ശമുവേൽ ഒന്നാം ഭാഗം 2:1-36

2  തുടർന്ന്‌, ഹന്ന ഇങ്ങനെ പ്രാർഥി​ച്ചു: “എന്റെ ഹൃദയം യഹോ​വ​യിൽ ആഹ്ലാദി​ക്കു​ന്നു.+എന്റെ കൊമ്പ്‌* യഹോവ ഉയർത്തി​യി​രി​ക്കു​ന്നു. എന്റെ വായ്‌ ശത്രു​ക്ക​ളു​ടെ നേരെ മലർക്കെ തുറന്നി​രി​ക്കു​ന്നു.കാരണം, അങ്ങയുടെ രക്ഷാ​പ്ര​വൃ​ത്തി​ക​ളിൽ ഞാൻ ആഹ്ലാദി​ക്കു​ന്നു.  2  യഹോവയെപ്പോലെ വിശുദ്ധൻ ആരുമില്ല,അങ്ങല്ലാതെ മറ്റാരു​മില്ല.+നമ്മുടെ ദൈവത്തെപ്പോ​ലെ ഒരു പാറയു​മില്ല.+  3  മേലാൽ ധാർഷ്ട്യത്തോ​ടെ സംസാ​രി​ക്ക​രുത്‌.ഗർവമുള്ള ഒരു വാക്കും നിന്റെ വായിൽനി​ന്ന്‌ പുറ​പ്പെ​ട​രുത്‌.കാരണം, യഹോവ സർവജ്ഞാ​നി​യായ ദൈവ​മ​ല്ലോ.+ദൈവം പ്രവൃ​ത്തി​കളെ ശരിയാ​യി തൂക്കിനോ​ക്കു​ന്നു.  4  ബലവാന്മാരുടെ വില്ലുകൾ ഛിന്നഭി​ന്ന​മാ​കു​ന്നു.പക്ഷേ, ദുർബലർക്കു* ശക്തി കിട്ടുന്നു.+  5  സുഭിക്ഷതയിൽ കഴിഞ്ഞി​രു​ന്നവർ അപ്പത്തി​നുവേണ്ടി കൂലി​പ്പ​ണിയെ​ടു​ക്കു​ന്നു.പക്ഷേ, വിശന്നി​രു​ന്ന​വ​രു​ടെ വിശപ്പി​നു ശമനം വന്നു.+ വന്ധ്യ ഏഴു പ്രസവി​ച്ചു.+പക്ഷേ, പുത്ര​സ​മ്പ​ന്ന​യോ ക്ഷയിച്ചുപോ​യി.  6  യഹോവ ജീവ​നെ​ടു​ക്കു​ന്നു, ജീവൻ സംരക്ഷി​ക്കു​ന്നു.*ദൈവം ശവക്കുഴിയിൽ* ഇറക്കുന്നു, ഉയർത്തു​ക​യും ചെയ്യുന്നു.+  7  യഹോവ ദാരിദ്ര്യ​വും ഐശ്വ​ര്യ​വും തരുന്നു.+താഴ്‌ത്തു​ക​യും ഉയർത്തു​ക​യും ചെയ്യുന്നു.+  8  സാധുക്കളെ പൊടി​യിൽനിന്ന്‌ ഉയർത്തു​ന്നു.ദരി​ദ്ര​നെ ചാരക്കൂമ്പാരത്തിൽനിന്ന്‌* എഴു​ന്നേൽപ്പി​ക്കു​ന്നു.+ആദരണീ​യ​സ്ഥാ​നം നൽകി അവരെ പ്രഭു​ക്ക​ന്മാരോടൊ​പ്പം ഇരുത്തു​ന്നു.ഭൂമി​യു​ടെ താങ്ങുകൾ യഹോ​വ​യുടേ​ത​ല്ലോ.+വിളനി​ലം ദൈവം അവയുടെ മേൽ വെക്കുന്നു.  9  തന്റെ വിശ്വ​സ്‌ത​രു​ടെ കാലടി​കൾ ദൈവം കാക്കുന്നു.+ദുഷ്ടന്മാരെയോ ഇരുളിൽ നിശ്ശബ്ദ​രാ​ക്കും.+ശക്തിയാ​ല​ല്ലല്ലോ മനുഷ്യൻ ജയിക്കു​ന്നത്‌.+ 10  തന്നോടു പോരാ​ടു​ന്ന​വരെ യഹോവ തകർത്ത്‌ തരിപ്പ​ണ​മാ​ക്കും.*+ദൈവം ആകാശ​ത്തു​നിന്ന്‌ അവർക്കെ​തി​രെ ഇടി മുഴക്കും.