പ്രത്യാശിക്കുന്ന കാര്യങ്ങളിലുള്ള നിങ്ങളുടെ വിശ്വാസം ശക്തമാക്കുക
‘വിശ്വാസം എന്നതോ പ്രത്യാശിക്കുന്ന കാര്യങ്ങൾ സംഭവിക്കുമെന്ന ഉറച്ചബോധ്യമാകുന്നു.’—എബ്രാ. 11:1.
ഗീതം: 81, 134
1, 2. (എ) സത്യക്രിസ്ത്യാനികൾ പരിപാവനമായി കരുതുന്ന പ്രത്യാശ സാത്താന്റെ ലോകത്തിലെ ആളുകൾക്കുള്ള പ്രത്യാശയിൽനിന്ന് വ്യത്യസ്തമായിരിക്കുന്നത് എങ്ങനെ? (ബി) നമ്മൾ ഇപ്പോൾ ഏതു പ്രധാനചോദ്യങ്ങൾ ചർച്ച ചെയ്യും?
സത്യക്രിസ്ത്യാനികൾക്ക് എത്ര മഹത്തായ പ്രത്യാശയാണുള്ളത്! അഭിഷിക്തരാണെങ്കിലും ‘വേറെ ആടുകളാണെങ്കിലും’ നമ്മൾ എല്ലാവരും യഹോവയുടെ ആദിമോദ്ദേശ്യത്തിന്റെ നിവൃത്തിയും നാമവിശുദ്ധീകരണവും കാണാൻ ആഗ്രഹിക്കുന്നു. (യോഹ. 10:16; മത്താ. 6:9, 10) ഏതൊരു മനുഷ്യനും പ്രതീക്ഷയോടെ കാത്തിരിക്കാൻ കഴിയുന്ന ഏറ്റവും ഉത്കൃഷ്ടമായ കാര്യങ്ങളാണ് ഇവ. സ്വർഗത്തിലോ ഭൂമിയിലോ ഉള്ള നിത്യജീവൻ എന്ന പ്രതിഫലത്തിനായും നമ്മൾ കാത്തിരിക്കുകയാണ്. (2 പത്രോ. 3:13) അതേസമയം ദൈവജനത്തിന്റെ ആത്മീയസമൃദ്ധി കൂടുതൽക്കൂടുതൽ വർധിച്ചുവരാനും നമ്മൾ ആഗ്രഹിക്കുന്നു.
2 സാത്താന്റെ ലോകത്തിലുള്ളവർക്കും ഏതെങ്കിലും തരത്തിലുള്ള പ്രത്യാശയുണ്ട്. പക്ഷേ അത് എന്നെങ്കിലും നടപ്പാകുമെന്ന് അവർക്ക് ഉറപ്പില്ല. ഉദാഹരണത്തിന്, ലോട്ടറി എടുക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്കു ലോട്ടറിയടിക്കണമെന്ന് ആഗ്രഹം കാണും. പക്ഷേ അതു കിട്ടുമെന്നു യാതൊരു ഉറപ്പുമില്ല. എന്നാൽ യഥാർഥവിശ്വാസമാകട്ടെ, നമ്മുടെ പ്രത്യാശയുടെ ‘ഉറച്ചബോധ്യമാണ്.’ (എബ്രാ. 11:1) അങ്ങനെയെങ്കിൽ, നിങ്ങളുടെ പ്രത്യാശ കൂടുതൽ ഉറപ്പുള്ളതാക്കാൻ എന്തു ചെയ്യാനാകും? പ്രത്യാശിക്കുന്ന കാര്യങ്ങളിൽ ഉറച്ച വിശ്വാസമുണ്ടായിരിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തൊക്കെയാണ്?
3. ഏതു വസ്തുതയാണു ക്രിസ്തീയവിശ്വാസത്തിന്റെ അടിസ്ഥാനം?
