മുഖ്യലേഖനം | ബൈബിൾവായനയിൽനിന്ന് പരമാവധി പ്രയോജനം നേടുക!
ബൈബിൾ എന്റെ ജീവിതത്തെ മെച്ചപ്പെടുത്തുമോ? എങ്കിൽ എങ്ങനെ?
ബൈബിൾ ഒരു സാധാരണ പുസ്തകമല്ല. സ്രഷ്ടാവിന്റെ ഉപദേശങ്ങളാണ് അതിലുള്ളത്. (2 തിമൊഥെയൊസ് 3:16) അതിന്റെ സന്ദേശത്തിന് നമ്മളെ ആഴത്തിൽ സ്വാധീനിക്കാനാകും. “ദൈവത്തിന്റെ വാക്കുകൾ ജീവനുള്ളതും ശക്തി ചെലുത്തുന്നതും” ആണെന്ന് ബൈബിൾതന്നെ സാക്ഷ്യപ്പെടുത്തുന്നു. (എബ്രായർ 4:12) മുഖ്യമായും രണ്ടു വിധങ്ങളിൽ നമ്മുടെ ജീവിതത്തെ മെച്ചപ്പെടുത്താനുള്ള ശക്തി ദൈവവചനത്തിനുണ്ട്. ഒന്ന്, അനുദിനജീവിതത്തിന് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നു. രണ്ട്, ദൈവത്തെയും ദൈവത്തിന്റെ വാഗ്ദാനങ്ങളെയും കുറിച്ച് അറിയാൻ സഹായിക്കുന്നു.—1 തിമൊഥെയൊസ് 4:8; യാക്കോബ് 4:8.
ഇപ്പോഴത്തെ ജീവിതം മെച്ചപ്പെടുത്തുന്നു. തികച്ചും വ്യക്തിപരമായ കാര്യങ്ങളിൽപോലും ബൈബിളിന് നമ്മളെ സഹായിക്കാനാകും. അതു പിൻവരുന്ന കാര്യങ്ങളിൽ വേണ്ട പ്രായോഗിക നിർദേശങ്ങൾ തരുന്നു.
- മറ്റുള്ളവരുമായുള്ള ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ—
-
ശാരീരികവും വൈകാരികവും ആയ ആരോഗ്യം നിലനിറുത്തുന്നതിൽ—സങ്കീർത്തനം 37:8; സുഭാഷിതങ്ങൾ 17:22.
-
സദാചാര മൂല്യങ്ങൾ പിൻപറ്റുന്നതിൽ.—1 കൊരിന്ത്യർ 6:9, 10.
-
പണം മെച്ചമായി കൈകാര്യം ചെയ്യുന്നതിൽ.—സുഭാഷിതങ്ങൾ 10:4; 28:19; എഫെസ്യർ 4:28. a
ഏഷ്യയിലുള്ള ഒരു യുവദമ്പതികൾ ബൈബിൾ നൽകുന്ന മാർഗനിർദേശങ്ങളെക്കുറിച്ച് വിലമതിപ്പോടെ സംസാരിച്ചു. മിക്ക നവദമ്പതികളെയും പോലെ വ്യക്തിത്വഭിന്നതകളുമായി ഒത്തുപോകാനും കാര്യങ്ങൾ തുറന്ന് സംസാരിക്കാനും ഒക്കെ ഇവർക്കും ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. പക്ഷേ ബൈബിൾ വായിച്ചപ്പോൾ ലഭിച്ച വിവരങ്ങൾ അവർ ജീവിതത്തിൽ പരീക്ഷിച്ചുനോക്കാൻ തുടങ്ങി. അവർ വിജയിച്ചോ? ഭർത്താവായ വൈസന്റ് പറയുന്നു: “ഞങ്ങളുടെ വിവാഹജീവിതത്തിൽ ഉണ്ടായ അസ്വാരസ്യങ്ങൾ സ്നേഹപൂർവം പരിഹരിക്കാനും സന്തോഷകരമായ കുടുംബജീവിതം നയിക്കാനും ഞങ്ങളെ സഹായിച്ചത് ബൈബിളിലെ നിർദേശങ്ങളാണ്.” ഭാര്യ അനിലയ്ക്കും ഇതേ അഭിപ്രായം തന്നെയാണ്: “ബൈബിൾകഥാപാത്രങ്ങളുടെ മാതൃകകൾ വേണ്ട മാറ്റങ്ങൾ വരുത്താൻ ഞങ്ങളെ സഹായിച്ചു. ഇപ്പോൾ ഞങ്ങളുടെ ജീവിതത്തിൽ സന്തോഷവും സംതൃപ്തിയും ഉണ്ട്, ലക്ഷ്യബോധത്തോടെയുള്ള ജീവിതമാണ് ഞങ്ങളുടേത്.”