+ ഭൂമി​യു​ടെ അറ്റംവരെ യഹോവ ന്യായം വിധി​ക്കും.+തന്റെ രാജാ​വി​നു ശക്തി കൊടു​ക്കും.+തന്റെ അഭിഷി​ക്തന്റെ കൊമ്പ്‌ ഉയർത്തും.”+ 11  പിന്നെ, എൽക്കാന രാമയി​ലെ വീട്ടി​ലേക്കു പോയി. ബാലൻ പുരോ​ഹി​ത​നായ ഏലിയു​ടെ കീഴിൽ യഹോ​വ​യ്‌ക്കു ശുശ്രൂഷ ചെയ്യു​ന്ന​വ​നാ​യി.*+ 12  ഏലിയുടെ മക്കൾ കൊള്ള​രു​താ​ത്ത​വ​രാ​യി​രു​ന്നു.+ അവർ യഹോ​വയെ ഒട്ടും ആദരി​ച്ചി​രു​ന്നില്ല. 13  ജനത്തിൽനിന്ന്‌ പുരോ​ഹി​ത​ന്മാർക്കു കിട്ടേണ്ട അവകാ​ശ​ത്തി​ന്റെ കാര്യ​ത്തിൽ അവർ ചെയ്‌തത്‌ ഇതാണ്‌:+ ആരെങ്കി​ലും ബലി അർപ്പി​ക്കാൻ വന്നാൽ, ഇറച്ചി വേവുന്ന സമയത്ത്‌ പുരോ​ഹി​തന്റെ പരിചാ​രകൻ കയ്യി​ലൊ​രു മുപ്പല്ലി​യു​മാ​യി വന്ന്‌ 14  ഉരുളിയിലോ ഇരട്ടപ്പി​ടി​യുള്ള കലത്തി​ലോ കുട്ടക​ത്തി​ലോ ഒറ്റ പിടി​യുള്ള കലത്തി​ലോ കുത്തും. മുപ്പല്ലി​യിൽ കിട്ടു​ന്നതെ​ല്ലാം പുരോ​ഹി​തൻ എടുക്കും. ശീലോ​യിൽ വരുന്ന എല്ലാ ഇസ്രായേ​ല്യരോ​ടും അവർ അങ്ങനെ​തന്നെ ചെയ്‌തി​രു​ന്നു. 15  മാത്രമല്ല, ബലി അർപ്പി​ക്കു​ന്ന​യാൾക്കു കൊഴു​പ്പു ദഹിപ്പിക്കാൻ* സാധി​ക്കു​ന്ന​തി​നു മുമ്പുതന്നെ+ പുരോ​ഹി​തന്റെ പരിചാ​രകൻ വന്ന്‌ അയാ​ളോ​ടു പറയും: “പുരോ​ഹി​തനു ചുടാൻ ഇറച്ചി തരൂ! പുഴു​ങ്ങി​യത്‌ അദ്ദേഹം സ്വീക​രി​ക്കില്ല, പച്ച മാംസം​തന്നെ വേണം.” 16  പക്ഷേ, ആ മനുഷ്യൻ പരിചാ​ര​കനോട്‌, “ആദ്യം അവർ കൊഴു​പ്പു ദഹിപ്പി​ക്കട്ടെ,+ പിന്നെ, എന്തു വേണ​മെ​ങ്കി​ലും എടുത്തുകൊ​ള്ളൂ” എന്നു പറയു​മ്പോൾ, “അതു പറ്റില്ല, ഇപ്പോൾത്തന്നെ വേണം; ഇല്ലെങ്കിൽ ഞാൻ ബലമായി എടുക്കും” എന്നു പരിചാ​രകൻ പറയും. 17  അങ്ങനെ, ആ പുരു​ഷ​ന്മാർ യഹോ​വ​യു​ടെ യാഗ​ത്തോട്‌ അനാദ​രവ്‌ കാണിച്ചതുകൊണ്ട്‌+ അവരുടെ പാപം യഹോ​വ​യു​ടെ മുമ്പാകെ വളരെ വലുതാ​യി. 18  ശമുവേലോ വെറുമൊ​രു ബാലനാ​യി​രുന്നെ​ങ്കി​ലും ലിനൻകൊ​ണ്ടുള്ള ഏഫോദ്‌+ ധരിച്ച്‌ യഹോ​വ​യു​ടെ സന്നിധി​യിൽ ശുശ്രൂഷ ചെയ്‌തുകൊ​ണ്ടി​രു​ന്നു.