3 പാപികളായ മനുഷ്യർ വിശ്വാസം എന്ന ഗുണത്തോടെയല്ല പിറന്നുവീഴുന്നത്. അതു തനിയെ വളർന്നുവരുന്നതുമല്ല. പ്രതികരണമുള്ള ഒരു ഹൃദയത്തിൽ ദൈവാത്മാവ് പ്രവർത്തിക്കുമ്പോഴാണു ക്രിസ്തീയവിശ്വാസം ഉണ്ടാകുന്നത്. (ഗലാ. 5:22) ആ ദൈവാത്മാവ് യഹോവയെപ്പറ്റി അറിയാൻ നമ്മളെ സഹായിക്കുന്നു. യഹോവ സർവശക്തനും സർവജ്ഞാനിയും ആയതുകൊണ്ട് തന്റെ ഉദ്ദേശ്യം നിവർത്തിക്കുന്നതിൽനിന്ന് യഹോവയെ യാതൊന്നും തടയില്ല. വാഗ്ദാനം ചെയ്തിരിക്കുന്ന അനുഗ്രഹങ്ങൾ നമ്മുടെ സ്വർഗീയപിതാവിനു നടന്നുകഴിഞ്ഞതുപോലെയാണ്. അതു നിവർത്തിക്കുമെന്ന് യഹോവയ്ക്ക് അത്ര ഉറപ്പാണ്. അതുകൊണ്ട് യഹോവ പറയുന്നു: “എല്ലാം കഴിഞ്ഞിരിക്കുന്നു!” (വെളിപാട് 21:3-6 വായിക്കുക.) വാഗ്ദാനം ചെയ്യുന്നതെല്ലാം നിവർത്തിക്കുന്ന ‘വിശ്വസ്തനായ ദൈവമാണ്’ യഹോവ എന്ന വസ്തുതയാണു ക്രിസ്തീയവിശ്വാസത്തിന്റെ അടിസ്ഥാനം.—ആവ. 7:9, പി.ഒ.സി.
വിശ്വാസത്തിന്റെ മുൻകാലമാതൃകകളിൽനിന്ന് പഠിക്കുക
4. ക്രിസ്തീയപൂർവകാലത്തെ വിശ്വസ്തരായ സ്ത്രീപുരുഷന്മാർക്ക് എന്തു പ്രത്യാശയാണുണ്ടായിരുന്നത്?
4 എബ്രായർക്കുള്ള ലേഖനത്തിന്റെ 11-ാം അധ്യായത്തിൽ വിശ്വാസം എന്ന ഗുണം പ്രകടിപ്പിച്ച 16 സ്ത്രീപുരുഷന്മാരുടെ ഒരു പട്ടിക നമുക്കു കാണാം. “വിശ്വാസംനിമിത്തം അവരെല്ലാവരും നല്ല സാക്ഷ്യം കൊണ്ടവരായിരുന്നു” എന്നു നിശ്വസ്ത എഴുത്തുകാരൻ അവരെക്കുറിച്ചും വിശ്വാസം പ്രകടിപ്പിച്ച മറ്റു പലരെക്കുറിച്ചും പറയുന്നു. (എബ്രാ. 11:39) ദൈവം വാഗ്ദാനം ചെയ്ത “സന്തതി” വരുമെന്നും ആ സന്തതി സാത്താന്റെ ധിക്കാരം അവസാനിപ്പിച്ച് യഹോവയുടെ ഉദ്ദേശ്യം നിറവേറ്റുമെന്നും അവർക്കെല്ലാം ‘ഉറച്ചബോധ്യമുണ്ടായിരുന്നു.’ (ഉൽപ. 3:15) ‘സന്തതിയായ’ യേശുക്രിസ്തു സ്വർഗത്തിലേക്കുള്ള വഴി തുറക്കുന്നതിനു മുമ്പ് വിശ്വസ്തരായ ഈ ദൈവദാസർ മരണമടഞ്ഞു. (ഗലാ. 3:16) സന്തോഷകരമെന്നു പറയട്ടെ, അവർ എല്ലാവരും പറുദീസാഭൂമിയിലെ പൂർണതയുള്ള ജീവിതം ആസ്വദിക്കാനായി ഉയിർപ്പിക്കപ്പെടും.—സങ്കീ. 37:11; യശ. 26:19; ഹോശേ. 13:14.
