മാതാപിതാക്കൾക്ക്
5: ആശയവിനിമയം
അതിന്റെ അർഥം
നിങ്ങളും മക്കളും പരസ്പരം ചിന്തകളും വികാരങ്ങളും പങ്കുവെക്കുമ്പോഴാണ് യഥാർഥ ആശയവിനിമയം നടക്കുന്നത്.
അതിന്റെ പ്രാധാന്യം
കൗമാരപ്രായത്തിലുള്ള മക്കളുമായി ആശയവിനിമയം നടത്തുന്നത് അത്ര എളുപ്പമല്ല. മാറിവരുന്ന സമ്പ്രദായം എന്ന ഒരു ഇംഗ്ലീഷ് പുസ്തകം ഈ പ്രശ്നത്തെ ദൃഷ്ടാന്തീകരിക്കുന്നത് ഇങ്ങനെയാണ്: മക്കൾ ചെറുപ്പമായിരുന്നപ്പോൾ അവരുടെ പരിപാടികളിൽ സ്റ്റേജിനു പുറകിൽ ചെല്ലാൻ അനുവാദമുള്ളതുപോലെയായിരുന്നു മാതാപിതാക്കളുടെ അവസ്ഥ. “പക്ഷേ മുതിർന്നുകഴിയുമ്പോൾ മാതാപിതാക്കൾക്ക് ആകെ അനുവാദമുള്ളത് സദസ്സിലിരുന്നു പരിപാടി കാണാൻ മാത്രമാണ്. ഇനി കിട്ടുന്ന ഇരിപ്പിടമാകട്ടെ പലപ്പോഴും അത്ര സുഖമുള്ളതുമല്ല.” മക്കൾക്കു നിങ്ങളോടു സംസാരിക്കാൻ താത്പര്യമില്ലെന്നു തോന്നിയാലും ഈ സമയത്താണ് ആശയവിനിമയം ഏറ്റവും ആവശ്യമായിരിക്കുന്നത്!
നിങ്ങൾക്ക് ചെയ്യാനാകുന്നത്
കുട്ടി സംസാരിക്കാൻ ആഗ്രഹിക്കുമ്പോൾ ശ്രദ്ധിക്കുക, അത് എത്ര രാത്രിയാണെങ്കിൽക്കൂടിയും.
“ചിലപ്പോൾ നിങ്ങൾക്ക് ഇങ്ങനെ പറയാൻ തോന്നുമായിരിക്കും, ‘ഈ ദിവസം മുഴുവൻ ഞാൻ ഇവിടെയുണ്ടായിട്ട് ഇപ്പോഴാണോ നിനക്കു സംസാരിക്കാൻ നേരം കിട്ടിയത്!’ മക്കൾ നമ്മളോടു മനസ്സു തുറക്കാൻ ആഗ്രഹിക്കുമ്പോൾ ‘വേണ്ട’ എന്നു പറയാൻ പറ്റുമോ? വാസ്തവത്തിൽ മക്കൾ കാര്യങ്ങൾ തുറന്നുപറയണമെന്നല്ലേ എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്?”—ലിസ.
“നേരത്തേ ഉറങ്ങാൻ കിടക്കണമെന്നാണ് എന്റെ ആഗ്രഹമെങ്കിലും കൗമാരത്തിലുള്ള എന്റെ മക്കളുമായി ഏറ്റവും നല്ല സംഭാഷണങ്ങൾ നടന്നിട്ടുള്ളത് പാതിരാത്രിയും കഴിഞ്ഞാണ്.”—ഹേർബർട്ട്.
ബൈബിൾതത്ത്വം: “തനിക്ക് എന്തു നേട്ടമുണ്ടെന്നല്ല, മറ്റുള്ളവർക്ക് എന്തു നേട്ടമുണ്ടാകുമെന്നാണ് ഓരോരുത്തരും നോക്കേണ്ടത്.”—1 കൊരിന്ത്യർ 10:24.