+ 19  ശമുവേലിന്റെ അമ്മ അവനു​വേണ്ടി കൈയി​ല്ലാത്ത ചെറിയ മേലങ്കി ഉണ്ടാക്കി വർഷാ​വർഷം ഭർത്താ​വിന്റെ​കൂ​ടെ വാർഷി​ക​ബലി അർപ്പിക്കാൻ+ വരു​മ്പോൾ അവനു കൊണ്ടു​വന്ന്‌ കൊടു​ത്തി​രു​ന്നു. 20  ഏലി എൽക്കാ​നയെ​യും ഭാര്യയെ​യും അനു​ഗ്ര​ഹിച്ച്‌ ഇങ്ങനെ പറഞ്ഞു: “യഹോ​വ​യ്‌ക്കു സമർപ്പിച്ച മകനു പകരം മറ്റൊരു കുഞ്ഞിനെ യഹോവ ഈ ഭാര്യ​യി​ലൂ​ടെ നിനക്കു തരട്ടെ.”+ പിന്നെ, അവർ വീട്ടി​ലേക്കു മടങ്ങിപ്പോ​യി. 21  യഹോവ ഹന്നയെ ഓർത്തു. ഹന്ന ഗർഭി​ണി​യാ​യി,+ മൂന്ന്‌ ആൺമക്കളെ​യും രണ്ടു പെൺമ​ക്കളെ​യും കൂടെ പ്രസവി​ച്ചു. ശമുവേൽ ബാലനോ യഹോ​വ​യു​ടെ സന്നിധി​യിൽ വളർന്നു​വന്നു.+ 22  ഏലിക്കു നന്നേ പ്രായ​മാ​യി​രു​ന്നു. പുത്ര​ന്മാർ എല്ലാ ഇസ്രായേ​ല്യരോ​ടും ചെയ്‌തുകൊ​ണ്ടി​രി​ക്കുന്ന കാര്യ​ങ്ങളെ​ക്കു​റി​ച്ചും സാന്നിധ്യകൂടാരത്തിന്റെ* വാതിൽക്കൽ സേവി​ച്ചി​രുന്ന സ്‌ത്രീകളുടെകൂടെ+ കിടക്കു​ന്ന​തിനെ​ക്കു​റി​ച്ചും ഏലി കേട്ടി​രു​ന്നു.+ 23  ഏലി അവരോ​ട്‌ ഇങ്ങനെ പറയാ​റു​ണ്ടാ​യി​രു​ന്നു: “നിങ്ങൾ എന്താണ്‌ ഇങ്ങനെയൊ​ക്കെ ചെയ്യു​ന്നത്‌? നിങ്ങ​ളെ​പ്പറ്റി ജനമെ​ല്ലാം പറഞ്ഞ്‌ കേൾക്കു​ന്നത്‌ മോശ​മായ കാര്യ​ങ്ങ​ളാ​ണ​ല്ലോ. 24  എന്റെ മക്കളേ, അരുത്‌. യഹോ​വ​യു​ടെ ജനത്തിന്റെ ഇടയിൽ പ്രചരി​ക്കു​ന്ന​താ​യി ഞാൻ കേട്ട വാർത്ത നല്ലതല്ല. 25  മനുഷ്യൻ മനുഷ്യ​ന്‌ എതിരെ പാപം ചെയ്‌താൽ ആ മനുഷ്യ​നുവേണ്ടി യഹോ​വയോ​ടു യാചി​ക്കാൻ മറ്റാർക്കെ​ങ്കി​ലും കഴിയും.* പക്ഷേ, ഒരാൾ യഹോ​വയോ​ടാ​ണു പാപം ചെയ്യുന്നതെങ്കിൽ+ ആർക്ക്‌ ആ മനുഷ്യ​നുവേണ്ടി പ്രാർഥി​ക്കാ​നാ​കും?” അവർ പക്ഷേ, അവരുടെ അപ്പന്റെ വാക്കു​കൾക്കു ചെവി കൊടു​ക്കാൻ കൂട്ടാ​ക്കി​യില്ല. കാരണം, അവരെ കൊന്നു​ക​ള​യാൻ യഹോവ ഉറച്ചി​രു​ന്നു.+ 26  അതേസമയം, ശമുവേൽ ബാലൻ വളർന്നു​വന്നു. യഹോ​വ​യ്‌ക്കും ജനത്തി​നും ശമു​വേ​ലിനോ​ടുള്ള പ്രീതി​യും വർധി​ച്ചുകൊ​ണ്ടി​രു​ന്നു.