5, 6. എന്തിലായിരുന്നു അബ്രാഹാമും കുടുംബാംഗങ്ങളും പ്രത്യാശ കേന്ദ്രീകരിച്ചത്, അവർ തങ്ങളുടെ വിശ്വാസം ശക്തമാക്കിനിറുത്തിയത് എങ്ങനെ? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
5 ക്രിസ്തുവിനു മുമ്പ് ജീവിച്ചിരുന്ന ചിലരെക്കുറിച്ച് എബ്രായർ 11:13 ഇങ്ങനെ പറയുന്നു: “ഇവരെല്ലാവരും വിശ്വാസമുള്ളവരായിത്തന്നെ മരിച്ചു. തങ്ങളുടെ ജീവിതകാലത്ത് അവർ വാഗ്ദാനനിവൃത്തി പ്രാപിച്ചില്ലെങ്കിലും ദൂരത്തുനിന്ന് അവ കണ്ട് സന്തോഷിച്ചു.” അവരിൽ ഒരാളായിരുന്നു അബ്രാഹാം. ‘വാഗ്ദത്തസന്തതിയുടെ’ ഭരണത്തിൻകീഴിൽ സന്തോഷത്തോടെ ജീവിക്കുന്നതിനെക്കുറിച്ചുള്ള പ്രത്യാശ അബ്രാഹാം മനസ്സിൽ മായാതെ സൂക്ഷിച്ചോ? എതിരാളികളോടു സംസാരിച്ചപ്പോൾ യേശു ആ ചോദ്യത്തിനു കൃത്യമായ ഉത്തരം കൊടുത്തു: “നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണാമെന്ന പ്രത്യാശയിൽ അത്യധികം ആനന്ദിച്ചു; അവൻ അതു കാണുകയും ആനന്ദിക്കുകയും ചെയ്തു.” (യോഹ. 8:56) അതുപോലെതന്നെ, സാറയും യിസ്ഹാക്കും യാക്കോബും മറ്റ് അനേകരും “ദൈവംതന്നെ ശിൽപ്പിയും നിർമാതാവും” ആയ ആ ഭാവിരാജ്യത്തിൽ തങ്ങളുടെ പ്രത്യാശ കേന്ദ്രീകരിച്ചു.—എബ്രാ. 11:8-11.
6 അബ്രാഹാമും കുടുംബത്തിലുള്ളവരും വിശ്വാസം ശക്തമാക്കിനിറുത്തിയത് എങ്ങനെയാണ്? ആദ്യംതന്നെ, അവർ ദൈവത്തെക്കുറിച്ച് പഠിച്ചു. ദൈവം വെളിപ്പെടുത്തിക്കൊടുത്ത കാര്യങ്ങൾ അതിന് അവരെ സഹായിച്ചെന്നതിനു സംശയമില്ല. കൂടാതെ, വിശ്വസ്തരായ ആളുകളിൽനിന്നോ പഴയകാലത്ത് എഴുതപ്പെട്ട വിശ്വസനീയമായ രേഖകളിൽനിന്നോ അവർ പലതും പഠിച്ചുകാണും. പഠിച്ച കാര്യങ്ങൾ അവർ മറന്നുകളഞ്ഞില്ല എന്നതാണ് ഏറെ പ്രധാനം. ദൈവത്തിന്റെ വാഗ്ദാനങ്ങളും ദൈവം അവരോട് ആവശ്യപ്പെട്ട കാര്യങ്ങളും അവർ വിലപ്പെട്ടതായി കരുതി, അതെക്കുറിച്ച് ധ്യാനിക്കുകയും ചെയ്തു. പ്രത്യാശ അവർക്ക് അത്ര ഉറപ്പായിരുന്നതുകൊണ്ട് ദൈവത്തോടു വിശ്വസ്തത പാലിക്കാനായി ഏതു ബുദ്ധിമുട്ടും സഹിക്കാൻ അവർ ഒരുക്കമായിരുന്നു.
7. ശക്തമായ വിശ്വാസം വളർത്തിയെടുക്കുന്നതിന് യഹോവ സ്നേഹപൂർവം എന്തെല്ലാം കരുതലുകളാണു നമുക്കു നൽകിയിരിക്കുന്നത്, ആ കരുതലുകളെ നമുക്ക് എങ്ങനെ പ്രയോജനപ്പെടുത്താം?
7 നമ്മുടെ വിശ്വാസം ശക്തമാക്കിനിറുത്തുന്നതിന് യഹോവ സ്നേഹപൂർവം തന്റെ വചനമായ ബൈബിൾ തന്നിരിക്കുന്നു. ചെയ്യുന്നതെല്ലാം സഫലമാകുന്നതിനും സന്തുഷ്ടരായിരിക്കുന്നതിനും നമ്മൾ ദൈവവചനം ദിവസവും വായിക്കണം. (സങ്കീ. 1:1-3; പ്രവൃത്തികൾ 17:11 വായിക്കുക.) ക്രിസ്തുവിനു മുമ്പുണ്ടായിരുന്ന യഹോവയുടെ ആരാധകരെപ്പോലെ, നമ്മൾ ദൈവത്തിന്റെ വാഗ്ദാനങ്ങളെക്കുറിച്ച് ധ്യാനിക്കുകയും ദൈവം നമ്മളോട് ആവശ്യപ്പെടുന്ന കാര്യങ്ങൾ അനുസരിക്കുകയും വേണം. ‘വിശ്വസ്തനും വിവേകിയുമായ അടിമയിലൂടെ’ സമൃദ്ധമായ ആത്മീയാഹാരം തന്നുകൊണ്ടും യഹോവ നമ്മളെ അനുഗ്രഹിക്കുന്നു. (മത്താ. 24:45) യഹോവ തന്നിരിക്കുന്ന ആത്മീയകരുതലുകളെ നമുക്കു വിലപ്പെട്ടതായി കരുതാം. അവയിൽനിന്നും നമുക്കു പഠിക്കാം. അങ്ങനെ ചെയ്യുമ്പോൾ രാജ്യപ്രത്യാശയെക്കുറിച്ച് ‘ഉറച്ചബോധ്യമുണ്ടായിരുന്ന’ വിശ്വാസത്തിന്റെ മുൻകാലമാതൃകകളെ അനുകരിക്കാൻ നമുക്കും കഴിയും.
