ജീവിതകഥ
ഞങ്ങൾ ‘വിലയേറിയ മുത്ത്’ കണ്ടെത്തി
വിൻസ്റ്റൺ പെയ്നും പമേലയും (പാം) ഓസ്ട്രേലേഷ്യ ബ്രാഞ്ചിലാണു സേവിക്കുന്നത്. തങ്ങൾ പിന്നിട്ട, സന്തോഷം നിറഞ്ഞ നാളുകളിലേക്ക് അവർ തിരിഞ്ഞുനോക്കുന്നു. എന്നാൽ അതിന് അർഥം അവർക്കു പ്രശ്നങ്ങളൊന്നുമില്ലായിരുന്നു എന്നല്ല. പല സംസ്കാരങ്ങളും രീതികളും ആയി അവർക്കു പരിചയിക്കേണ്ടിവന്നു. അതുപോലെ, അവരുടെ കുഞ്ഞ് ജനിക്കുന്നതിനു മുമ്പുതന്നെ മരിച്ചുപോയി. എന്നാൽ ഇതിന്റെയെല്ലാം മധ്യേയും അവർ യഹോവയോടും ദൈവജനത്തോടും ഉള്ള സ്നേഹം ഒളിമങ്ങാതെ സൂക്ഷിച്ചു. ശുശ്രൂഷയിലുള്ള സന്തോഷം അവർ കാത്തുസൂക്ഷിച്ചു. അവരുമായി നടത്തിയ ഈ അഭിമുഖത്തിൽ അവരുടെ ചില അനുഭവങ്ങൾ നമുക്കു ശ്രദ്ധിക്കാം.
വിൻസ്റ്റൺ സഹോദരാ, ദൈവത്തിനുവേണ്ടിയുള്ള സഹോദരന്റെ അന്വേഷണം ഒന്നു വിവരിക്കാമോ?
ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിൽ ആണു ഞാൻ വളർന്നുവന്നത്. ഒറ്റപ്പെട്ട ഒരു കൃഷിയിടത്തിലെ ഒരു വീട്ടിൽ. വീട്ടുകാരാരും മതവിശ്വാസികളായിരുന്നില്ല. ഞങ്ങളുടെ വീട് ഒറ്റപ്പെട്ട് കിടന്നതുകൊണ്ട് കുടുംബാംഗങ്ങളുമായി മാത്രമേ എനിക്കു ബന്ധമുണ്ടായിരുന്നുള്ളൂ. 12-ാമത്തെ വയസ്സുമുതൽ ദൈവത്തിനുവേണ്ടിയുള്ള എന്റെ അന്വേഷണം തുടങ്ങി. ദൈവത്തെക്കുറിച്ചുള്ള സത്യം അറിയാൻ സഹായിക്കണേ എന്നു ഞാൻ ദൈവത്തോടു പ്രാർഥിക്കുമായിരുന്നു. പിന്നീടു ഞാൻ വീടു വിട്ട് സൗത്ത് ഓസ്ട്രേലിയയിലെ അഡലെയ്ഡിൽ എത്തി അവിടെ ജോലി ചെയ്യാൻ തുടങ്ങി. 21-ാമത്തെ വയസ്സിൽ ഞാൻ പാമിനെ ആദ്യമായി കണ്ടു. സിഡ്നിയിൽ അവധി ആഘോഷിക്കാൻ പോയതായിരുന്നു ഞാൻ. അവൾ എന്നോടു ബ്രിട്ടീഷ്-ഇസ്രായേൽ മതസംഘടനയെക്കുറിച്ച് പറഞ്ഞു. ഇസ്രായേലിന്റെ നഷ്ടപ്പെട്ട ഗോത്രങ്ങളുടെ പിൻതലമുറക്കാരാണു ബ്രിട്ടീഷുകാർ എന്നാണ് ആ മതസംഘടനയിലെ ആളുകൾ വിശ്വസിച്ചിരുന്നത്. ബി.സി. എട്ടാം നൂറ്റാണ്ടിൽ ബന്ദികളായി പോയ പത്തു-ഗോത്ര ഇസ്രായേലിനെയാണു ‘നഷ്ടപ്പെട്ട ഗോത്രങ്ങൾ’ എന്ന് വിളിക്കുന്നത്. ഞാൻ അഡലെയ്ഡിൽ തിരിച്ചെത്തിയപ്പോൾ ഈ വിഷയത്തെക്കുറിച്ച് കൂടെ ജോലി ചെയ്തിരുന്ന ഒരാളോടു സംസാരിച്ചു. അദ്ദേഹം യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിക്കാൻ തുടങ്ങിയിരുന്നു. അദ്ദേഹവുമായി ഞാൻ ഏതാനും മണിക്കൂറുകൾ സംസാരിച്ചു. പ്രധാനമായും സാക്ഷികളുടെ വിശ്വാസങ്ങളെക്കുറിച്ചായിരുന്നു ചർച്ച. അതു കഴിഞ്ഞപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി, കുട്ടിക്കാലത്തെ എന്റെ പ്രാർഥനയ്ക്ക് ഉത്തരം കിട്ടിയെന്ന്, സ്രഷ്ടാവിനെയും ആ സ്രഷ്ടാവിന്റെ രാജ്യത്തെയും കുറിച്ചുള്ള സത്യമാണു ഞാൻ കേൾക്കുന്നതെന്ന്. ഞാൻ ‘വിലയേറിയ മുത്തു കണ്ടെത്തി.’—മത്താ. 13:45, 46.
