് മുഖം മറച്ചുകളയരുതേ.+
വേഗം ഉത്തരമേകേണമേ; ഞാൻ ആകെ കഷ്ടത്തിലാണ്.+
18 എന്റെ അടുത്തേക്കു വന്ന് എന്നെ രക്ഷിക്കേണമേ;ശത്രുക്കളുടെ കൈയിൽനിന്ന് എന്നെ മോചിപ്പിക്കേണമേ.*
19 ഞാൻ അനുഭവിക്കുന്ന നിന്ദയും അവഹേളനവും അപമാനവും അങ്ങയ്ക്ക് അറിയാമല്ലോ.+
എന്റെ ശത്രുക്കളെയെല്ലാം അങ്ങ് കാണുന്നു.
20 നിന്ദ എന്റെ ഹൃദയം തകർത്തുകളഞ്ഞിരിക്കുന്നു; എനിക്കേറ്റ മുറിവ് ഭേദമാക്കാനാകാത്തതാണ്.*
ഞാൻ സഹതാപം പ്രതീക്ഷിച്ചു; പക്ഷേ, കാര്യമുണ്ടായില്ല.+ആശ്വാസകർക്കായി കൊതിച്ചു; പക്ഷേ, ആരെയും കണ്ടില്ല.+
21 ആഹാരത്തിനു പകരം അവർ എനിക്കു വിഷം* തന്നു;+ദാഹിച്ചപ്പോൾ കുടിക്കാൻ തന്നതോ വിനാഗിരിയും.+
22 അവരുടെ മേശ അവർക്ക് ഒരു കെണിയായി മാറട്ടെ;അവരുടെ സമൃദ്ധി അവർക്ക് ഒരു കുടുക്കാകട്ടെ.+
23 കാണാൻ പറ്റാത്ത വിധം അവരുടെ കണ്ണുകൾ ഇരുണ്ടുപോകട്ടെ;അവരുടെ അരക്കെട്ടുകൾ എപ്പോഴും വിറയ്ക്കട്ടെ.
24 അങ്ങയുടെ ക്രോധം അവരുടെ മേൽ ചൊരിയേണമേ;അങ്ങയുടെ കോപാഗ്നി അവരെ പിടികൂടട്ടെ.+
25 അവരുടെ താവളം* ശൂന്യമാകട്ടെ;അവരുടെ കൂടാരങ്ങളിൽ ആരുമില്ലാതാകട്ടെ.+
26 കാരണം അങ്ങ് പ്രഹരിച്ചവന്റെ പിന്നാലെ അവർ പായുന്നു;അങ്ങ് മുറിവേൽപ്പിച്ചവരുടെ വേദനകളെക്കുറിച്ച് അവർ വാതോരാതെ വിവരിക്കുന്നു.
27 അവരുടെ കുറ്റത്തോടു കുറ്റം കൂട്ടേണമേ;അങ്ങയുടെ നീതിയിൽ അവർക്ക് ഓഹരിയൊന്നുമില്ലാതിരിക്കട്ടെ.
28 ജീവനുള്ളവരുടെ പുസ്തകത്തിൽനിന്ന്* അവരുടെ പേര് മായ്ച്ചുകളയേണമേ;+നീതിമാന്മാരുടെ പട്ടികയിൽ അവരുടെ പേര് ചേർക്കരുതേ.+
29 ഞാനോ ആകെ കഷ്ടതയിലും വേദനയിലും ആണ്.+
ദൈവമേ, അങ്ങയുടെ രക്ഷാശക്തി എന്നെ സംരക്ഷിക്കട്ടെ.
30 ദൈവനാമത്തെ ഞാൻ പാടി സ്തുതിക്കും;നന്ദിവാക്കുകളാൽ ഞാൻ എന്റെ ദൈവത്തെ മഹത്ത്വപ്പെടുത്തും.
31 കാളകളെക്കാൾ, കൊമ്പും കുളമ്പും ഉള്ള കാളകളെക്കാൾ,യഹോവ പ്രസാദിക്കുന്നത് ഇതിലാണ്.+
32 സൗമ്യർ അതു കണ്ട് ആഹ്ലാദിക്കും,
ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയം ചൈതന്യം പ്രാപിക്കട്ടെ.
33 യഹോവ പാവപ്പെട്ടവരിലേക്കു ചെവി ചായിക്കുന്നു,+ബന്ദികളായ തന്റെ ജനത്തോട് അവജ്ഞ കാട്ടില്ല.+
34 ആകാശവും ഭൂമിയും ദൈവത്തെ സ്തുതിക്കട്ടെ.+സമുദ്രവും അതിൽ ചരിക്കുന്ന സകലവും ദൈവത്തെ വാഴ്ത്തട്ടെ.
35 കാരണം, ദൈവം സീയോനെ രക്ഷിക്കും,+യഹൂദാനഗരങ്ങൾ പുതുക്കിപ്പണിയും.അവർ അവ കൈവശമാക്കി അവിടെ* വസിക്കും.
36 ദൈവദാസരുടെ സന്തതിപരമ്പരകൾ അവ അവകാശമാക്കും.+ദൈവനാമത്തെ സ്നേഹിക്കുന്നവർ+ അവിടെ താമസിക്കും.
അടിക്കുറിപ്പുകള്
^ അഥവാ “ഒരു കാരണവുമില്ലാതെ എന്റെ ശത്രുക്കളായവർ.”
^ മറ്റൊരു സാധ്യത “ഞാൻ കരഞ്ഞ് ഉപവസിച്ചപ്പോൾ.”
^ അക്ഷ. “പഴഞ്ചൊല്ലായിത്തീർന്നു.”
^ അഥവാ “കുഴി.”
^ അക്ഷ. “വീണ്ടെടുക്കേണമേ.”
^ അഥവാ “ഞാൻ ഏതാണ്ട് ആശയറ്റ നിലയിലായിരിക്കുന്നു.”
^ അഥവാ “വിഷച്ചെടി.”
^ അഥവാ “ചുറ്റുമതിലുള്ള പാളയം.”
^ അഥവാ “ജീവപുസ്തകത്തിൽനിന്ന്.”
^ അതായത്, ആ ദേശത്ത്.