8. പ്രാർഥന നമ്മുടെ വിശ്വാസം ശക്തിപ്പെടുത്തുന്നത് എങ്ങനെ?
8 വിശ്വാസം നിലനിറുത്താൻ ക്രിസ്തുവിനു മുമ്പ് ജീവിച്ചിരുന്ന സാക്ഷികളെ സഹായിച്ച മറ്റൊരു പ്രധാന ഘടകം പ്രാർഥനയാണ്. പ്രാർഥനകൾക്കുള്ള ദൈവത്തിന്റെ ഉത്തരം അനുഭവിച്ചറിഞ്ഞപ്പോൾ അവരുടെ വിശ്വാസം കൂടുതൽ ശക്തമായി. (നെഹ. 1:4, 11; സങ്കീ. 34:4, 15, 17; ദാനി. 9:19-21) യഹോവ പ്രാർഥന കേൾക്കുകയും നമുക്കു സന്തോഷത്തോടെ പിടിച്ചുനിൽക്കാനുള്ള ശക്തി നൽകുകയും ചെയ്യും എന്ന ഉറപ്പോടെ നമ്മുടെ ഉത്കണ്ഠകളെ യഹോവയുടെ മുന്നിൽ പകരാം. പ്രാർഥനകൾക്കുള്ള ഉത്തരം ലഭിക്കുമ്പോൾ നമ്മുടെ വിശ്വാസം കൂടുതൽ ശക്തമാകും. (1 യോഹന്നാൻ 5:14, 15 വായിക്കുക.) വിശ്വാസം ദൈവാത്മാവിന്റെ ഫലത്തിന്റെ ഒരു വശമാണ്. അതുകൊണ്ട് യേശു ചെയ്യാൻ പറഞ്ഞതുപോലെ ദൈവാത്മാവിനായി നമ്മൾ ‘ചോദിച്ചുകൊണ്ടിരിക്കണം.’—ലൂക്കോ. 11:9, 13.
9. നമ്മുടെ പ്രാർഥനകളിൽ മറ്റ് എന്തുകൂടി ഉൾപ്പെടുത്തണം?
9 നമ്മുടെ പ്രാർഥനകൾ സഹായത്തിനായുള്ള അപേക്ഷകൾ മാത്രമായിപ്പോകരുത്. ‘എണ്ണിക്കൂടാതവണ്ണം അധികമായ’ ‘അത്ഭുതപ്രവൃത്തികളെപ്രതി’ നമുക്ക് യഹോവയെ എന്നും സ്തുതിക്കാം, യഹോവയ്ക്കു നന്ദി പറയാം. (സങ്കീ. 40:5) നമ്മുടെ പ്രാർഥനകളിൽ ‘തടവിൽ കിടക്കുന്നവരെ നമ്മളും അവരോടൊപ്പം തടവിലായിരുന്നാലെന്നപോലെ’ ഓർക്കണം. ലോകത്ത് എല്ലായിടത്തുമുള്ള നമ്മുടെ സഹോദരങ്ങൾക്കുവേണ്ടി, പ്രത്യേകിച്ച് ‘നമ്മുടെ ഇടയിൽ നേതൃത്വംവഹിക്കുന്നവർക്കുവേണ്ടി’ നമ്മൾ പ്രാർഥിക്കണം. നമ്മുടെ കൂട്ടായ പ്രാർഥനകൾക്ക് യഹോവ ഉത്തരം നൽകുന്നതു കാണുമ്പോൾ നമ്മുടെ ഹൃദയം തുടിക്കും.—എബ്രാ. 13:3, 7.
അവർ വിട്ടുവീഴ്ച ചെയ്യാൻ വിസമ്മതിച്ചു
10. നിഷ്കളങ്കതയിൽ വിട്ടുവീഴ്ച ചെയ്യാൻ വിസമ്മതിച്ച ദൈവദാസരുടെ ഏതൊക്കെ മാതൃകകളാണു നമുക്കുള്ളത്, അവരെ ശക്തരാക്കിയത് എന്താണ്?