നന്നായി ശ്രദ്ധിക്കുക. ഒരു അച്ഛൻ ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: “മക്കൾ സംസാരിക്കുമ്പോൾ ഞാൻ വേറെ എന്തെങ്കിലും ചിന്തിച്ചുകൊണ്ടിരിക്കുകയായിരിക്കും. അവർക്കും അറിയാം ഞാൻ ശ്രദ്ധിക്കുന്നില്ലെന്ന്.”
നിങ്ങൾക്കും ഇതുപോലെ തോന്നിയിട്ടുണ്ടോ? നിങ്ങളു ടെ ശ്രദ്ധ പതറിക്കുന്നത് ടിവി-യോ മൊബൈലോ മറ്റെന്തെങ്കിലും ആണോ? ആണെങ്കിൽ അത് ഓഫാക്കുകയോ മാറ്റിവെക്കുകയോ ചെയ്യുക. മക്കൾ പറയുന്നത് ശ്രദ്ധയോടെ കേൾക്കുക. അത് നിസ്സാരമാണെന്നു തോന്നിയാൽപ്പോലും അതിൽ കാര്യമുണ്ടെന്നു കരുതിത്തന്നെ അവരെ ശ്രദ്ധിക്കുക.
“മക്കളുടെ വികാരങ്ങൾ നമുക്കു പ്രധാനമാണെന്ന് അവർക്ക് ഉറപ്പുകൊടുക്കുക. അവർക്ക് അങ്ങനെ തോന്നുന്നില്ലെങ്കിൽ അവരുടെ ആകുലതകൾ അവർ ഉള്ളിൽ ഒതുക്കുകയോ സഹായത്തിനായി മറ്റെവിടേക്കെങ്കിലും തിരിയുകയോ ചെയ്യും.”—മറാൻഡ.
“മക്കളുടെ ചിന്താഗതി ഒട്ടും ശരിയല്ലെന്നു തോന്നിയാൽക്കൂടി ശാന്തത കൈവിടരുത്.”—ആന്തണി.
ബൈബിൾതത്ത്വം: “നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നതിനു ശ്രദ്ധ കൊടുക്കുക.”—ലൂക്കോസ് 8:18.
അവസരങ്ങൾ പ്രയോജനപ്പെടുത്തുക. ചിലപ്പോൾ മുഖാമുഖം സംസാരിക്കുമ്പോൾ കുട്ടികൾ കാര്യങ്ങൾ തുറന്നുപറയില്ല. അത്തരക്കാരുടെ കാര്യത്തിൽ മറ്റു വഴികൾ കണ്ടെത്തണം.
“കാറിൽ പോകുമ്പോൾ കുട്ടികൾക്ക് ഉള്ളുതുറന്ന് സംസാരിക്കുന്നത് എളുപ്പമാണെന്നു തോന്നുന്നു. മുഖാമുഖം ഇരിക്കാതെ അരികിൽ ഇരുന്നു യാത്ര ചെയ്യുമ്പോൾ പല കാര്യങ്ങളും ഞങ്ങൾ സംസാരിക്കാറുണ്ട്.”—നിക്കോൾ.
സൗഹൃദസംഭാഷണങ്ങൾക്ക് പറ്റിയ മറ്റൊരു സമയമാണ് ഭക്ഷണവേളകൾ.
“അത്താഴത്തിന്റെ സമയത്ത്, ആ ദിവസം നടന്ന നല്ലതും ചീത്തയും ആയ എല്ലാ കാര്യങ്ങളും ഞങ്ങൾ പറയാറുണ്ട്. ഇത് ഞങ്ങൾക്ക് ഇടയിലെ അടുപ്പം വർധിപ്പിക്കുകയും പ്രശ്നങ്ങളെ ഒറ്റയ്ക്കു നേരിടേണ്ട കാര്യമില്ലെന്ന് ഞങ്ങളെ ഓർമിപ്പിക്കുകയും ചെയ്യും.”—റോബിൻ.
ബൈബിൾതത്ത്വം: “എല്ലാവരും കേൾക്കാൻ തിടുക്കമുള്ളവരായിരിക്കണം; എന്നാൽ സംസാരിക്കാൻ തിടുക്കം കൂട്ടരുത്.”—യാക്കോബ് 1:19.