വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ആണയിടുന്നതിനെക്കുറിച്ച് അല്ലെങ്കിൽ സത്യം ചെയ്യുന്നതിനെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നത്?
ആണ എന്നു പറയുന്നത് “ഒരു പ്രതിജ്ഞ പാലിച്ചുകൊള്ളാമെന്നുള്ള വാഗ്ദാനമോ വാക്കോ ആണ്. പലപ്പോഴും ദൈവത്തെ . . . സാക്ഷിയാക്കിയായിരിക്കും അതു ചെയ്യുന്നത്.” അതു വാമൊഴിയായി പറയുന്നതോ എഴുതിയുണ്ടാക്കുന്നതോ ആകാം.
സത്യം ചെയ്യുന്നതു തെറ്റാണെന്നു ചിലർ ചിന്തിച്ചേക്കാം. കാരണം യേശു പറഞ്ഞു: “സത്യം ചെയ്യുകയേ (ആണയിടുകയേ) അരുത്. . . . നിങ്ങൾ ‘ഉവ്വ്’ എന്നു പറഞ്ഞാൽ ഉവ്വ് എന്നും, ‘ഇല്ല’ എന്നു പറഞ്ഞാൽ ഇല്ല എന്നും ആയിരിക്കണം. ഇതിൽ കൂടുതലായതെല്ലാം ദുഷ്ടനിൽനിന്ന് വരുന്നു.” (മത്താ. 5:33-37) എന്നാൽ ചില സന്ദർഭങ്ങളിൽ ആണയിടണമെന്നു മോശയിലൂടെ കൊടുത്ത നിയമം ആവശ്യപ്പെട്ടിരുന്നു. ഇനി, വിശ്വസ്തരായ ചില ദൈവദാസന്മാർ ആണയിട്ടതിനെക്കുറിച്ചും ബൈബിളിൽ പറയുന്നുണ്ട്. കൂടാതെ യഹോവതന്നെയും സത്യം ചെയ്തിട്ടുണ്ട്. യേശുവിന് എന്തായാലും അതൊക്കെ അറിയാമായിരുന്നു. (ഉൽപ. 14:22, 23; പുറ. 22:10, 11; എബ്രാ. 6:13-17) അതിൽനിന്ന് ഒരു കാര്യം ഉറപ്പിക്കാം: ഒരിക്കലും സത്യം ചെയ്യരുത് എന്നല്ല യേശു ഉദ്ദേശിച്ചത്. പകരം യേശുവിന്റെ മനസ്സിലുണ്ടായിരുന്നതു വളരെ നിസ്സാരമായ കാര്യങ്ങൾക്കുവേണ്ടിയോ വെറുതേ ഒരു തമാശയ്ക്കായിട്ടോ സത്യം ചെയ്യരുത് എന്നാണ്. വാക്കു പാലിക്കുന്നതിനെ നമ്മൾ ഗൗരവത്തോടെ കാണേണ്ടതുണ്ട്. കാരണം നമ്മൾ അങ്ങനെ ചെയ്യാനാണ് യഹോവ ആഗ്രഹിക്കുന്നത്.
ആരെങ്കിലും നിങ്ങളോടു സത്യം ചെയ്യാൻ ആവശ്യപ്പെട്ടാൽ നിങ്ങൾ എന്തു ചെയ്യണം? ആദ്യംതന്നെ, വാക്കുകൊടുക്കുന്ന കാര്യം നിങ്ങൾക്കു ചെയ്യാൻ പറ്റുന്നതാണെന്ന് ഉറപ്പുവരുത്തുക. ഉറപ്പില്ലെങ്കിൽ സത്യം ചെയ്യാതിരിക്കുന്നതാണു നല്ലത്. ബൈബിൾ ഇങ്ങനെ മുന്നറിയിപ്പു തരുന്നു: “നേർന്നിട്ടു നിറവേറ്റാതിരിക്കുന്നതിനെക്കാൾ ഭേദം നേരാതിരിക്കുന്നതാണ്.” (സഭാ. 5:5) ഇനി, അതുമായി ബന്ധപ്പെട്ട ബൈബിൾ തത്ത്വങ്ങളെക്കുറിച്ച് ചിന്തിക്കുകയും നമ്മുടെ ബൈബിൾ പരിശീലിതമനസ്സാക്ഷിക്കു ചേർച്ചയിൽ ഒരു തീരുമാനമെടുക്കുകയും വേണം. നമ്മൾ മനസ്സിൽപ്പിടിക്കേണ്ട ചില ബൈബിൾതത്ത്വങ്ങൾ ഏതൊക്കെയാണ്?