10 പേര് പറഞ്ഞിട്ടില്ലാത്ത അനേകം ദൈവദാസർ നേരിട്ട പരിശോധനകളെക്കുറിച്ചും എബ്രായർ 11-ാം അധ്യായത്തിൽ പൗലോസ് അപ്പോസ്തലൻ വിശദീകരിക്കുന്നു. ഉദാഹരണത്തിന്, മരിച്ചുപോയ മക്കളെ പുനരുത്ഥാനത്തിലൂടെ തിരികെ ലഭിച്ച, വിശ്വാസമുണ്ടായിരുന്ന ചില സ്ത്രീകളെക്കുറിച്ച് പൗലോസ് പറഞ്ഞു. “മറ്റു ചിലർ ശ്രേഷ്ഠമായ പുനരുത്ഥാനം പ്രാപിക്കേണ്ടതിന് തങ്ങൾക്കു വെച്ചുനീട്ടിയ വിടുതൽ കൈക്കൊള്ളാൻ മനസ്സാകാതെ പീഡനം ഏറ്റുവാങ്ങി” എന്നും പൗലോസ് എഴുതി. (എബ്രാ. 11:35) ആരുടെ കാര്യമാണു പൗലോസ് പറഞ്ഞതെന്നു നമുക്ക് ഉറപ്പില്ല. അനുസരണയോടെ ദൈവേഷ്ടം ചെയ്തതിന്റെ പേരിൽ കല്ലെറിഞ്ഞ് കൊല്ലപ്പെട്ട നാബോത്തിനെയും സെഖര്യാവിനെയും പോലുള്ളവരായിരിക്കാം പൗലോസിന്റെ മനസ്സിലുണ്ടായിരുന്നത്. (1 രാജാ. 21:3, 15; 2 ദിന. 24:20, 21) നിഷ്കളങ്കതയിൽ വിട്ടുവീഴ്ച ചെയ്തിരുന്നെങ്കിൽ ദാനിയേലിനും കൂട്ടുകാർക്കും, ‘വിടുതൽ കൈക്കൊള്ളാമായിരുന്നു.’ അതിനു പകരം, ദൈവത്തിന്റെ ശക്തിയിലുള്ള അവരുടെ വിശ്വാസം ‘സിംഹങ്ങളുടെ വായ് അടയ്ക്കാനും’ ‘തീയുടെ ബലം കെടുത്താനും’ അവരെ പ്രാപ്തരാക്കി.—എബ്രാ. 11:33, 34; ദാനി. 3:16-18, 20, 28; 6:13, 16, 21-23.
11. വിശ്വാസത്തിന്റെ പേരിൽ ചില പ്രവാചകന്മാർക്ക് എന്തൊക്കെ പരിശോധനകൾ സഹിക്കേണ്ടിവന്നു?
11 മീഖായയെയും യിരെമ്യയെയും പോലുള്ള പ്രവാചകർ വിശ്വാസത്തിന്റെ പേരിൽ “പരിഹാസവും . . . കാരാഗൃഹവാസവും അനുഭവിച്ചു.” മറ്റു ചിലർ ഏലിയയെപ്പോലെ “നിർജനപ്രദേശങ്ങളിലും മലകളിലും ഗുഹകളിലും കുഴികളിലും അലഞ്ഞുഴന്നു.” അവരെല്ലാം സഹിച്ചുനിന്നത് എന്തുകൊണ്ടാണ്? കാരണം, അവർക്കെല്ലാം ‘പ്രത്യാശിക്കുന്ന കാര്യങ്ങൾ സംഭവിക്കുമെന്ന ഉറച്ചബോധ്യമുണ്ടായിരുന്നു.’—എബ്രാ. 11:1, 36-38; 1 രാജാ. 18:13; 22:24-27; യിരെ. 20:1, 2; 28:10, 11; 32:2.
12. പരിശോധന സഹിച്ചുനിന്നതിൽ ഏറ്റവും നല്ല മാതൃക വെച്ചത് ആരാണ്, അതിനു സഹായിച്ചത് എന്താണ്?
