ഭാവി സുരക്ഷിതമാക്കാൻ എന്തു സഹായിക്കും?
മുൻലേഖനങ്ങളിൽ കണ്ടതുപോലെ ഭാവി സുരക്ഷിതമാക്കാൻ ഇന്ന് ആളുകൾ പലതും ചെയ്തുനോക്കുന്നുണ്ട്. വിധിയിൽ വിശ്വസിക്കുന്നതും വിദ്യാഭ്യാസവും സമ്പത്തും നേടാൻ നോക്കുന്നതും ആളുകൾക്കു നന്മ ചെയ്യുന്നതും ഒക്കെ അതിൽ ചിലതാണ്. എന്നാൽ ഇതെല്ലാം ഒരു തെറ്റായ മാപ്പ് ഉപയോഗിച്ച് ഒരു സ്ഥലത്തേക്കു പോകാൻ ശ്രമിക്കുന്നതുപോലെയാണ്. അതിനർഥം നമുക്ക് ഭാവി സുരക്ഷിതമാക്കാൻ ഒരു സഹായവും ഇല്ലെന്നാണോ? അല്ല!
ഉന്നതമായ ഒരു ഉറവിൽനിന്നുള്ള സഹായം
സാധാരണ ഒരു തീരുമാനം എടുക്കേണ്ടിവരുമ്പോൾ നമ്മളെക്കാൾ പ്രായവും അറിവും ഉള്ള ആളുകളോട് നമ്മൾ അഭിപ്രായം ചോദിക്കാറുണ്ട്. ഭാവി സുരക്ഷിതമാക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോഴും നമുക്ക് ഇതുതന്നെ ചെയ്യാൻ കഴിയും. നമ്മളെക്കാൾ വളരെ അറിവുള്ള, പ്രായമുള്ള ഒരാളുടെ സഹായം തേടാം. അങ്ങനെ ഒരാളുടെ സഹായം നമുക്കുണ്ട്. അദ്ദേഹത്തിന്റെ നിർദേശങ്ങൾ ഏതാണ്ട് 3,500 വർഷങ്ങൾക്കു മുമ്പ് എഴുതിത്തുടങ്ങിയ ഒരു പുസ്തകത്തിൽ നമുക്കു കാണാനാകും. ആ വിശുദ്ധ എഴുത്തുകളുടെ സമാഹാരമാണ് ബൈബിൾ.
ബൈബിളിൽ വിശ്വസിക്കാനാകുന്നത് എന്തുകൊണ്ടാണ്? കാരണം അതിന്റെ എഴുത്തുകാരൻ ഈ പ്രപഞ്ചത്തിലെ ഏറ്റവും പ്രായമുള്ള, ഏറ്റവും ജ്ഞാനിയായ വ്യക്തിയാണ്. അദ്ദേഹത്തെ വിളിച്ചിരിക്കുന്നത് “പുരാതനകാലംമുതലേ ഉള്ളവൻ,” “നിത്യതമുതൽ നിത്യതവരെ” ഉള്ളവൻ എന്നൊക്കെയാണ്. (ദാനിയേൽ 7:9; സങ്കീർത്തനം 90:2) ‘ആകാശത്തിന്റെ സ്രഷ്ടാവായ, ഭൂമിയെ നിർമിച്ച സത്യദൈവമാണ്’ ആ വ്യക്തി. (യശയ്യ 45:18) ആ ദൈവംതന്നെ തന്റെ പേര് യഹോവ എന്നാണെന്ന് പറഞ്ഞിട്ടുണ്ട്.—സങ്കീർത്തനം 83:18.
ഏതെങ്കിലും ഒരു വംശമോ സംസ്കാരമോ കൂടുതൽ മികച്ചതാണെന്ന് ബൈബിൾ പറയുന്നില്ല, കാരണം അതിന്റെ എഴുത്തുകാരൻ മുഴുമനുഷ്യരുടെയും സ്രഷ്ടാവാണ്. എല്ലാ കാലത്തും പ്രയോജനം ചെയ്യുന്ന, എല്ലാ ദേശക്കാരെയും സഹായിക്കുന്ന വിവരങ്ങളാണ് അതിലുള്ളത്. ഇത്രയധികം ഭാഷകളിൽ ഇത്ര വ്യാപകമായി വിതരണം ചെയ്തിട്ടുള്ള മറ്റൊരു പുസ്തകമില്ല. a അതിനർഥം എവിടെയുള്ള ഒരാൾക്കും അതിലെ വിവരങ്ങൾ പെട്ടെന്നു മനസ്സിലാക്കാനും അതിൽനിന്ന് പ്രയോജനം നേടാനും കഴിയും എന്നാണ്. ബൈബിൾ പറയുന്ന ഈ കാര്യം ശരിയാണെന്ന് അതു തെളിയിക്കുന്നു:
‘ദൈവം പക്ഷപാതമുള്ളവനല്ല. ഏതു ജനതയിൽപ്പെട്ട ആളാണെങ്കിലും, ദൈവത്തെ ഭയപ്പെട്ട് ശരിയായതു പ്രവർത്തിക്കുന്ന മനുഷ്യനെ ദൈവം അംഗീകരിക്കുന്നു.’ —പ്രവൃത്തികൾ 10:34, 35.
സ്നേഹമുള്ള മാതാപിതാക്കൾ മക്കൾക്കു ശരിയായ കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നതുപോലെ നമ്മുടെ സ്നേഹമുള്ള പിതാവായ യഹോവ തന്റെ വചനമായ ബൈബിളിലൂടെ നമുക്ക് ആവശ്യമായ സഹായം തരുന്നു. (2 തിമൊഥെയൊസ് 3:16) ദൈവത്തിന്റെ വാക്കുകൾ നിങ്ങൾക്ക് ഉറപ്പായും വിശ്വസിക്കാം. കാരണം ദൈവമാണു നമ്മളെയെല്ലാം ഉണ്ടാക്കിയത്. നമുക്ക് ഏറ്റവും നല്ലത് എന്താണെന്നു പറഞ്ഞുതരാനും ആ ദൈവത്തിനാണു കഴിയുന്നത്.
അത്തരമൊരു ഭാവി ലഭിക്കാൻ നിങ്ങൾ എന്താണു ചെയ്യേണ്ടത്? അടുത്ത ലേഖനം നോക്കുക.
a ബൈബിളിന്റെ പരിഭാഷയോടും വിതരണത്തോടും ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ www.ps8318.com-ൽ ബൈബിൾപഠിപ്പിക്കലുകൾ > ചരിത്രവും ബൈബിളും എന്നതിനു കീഴിൽ നോക്കുക.
b കൂടുതൽ വിവരങ്ങൾക്കായി യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ 9-ാം അധ്യായം കാണുക. ഓൺലൈനിൽ ഇതു വായിക്കാൻ www.ps8318.com വെബ്സൈറ്റിലെ ലൈബ്രറി > പുസ്തകങ്ങളും പത്രികകളും എന്നതിനു കീഴിൽ നോക്കുക.