ചിലപ്പോൾ ആണയിടുന്നത് യഹോവയുടെ ഇഷ്ടത്തിനു ചേർച്ചയിലുള്ള കാര്യങ്ങൾക്കുവേണ്ടിയാണ്. യഹോവയുടെ സാക്ഷികൾ വിവാഹത്തിന്റെ സമയത്ത് എടുക്കാറുള്ള പ്രതിജ്ഞ അതിനൊരു ഉദാഹരണമാണ്. വരനും വധുവും ഈ പ്രതിജ്ഞ എടുക്കുന്നതിലൂടെ അവർ “ഇരുവരും ഭൂമിയിൽ ജീവിച്ചിരിക്കുന്നിടത്തോളം കാലം” പരസ്പരം സ്നേഹിക്കുകയും വാത്സല്യപൂർവം പരിപാലിക്കുകയും ആഴമായി ബഹുമാനിക്കുകയും ചെയ്യുമെന്നു ദൈവത്തിന്റെയും സക്ഷികളുടെയും മുമ്പാകെ സത്യം ചെയ്യുകയാണ്. (ഇതേ വാക്കുകൾതന്നെ ആയിരിക്കണമെന്നില്ല എല്ലാ വിവാഹ പ്രതിജ്ഞയിലുമുള്ളത്. എങ്കിലും ആ പ്രതിജ്ഞ ചെയ്യുന്നതും ദൈവമുമ്പാകെതന്നെയാണ്.) അതോടെ അവർ ഭാര്യാഭർത്താക്കന്മാരായിത്തീരുന്നു. ജീവിതകാലം മുഴുവൻ അവർ അങ്ങനെയായിരിക്കുകയും വേണം. (ഉൽപ. 2:24; 1 കൊരി. 7:39) ഈ ക്രമീകരണം ഉചിതവും ദൈവത്തിന്റെ ഇഷ്ടത്തിനു ചേർച്ചയിലുള്ളതുമാണ്.
ചിലപ്പോൾ ദൈവത്തിന്റെ ഇഷ്ടത്തിനു ചേർച്ചയിലല്ലാത്ത കാര്യങ്ങൾക്കു വേണ്ടി ആണയിടാൻ ആവശ്യപ്പെട്ടേക്കാം. ഒരു യഥാർഥ ക്രിസ്ത്യാനി രാജ്യത്തിനുവേണ്ടി ആയുധമെടുത്ത് പോരാടാമെന്നോ ദൈവത്തിലുള്ള വിശ്വാസം ഉപേക്ഷിക്കാമെന്നോ സത്യം ചെയ്യില്ല. കാരണം അങ്ങനെ ചെയ്താൽ ദൈവത്തിന്റെ കല്പനകൾ നമ്മൾ ലംഘിക്കുകയായിരിക്കും. ക്രിസ്ത്യാനികൾ ‘ലോകത്തിന്റെ ഭാഗമായിരിക്കാൻ പാടില്ല.’ അതുകൊണ്ട് നമ്മൾ യുദ്ധങ്ങളിൽ പങ്കെടുക്കാനോ ലോകത്തിലെ പ്രശ്നങ്ങളിൽ പക്ഷംപിടിക്കാനോ പോകില്ല.—യോഹ. 15:19; യശ. 2:4; യാക്കോ. 1:27.
ചിലപ്പോൾ, ആണയിടണോ വേണ്ടയോ എന്നു മനസ്സാക്ഷിക്കു ചേർച്ചയിൽ തീരുമാനിക്കേണ്ടിവന്നേക്കാം. “സീസർക്കുള്ളതു സീസർക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക” എന്നാണു യേശു പറഞ്ഞത്. (ലൂക്കോ. 20:25) ചില സാഹചര്യങ്ങളിൽ ആണയിടുന്നതിനു മുമ്പ് നമ്മൾ യേശു പറഞ്ഞ ഈ കാര്യത്തെക്കുറിച്ച് നന്നായി ചിന്തിക്കേണ്ടതുണ്ടായിരിക്കാം.
ഉദാഹരണത്തിന്, ചില രാജ്യങ്ങളിൽ ക്രിസ്ത്യാനികൾ പൗരത്വത്തിനുവേണ്ടിയോ പാസ്പോർട്ടിനുവേണ്ടിയോ അപേക്ഷിക്കുമ്പോൾ ആ രാജ്യത്തോടു കൂറു പ്രഖ്യാപിച്ചുകൊണ്ട് ആണയിടാൻ അവരോട് ആവശ്യപ്പെട്ടേക്കാം. ദൈവനിയമത്തിന് എതിരായ ഒരു കാര്യം ചെയ്തുകൊള്ളാമെന്നാണ് അതിലൂടെ വാക്കുകൊടുക്കുന്നതെങ്കിൽ ഒരു ക്രിസ്ത്യാനിയുടെ ബൈബിൾപരിശീലിത മനസ്സാക്ഷി അതിന് അനുവദിക്കില്ല. എന്നാൽ ചില ഗവൺമെന്റുകൾ ആ വ്യക്തിയുടെ മനസ്സാക്ഷിക്കു ചേർച്ചയിൽ അതിലെ വാക്കുകൾക്കു വേണ്ട മാറ്റങ്ങൾ വരുത്താൻ അനുവദിച്ചേക്കാം.