സഹോദരീ, ആ മുത്തിനുവേണ്ടി സഹോദരിയും ചെറുപ്പംമുതലേ അന്വേഷിക്കാൻ തുടങ്ങിയിരുന്നല്ലോ. എങ്ങനെയാണ് അതു കണ്ടെത്തിയത്?
ന്യൂസൗത്ത് വെയ്ൽസിലെ കോഫ്സ് ഹാർബർ എന്ന പട്ടണത്തിലാണു ഞാൻ വളർന്നുവന്നത്. എന്റെ കുടുംബാംഗങ്ങളെല്ലാം ദൈവവിശ്വാസികളായിരുന്നു. ബ്രിട്ടീഷ്-ഇസ്രായേൽ സംഘടനയുടെ പഠിപ്പിക്കലുകളാണ്
എന്റെ മാതാപിതാക്കളും മുത്തശ്ശീമുത്തച്ഛന്മാരും വിശ്വസിച്ചിരുന്നത്. ബ്രിട്ടീഷ് വംശജരായ ആളുകളെയാണു ദൈവത്തിന് ഇഷ്ടമെന്ന് എന്നെയും അനിയനെയും ചേച്ചിയെയും മറ്റു ചില ബന്ധുക്കളെയും പഠിപ്പിച്ചിരുന്നു. എനിക്ക് എന്തോ, അത് അത്രയ്ക്കങ്ങ് വിശ്വാസമായില്ല. ഇതൊന്നും എന്റെ ആത്മീയദാഹം ശമിപ്പിച്ചുമില്ല. 14 വയസ്സായപ്പോൾ ഞാൻ ആംഗ്ലിക്കൻ, ബാപ്റ്റിസ്റ്റ്, സെവൻത്-ഡേ അഡ്വന്റിസ്റ്റ് തുടങ്ങി പല സഭകളുടെയും പള്ളികൾ സന്ദർശിച്ചു. പക്ഷേ അതുകൊണ്ടൊന്നും ഒരു പ്രയോജനവും കിട്ടിയില്ല.പിന്നീട് എന്റെ കുടുംബം സിഡ്നിയിലേക്കു താമസം മാറി. അവിടെവെച്ചാണു ഞാൻ വിൻസ്റ്റണിനെ കാണുന്നത്. അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. വിൻസ്റ്റൺ പറഞ്ഞതുപോലെ, ഞങ്ങളുടെ ആത്മീയചർച്ചകൾ സാക്ഷികളോടൊത്ത് ബൈബിൾ പഠിക്കുന്നതിലേക്കു അദ്ദേഹത്തെ നയിച്ചു. അതിനു ശേഷം അദ്ദേഹം എനിക്ക് അയച്ച കത്തുകളിൽ നിറയെ തിരുവെഴുത്തുകളിൽനിന്നുള്ള ഉദ്ധരണികളായിരുന്നു! സത്യം പറയട്ടെ, ആദ്യം എനിക്ക് ആശങ്കയാണു തോന്നിയത്. അൽപ്പം ഇഷ്ടക്കേടും തോന്നിയെന്നു പറയാതെ വയ്യ. പക്ഷേ സത്യത്തിന്റെ കിരണങ്ങളാണു ഞാൻ കണ്ടുകൊണ്ടിരിക്കുന്നതെന്ന് എനിക്കു പതിയെപ്പതിയെ മനസ്സിലായി.
