ശമുവേൽ രണ്ടാം ഭാഗം 1:1-27
1 ശൗൽ മരിച്ചു. ദാവീദ് അമാലേക്യരെ തോൽപ്പിച്ച് മടങ്ങിയെത്തി. രണ്ടു ദിവസം ദാവീദ് സിക്ലാഗിൽ+ താമസിച്ചു.
2 മൂന്നാം ദിവസം ശൗലിന്റെ പാളയത്തിൽനിന്ന് ഒരാൾ അവിടെ വന്നു. അയാൾ വസ്ത്രം കീറി തലയിൽ മണ്ണു വാരിയിട്ടിരുന്നു. ദാവീദിന്റെ അടുത്ത് എത്തിയപ്പോൾ അയാൾ നിലത്ത് വീണ് സാഷ്ടാംഗം നമസ്കരിച്ചു.
3 ദാവീദ് അയാളോട്, “നിങ്ങൾ എവിടെനിന്ന് വരുന്നു” എന്നു ചോദിച്ചു. അപ്പോൾ അയാൾ, “ഞാൻ ഇസ്രായേൽപാളയത്തിൽനിന്ന് രക്ഷപ്പെട്ട് വരുകയാണ്” എന്നു പറഞ്ഞു.
4 ദാവീദ് അയാളോടു ചോദിച്ചു: “എന്തുണ്ടായി? ദയവുചെയ്ത് എന്നോടു പറയൂ.” അപ്പോൾ അയാൾ പറഞ്ഞു: “ജനം യുദ്ധത്തിൽ തോറ്റോടി. അനേകർ മരിച്ചുവീണു. അവരോടൊപ്പം, ശൗലും മകൻ യോനാഥാനും മരിച്ചു.”+
5 അപ്പോൾ, വാർത്ത കൊണ്ടുവന്ന ആ യുവാവിനോടു ദാവീദ് ചോദിച്ചു: “ശൗലും യോനാഥാനും മരിച്ചെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം?”
6 അപ്പോൾ അയാൾ പറഞ്ഞു: “ഞാൻ യാദൃച്ഛികമായി ഗിൽബോവ+ പർവതത്തിലെത്തിയപ്പോൾ അതാ, ശൗൽ അവിടെ തന്റെ കുന്തത്തിൽ ഊന്നി നിൽക്കുന്നു. രഥങ്ങളും കുതിരപ്പടയാളികളും തൊട്ടടുത്ത് എത്തിയിരുന്നു.+
7 ശൗൽ തിരിഞ്ഞുനോക്കിയപ്പോൾ എന്നെ കണ്ട് അടുത്തേക്കു വിളിച്ചു. ‘ഞാൻ ഇതാ!’ എന്നു ഞാൻ പറഞ്ഞു.
8 അദ്ദേഹം എന്നോട്, ‘നീ ആരാണ്’ എന്നു ചോദിച്ചപ്പോൾ, ‘ഒരു അമാലേക്യൻ’+ എന്നു ഞാൻ മറുപടി പറഞ്ഞു.
9 അപ്പോൾ അദ്ദേഹം പറഞ്ഞു: ‘ദയവായി എന്റെ അടുത്തേക്കു വന്ന് എന്നെയൊന്നു കൊല്ലൂ. കാരണം, ഞാൻ കഠോരവേദനയിലാണ്. എന്റെ ജീവനൊട്ടു പോയിട്ടുമില്ല.’
10 അതുകൊണ്ട്, ഞാൻ അങ്ങോട്ടു ചെന്ന് അദ്ദേഹത്തെ കൊന്നു.+ കാരണം, മുറിവേറ്റ് വീണ അദ്ദേഹം എന്തായാലും രക്ഷപ്പെടില്ലെന്ന് എനിക്ക് അറിയാമായിരുന്നു. പിന്നെ, ഞാൻ അദ്ദേഹം ധരിച്ചിരുന്ന കിരീടവും* തോൾവളയും എടുത്തു. ഞാൻ അവ, ഇതാ എന്റെ യജമാനനായ അങ്ങയുടെ അടുത്ത് കൊണ്ടുവന്നിരിക്കുന്നു.”
11 ഇതു കേട്ട ഉടനെ ദാവീദ് വസ്ത്രം കീറി. ദാവീദിന്റെകൂടെയുണ്ടായിരുന്ന എല്ലാവരും അങ്ങനെതന്നെ ചെയ്തു.
12 ശൗലും മകനായ യോനാഥാനും യഹോവയുടെ ജനവും ഇസ്രായേൽഗൃഹവും+ വാളാൽ വീണുപോയതുകൊണ്ട് അവർ അവരെ ഓർത്ത് വിലപിച്ച് കരഞ്ഞ് വൈകുന്നേരംവരെ ഉപവസിച്ചു.+
13 വാർത്ത കൊണ്ടുവന്ന യുവാവിനോടു ദാവീദ്, “നിങ്ങൾ എവിടത്തുകാരനാണ്” എന്നു ചോദിച്ചു. “ഇസ്രായേലിൽ താമസമാക്കിയ ഒരു അമാലേക്യന്റെ മകനാണു ഞാൻ” എന്ന് അയാൾ പറഞ്ഞു.
