സങ്കീർത്തനം 94:1-23
94 പ്രതികാരത്തിന്റെ ദൈവമായ യഹോവേ,+പ്രതികാരത്തിന്റെ ദൈവമേ, പ്രകാശിക്കേണമേ.
2 ഭൂമിയുടെ ന്യായാധിപനേ, എഴുന്നേൽക്കേണമേ.+
ധാർഷ്ട്യമുള്ളവർക്ക് അർഹിക്കുന്നതു പകരം കൊടുക്കേണമേ.+
3 യഹോവേ, ദുഷ്ടന്മാർ എത്ര കാലംകൂടെ ഉല്ലസിച്ചുനടക്കും?+ദൈവമേ, ഇനി എത്ര കാലംകൂടെ?
4 അവർ അഹങ്കാരത്തോടെ വിടുവാക്കു പൊഴിക്കുന്നു;ദുഷ്‌പ്രവൃത്തിക്കാരെല്ലാം പൊങ്ങച്ചം പറയുന്നു.
5 യഹോവേ, അവർ അങ്ങയുടെ ജനത്തെ ഞെരുക്കുന്നു,+അങ്ങയ്‌ക്ക് അവകാശപ്പെട്ടവരെ അടിച്ചമർത്തുന്നു.
6 വിധവയെയും വന്നുതാമസിക്കുന്ന വിദേശിയെയും അവർ കൊല്ലുന്നു;അനാഥരെ* അവർ വകവരുത്തുന്നു.
7 അവർ പറയുന്നു: “യാഹ് ഇതൊന്നും കാണുന്നില്ല;+യാക്കോബിൻദൈവം ഒന്നും ശ്രദ്ധിക്കുന്നില്ല.”+
8 ബുദ്ധിയില്ലാത്തവരേ, ഇതു മനസ്സിലാക്കിക്കൊള്ളുക;വിഡ്‌ഢികളേ, എന്നാണു നിങ്ങൾ അൽപ്പം ഉൾക്കാഴ്ച കാണിക്കുക?+
9 ചെവി ഉണ്ടാക്കിയവനു* കേൾക്കാനാകില്ലെന്നോ?
കണ്ണു നിർമിച്ചവനു കാണാനാകില്ലെന്നോ?+
10 ജനതകളെ തിരുത്തുന്നവനു ശാസിക്കാനാകില്ലെന്നോ?+
ആളുകൾക്ക് അറിവ് പകർന്നുകൊടുക്കുന്നത് ആ ദൈവമാണ്!+
11 മനുഷ്യരുടെ ചിന്തകൾ യഹോവയ്ക്ക് അറിയാം;അവ വെറും ശ്വാസംപോലെയെന്നു ദൈവം അറിയുന്നു.+
12 യാഹേ, അങ്ങയുടെ തിരുത്തൽ ലഭിക്കുന്ന മനുഷ്യൻ,+അങ്ങ് നിയമം പഠിപ്പിക്കുന്നവൻ, സന്തുഷ്ടൻ!+
13 അങ്ങനെ, അവനു ദുരിതദിനങ്ങളിൽ പ്രശാന്തത ലഭിക്കുന്നു;ദുഷ്ടന് ഒരു കുഴി ഒരുങ്ങുന്നതുവരെ അവൻ അങ്ങനെ കഴിയുന്നു.+
14 കാരണം, യഹോവ തന്റെ ജനത്തെ ഉപേക്ഷിക്കില്ല;+തന്റെ അവകാശത്തെ ദൈവം കൈവെടിയില്ല.+
15 വിധികൾ വീണ്ടും നീതിയുള്ളതാകും;ഹൃദയശുദ്ധിയുള്ളവരെല്ലാം അവ അനുസരിക്കും.
16 ദുഷ്ടന്മാർക്കെതിരെ ആർ എനിക്കുവേണ്ടി എഴുന്നേൽക്കും?
ദുഷ്‌പ്രവൃത്തിക്കാർക്കെതിരെ ആർ എനിക്കുവേണ്ടി നിലയുറപ്പിക്കും?
17 സഹായിയായി യഹോവ കൂടെയില്ലായിരുന്നെങ്കിൽഞാൻ എപ്പോഴേ ഇല്ലാതായേനേ.+
18 “കാലുകൾ തെന്നിപ്പോകുന്നു” എന്നു ഞാൻ പറഞ്ഞപ്പോൾ
യഹോവേ, അങ്ങയുടെ അചഞ്ചലസ്നേഹം എന്നെ താങ്ങിനിറുത്തി.+
19 ആകുലചിന്തകൾ* എന്നെ വരിഞ്ഞുമുറുക്കിയപ്പോൾ*അങ്ങ് എന്നെ ആശ്വസിപ്പിച്ചു, എന്നെ സാന്ത്വനപ്പെടുത്തി.+
20 നിയമത്തിന്റെ പേരും പറഞ്ഞ്* കുഴപ്പങ്ങൾ ഉണ്ടാക്കുന്നദുഷ്ടസിംഹാസനത്തിന്* അങ്ങയുമായി സഖ്യം ചേരാനാകുമോ?+
21 നീതിമാനെ അവർ നിർദയം ആക്രമിക്കുന്നു,+നിരപരാധിയെ മരണത്തിനു വിധിക്കുന്നു.*+
22 എന്നാൽ, യഹോവ എനിക്ക് ഒരു സുരക്ഷിതസങ്കേതമാകും;എന്റെ ദൈവം എനിക്ക് അഭയമേകുന്ന പാറ.+
23 അവരുടെ ദുഷ്ടത തിരികെ അവരുടെ തലയിൽത്തന്നെ പതിക്കാൻ ദൈവം ഇടയാക്കും.+
അവരുടെ ദുഷ്ടതയാൽത്തന്നെ ദൈവം അവരെ ഇല്ലാതാക്കും.*
നമ്മുടെ ദൈവമായ യഹോവ അവരെ തുടച്ചുനീക്കും.*+
അടിക്കുറിപ്പുകള്‍
^ അഥവാ “പിതാവില്ലാത്ത കുട്ടികളെ.”
^ അക്ഷ. “നട്ടവന്.”
^ അഥവാ “ഉത്കണ്ഠകൾ.”
^ അഥവാ “എന്റെ ഉള്ളിൽ പെരുകിയപ്പോൾ.”
^ അഥവാ “ദുഷ്ടഭരണാധികാരികൾക്ക്; ദുഷ്ടന്യായാധിപന്മാർക്ക്.”
^ അഥവാ “ഉത്തരവുകളാൽ.”
^ അക്ഷ. “നിരപരാധിയുടെ രക്തം കുറ്റമുള്ളത് (ദുഷ്ടം) എന്ന് അവർ പ്രഖ്യാപിക്കുന്നു.”
^ അക്ഷ. “നിശ്ശബ്ദരാക്കും.”
^ അക്ഷ. “നിശ്ശബ്ദരാക്കും.”