വിൻസ്റ്റൺ താമസിച്ചിരുന്ന അഡലെയ്ഡിലേക്ക് 1962-ൽ ഞാൻ താമസം മാറി. ഒരു സാക്ഷിദമ്പതികളുടെകൂടെ അദ്ദേഹം എനിക്കു താമസസൗകര്യം ഒരുക്കി. മുമ്പ് പാപ്പുവ ന്യൂഗിനിയിൽ മിഷനറിമാരായി സേവിച്ചിരുന്ന തോമസ് സ്ലൊമാനും ജാനിസും ആയിരുന്നു അവർ. എന്നോട് അവർ വലിയ ദയ കാണിച്ചു. എനിക്കു 18 വയസ്സേ ഉണ്ടായിരുന്നുള്ളൂ. ആത്മീയമായി അവർ എന്നെ ഒരുപാടു സഹായിച്ചു. അങ്ങനെ ഞാനും ബൈബിൾ പഠിക്കാൻ തുടങ്ങി. ഇതാണു സത്യമെന്ന് എനിക്കു ബോധ്യമായി. പിന്നീടു വിൻസ്റ്റണും ഞാനും വിവാഹിതരായി. അതിനു ശേഷം ഞങ്ങൾ ഒരുമിച്ച് അങ്ങേയറ്റം സംതൃപ്തി പകരുന്ന മുഴുസമയസേവനം ആരംഭിച്ചു. പരിശോധനകൾ ധാരാളമുണ്ടായെങ്കിലും ആ സേവനം ഞങ്ങൾ കണ്ടെത്തിയ മുത്തിനോടുള്ള വിലമതിപ്പു വർധിപ്പിച്ചു.
സഹോദരാ, യഹോവയുടെ സേവനത്തിലെ സഹോദരന്റെ ആദ്യനാളുകളെക്കുറിച്ച് പറയാമോ?
വിവാഹം കഴിഞ്ഞ് അധികം വൈകാതെ, യഹോവ തന്റെ സേവനത്തിൽ ഞങ്ങൾക്കു പ്രത്യേകനിയമനങ്ങൾ തരാൻ തുടങ്ങി. (1 കൊരി. 16:9) ഞങ്ങളുടെ ചെറിയ സഭയിൽ സർക്കിട്ട് മേൽവിചാരകനായി എത്തിയ ജാക്ക് പോർട്ടർ സഹോദരനായിരുന്നു സേവനത്തിന്റെ ആദ്യത്തെ വാതിൽ കാണിച്ചുതന്നത്. (അദ്ദേഹം ഇപ്പോൾ എന്റെകൂടെ ഓസ്ട്രേലേഷ്യ ബ്രാഞ്ച് കമ്മിറ്റിയംഗമായി സേവിക്കുന്നു.) ജാക്ക് സഹോദരനും ഭാര്യ റോസ്ലിൻ സഹോദരിയും സാധാരണ മുൻനിരസേവനം തുടങ്ങാൻ ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. അഞ്ചു വർഷം ഞങ്ങൾ ആ സേവനത്തിലായിരുന്നു. എനിക്കു 29 വയസ്സായപ്പോൾ എന്നെയും പാമിനെയും സർക്കിട്ട് വേലയിൽ നിയമിച്ചു. തെക്കൻ പസിഫിക് ദ്വീപുകളായിരുന്നു ഞങ്ങളുടെ പ്രദേശം. അന്ന് അതു ഫിജി ബ്രാഞ്ചിന്റെ കീഴിലായിരുന്നു. അമേരിക്കൻ സമോവ, കിരിബാറ്റി, ടുവാലു, ടോംഗ, തൊക്കലാവു, നാവ്റു, ന്യൂയ്, വന്വാട്ടു, സമോവ എന്നിവയായിരുന്നു ആ ദ്വീപുകൾ.
ആ കാലത്ത്, ഒറ്റപ്പെട്ട് കിടന്ന ചില ദ്വീപുകളിലെ ആളുകൾ യഹോവയുടെ സാക്ഷികളെ സംശയദൃഷ്ടിയോടെയാണു കണ്ടിരുന്നത്. അതുകൊണ്ട് ഞങ്ങൾ ശുശ്രൂഷയിൽ ജാഗ്രതയും വിവേകവും കാണിക്കണമായിരുന്നു. (മത്താ. 10:16) അവിടത്തെ സഭകൾ ചെറുതായിരുന്നു. ചിലയിടങ്ങളിൽ ഞങ്ങൾക്കു താമസസൗകര്യം തരാൻ സഹോദരങ്ങൾക്കു കഴിവില്ലായിരുന്നു. അങ്ങനെയുള്ള ഗ്രാമങ്ങളിൽ അവിടത്തെ ആളുകളോട്, അവരുടെകൂടെ താമസിച്ചോട്ടേ എന്നു ഞങ്ങൾ ചോദിക്കുമായിരുന്നു. അവർ എപ്പോഴും വളരെ ദയയോടെയാണു ഞങ്ങളോട് ഇടപെട്ടിരുന്നത്.