14 ദാവീദ് അയാളോട് ചോദിച്ചു: “യഹോവയുടെ അഭിഷിക്തനെ കൊല്ലാൻവേണ്ടി കൈ ഉയർത്താൻ നിനക്ക് എങ്ങനെ ധൈര്യം വന്നു?”+
15 എന്നിട്ട്, ദാവീദ് യുവാക്കളിലൊരാളെ വിളിച്ച്, “വന്ന് ഇവനെ വെട്ടിക്കൊല്ലൂ” എന്നു പറഞ്ഞു. ഉടനെ, ആ യുവാവ് അമാലേക്യനെ വെട്ടിവീഴ്ത്തി, അയാൾ മരിച്ചു.+
16 ദാവീദ് അമാലേക്യനോടു പറഞ്ഞു: “നിന്റെ രക്തത്തിന് ഉത്തരവാദി നീതന്നെ. കാരണം, ‘യഹോവയുടെ അഭിഷിക്തനെ കൊന്നതു ഞാനാണ്’ എന്നു പറഞ്ഞ് നിന്റെ വായ്തന്നെ നിനക്ക് എതിരെ സാക്ഷി പറഞ്ഞിരിക്കുന്നു.”+
17 പിന്നെ, ദാവീദ് ശൗലിനെയും ശൗലിന്റെ മകനായ യോനാഥാനെയും കുറിച്ച് ഒരു വിലാപകാവ്യം ചൊല്ലി.+
18 “വില്ല്” എന്ന ഈ വിലാപകാവ്യം യഹൂദാജനത്തെ പഠിപ്പിക്കണമെന്നും ദാവീദ് പറഞ്ഞു. യാശാരിന്റെ+ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ആ കാവ്യം ഇതാണ്:
19 “ഇസ്രായേലേ, നിന്റെ മനോഹാരിത നിൻ ഗിരികളിൽ വീണ് പൊലിഞ്ഞല്ലോ!+
നിന്റെ വീരന്മാർ വീണുപോയല്ലോ!
20 ഇതു നിങ്ങൾ ഗത്തിൽ പറയരുതേ.+അസ്കലോൻവീഥികളിൽ പാടിനടക്കയും അരുതേ.അങ്ങനെ ചെയ്താൽ ഫെലിസ്ത്യപുത്രിമാർ ആഹ്ലാദിക്കും.അഗ്രചർമികളുടെ പുത്രിമാർ സന്തോഷിച്ചാർക്കും.
21 ഗിൽബോവ പർവതങ്ങളേ,+നിങ്ങളിൽ മഞ്ഞോ മഴയോ പെയ്യാതിരിക്കട്ടെ.നിന്റെ വയലുകൾ വിശുദ്ധകാഴ്ചകൾ തരാതിരിക്കട്ടെ.+അവിടെയല്ലോ വീരന്മാരുടെ പരിച മലിനമായത്.ശൗലിന്റെ പരിചമേൽ ഇനി എണ്ണ പുരട്ടില്ലല്ലോ!
22 കൊല്ലപ്പെട്ടവരുടെ രക്തത്തിൽനിന്നും ശൂരന്മാരുടെ കൊഴുപ്പിൽനിന്നുംയോനാഥാന്റെ വില്ലു പിന്തിരിഞ്ഞില്ല.+ശൗലിന്റെ വാൾ വിജയം കാണാതെ മടങ്ങിയിരുന്നുമില്ല.+
23 ജീവകാലമെല്ലാം പ്രീതിവാത്സല്യങ്ങൾക്കു പാത്രമായ ശൗലും യോനാഥാനും;+മരണത്തിലും അവർ വേർപിരിഞ്ഞില്ലല്ലോ.+
അവർ കഴുകനിലും വേഗമുള്ളവർ.+സിംഹത്തെക്കാൾ ബലശാലികൾ.+
24 ഇസ്രായേൽപുത്രിമാരേ, ശൗലിനെച്ചൊല്ലി കരയൂ.ശൗലല്ലോ നിങ്ങളെ മോടിയാർന്ന ചുവപ്പാട അണിയിച്ചത്,നിങ്ങളുടെ ഉടയാടമേൽ പൊന്നാഭരണങ്ങൾ ചാർത്തിയത്.
25 വീരന്മാർ യുദ്ധത്തിൽ വീണുപോയല്ലോ!
നിൻ ഗിരികളിൽ യോനാഥാൻ മരിച്ചുകിടക്കുന്നു!+
26 യോനാഥാനേ, എൻ സോദരാ, നിന്നെ ഓർത്ത് എന്റെ മനം വിതുമ്പുന്നു.നീ എനിക്ക് എത്ര പ്രിയങ്കരനായിരുന്നു!+
എന്നോടുള്ള നിന്റെ സ്നേഹം സ്ത്രീകളുടെ പ്രേമത്തെക്കാൾ വിശിഷ്ടം!+
27 വീരന്മാർ വീണുപോയല്ലോ!യുദ്ധായുധങ്ങൾ നശിച്ചല്ലോ!”
അടിക്കുറിപ്പുകള്
^ അഥവാ “രാജമുടിയും.”