വാക്കുകൾക്കു വേണ്ട മാറ്റങ്ങൾ വരുത്തിയിട്ട് ആണയിടുന്നതു റോമർ 13:1-ലെ തത്ത്വത്തിനു ചേർച്ചയിലായിരിക്കും. അവിടെ പറയുന്നു: “എല്ലാവരും ഉന്നതാധികാരികൾക്കു കീഴ്പെട്ടിരിക്കട്ടെ.” സാധ്യമാകുമ്പോഴെല്ലാം ഉന്നതാധികാരികളെ അനുസരിക്കാൻ യഹോവ ആവശ്യപ്പെടുന്നതുകൊണ്ട് അത്തരത്തിൽ ആണയിടുന്നതിൽ തെറ്റില്ലെന്ന് ഒരു ക്രിസ്ത്യാനി ചിന്തിച്ചേക്കാം.
ആണയിടുമ്പോൾ ഒരു വസ്തു ഉപയോഗിക്കാനോ ഏതെങ്കിലും ഒരു ആംഗ്യം കാണിക്കാനോ ആവശ്യപ്പെട്ടാൽ നമ്മുടെ ബൈബിൾപരിശീലിത മനസ്സാക്ഷി അത് അനുവദിക്കുമോ എന്നു ചിന്തിക്കുന്നതു വളരെ പ്രധാനമാണ്. പുരാതന റോമാക്കാരും സിഥിയന്മാരും ആണയിടുമ്പോൾ യുദ്ധദേവന്റെ ചിഹ്നമായ വാൾ ഉപയോഗിച്ചിരുന്നു. തങ്ങൾ പറയുന്ന കാര്യങ്ങൾ വിശ്വാസയോഗ്യമാണ് എന്നതിന്റെ ഉറപ്പായിട്ടാണ് അവർ അതു ചെയ്തിരുന്നത്. ഇനി ഗ്രീക്കുകാർ ആണയിട്ടിരുന്നത് ഒരു കൈ ആകാശത്തേക്ക് ഉയർത്തിപ്പിടിച്ചാണ്. അങ്ങനെ ചെയ്യുന്നതിലൂടെ, തങ്ങൾ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കാര്യങ്ങൾ ഒരു ദിവ്യശക്തി കാണുന്നുണ്ടെന്നും ആ ശക്തിയോടു മനുഷ്യർ കണക്കുബോധിപ്പിക്കേണ്ടതുണ്ടെന്നും അവർ കാണിക്കുകയായിരുന്നു.
യഹോവയുടെ ഒരു ദാസൻ ആണയിടാൻവേണ്ടി ആരാധനയുമായി ബന്ധമുള്ള ദേശീയ ചിഹ്നങ്ങൾ ഒരിക്കലും ഉപയോഗിക്കില്ല. പക്ഷേ ഒരു കോടതിയിൽവെച്ച് ബൈബിളിൽ തൊട്ട് സത്യം ചെയ്യാൻ ആവശ്യപ്പെട്ടാൽ നിങ്ങൾ എന്തു ചെയ്യണം? ആ സാഹചര്യത്തിൽ നിങ്ങൾക്കു വേണമെങ്കിൽ അങ്ങനെ ചെയ്യാവുന്നതാണ്. കാരണം വിശ്വസ്തരായ ദൈവദാസന്മാർ ആണയിടുന്നതിന്റെ ഭാഗമായി ചില കാര്യങ്ങൾ ചെയ്തതിനെക്കുറിച്ച് ബൈബിൾ പറയുന്നുണ്ട്. (ഉൽപ. 24:2, 3, 9; 47:29-31) നിങ്ങൾ അങ്ങനെ ചെയ്യുമ്പോൾ ഒരു കാര്യം ഓർക്കണം: സത്യം പറഞ്ഞുകൊള്ളാമെന്നു ദൈവമുമ്പാകെയാണു നിങ്ങൾ ആണയിടുന്നത്. അതുകൊണ്ട് നിങ്ങളോടു ചോദിക്കുന്ന ഏതു ചോദ്യത്തിനും സത്യസന്ധമായി മറുപടി പറയാൻ ഒരുങ്ങിയിരിക്കണം.
യഹോവയുമായുള്ള ബന്ധം വളരെ പ്രധാനപ്പെട്ടതായിട്ടാണു നമ്മൾ കാണുന്നത്. അതുകൊണ്ട് ആണയിടാൻ ആവശ്യപ്പെടുമ്പോൾ അതെക്കുറിച്ച് പ്രാർഥിക്കുകയും നന്നായി ചിന്തിക്കുകയും വേണം. കാരണം നമ്മുടെ മനസ്സാക്ഷിക്കോ ബൈബിൾതത്ത്വങ്ങൾക്കോ എതിരായി സത്യം ചെയ്യാൻ നമ്മൾ ആഗ്രഹിക്കുന്നില്ല. ഇനി, സത്യം ചെയ്യുന്നെങ്കിൽ അതു പാലിക്കുന്നെന്ന് ഉറപ്പുവരുത്തുകയും വേണം.—1 പത്രോ. 2:12.