പരിഭാഷയുടെ കാര്യത്തിൽ സഹോദരനു പ്രത്യേകതാത്പര്യമുണ്ടല്ലോ. ആ താത്പര്യം എങ്ങനെ കിട്ടി?
ആ കാലത്ത് ദ്വീപുരാജ്യമായ ടോംഗയിലെ സഹോദരങ്ങൾക്ക്, പോളിനേഷ്യയിലെ ഒരു ഭാഷയായ ടോംഗനിലുള്ള ഏതാനും ലഘുലേഖകളും ചെറുപുസ്തകങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശുശ്രൂഷയിൽ നിത്യജീവനിലേക്കു നയിക്കുന്ന സത്യം എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ഉപയോഗിച്ചാണ് അവർ ആളുകളെ പഠിപ്പിച്ചിരുന്നത്. അതുകൊണ്ട് നാല് ആഴ്ച നീണ്ടുനിന്ന മൂപ്പന്മാരുടെ ഒരു സ്കൂളിനിടെ നാട്ടുകാരായ മൂന്നു മൂപ്പന്മാർ ആ പുസ്തകം ടോംഗൻ ഭാഷയിലേക്കു പരിഭാഷപ്പെടുത്താൻ തീരുമാനിച്ചു. അവർക്ക് ഇംഗ്ലീഷ് അത്ര നന്നായി കൈകാര്യം ചെയ്യാൻ അറിയില്ലായിരുന്നു. അവർ പരിഭാഷ ചെയ്തത് പാം ആണു ടൈപ്പ് ചെയ്തത്. അച്ചടിക്കായി ഞങ്ങൾ അതു ഐക്യനാടുകളിലെ ബ്രാഞ്ചിലേക്ക് അയച്ചു. പരിഭാഷയ്ക്കും അച്ചടിക്കും ആയി മൊത്തം എട്ട് ആഴ്ച വേണ്ടിവന്നു. പരിഭാഷയ്ക്ക് അത്ര നിലവാരമില്ലായിരുന്നെങ്കിലും സത്യം പഠിക്കാൻ ടോംഗൻ ഭാഷ സംസാരിക്കുന്ന പല ആളുകളെയും ഈ പുസ്തകം സഹായിച്ചു. ഞാനും പാമും പരിഭാഷകരല്ല. എങ്കിലും ഈ അനുഭവം പരിഭാഷാവേലയോടുള്ള ഞങ്ങളുടെ താത്പര്യം ജ്വലിപ്പിച്ചു.
ഓസ്ട്രേലിയയിൽ ജനിച്ച് വളർന്ന സഹോദരിക്കു ദ്വീപുകളിലെ ജീവിതം സുഖകരമായിരുന്നോ?
ശരിക്കും വലിയ വ്യത്യാസമുണ്ടായിരുന്നു. പലപല പ്രശ്നങ്ങൾ ഞങ്ങൾ നേരിട്ടു. ഒരു സ്ഥലത്ത് കൊതുകുകടിയായിരുന്നു പ്രശ്നമെങ്കിൽ വേറൊരിടത്ത് ചൂടും ഉഷ്ണവും ആയിരിക്കും. അതുപോലെ എലിശല്യം, രോഗങ്ങൾ, അങ്ങനെ പലതും. ചിലപ്പോൾ ആവശ്യത്തിനു
ഭക്ഷണം കാണില്ല. എന്നാൽ ഓരോ ദിവസവും കഴിയുമ്പോൾ പുല്ല് മേഞ്ഞ മേൽക്കൂരയുള്ള, ഭിത്തികളില്ലാത്ത അവിടത്തെ വീടുകളിലിരുന്ന്, സമുദ്രത്തിലേക്ക് അങ്ങനെ നോക്കിയിരിക്കുന്നത് കുളിർമയേകുന്ന ഒരു അനുഭവമായിരുന്നു. ചന്ദ്രൻ പൂർണപ്രഭ വിതറിനിൽക്കുന്ന ചില രാത്രികളിൽ തെങ്ങുകൾ തെളിഞ്ഞുകാണാമായിരുന്നു. കടൽവെള്ളത്തിൽ ചന്ദ്രന്റെ ശോഭ പ്രതിഫലിക്കുന്നത്, ഒരു കാഴ്ചതന്നെയായിരുന്നു. അത്തരം മനോഹരമായ നിമിഷങ്ങളിൽ ഞങ്ങൾ ധ്യാനിക്കുകയും പ്രാർഥിക്കുകയും ചെയ്തു. മനസ്സു മടുപ്പിക്കുന്ന കാര്യങ്ങളിൽനിന്ന് നല്ല കാര്യങ്ങളിലേക്ക് അങ്ങനെ ഞങ്ങൾ ചിന്തകൾ തിരിച്ചുവിട്ടു.ഞങ്ങൾക്ക് അവിടത്തെ കുട്ടികളെ ഇഷ്ടമായിരുന്നു. വെള്ളക്കാരായ ഞങ്ങളെ കൗതുകത്തോടെയാണു കുസൃതിക്കാരായ ആ കുട്ടികൾ കണ്ടിരുന്നത്. ന്യൂയ് സന്ദർശിച്ചപ്പോൾ ഒരു കൊച്ചുകുട്ടി രോമാവൃതമായ വിൻസ്റ്റണിന്റെ കൈകളിൽ പിടിച്ചിട്ട് പറഞ്ഞു: “എനിക്ക് അങ്കിളിന്റെ തൂവൽ ഇഷ്ടമാണ്.” അത്രയും രോമാവൃതമായ കൈകൾ അവൻ അതിനു മുമ്പ് കണ്ടിട്ടില്ലായിരുന്നു. അതുകൊണ്ട് അത് എങ്ങനെ പറയണമെന്ന് അവന് അറിയില്ലായിരുന്നു.