12 വിശ്വാസത്തിന്റെ നല്ല മാതൃക വെച്ച വ്യത്യസ്ത സ്ത്രീപുരുഷന്മാരെക്കുറിച്ച് വിവരിച്ചശേഷം പൗലോസ് ഏറ്റവും മികച്ച മാതൃകയിലേക്കു നമ്മുടെ ശ്രദ്ധ കൊണ്ടുപോകുന്നു—നമ്മുടെ കർത്താവായ യേശുക്രിസ്തുവിലേക്ക്. എബ്രായർ 12:2 ഇങ്ങനെ പറയുന്നു: “തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്ത് അവൻ അപമാനം വകവെക്കാതെ ക്ഷമയോടെ ദണ്ഡനസ്തംഭത്തിലെ മരണം ഏറ്റുവാങ്ങുകയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനാകുകയും ചെയ്തു.” ഏറ്റവും കഠിനമായ പരിശോധനകളിലും യേശു വെച്ച വിശ്വാസത്തിന്റെ മാതൃക നമ്മൾ ‘ഓർത്തുകൊള്ളണം.’ (എബ്രായർ 12:3 വായിക്കുക.) ശിഷ്യനായ അന്തിപ്പാസിനെപ്പോലുള്ള ആദ്യകാലത്തെ ക്രിസ്തീയ രക്തസാക്ഷികളും യേശുവിനെ അനുകരിച്ച് നിഷ്കളങ്കതയിൽ വിട്ടുവീഴ്ച ചെയ്യാൻ വിസമ്മതിച്ചു. (വെളി. 2:13) അവർക്കു സ്വർഗീയജീവനിലേക്കുള്ള പുനരുത്ഥാനം ലഭിക്കുമായിരുന്നു, പുരാതനകാലത്തെ വിശ്വസ്തരായ ആളുകൾ നോക്കിപ്പാർത്തിരുന്ന ‘ശ്രേഷ്ഠമായ പുനരുത്ഥാനത്തെക്കാൾ’ മെച്ചപ്പെട്ട ഒരു പ്രതിഫലം. (എബ്രാ. 11:35) 1914-ൽ ദൈവരാജ്യം സ്ഥാപിതമായി അൽപ്പകാലത്തിനു ശേഷം, മരണനിദ്രയിലായിരുന്ന വിശ്വസ്തരായ അഭിഷിക്തർ സ്വർഗത്തിലെ ആത്മജീവനിലേക്ക് ഉയിർപ്പിക്കപ്പെട്ടു. അവർ യേശുവിനോടൊപ്പം മനുഷ്യകുടുംബത്തെ ഭരിക്കും.—വെളി. 20:4.
വിശ്വാസത്തിന്റെ ആധുനികകാലമാതൃകകൾ
13, 14. റൂഡോൾഫ് സഹോദരൻ എന്തെല്ലാം പരിശോധനകളാണു നേരിട്ടത്, സഹിച്ചുനിൽക്കാൻ അദ്ദേഹത്തെ എന്താണു സഹായിച്ചത്?
13 പ്രത്യാശ കൺമുന്നിൽനിന്ന് മാറാതെ സൂക്ഷിച്ചുകൊണ്ടും വിശ്വാസം ദുർബലമാക്കാൻ പരിശോധനകളെ അനുവദിക്കാതിരുന്നുകൊണ്ടും ആധുനികകാലത്തെ ലക്ഷക്കണക്കിനു ദൈവാരാധകർ യേശുവിന്റെ മാതൃക പിന്തുടരുന്നു. 1925-ൽ ജർമനിയിൽ ജനിച്ച റൂഡോൾഫ് ഗ്രൈച്ചൻ സഹോദരന്റെ അനുഭവം നോക്കാം. വീടിന്റെ ചുമരിൽ തൂക്കിയിട്ടിരുന്ന ബൈബിൾരംഗങ്ങളെക്കുറിച്ചുള്ള ചിത്രങ്ങൾ അദ്ദേഹം ഓർക്കുമായിരുന്നു. അദ്ദേഹം ഇങ്ങനെ എഴുതി: “അതിലൊന്ന്, ചെന്നായും കുഞ്ഞാടും, കോലാട്ടിൻകുട്ടിയും പുള്ളിപ്പുലിയും, പശുക്കിടാവും സിംഹവും ഒരുമിച്ച് സമാധാനത്തിൽ കഴിയുന്നതും ഒരു ചെറിയ കുട്ടി അവയെ നടത്തുന്നതും ആയിരുന്നു. അത്തരം ചിത്രങ്ങൾ എന്റെ മനസ്സിൽ മായാത്ത മുദ്ര പതിച്ചു.” (യശ. 11:6-9) ആദ്യം നാസി രഹസ്യപ്പോലീസിൽനിന്നും (ഗസ്റ്റപ്പോ) പിന്നീടു പൂർവജർമനിയുടെ രഹസ്യപ്പോലീസിൽനിന്നും (കമ്മ്യൂണിസ്റ്റ് ഷ്റ്റാസി) വർഷങ്ങളോളം അദ്ദേഹത്തിനു ക്രൂരമായ പീഡനം ഏൽക്കേണ്ടിവന്നു. എങ്കിലും പറുദീസാഭൂമിയെക്കുറിച്ചുള്ള വിശ്വാസത്തിനു മങ്ങലേൽക്കാൻ റൂഡോൾഫ് സഹോദരൻ ഒന്നിനെയും അനുവദിച്ചില്ല.
