അവർ സ്നേഹം ‘തൊട്ടറിഞ്ഞു’
യൊമാരയും ആങ്ങളമാരായ മാർസലോയും ഐവറും ഗ്വാട്ടിമാലയിലെ ചെറിയ ഒരു ഗ്രാമത്തിലാണു താമസിക്കുന്നത്. യൊമാര സാക്ഷികളുടെകൂടെ ബൈബിൾ പഠിക്കാൻതുടങ്ങി. പിന്നീട് ആങ്ങളമാരും പഠിക്കാൻ തയ്യാറായി. പക്ഷേ ഒരു പ്രശ്നമുണ്ടായിരുന്നു, മൂന്നു പേർക്കും കണ്ണു കാണില്ല. ബ്രെയിൽ ലിപി വായിക്കാനും അറിയില്ലായിരുന്നു. അതുകൊണ്ട് ബൈബിൾ പഠിപ്പിക്കുന്ന സഹോദരൻതന്നെയാണു പാഠഭാഗവും ബൈബിൾ വാക്യങ്ങളും വായിച്ചുകേൾപ്പിച്ചിരുന്നത്.
ഇനി, മീറ്റിങ്ങിനു പോകുന്നതും ബുദ്ധിമുട്ടായിരുന്നു. കാരണം ഏറ്റവും അടുത്ത രാജ്യഹാളിൽ എത്താൻതന്നെ 40 മിനിട്ട് യാത്രയുണ്ടായിരുന്നു. പക്ഷേ എല്ലാ മീറ്റിങ്ങിനും അവരെ കൊണ്ടുപോകാൻ വേണ്ട ക്രമീകരണങ്ങൾ അവിടെയുള്ള സഹോദരങ്ങൾ ചെയ്തു. മൂന്നു പേർക്കും ഇടദിവസത്തെ മീറ്റിങ്ങിനു പരിപാടികൾ കിട്ടാൻതുടങ്ങിയപ്പോൾ അതൊക്കെ തയ്യാറാകാനും മനഃപാഠമാക്കാനും സഹോദരങ്ങൾ അവരെ സഹായിച്ചു.
2019 മെയ്യിൽ അവരുടെ ഗ്രാമത്തിൽത്തന്നെ മീറ്റിങ്ങുകൾ നടത്താൻതുടങ്ങി. അപ്പോഴേക്കും സാധാരണ മുൻനിരസേവനം ചെയ്യുന്ന ഒരു ദമ്പതികൾ അവിടേക്കു താമസം മാറി. അവർ ഇവരെ മൂന്നു പേരെയും ബ്രെയിൽ ലിപി എഴുതാനും വായിക്കാനും പഠിപ്പിക്കുന്നതിന് ഒരു ലക്ഷ്യം വെച്ചു. പക്ഷേ ആ ദമ്പതികൾക്കു ബ്രെയിൽ അറിയില്ലായിരുന്നു. അതുകൊണ്ട് അവർ അടുത്തുള്ള ഒരു ലൈബ്രറിയിൽനിന്ന് പുസ്തകങ്ങൾ എടുത്ത് ഈ ലിപിയെക്കുറിച്ചും അത് എങ്ങനെ പഠിപ്പിക്കാം എന്നതിനെക്കുറിച്ചും പഠിച്ചു.
ഏതാനും മാസങ്ങൾകൊണ്ടുതന്നെ മൂന്നു പേരും ബ്രെയിൽ ലിപി നന്നായി വായിക്കാൻ പഠിച്ചു. അതു നല്ല ആത്മീയപുരോഗതി വരുത്താൻ അവരെ സഹായിച്ചു. യൊമാരയും മാർസലോയും ഐവറും ഇപ്പോൾ സാധാരണ മുൻനിരസേവകരാണ്. കൂടാതെ, മാർസലോ ഒരു ശുശ്രൂഷാദാസനായും സേവിക്കുന്നു. ആഴ്ചയിൽ എല്ലാ ദിവസവും അവർ ഉത്സാഹത്തോടെ ആത്മീയപ്രവർത്തനങ്ങൾ ചെയ്യുന്നു. അതു മറ്റുള്ളവർക്കും വലിയൊരു പ്രോത്സാഹനമാണ്!
സഭയിലെ സഹോദരങ്ങൾ നൽകുന്ന സ്നേഹത്തിനും പിന്തുണയ്ക്കും മൂന്നു പേരും വളരെ നന്ദിയുള്ളവരാണ്. “സാക്ഷികളെ പരിചയപ്പെട്ട അന്നുമുതൽ അവർ ഞങ്ങളോട് ആത്മാർഥമായ സ്നേഹം കാണിച്ചിട്ടുണ്ട്” എന്നു യൊമാര പറയുന്നു. “സഭയിൽ ഞങ്ങൾക്ക് ഒരുപാടു നല്ല കൂട്ടുകാരുണ്ട്. കൂടാതെ സ്നേഹത്തിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന, ലോകമെങ്ങുമുള്ള ഒരു കുടുംബത്തിന്റെ ഭാഗവുമാണു ഞങ്ങൾ” എന്നു മാർസലോ കൂട്ടിച്ചേർക്കുന്നു. ഭൂമി ഒരു പറുദീസയായി മാറുമ്പോൾ അതു കൺകുളിർക്കെ കാണാൻ കഴിയുന്ന ആ നല്ല ദിവസത്തിനായി യൊമാരയും ആങ്ങളമാരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.—സങ്കീ. 37:10, 11; യശ. 35:5.