പലരുടെയും മോശമായ ജീവിതാവസ്ഥകൾ കണ്ടത് ശരിക്കും ഞങ്ങളുടെ ഹൃദയം വേദനിപ്പിച്ചു. അവരുടെ ചുറ്റുപാടുകൾ ഒക്കെ മനോഹരമായിരുന്നു. പക്ഷേ ആരോഗ്യപരിപാലനത്തിന്റെ കാര്യത്തിൽ അവർ പിന്നോക്കമായിരുന്നു. കുടിവെള്ളം ദുർലഭമായിരുന്നു. എങ്കിലും അവിടുത്തെ സഹോദരങ്ങൾക്ക് ഒരു ഉത്കണ്ഠയുമുള്ളതായി തോന്നിയില്ല. അവരെ സംബന്ധിച്ചിടത്തോളം അതായിരുന്നു അവരുടെ ജീവിതം. കുടുംബാംഗങ്ങളോടൊപ്പമായിരിക്കുന്നതും ആരാധിക്കാൻ ഒരു സ്ഥലമുണ്ടായിരിക്കുന്നതും യഹോവയെ സ്തുതിക്കാനുള്ള പദവിയുണ്ടായിരിക്കുന്നതും ഒക്കെ അവർക്കു സന്തോഷം നൽകി. അവരുടെ മാതൃക ശരിയായ മുൻഗണനകൾ വെക്കാനും ജീവിതം ലളിതമാക്കാനും ഞങ്ങളെ സഹായിച്ചു.
സഹോദരിക്കു ചിലപ്പോൾ വെള്ളം കോരിയെടുക്കണമായിരുന്നു, അതുപോലെ വ്യത്യസ്തമായ സാഹചര്യങ്ങളിൽ ആഹാരമുണ്ടാക്കണം. എങ്ങനെയാണ് അതിനൊക്കെ കഴിഞ്ഞത്?
ഇക്കാര്യത്തിൽ നന്ദി പറയേണ്ടത് എന്റെ പപ്പയോടാണ്. അദ്ദേഹം പ്രയോജനപ്രദമായ പല കാര്യങ്ങളും എന്നെ പഠിപ്പിച്ചു, അടുപ്പ് ഉണ്ടാക്കി എങ്ങനെ തീ കത്തിക്കാം, അധികം സാധനങ്ങളൊന്നുമില്ലാതെ എങ്ങനെ ജീവിക്കാം അങ്ങനെ പലതും. ഒരിക്കൽ കിരിബാറ്റിയിലെ സന്ദർശനത്തിനിടെ മേഞ്ഞ മേൽക്കൂരയും പവിഴപ്പുറ്റുകളുടെ പൊടികൊണ്ടുണ്ടാക്കിയ തറയും മുളകൊണ്ട് തീർത്ത ഭിത്തികളും ഉള്ള ഒരു ചെറിയ വീട്ടിലായിരുന്നു താമസം. ഭക്ഷണം ഉണ്ടാക്കുന്നതിനു ഞാൻ തറയിൽ ഒരു കുഴി കുഴിച്ചു. അതിൽ തേങ്ങയുടെ തൊണ്ട് കത്തിച്ചായിരുന്നു പാചകം. വെള്ളം കിട്ടിയിരുന്നത് എങ്ങനെയായിരുന്നെന്നോ? കിണറ്റിൻകരയിൽ സ്ത്രീകളുടെ ഒരു നിര കാണും. ഞാനും ആ നിരയിൽ നിൽക്കും, എന്റെ ഊഴത്തിനായി കാത്ത്. ആറ് അടി നീളമുള്ള ഒരു വടിയുടെ അറ്റത്ത് നേർത്ത ഒരു വള്ളി കെട്ടും, ഒരു ചൂണ്ടപോലെ. എന്നാൽ ഇരയെ കെട്ടിവെക്കുന്നതിനു പകരം ഒരു പാത്രമായിരിക്കും ആ വള്ളിയുടെ അറ്റത്ത്. അതായിരുന്നു തൊട്ടി. ഊഴമനുസരിച്ച് ഓരോ സ്ത്രീയും