14 മറ്റു കടുത്ത പരിശോധനകളും റൂഡോൾഫ് സഹോദരനു നേരിടേണ്ടിവന്നു. റാവൻസ്ബ്രൂക് തടങ്കൽപ്പാളയത്തിൽവെച്ച് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട അമ്മ ടൈഫസ് രോഗം ബാധിച്ച് മരിച്ചു, വിശ്വാസം നഷ്ടപ്പെട്ട് താൻ ഒരു യഹോവയുടെ സാക്ഷിയല്ല എന്ന ഒരു രേഖയിൽ പിതാവ് ഒപ്പിട്ടു. എങ്കിലും റൂഡോൾഫ് സഹോദരൻ വിശ്വാസം വിട്ടുകളഞ്ഞില്ല. ജയിൽമോചിതനായശേഷം അദ്ദേഹം ഒരു സർക്കിട്ട് മേൽവിചാരകനായി സേവിച്ചു. പിന്നീട് ഗിലെയാദ് സ്കൂളിലേക്ക് അദ്ദേഹത്തിനു ക്ഷണം ലഭിച്ചു. അതിനു ശേഷം അദ്ദേഹത്തെ ഒരു മിഷനറിയായി ചിലിയിലേക്കു നിയമിച്ചു. അവിടെ അദ്ദേഹം വീണ്ടും സർക്കിട്ട് മേൽവിചാരകനായി സേവിക്കാൻ തുടങ്ങി. എന്നാൽ അദ്ദേഹത്തിന്റെ പരിശോധനകൾ അവസാനിച്ചിരുന്നില്ല. ഒരു സഹമിഷനറിയായിരുന്ന പാറ്റ്സിയെ വിവാഹം ചെയ്ത് ഒരു വർഷത്തിനു ശേഷം അവർക്ക് ഉണ്ടായ പെൺകുഞ്ഞു മരിച്ചുപോയി, വെറും 43 വയസ്സായപ്പോൾ പ്രിയപ്പെട്ട ഭാര്യയും. ഈ പരിശോധനകൾ എല്ലാം റൂഡോൾഫ് സഹോദരൻ സഹിച്ചുനിന്നു. പ്രായവും രോഗവും ഒക്കെ ബാധിച്ചെങ്കിലും 1997 ആഗസ്റ്റ് 1 ലക്കം വീക്ഷാഗോപുരത്തിൽ അദ്ദേഹത്തിന്റെ ജീവിതകഥ വരുമ്പോഴും അദ്ദേഹം ഒരു സാധാരണ മുൻനിരസേവകനും മൂപ്പനും ആയി സേവിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ജീവിതകഥ ആ മാസികയുടെ 20-25 പേജുകളിൽ കാണാം. [1]
15. യഹോവയുടെ സാക്ഷികൾ പീഡനം സഹിച്ചുനിൽക്കുന്നതിന്റെ ചില ആധുനികകാല ദൃഷ്ടാന്തങ്ങൾ ഏതൊക്കെയാണ്?
15 കഠിനമായ പീഡനം തുടരുമ്പോഴും യഹോവയുടെ സാക്ഷികൾ അവരുടെ പ്രത്യാശയിൽ സന്തോഷിക്കുന്നു. ഉദാഹരണത്തിന്, നമ്മുടെ നൂറു കണക്കിനു സഹോദരങ്ങൾ എറിട്രിയയിലും ദക്ഷിണകൊറിയയിലും സിംഗപ്പൂരിലും തടവിലാണ്. വാൾ എടുക്കരുതെന്ന യേശുവിന്റെ വാക്കുകൾ അനുസരിച്ചതുകൊണ്ടാണ് അവരിൽ അനേകരും തടവിലായിരിക്കുന്നത്. (മത്താ. 26:52) അവരിൽ മൂന്നു പേരാണ് എറിട്രിയയിൽ 20-ലധികം വർഷമായി തടവിലായിരിക്കുന്ന ഇസകും നെഗെഡെയും പൗലോസും. വിവാഹം കഴിക്കാനും പ്രായമായിക്കൊണ്ടിരിക്കുന്ന മാതാപിതാക്കളെ സംരക്ഷിക്കാനും ഒന്നും അവർക്കു സ്വാതന്ത്ര്യമില്ല. നിഷ്കരുണമായ പെരുമാറ്റം സഹിക്കേണ്ടിവന്നിട്ടും ഈ സഹോദരങ്ങൾ വിശ്വസ്തരായി നിലനിന്നിരിക്കുന്നു. jw.org വെബ്സൈറ്റിൽ അവരുടെ ഫോട്ടോ കാണാം, പീഡനത്തിൻമധ്യേയും പുഞ്ചിരി തൂകുന്ന മുഖങ്ങളോടെ! കാവൽക്കാർവരെ ഇപ്പോൾ അവരെ ആദരിക്കുന്നു.
