നിങ്ങളുടെ ബൈബിൾപഠനം ഫലപ്രദവും രസകരവും ആക്കാൻ. . .
യോശുവയുടെ മുന്നിലുള്ളതു വെല്ലുവിളി നിറഞ്ഞ ഒരു നിയമനമാണ്. ഇസ്രായേൽ ജനതയെ വാഗ്ദത്തദേശത്തേക്കു നയിക്കുക എന്ന നിയമനം. അവിടെ ദുഷ്കരമായ പല പ്രതിബന്ധങ്ങളും കാത്തിരിപ്പുണ്ട്. പക്ഷേ യഹോവ യോശുവയ്ക്ക് വിജയം ഉറപ്പു കൊടുത്തു, യോശുവയെ ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: ‘നല്ല ധൈര്യവും മനക്കരുത്തും ഉള്ളവനായിരിക്കുക. എന്റെ നിയമം ശ്രദ്ധാപൂർവം പാലിക്കുക. അതിൽ എഴുതിയിരിക്കുന്നതെല്ലാം ശ്രദ്ധാപൂർവം പാലിക്കാൻ രാവും പകലും അതു വായിക്കണം. അങ്ങനെ ചെയ്താൽ നീ വിജയിക്കും. നീ ബുദ്ധിയോടെ കാര്യങ്ങൾ ചെയ്യും.’—യോശു. 1:7, 8.
‘ബുദ്ധിമുട്ടു നിറഞ്ഞ’ ഇക്കാലത്ത് നമുക്കും ദുഷ്കരമായ പല സാഹചര്യങ്ങളും നേരിടേണ്ടിവരുന്നു. (2 തിമൊ. 3:1) യഹോവ യോശുവയ്ക്കു കൊടുത്ത ഉപദേശം പിൻപറ്റുന്നെങ്കിൽ നമുക്കും യോശുവയെപ്പോലെ വിജയിക്കാൻ കഴിയും. ബൈബിൾ ക്രമമായി വായിക്കുക, പരിശോധനകൾ നേരിടുമ്പോൾ അതിലെ തത്ത്വങ്ങൾ ബാധകമാക്കുക.
എങ്കിലും, എങ്ങനെ പഠിക്കണമെന്ന് അറിയില്ലെന്നും പഠിക്കാൻ ഒരു രസവും തോന്നുന്നില്ലെന്നും മിക്കവർക്കും തോന്നിയേക്കാം. എന്നാൽ ബൈബിളിന്റെ പഠനം വളരെ പ്രധാനപ്പെട്ടതാണ്. ബൈബിൾപഠനം പ്രയോജനപ്രദവും രസകരവും ആക്കാൻ സഹായിക്കുന്ന ചില നല്ല നുറുങ്ങുകൾ “ ഇതു പരീക്ഷിച്ചുനോക്കുക” എന്ന ചതുരത്തിൽ നിങ്ങൾക്കു കാണാം.
“അങ്ങയുടെ കല്പനകളുടെ വഴിയേ എന്നെ നയിക്കേണമേ; അത് എന്നെ വളരെ സന്തോഷിപ്പിക്കുന്നു” എന്നു സങ്കീർത്തനക്കാരൻ പാടി. (സങ്കീ. 119:35) ദൈവവചനം പഠിക്കുന്നതു നമുക്കു വലിയ സന്തോഷം തരും. ആത്മീയനിധികൾക്കായി കുഴിക്കുമ്പോൾ നമ്മളെ കാത്ത് മറഞ്ഞുകിടക്കുന്ന വിലയേറിയ രത്നങ്ങൾ നമ്മൾ കണ്ടെത്തും.
യോശുവയെപ്പോലെ ഒരു ജനതയെ നയിക്കാനുള്ള ചുമതലയൊന്നും നിങ്ങൾക്കില്ലെങ്കിലും നിങ്ങൾക്കു നിങ്ങളുടേതായ പ്രശ്നങ്ങളുണ്ട്. അതുകൊണ്ട് യോശുവ ചെയ്തതുപോലെ, നിങ്ങളുടെ പ്രയോജനത്തിനുവേണ്ടി എഴുതിയിരിക്കുന്ന ദൈവവചനം പഠിക്കുക, ശ്രദ്ധാപൂർവം പാലിക്കുക. അപ്പോൾ നിങ്ങളും വിജയിക്കും, ബുദ്ധിയോടെ കാര്യങ്ങൾ ചെയ്യും.