തൊട്ടിയിടും, തൊട്ടി കിണറ്റിൽ വീഴുമ്പോൾ ഒരു പ്രത്യേകരീതിയിൽ കൈക്കുഴ തിരിച്ച് തൊട്ടി ചെരിക്കും, അതിൽ വെള്ളം നിറയും. ‘ഇത് എളുപ്പമല്ലേ’ എന്നു ഞാൻ ചിന്തിച്ചു. പക്ഷേ എന്റെ ഊഴം വന്നപ്പോഴാണ് അതിന്റെ ബുദ്ധിമുട്ടു മനസ്സിലായത്. ഞാൻ പല പ്രാവശ്യം തൊട്ടിയിട്ട് നോക്കി. പക്ഷേ എന്തെല്ലാം ചെയ്തിട്ടും തൊട്ടി ചെരിഞ്ഞ് അതിൽ വെള്ളം കയറിയില്ല. എല്ലാവരും ചിരിയോടു ചിരി. അവസാനം ഒരു സ്ത്രീ എന്നെ സഹായിച്ചു. അവർ എല്ലാവരും സഹായമനസ്കരായ, ദയയുള്ള ആളുകളായിരുന്നു.
ദ്വീപുകളിലെ നിയമനം നിങ്ങൾക്ക് ഇഷ്ടമായിരുന്നല്ലോ. പ്രത്യേകം ഓർത്തിരിക്കുന്ന ഏതെങ്കിലും നിമിഷങ്ങളുണ്ടോ?
വിൻസ്റ്റൺ: കുറച്ച് നാളുകൾ കഴിഞ്ഞിട്ടാണ് അവിടത്തെ ചില രീതികൾ ഞങ്ങൾക്കു പിടികിട്ടിയത്. ഉദാഹരണത്തിന്, ആതിഥേയരായ സഹോദരങ്ങൾ ഭക്ഷണം മുഴുവൻ മേശപ്പുറത്ത് വിളമ്പിവെക്കും. അവർക്കുവേണ്ടി ഞങ്ങൾ മിച്ചം വെക്കണമായിരുന്നു. അതു ഞങ്ങൾക്ക് അറിയില്ലായിരുന്നു. ആദ്യമൊക്കെ വെച്ചിരുന്നതു മുഴുവൻ ഞങ്ങൾ അകത്താക്കി. പക്ഷേ പിന്നീടു കാര്യം മനസ്സിലായിക്കഴിഞ്ഞപ്പോൾ ഞങ്ങൾ അവർക്കു ഭക്ഷണം ബാക്കിവെച്ചു. ഇങ്ങനെ മണ്ടത്തരങ്ങളൊക്കെ കാണിച്ചെങ്കിലും അവർ ഞങ്ങളെ മനസ്സിലാക്കിയിരുന്നു. സർക്കിട്ട് വേലയിൽ ഓരോ ആറു മാസം കൂടുമ്പോഴും ഞങ്ങൾ അവരെ സന്ദർശിക്കാൻ ചെല്ലുന്നത് അവർക്കു വളരെ സന്തോഷമായിരുന്നു. അക്കാലത്ത്, പുറത്തുനിന്ന് അവർ ഏതെങ്കിലും സഹോദരങ്ങളെ കാണുന്നതു ഞങ്ങൾ ചെല്ലുമ്പോൾ മാത്രമായിരുന്നു.
നാട്ടുകാർക്കും ഞങ്ങളുടെ സന്ദർശനങ്ങൾ നല്ല ഒരു സന്ദേശം കൊടുത്തു. അവിടത്തെ സഹോദരങ്ങൾ സ്വന്തമായി തുടങ്ങിയ ഒരു മതമാണ് ഇതെന്നായിരുന്നു അവരുടെ ചിന്ത. അതുകൊണ്ട് വിദേശരാജ്യത്തുനിന്ന് ഒരു ശുശ്രൂഷകനും ഭാര്യയും സഹോദരങ്ങളെ സന്ദർശിക്കാൻ എത്തിയപ്പോൾ അവരുടെ ആ ധാരണ തെറ്റാണെന്നു മനസ്സിലായി, മാത്രമല്ല അവർക്കു മതിപ്പു തോന്നുകയും ചെയ്തു.