16. ശക്തമായ വിശ്വാസം നിങ്ങളെ സംരക്ഷിക്കുന്നത് എങ്ങനെ?
16 യഹോവയുടെ ജനത്തിൽ അനേകർക്കും അത്തരം കഠിനമായ പീഡനം സഹിക്കേണ്ടിവന്നിട്ടില്ല. അവർ നേരിട്ടിരിക്കുന്ന വിശ്വാസത്തിന്റെ പരിശോധനകൾ വേറെയാണ്. പലരും പട്ടിണി അനുഭവിക്കുന്നു. അല്ലെങ്കിൽ ആഭ്യന്തരയുദ്ധങ്ങളുടെയും പ്രകൃതിവിപത്തുകളുടെയും കെടുതികൾ അനുഭവിക്കേണ്ടിവരുന്നു. മറ്റു ചിലർ മോശയെയും മറ്റു ഗോത്രപിതാക്കന്മാരെയും അനുകരിച്ചുകൊണ്ട് യഹോവയെ സേവിക്കുന്നതിനുവേണ്ടി ഈ ലോകത്തിലെ സുഖസമൃദ്ധമായ ഒരു ജീവിതവും പേരും പെരുമയും ഉപേക്ഷിച്ചിരിക്കുന്നു. അവർക്കെല്ലാം അത് എങ്ങനെയാണു സാധിച്ചിരിക്കുന്നത്? ഒന്ന്, യഹോവയോടുള്ള അവരുടെ സ്നേഹം. രണ്ട്, ഇപ്പോൾ അനുഭവിക്കുന്ന എല്ലാ അനീതിയും മായ്ച്ചുകളഞ്ഞുകൊണ്ട് നീതി വസിക്കുന്ന ഒരു പുതിയ ലോകത്തിലെ നിത്യജീവൻ വിശ്വസ്തരായ ദാസർക്കു കൊടുക്കുമെന്ന യഹോവയുടെ വാഗ്ദാനത്തിലുള്ള ശക്തമായ വിശ്വാസം.—സങ്കീർത്തനം 37:5, 7, 9, 29 വായിക്കുക.
17. നിങ്ങൾ എന്തു ചെയ്യാൻ ഉറച്ച തീരുമാനം എടുത്തിരിക്കുന്നു, അടുത്ത ലേഖനത്തിൽ എന്താണു ചർച്ച ചെയ്യാൻ പോകുന്നത്?
17 വിശ്വാസം എന്നതു ‘പ്രത്യാശിക്കുന്ന കാര്യങ്ങൾ സംഭവിക്കുമെന്ന ഉറച്ചബോധ്യമാണെന്നു’ നമ്മൾ ഈ ലേഖനത്തിൽ പഠിച്ചു. അത്തരം വിശ്വാസമുണ്ടായിരിക്കുന്നതിനു നമ്മൾ യഹോവയുടെ വാഗ്ദാനങ്ങളെക്കുറിച്ച് ധ്യാനിക്കുകയും യഹോവയോടു പ്രാർഥിക്കുകയും വേണം. അപ്പോൾ നമുക്ക് ഏതു പരിശോധനയും സഹിച്ചുനിൽക്കാൻ കഴിയും. വിശ്വാസമുണ്ടായിരിക്കുകയെന്നതിന്റെ കൂടുതലായ അർഥം അടുത്ത ലേഖനത്തിൽ പഠിക്കും.
^ [1] (ഖണ്ഡിക 14) 2002 മെയ് 8 ലക്കം ഉണരുക!-യിലെ “പരിശോധനകളിൻ മധ്യേയും മങ്ങലേൽക്കാത്ത പ്രത്യാശയുമായി” എന്ന സ്ലൊവാക്യയിലെ ആൻഡ്രേ ഹന്നാക്ക് സഹോദരന്റെ ജീവിതകഥയും കാണുക.