ലോകത്തെ വീക്ഷിക്കൽ
മനുഷ്യബന്ധങ്ങൾ—ഒരു നിരീക്ഷണം
സഹമനുഷ്യരുമായുള്ള ബന്ധങ്ങളിൽ ഉരസൽ ഉണ്ടായാൽ മാർഗനിർദേശത്തിനായി ആദ്യം നിങ്ങൾ ബൈബിളിലേക്കാണോ തിരിയുന്നത്? അതോ അവസാനത്തെ അത്താണിയായിട്ടാണോ അതിനെ വീക്ഷിക്കുന്നത്? ബൈബിളിന്റെ പുരാതനജ്ഞാനവും ആധുനിക ഗവേഷണഫലങ്ങളും തമ്മിൽ താരതമ്യം ചെയ്യുക.
ഇന്ത്യ
2014-ൽ 18-25 പ്രായക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്ത്യയിൽ നടത്തിയ ഒരു കണക്കെടുപ്പിൽ വിവാഹത്തിന് മുമ്പ് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് “അത്ര വലിയ തെറ്റായി വീക്ഷിക്കുന്നില്ല” എന്ന് 61 ശതമാനം പേർ അഭിപ്രായപ്പെട്ടു. “ഇപ്പോഴുള്ള യുവജനങ്ങൾ പുതിയ ഒരു ബന്ധം തുടങ്ങുമ്പോൾ വിവാഹത്തെക്കുറിച്ച് ചിന്തിക്കാറില്ല” എന്ന് മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ചികിത്സകൻ ഒരു ദിനപ്പത്രത്തോട് (Hindustan Times) പറഞ്ഞു. അത് “ഒരു രാത്രി മാത്രമായുള്ളതോ വെറും ആകസ്മികമായുള്ളതോ അല്ലെങ്കിൽ ഒരുമിച്ചുള്ള താമസമോ ഏതായിരുന്നാലും പ്രതിബദ്ധത എന്ന കാര്യം ചിത്രത്തിലെങ്ങും വരുന്നില്ല.”
ചിന്തിക്കാൻ: ലൈംഗികമായി പകരുന്ന രോഗങ്ങളും വൈകാരികക്ഷതങ്ങളും വിവാഹത്തിന് മുമ്പുള്ള ലൈംഗികതയോടാണോ അതോ വിവാഹത്തിന് ശേഷമുള്ള ലൈംഗികതയോടാണോ അടുത്ത് ബന്ധപ്പെട്ടിരിക്കുന്നത്?—1 കൊരിന്ത്യർ 6:18.
ഡെന്മാർക്ക്
കുടുംബാംഗങ്ങളുമായി കൂടെക്കൂടെ വാക്കുതർക്കത്തിൽ ഏർപ്പെടുന്നവർ മധ്യവയസ്സിൽ മരിക്കാനുള്ള സാധ്യത ഇരട്ടിയാണ്. കോപ്പർഹേഗൻ സർവകലാശാലയിലെ ഗവേഷകർ മധ്യവയസ്കരായ ഏതാണ്ട് 10,000-ത്തോളം പേരെ 11 വർഷത്തിലേറെ നിരീക്ഷിച്ചതിൽ, ഉറ്റ കുടുംബാംഗങ്ങളുമായി കൂടെക്കൂടെ വാക്കുതർക്കമുണ്ടാക്കുന്നവർ അങ്ങനെ ചെയ്യുകയില്ലാത്തവരെ അപേക്ഷിച്ച് അകാലമരണമടയുന്നതായി കണ്ടു. പഠനസംഘത്തിലെ ഒരു എഴുത്തുകാരൻ പറയുന്നത് ആകുലതകളും ആവശ്യങ്ങളും സംഘർഷങ്ങളും കൈകാര്യം ചെയ്യുന്നത് “അകാലമരണങ്ങൾ കുറയ്ക്കുന്നതിന് പ്രധാനപ്പെട്ട ഒരു മാർഗമാണ്.”
ബൈബിൾ പറയുന്നത്: “വാക്കു അടക്കിവെക്കുന്നവൻ പരിജ്ഞാനമുള്ളവൻ; ശാന്തമാനസൻ ബുദ്ധിമാൻ തന്നേ.”—സദൃശവാക്യങ്ങൾ 17:27.
ഐക്യനാടുകൾ
‘പ്രേമിച്ചുനടന്നിരുന്ന കാലത്ത് കൂടെക്കൂടെ വേർപിരിയുകയും ഒന്നിക്കുകയും ചെയ്തിരുന്ന കമിതാക്കൾ’ അവരുടെ വിവാഹശേഷം അഞ്ച് വർഷത്തിനുള്ളിൽ കോടതി മുഖേന വേർപിരിയാൻ സാധ്യതയുള്ളതായി ലൂസിയാനയിൽ ഈയിടെ 564 പേരെ ഉൾപ്പെടുത്തി നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തുകയുണ്ടായി. അവരുടെ ജീവിതം കൂടുതൽ സംഘർഷഭരിതവും അസംതൃപ്തവും ആയിരിക്കാനുള്ള സാധ്യത ഏറെയാണ്.
ബൈബിൾ പറയുന്നത്: “ദൈവം കൂട്ടിച്ചേർത്തതിനെ ഒരു മനുഷ്യനും വേർപിരിക്കാതിരിക്കട്ടെ.”—മത്തായി 19:6. (g16-E No. 2)