പാം: കിരിബാറ്റിയിലെ ഓർമകളാണ് എന്റെ മനസ്സിൽ മായാതെ കിടക്കുന്നത്. ഏതാനും സഹോദരങ്ങൾ മാത്രമുള്ള ഒരു സഭയായിരുന്നു അവിടത്തേത്. ഒരേ ഒരു മൂപ്പനായ സിനികായ് മടേര സഹോദരൻ തന്നെക്കൊണ്ട്
കഴിയുന്നതിന്റെ പരമാവധി ഞങ്ങൾക്കായി കരുതി. അദ്ദേഹം ഒരിക്കൽ ഒരു കുട്ടയുമായി വന്നു, അതിൽ ഒരു മുട്ടയുണ്ടായിരുന്നു. “ഇതു നിങ്ങൾക്കാണ്,” എന്ന് അദ്ദേഹം പറഞ്ഞു. കോഴിമുട്ട അപൂർവമായി കിട്ടുന്ന വിഭവമായിരുന്നു അവിടെ. ചെറിയ ഒരു കാര്യമായിരുന്നെങ്കിലും ആ സഹോദരന്റെ ഉദാരത ഞങ്ങളുടെ ഹൃദയത്തെ സ്പർശിച്ചു.അതിനു ശേഷം കുറച്ച് വർഷങ്ങൾ കഴിഞ്ഞ്, സഹോദരിക്കു കുഞ്ഞിനെ ഗർഭത്തിൽവെച്ചുതന്നെ നഷ്ടപ്പെട്ടല്ലോ. സഹോദരി എങ്ങനെയാണു പിടിച്ചുനിന്നത്?
വിൻസ്റ്റണും ഞാനും സൗത്ത് പസിഫിക്കിൽ സേവിക്കുമ്പോൾ 1973-ലാണു ഞാൻ ഗർഭിണിയായത്. ഓസ്ട്രേലിയയിലേക്കു മടങ്ങിപ്പോകാൻ ഞങ്ങൾ തീരുമാനിച്ചു. അവിടെ ചെന്ന് നാലു മാസം കഴിഞ്ഞ് ഞങ്ങളുടെ കുഞ്ഞിനെ ഞങ്ങൾക്കു നഷ്ടപ്പെട്ടു. വിൻസ്റ്റണും ആകെ തകർന്നുപോയി. കാലം പതിയെപ്പതിയെ എന്റെ മനസ്സിന്റെ മുറിവ് ഉണക്കി. പക്ഷേ അതു പൂർണമായും മാറിയത് 2009 ഏപ്രിൽ 15 ലക്കം വീക്ഷാഗോപുരത്തിൽ വന്ന ഒരു ലേഖനം വായിച്ചപ്പോഴായിരുന്നു. “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” എന്ന പംക്തിയിലെ “ഗർഭത്തിൽവെച്ചു മരിച്ചുപോകുന്ന കുഞ്ഞുങ്ങൾക്ക് പുനരുത്ഥാന പ്രത്യാശയുണ്ടോ?” എന്നതായിരുന്നു ആ ലേഖനം. എപ്പോഴും ശരി മാത്രം ചെയ്യുന്ന യഹോവയാണു കാര്യം തീരുമാനിക്കുന്നതെന്ന് ആ ലേഖനം ഞങ്ങൾക്ക് ഉറപ്പു തന്നു. ‘പിശാചിന്റെ പ്രവൃത്തികളെ തകർക്കാൻ’ തന്റെ മകന് യഹോവ കല്പന കൊടുക്കുമ്പോൾ ഈ ദുഷ്ടലോകത്തിൽ നമുക്കുണ്ടായ മുറിവുകളെല്ലാം യഹോവ ഉണക്കും. (1 യോഹ. 3:8) യഹോവയുടെ ജനമെന്ന നിലയിൽ നമുക്കു ലഭിച്ചിരിക്കുന്ന ‘മുത്തിന്റെ’ മൂല്യം കുറച്ചുകൂടെ മനസ്സിലാക്കാൻ ഈ ലേഖനം ഞങ്ങളെ സഹായിച്ചു! ദൈവരാജ്യപ്രത്യാശയില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു നമ്മുടെ അവസ്ഥ?