+ 27  ഒരു ദൈവ​പു​രു​ഷൻ ഏലിയു​ടെ അടുത്ത്‌ വന്ന്‌ പറഞ്ഞു: “യഹോവ പറയുന്നു: ‘നിന്റെ അപ്പന്റെ ഭവനക്കാർ ഈജി​പ്‌തിൽ ഫറവോ​ന്റെ ഗൃഹത്തി​ന്‌ അടിമ​ക​ളാ​യി​രു​ന്നപ്പോൾ ഞാൻ അവർക്ക്‌ എന്നെത്തന്നെ വ്യക്തമാ​യി വെളിപ്പെ​ടു​ത്തി​യ​തല്ലേ?+ 28  എനിക്കു പുരോ​ഹി​ത​ശുശ്രൂഷ ചെയ്യാ​നും ബലി അർപ്പി​ക്കാൻ എന്റെ യാഗപീ​ഠ​ത്തിലേക്കു കയറിച്ചെല്ലാനും+ സുഗന്ധ​ക്കൂട്ട്‌ അർപ്പിക്കാനും* എന്റെ സന്നിധി​യിൽ ഏഫോദ്‌ ധരിക്കാ​നും ഇസ്രായേ​ലി​ന്റെ എല്ലാ ഗോ​ത്ര​ങ്ങ​ളിൽനി​ന്നും നിന്റെ പിതൃഭവനത്തെ* തിര​ഞ്ഞെ​ടു​ത്തു.+ ഇസ്രായേ​ല്യർ അഗ്നിയിൽ അർപ്പി​ക്കുന്ന എല്ലാ യാഗങ്ങ​ളും ഞാൻ നിന്റെ പൂർവി​കന്റെ ഭവനത്തി​നു കൊടു​ത്തു.+ 29  എന്റെ വാസസ്ഥ​ലത്ത്‌ ഞാൻ കല്‌പി​ച്ചി​ട്ടുള്ള എന്റെ ബലികളെ​യും യാഗങ്ങളെ​യും നിങ്ങൾ അവഹേളിക്കുന്നത്‌* എന്താണ്‌?+ എന്റെ ജനമായ ഇസ്രാ​യേൽ അർപ്പി​ക്കുന്ന യാഗങ്ങ​ളുടെയെ​ല്ലാം ഏറ്റവും നല്ല പങ്കു​കൊണ്ട്‌ നിങ്ങ​ളെ​ത്തന്നെ കൊഴു​പ്പി​ക്കു​ക​യും അങ്ങനെ എന്നെക്കാൾ കൂടു​ത​ലാ​യി നീ നിന്റെ പുത്ര​ന്മാ​രെ ബഹുമാ​നി​ക്കു​ക​യും ചെയ്യു​ന്നത്‌ എന്താണ്‌?+ 30  “‘അതു​കൊണ്ട്‌, ഇസ്രായേ​ലി​ന്റെ ദൈവ​മായ യഹോവ പറയുന്നു: “നിന്റെ ഭവനവും നിന്റെ പൂർവി​ക​രു​ടെ ഭവനവും എന്റെ സന്നിധി​യിൽ എപ്പോ​ഴും ശുശ്രൂഷ ചെയ്യു​മെന്നു ഞാൻ പറഞ്ഞി​രു​ന്നു എന്നതു ശരിയാ​ണ്‌.”+ പക്ഷേ, ഇപ്പോൾ യഹോവ പ്രഖ്യാ​പി​ക്കു​ന്നു: “ഇനി എനിക്ക്‌ അങ്ങനെ ചിന്തി​ക്കാ​നേ കഴിയില്ല. കാരണം, എന്നെ ബഹുമാ​നി​ക്കു​ന്ന​വരെ ഞാൻ ബഹുമാ​നി​ക്കും.+ പക്ഷേ, എന്നെ നിന്ദി​ക്കു​ന്ന​വരെ ഞാൻ നിന്ദി​ക്കും.” 31  ഞാൻ നിന്റെ​യും നിന്റെ പിതൃ​ഭ​വ​ന​ത്തിന്റെ​യും ശക്തി ക്ഷയിപ്പിക്കുന്ന* ദിനങ്ങൾ ഇതാ വരുന്നു. പിന്നെ, നിന്റെ ഭവനത്തിൽ വാർധ​ക്യ​ത്തിലെ​ത്തു​ന്ന​തു​വരെ ജീവി​ക്കുന്ന ഒരാൾപ്പോ​ലും ഉണ്ടായി​രി​ക്കില്ല.+ 32  ഇസ്രായേലിൽ ഞാൻ എല്ലാ നന്മയും ചൊരി​യുമ്പോൾ നീ എന്റെ വാസസ്ഥ​ലത്ത്‌ ഒരു എതിരാ​ളി​യെ കാണും.