ദൈവത്തെ അറിയാൻ. വിവാഹജീവിതത്തെക്കുറിച്ച് പറഞ്ഞതിനു ശേഷം വൈസന്റ് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ബൈബിൾ വായിക്കാൻ തുടങ്ങിയതുമുതൽ യഹോവയോട് മുമ്പുണ്ടായിരുന്നതിനെക്കാൾ അടുപ്പം എനിക്കുണ്ട്.” അദ്ദേഹത്തിന്റെ ഈ അഭിപ്രായം, ദൈവവുമായി അടുക്കാൻ ബൈബിളിന് നിങ്ങളെ സഹായിക്കാൻ കഴിയും എന്ന പ്രധാനപ്പെട്ട വസ്തുതയ്ക്ക് അടിവരയിടുന്നു. ഇത്, ദൈവത്തിന്റെ മാർഗനിർദേശത്തിൽനിന്ന് പ്രയോജനം നേടാൻ മാത്രമല്ല ഒരു സുഹൃത്തെന്ന നിലയിൽ ദൈവത്തെ അറിയാനും നിങ്ങളെ സഹായിക്കുന്നു. അപ്പോൾ ഒരു ശോഭനമായ ഭാവിയെക്കുറിച്ച്, അതായത് ‘യഥാർഥജീവിതം’ എന്നേക്കും ആസ്വദിക്കാൻ കഴിയുന്ന കാലത്തെക്കുറിച്ച് ദൈവം വെളിപ്പെടുത്തുന്ന വിശദാംശങ്ങൾ നിങ്ങൾക്കു കൂടുതൽ വ്യക്തമായിത്തീരും. (1 തിമൊഥെയൊസ് 6:19) ഇതുപോലൊരു വാഗ്ദാനം നൽകാൻ കഴിയുന്ന മറ്റ് ഏതു പുസ്തകമാണുള്ളത്?
നിങ്ങൾ ബൈബിൾ വായിക്കാൻ തുടങ്ങിയെങ്കിൽ അതിൽ തുടരുക. ജീവിതം മെച്ചപ്പെടുത്താനും ദൈവത്തെ കൂടുതൽ അറിയാനും അതു നിങ്ങളെ സഹായിക്കും. എങ്കിലും വായന തുടങ്ങുമ്പോൾ പല ചോദ്യങ്ങൾ ഉയർന്നുവന്നേക്കാം. അപ്പോൾ, 2,000 വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന ഒരു എത്യോപ്യൻ ഉദ്യോഗസ്ഥന്റെ മാതൃക മനസ്സിൽപ്പിടിക്കുക. ബൈബിളിനെക്കുറിച്ച് അദ്ദേഹത്തിന് ധാരാളം ചോദ്യങ്ങളുണ്ടായിരുന്നു. വായിക്കുന്നതിന്റെ അർഥം മനസ്സിലാകുന്നുണ്ടോ എന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോൾ “ആരെങ്കിലും അർഥം പറഞ്ഞുതരാതെ ഞാൻ എങ്ങനെ മനസ്സിലാക്കാനാണ്” എന്നായിരുന്നു മറുപടി. b ഉടനെ അദ്ദേഹം ഫിലിപ്പോസ് എന്നു പേരുള്ള യോഗ്യനായ ഒരു ബൈബിൾ അധ്യാപകനിൽനിന്ന് സഹായം സ്വീകരിച്ചു. ഫിലിപ്പോസ് യേശുവിന്റെ ഒരു ശിഷ്യനായിരുന്നു. (പ്രവൃത്തികൾ 8:30, 31, 34) അതുപോലെ, നിങ്ങൾക്കും ബൈബിളിനെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ടെങ്കിൽ www.ps8318.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായോ അല്ലെങ്കിൽ ഈ മാസികയിൽ കൊടുത്തിരിക്കുന്ന അനുയോജ്യമായ മേൽവിലാസത്തിലോ ഞങ്ങൾക്ക് എഴുതുക. അതുമല്ലെങ്കിൽ നിങ്ങളുടെ പ്രദേശത്തുള്ള ഏതെങ്കിലും രാജ്യഹാൾ സന്ദർശിക്കുകയോ ഏതെങ്കിലും യഹോവയുടെ സാക്ഷിയുമായി ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. ഇന്നുതന്നെ ബൈബിൾ വായിച്ചുതുടങ്ങൂ! മെച്ചപ്പെട്ട ജീവിതം നയിക്കാൻ അതു നിങ്ങളെ സഹായിക്കട്ടെ!
ബൈബിളിനെ പൂർണമായി ആശ്രയിക്കാമോ എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ ദയവായി ബൈബിൾ സത്യമാണെന്ന് എങ്ങനെ ഉറപ്പു വരുത്താം? എന്ന ഹ്രസ്വവീഡിയോ കാണുക. jw.org-ൽ നിന്ന് നിങ്ങൾക്ക് ഇത് കണ്ടെത്താം. തിരയാനുള്ള ബട്ടണിൽ അമർത്തിയിട്ട് ശീർഷകം ടൈപ്പ് ചെയ്യുക.
a ബൈബിൾ നൽകുന്ന കൂടുതലായ പ്രായോഗിക നിർദേശങ്ങൾ കണ്ടെത്താൻ jw.org-ലെ ബൈബിൾപഠിപ്പിക്കലുകൾ > ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എന്നതിനു കീഴിൽ നോക്കുക.
b “ചെറിയ ഒരു തെറ്റിദ്ധാരണ—നിസ്സാരമായി തള്ളിക്കളയാമോ?” എന്ന വിഷയമുള്ള ലേഖനം കാണുക.