കുഞ്ഞിനെ നഷ്ടപ്പെട്ടതിനു ശേഷം ഞങ്ങൾ വീണ്ടും മുഴുസമയസേവനം തുടങ്ങി. കുറച്ച് മാസങ്ങൾ ഞങ്ങൾ ഓസ്ട്രേലിയ ബഥേലിൽ സേവിച്ചു. പിന്നീടു ഞങ്ങൾ സർക്കിട്ട് വേല പുനരാരംഭിച്ചു. ന്യൂസൗത്ത് വെയ്ൽസിന്റെ ഉൾപ്രദേശങ്ങളിലും സിഡ്നിയിലും നാലു വർഷം പ്രവർത്തിച്ചതിനു ശേഷം 1981-ൽ ഞങ്ങളെ അന്നത്തെ ഓസ്ട്രേലിയ ബ്രാഞ്ചിലേക്കു ക്ഷണിച്ചു. ഇപ്പോഴും ഞങ്ങൾ അവിടെത്തന്നെയാണ്.
സഹോദരൻ ഇപ്പോൾ ഓസ്ട്രേലേഷ്യ ബ്രാഞ്ച് കമ്മിറ്റിയിലെ ഒരു അംഗമായി സേവിക്കുകയാണല്ലോ. സൗത്ത് പസിഫിക് ദ്വീപുകളിലെ അനുഭവങ്ങൾ സഹോദരനെ സഹായിക്കുന്നുണ്ടോ?
ഉണ്ട്, പല വിധങ്ങളിൽ. ഒന്നാമതായി, സമോവയുടെയും അമേരിക്കൻ സമോവയുടെയും മേൽനോട്ടം ഓസ്ട്രേലിയ ബ്രാഞ്ചിനായി. അതിനു ശേഷം, ന്യൂസിലൻഡ് ബ്രാഞ്ച് ഓസ്ട്രേലിയ ബ്രാഞ്ചുമായി ലയിപ്പിച്ചു. ഇപ്പോൾ ഓസ്ട്രേലേഷ്യ ബ്രാഞ്ചിന്റെ കീഴിൽ ഓസ്ട്രേലിയയെ കൂടാതെ അമേരിക്കൻ സമോവ, കുക്ക് ദ്വീപുകൾ, ടിമോർ ലെസ്തെ, ടോംഗ, തൊക്കലാവു, ന്യൂയ്, ന്യൂസിലൻഡ്, സമോവ എന്നീ പ്രദേശങ്ങളുമുണ്ട്. മിക്ക പ്രദേശങ്ങളും ബ്രാഞ്ച് പ്രതിനിധിയെന്ന നിലയിൽ ഞാൻ സന്ദർശിച്ചിട്ടുണ്ട്. ആ ദ്വീപുകളിലെ വിശ്വസ്തരായ സഹോദരങ്ങളോടൊപ്പം സേവിച്ചത്, ഇപ്പോൾ ബ്രാഞ്ചോഫീസിൽനിന്ന് അവരെ സേവിക്കുന്നത് എനിക്ക് എളുപ്പമാക്കിത്തീർത്തിരിക്കുന്നു.
ഞങ്ങളുടെ അനുഭവത്തിൽനിന്ന് ഞാനും പാമും മനസ്സിലാക്കിയ ഒരു കാര്യം പറഞ്ഞുകൊണ്ട് അവസാനിപ്പിക്കട്ടേ: മുതിർന്നവർ മാത്രമല്ല ദൈവത്തെ അന്വേഷിക്കുന്നത്. യുവജനങ്ങളും ‘വിലയേറിയ മുത്തിനായി’ ആഗ്രഹിക്കുന്നുണ്ട്. കുടുംബാംഗങ്ങളാരും താത്പര്യം കാണിക്കാത്തപ്പോൾപ്പോലും അവർ അതു ചെയ്യുന്നു. (2 രാജാ. 5:2, 3; 2 ദിന. 34:1-3) ചെറുപ്പക്കാരും പ്രായമായവരും നിത്യജീവൻ നേടണമെന്ന് ആഗ്രഹിക്കുന്ന സ്നേഹവാനായ ഒരു ദൈവമാണ് യഹോവ!
50-ലധികം വർഷങ്ങൾക്കു മുമ്പ് ഞാനും പാമും ദൈവത്തിനുവേണ്ടി അന്വേഷിക്കാൻ തുടങ്ങിയതാണ്. ആ അന്വേഷണം ഞങ്ങളെ എവിടെക്കൊണ്ടെത്തിക്കുമെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. വിലയിടാനാകാത്ത ഒരു മുത്തുപോലെയാണു രാജ്യസത്യം! എല്ലാ ശക്തിയോടുംകൂടെ ആ മുത്ത് നെഞ്ചോടു ചേർത്തുപിടിക്കാൻ ഞങ്ങൾ ഉറച്ച തീരുമാനമെടുത്തിരിക്കുന്നു.