+ നിന്റെ ഭവനത്തിൽ പ്രായം​ചെന്ന ആരും മേലാൽ ഉണ്ടാകില്ല. 33  നിങ്ങളിൽ, എന്റെ യാഗപീ​ഠ​ത്തിൽ ശുശ്രൂഷ ചെയ്യു​ന്ന​തിൽനിന്ന്‌ ഞാൻ ഛേദി​ച്ചു​ക​ള​യാ​ത്തവൻ നിന്റെ കണ്ണിന്റെ കാഴ്‌ച മങ്ങാനും നീ ദുഃഖ​ത്തി​ലാ​ണ്ടുപോ​കാ​നും ഇടയാ​ക്കും. അതേസ​മയം, നിന്റെ ഭവനക്കാ​രിൽ ഏറിയ പങ്കും മനുഷ്യ​രു​ടെ വാളാൽ മരണമ​ട​യും.+ 34  നിന്റെ മക്കളായ ഹൊഫ്‌നി​ക്കും ഫിനെ​ഹാ​സി​നും സംഭവി​ക്കു​ന്നത്‌ നിനക്ക്‌ ഒരു അടയാ​ള​മാ​യി​രി​ക്കും: ഒറ്റ ദിവസം​തന്നെ അവർ രണ്ടു പേരും മരിക്കും.+ 35  പിന്നെ, ഞാൻ എനിക്കു​വേണ്ടി വിശ്വ​സ്‌ത​നായ ഒരു പുരോ​ഹി​തനെ എഴു​ന്നേൽപ്പി​ക്കും.+ എന്റെ ഹൃദയാ​ഭി​ലാ​ഷ​മ​നു​സ​രിച്ച്‌ അവൻ പ്രവർത്തി​ക്കും. ഞാൻ അവനു ദീർഘ​കാ​ലം നിലനിൽക്കുന്ന ഒരു ഭവനം പണിയും. അവൻ എപ്പോ​ഴും എന്റെ അഭിഷി​ക്തന്റെ മുന്നിൽ ശുശ്രൂഷ ചെയ്യും. 36  നിന്റെ ഭവനത്തിൽ ശേഷി​ക്കു​ന്ന​വ​നോ വന്ന്‌, പണവും ഒരു കഷണം അപ്പവും കിട്ടാൻവേണ്ടി അവന്റെ മുന്നിൽ കുമ്പിട്ട്‌ ഇങ്ങനെ പറയും: “ഒരു കഷണം അപ്പമെ​ങ്കി​ലും കഴിക്കാൻ കിട്ടേ​ണ്ട​തി​നു പുരോ​ഹി​ത​ശുശ്രൂ​ഷ​യി​ലെ ഏതെങ്കി​ലും ഒരു കർത്തവ്യം നിർവ​ഹി​ക്കാൻ ദയവായി എന്നെ നിയമിക്കേ​ണമേ.”’”+

അടിക്കുറിപ്പുകള്‍

അഥവാ “ശക്തി.” പദാവലി കാണുക.
അഥവാ “ഇടറു​ന്ന​വർക്ക്‌.”
അഥവാ “ജീവി​പ്പി​ക്കു​ന്നു.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
മറ്റൊരു സാധ്യത “ചവറ്റു​കൂ​ന​യിൽനി​ന്ന്‌.”
മറ്റൊരു സാധ്യത “യഹോ​വ​യോ​ടു പൊരു​തു​ന്നവർ ഭയചകി​ത​രാ​കും.”
അഥവാ “യഹോ​വയെ സേവിച്ചു.”
അഥവാ “പുക ഉയരും​വി​ധം ദഹിപ്പി​ക്കാൻ.”
അഥവാ “സമാഗ​മ​ന​കൂ​ടാ​ര​ത്തി​ന്റെ.” പദാവലി കാണുക.
മറ്റൊരു സാധ്യത “അവനു​വേണ്ടി ദൈവം മധ്യസ്ഥത വഹിക്കും.”
പദാവലി കാണുക.
മറ്റൊരു സാധ്യത “ബലിയു​ടെ പുക ഉയരാൻ ഇടയാ​ക്കാ​നും.”
അക്ഷ. “തൊഴി​ക്കു​ന്നത്‌.”
അക്ഷ. “കൈ വെട്ടുന്ന.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം