മുഖ്യലേഖനം | ആശ്വസിപ്പിക്കാൻ ആർക്കാകും?
കഷ്ടതകളിലും ആശ്വാസം
കഷ്ടതകൾ പല രൂപത്തിൽ വന്നേക്കാം. നമ്മൾ നേരിടുന്ന എല്ലാ തരം പ്രശ്നങ്ങളെപ്പറ്റിയും ഈ ലേഖനം ചർച്ച ചെയ്യുന്നില്ല. എന്നാൽ നമ്മൾ നേരത്തേ കണ്ട നാലു പേരുടെ സാഹചര്യങ്ങൾ നമുക്ക് ഒന്ന് അടുത്ത് പരിശോധിക്കാം. ഓരോരുത്തരുടെയും പ്രശ്നങ്ങൾ വ്യത്യസ്തമായിരുന്നെങ്കിലും ദൈവം അവരെ എങ്ങനെയാണു ശരിക്കും ആശ്വസിപ്പിച്ചതെന്നു നമുക്കു നോക്കാം.
ജോലി നഷ്ടപ്പെടുമ്പോൾ
സേത്ത് a പറയുന്നു: “എനിക്കും ഭാര്യക്കും ഒരേ സമയത്താണു ജോലി നഷ്ടപ്പെട്ടത്. രണ്ടു വർഷത്തോളം കുടുംബാംഗങ്ങളുടെ കാരുണ്യത്തിലും അല്ലറചില്ലറ പണികൾ ചെയ്തും ആണ് ഞങ്ങളുടെ കുടുംബം കഴിഞ്ഞുകൂടിയത്. അതോടെ എന്റെ ഭാര്യ പ്രിസില്ല കടുത്ത നിരാശയിലായി. ആകെ വിലകെട്ടവനാണെന്ന് എനിക്കു തോന്നി.
“ഞങ്ങൾ എങ്ങനെയാണ് ആ സാഹചര്യം നേരിട്ടത്? മത്തായി 6:34-ലെ യേശുവിന്റെ വാക്കുകൾ പ്രിസില്ല കൂടെക്കൂടെ ഓർക്കുമായിരുന്നു. ഓരോ ദിവസത്തിനും അന്നന്നത്തെ ബുദ്ധിമുട്ടുകളുണ്ടെന്നും അതുകൊണ്ട് നാളെയെക്കുറിച്ച് ഒരിക്കലും ഉത്കണ്ഠപ്പെടരുതെന്നും ആണ് യേശു പറഞ്ഞത്. ഉള്ളുരുകിയുള്ള പ്രാർഥനകൾ മുന്നോട്ടു പോകാനുള്ള ശക്തി അവൾക്കു നൽകി. എന്റെ കാര്യത്തിലാണെങ്കിൽ, സങ്കീർത്തനം 55:22 വലിയൊരു ആശ്വാസമായിരുന്നു. സങ്കീർത്തനക്കാരനെപ്പോലെ, ഞാൻ എന്റെ ഭാരം യഹോവയുടെമേൽ വെച്ചു. അപ്പോൾ ദൈവം എന്നെ പുലർത്തിയതു ഞാൻ തിരിച്ചറിഞ്ഞു. ഇപ്പോൾ എനിക്കൊരു ജോലിയുണ്ടെങ്കിലും മത്തായി 6:20-22-ലെ യേശുവിന്റെ വാക്കുകൾക്കു ചേർച്ചയിൽ ഒരു ലളിതജീവിതമാണു ഞങ്ങൾ നയിക്കുന്നത്. ഏറ്റവും വലിയ പ്രയോജനം, ഞങ്ങൾ ദൈവത്തോട് അടുത്തതും കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ ഇഴയടുപ്പം വർധിച്ചതും ആണ്.”
“ഞങ്ങളുടെ കുടുംബത്തിന്റെ ചെറിയൊരു ബിസിനെസ്സ് സംരംഭം കടക്കെണിയിലായപ്പോൾ ഭാവിയെക്കുറിച്ച് ഓർത്ത് എനിക്ക് ആകെ പേടി തോന്നി” എന്നു ജോനഥൻ പറയുന്നു. “സാമ്പത്തികപ്രതിസന്ധി കാരണം 20 വർഷത്തെ കഠിനാധ്വാനം പാഴായിപ്പോയി. ഭാര്യയും ഞാനും പണത്തെക്കുറിച്ച് തർക്കിക്കുന്നതു പതിവായി. സാധനങ്ങൾ വാങ്ങാൻ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻപോലും മടിയായിരുന്നു. പണം ഇല്ലാത്തതുകൊണ്ട് കടക്കാർ കാർഡ് തിരിച്ചുതന്നാലോ എന്നായിരുന്നു പേടി.
“പക്ഷേ ദൈവത്തിന്റെ വചനവും ദൈവാത്മാവും നല്ല തീരുമാനങ്ങളെടുക്കാൻ ഞങ്ങളെ സഹായിച്ചു. ഏതു ജോലിയും സ്വീകരിക്കാൻ ഞാൻ പഠിച്ചു. അനാവശ്യമായ ചെലവുകളെല്ലാം ഞങ്ങൾ വെട്ടിച്ചുരുക്കി. യഹോവയുടെ സാക്ഷികളായ ഞങ്ങൾക്കു സഹവിശ്വാസികളിൽനിന്നും സഹായം ലഭിച്ചു. ഞങ്ങൾക്ക് ആത്മാഭിമാനം തോന്നാൻ അവർ സഹായിച്ചു. ബുദ്ധിമുട്ടു നിറഞ്ഞ സമയങ്ങളിൽ കണ്ടറിഞ്ഞ് സഹായിക്കാനും അവരുണ്ടായിരുന്നു.”
വിവാഹബന്ധം തകരുമ്പോൾ
റാക്കെൽ പറയുന്നു: “പെട്ടെന്നൊരു ദിവസം ഭർത്താവ് എന്നെ ഉപേക്ഷിച്ചുപോയപ്പോൾ അത് എന്റെ മനസ്സിനെ ആഴത്തിൽ മുറിപ്പെടുത്തി. എനിക്കു ഭയങ്കര ദേഷ്യം തോന്നി. ഞാൻ വല്ലാത്ത ദുഃഖത്തിലാഴ്ന്നു. പക്ഷേ ദൈവത്തോട് അടുത്ത് ചെന്നപ്പോൾ ദൈവം എന്നെ ആശ്വസിപ്പിച്ചു. ദിവസവും പ്രാർഥിച്ചപ്പോൾ ദൈവം തന്ന സമാധാനം എന്റെ ഹൃദയത്തെ കാത്തു. എന്റെ തകർന്ന ഹൃദയത്തെ ദൈവം സുഖപ്പെടുത്തിയതായി എനിക്ക് അനുഭവപ്പെട്ടു.
“ദൈവവചനമായ ബൈബിളിനോടും ഞാൻ നന്ദിയുള്ളവളാണ്. ദേഷ്യവും നീരസവും മറികടക്കാൻ അത് എന്നെ സഹായിച്ചു. “തിന്മയ്ക്കു കീഴടങ്ങാതെ നന്മയാൽ തിന്മയെ കീഴടക്കുക” എന്ന റോമർ 12:21-ലെ അപ്പൊസ്തലനായ പൗലോസിന്റെ വാക്കുകൾ എന്നെ നന്നായി സ്വാധീനിച്ചു.
“എന്റെ ഒരു നല്ല സുഹൃത്ത് തളരാതെ മുന്നോട്ടു പോകേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് എന്നെ ബോധ്യപ്പെടുത്തി. അദ്ദേഹം സഭാപ്രസംഗി 3:6 കാണിച്ചിട്ട്, ചില കാര്യങ്ങൾ ‘നഷ്ടപ്പെട്ടതായി കണക്കാക്കാൻ ഒരു സമയമുണ്ട്’ എന്നു ദയാപൂർവം ഓർമിപ്പിച്ചു. ആ ഉപദേശം അനുസരിക്കാൻ ബുദ്ധിമുട്ടായിരുന്നെങ്കിലും ഞാൻ അതായിരുന്നു ചെയ്യേണ്ടിയിരുന്നത്. ജീവിതത്തിൽ ഇപ്പോൾ എനിക്കു പുതിയ ലക്ഷ്യങ്ങളുണ്ട്.”
എലിസബെത്ത് പറയുന്നു: “വിവാഹബന്ധം തകർന്ന ഒരു സാഹചര്യത്തിൽ നിങ്ങൾക്കു പിന്തുണ അത്യാവശ്യമാണ്. എനിക്ക് ഒരു സുഹൃത്തുണ്ടായിരുന്നു. ആവശ്യമായ പിന്തുണ ദിവസവും അവൾ എനിക്കു തന്നു. അവൾ എന്നോടൊപ്പം കരയുകയും എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു. ഞാൻ ആർക്കും വേണ്ടാത്തവളാണെന്നു തോന്നാതിരിക്കാനും മറ്റുള്ളവർ എന്നെ സ്നേഹിക്കുന്നുണ്ടെന്നു തോന്നാനും അവൾ സഹായിച്ചു. എന്റെ മനസ്സിന്റെ മുറിവുകൾ ഉണക്കാൻ യഹോവയാണ് അവളെ ഉപയോഗിച്ചതെന്ന് എനിക്ക് ഉറപ്പുണ്ട്.”
രോഗമോ പ്രായമോ അലട്ടുമ്പോൾ
ഈ ലേഖനപരമ്പരയുടെ തുടക്കത്തിൽ പറഞ്ഞ ലൂയിസിന്റെ ഹൃദയത്തിനു ഗുരുതരമായ ഒരു രോഗമുണ്ട്. രണ്ടു പ്രാവശ്യം അദ്ദേഹം മരണത്തെ മുഖാമുഖം കണ്ടതാണ്. ഇപ്പോൾ അദ്ദേഹത്തിനു ദിവസം 16 മണിക്കൂർ കൃത്രിമമായി ഓക്സിജൻ സ്വീകരിക്കേണ്ടിവരുന്നു. അദ്ദേഹം പറയുന്നു: “ഞാൻ എപ്പോഴും യഹോവയോടു പ്രാർഥിക്കും. പ്രാർഥിച്ചുകഴിയുമ്പോൾ ദൈവാത്മാവ് എനിക്കു ശക്തി തരുന്നതു ഞാൻ അനുഭവിച്ചറിയാറുണ്ട്. എനിക്കു ദൈവത്തിൽ വിശ്വാസമുള്ളതുകൊണ്ടും ദൈവത്തിന് എന്നെക്കുറിച്ച് ചിന്തയുണ്ടെന്ന് അറിയാവുന്നതുകൊണ്ടും തളരാതെ മുന്നോട്ടു പോകാനുള്ള ധൈര്യം പ്രാർഥനയിലൂടെ എനിക്കു കിട്ടുന്നു.”
80-നു മേൽ പ്രായമുള്ള പെട്ര പറയുന്നു: “എനിക്ക് ഒരുപാടു കാര്യങ്ങൾ ചെയ്യണമെന്നുണ്ട്. പക്ഷേ കഴിയുന്നില്ല. ആരോഗ്യം ക്ഷയിക്കുന്നതായി കാണേണ്ടിവരുന്നതു വലിയ ബുദ്ധിമുട്ടാണ്. ഒന്നിനും ശക്തിയില്ലെന്നു തോന്നാറുണ്ട്. മരുന്നുകളില്ലാതെ തീരെ മുന്നോട്ടുപോകാനാകില്ല. കഷ്ടത നിറഞ്ഞ ഒരു പ്രത്യേകസാഹചര്യം, കഴിയുമെങ്കിൽ നീക്കിത്തരാൻ ഒരിക്കൽ യേശു പിതാവിനോടു ചോദിച്ചതിനെക്കുറിച്ച് ഞാൻ ഇടയ്ക്കൊക്കെ ചിന്തിക്കാറുണ്ട്. പക്ഷേ യഹോവ യേശുവിനു ശക്തി പകരുകയാണു ചെയ്തത്. എന്നെയും ദൈവം ശക്തിപ്പെടുത്തുന്നുണ്ട്. പ്രാർഥന എന്റെ സ്ഥിരം മത്തായി 26:39.
മരുന്നാണ്. ദൈവത്തോടു സംസാരിച്ചുകഴിയുമ്പോൾ എനിക്കു വളരെയധികം ആശ്വാസം തോന്നും.”—കഴിഞ്ഞ 30 വർഷമായി നാഡീസംബന്ധമായ ഒരു രോഗവുമായി (multiple sclerosis) മല്ലിടുന്ന ഹൂല്യനും അങ്ങനെതന്നെ തോന്നാറുണ്ട്. അദ്ദേഹം പറയുന്നു: “ഒരു എക്സിക്യൂട്ടീവിന്റെ കസേരയിലിരുന്ന ഞാൻ ഇപ്പോൾ ഒരു വീൽച്ചെയറിലാണ്. പക്ഷേ എന്റെ ജീവിതം മറ്റുള്ളവരെ സേവിക്കാൻ ഉഴിഞ്ഞുവെച്ചതുകൊണ്ട് അതിന് ഒരു അർഥമുണ്ട്. കൊടുക്കുന്നതു നമ്മുടെ വേദന കുറയ്ക്കും. നമുക്കു വേണ്ട സമയങ്ങളിൽ ശക്തി തരുമെന്ന വാഗ്ദാനം യഹോവ പാലിക്കുന്നുമുണ്ട്. അപ്പൊസ്തലനായ പൗലോസിനെപ്പോലെ, ‘എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം സകലവും ചെയ്യാൻ ഞാൻ പ്രാപ്തനാണ്’ എന്ന് എനിക്കും ബോധ്യത്തോടെ പറയാനാകും.”—ഫിലിപ്പിയർ 4:13.
പ്രിയപ്പെട്ടവരെ മരണം തട്ടിയെടുക്കുമ്പോൾ
ആന്റോണിയോ പറയുന്നു: “എന്റെ അച്ഛൻ ഒരു വാഹനാപകടത്തിൽ മരിച്ചപ്പോൾ എനിക്ക് ആദ്യം അതു വിശ്വസിക്കാനേ കഴിഞ്ഞില്ല. അതൊരു വലിയ അനീതിയായി എനിക്കു തോന്നി. വഴിയരികിലൂടെ നടന്നുപോകുകയായിരുന്ന അദ്ദേഹത്തിന്റെ ഭാഗത്ത് തെറ്റൊന്നുമില്ലായിരുന്നു. എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അഞ്ചു ദിവസം ജീവച്ഛവമായി കിടന്ന് ഒടുവിൽ അച്ഛൻ മരിച്ചു. അമ്മയുടെ മുന്നിൽവെച്ച് കരയാതെ ഞാൻ ഒരുവിധം പിടിച്ചുനിന്നെങ്കിലും ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ഞാൻ പൊട്ടിക്കരയുമായിരുന്നു. ‘എന്തുകൊണ്ട്? എന്തുകൊണ്ട് ഇതു സംഭവിച്ചു’ എന്നു ഞാൻ സ്വയം ചോദിച്ചിരുന്നു.
“ഭയാനകമായ ആ നാളുകളിൽ സമാധാനത്തിനുവേണ്ടിയും എന്റെ വികാരങ്ങളെ നിയന്ത്രിക്കാനുള്ള സഹായത്തിനായും ഞാൻ യഹോവയോടു യാചിച്ചുകൊണ്ടേയിരുന്നു. ക്രമേണ എനിക്കു ശാന്തത അനുഭവപ്പെട്ടു. നമ്മളിൽ ആരെ വേണമെങ്കിലും ‘യാദൃച്ഛികസംഭവങ്ങൾ’ പിടികൂടിയേക്കാം എന്നു ബൈബിൾ പറയുന്ന കാര്യം ഞാൻ ഓർത്തു. ദൈവത്തിന് ഒരിക്കലും നുണ പറയാൻ കഴിയാത്തതുകൊണ്ട് എന്റെ അച്ഛൻ പുനരുത്ഥാനപ്പെട്ടുവരുമ്പോൾ അദ്ദേഹത്തെ വീണ്ടും കാണാമെന്ന് എനിക്കു നല്ല ഉറപ്പുണ്ട്.”—സഭാപ്രസംഗി 9:11, പി.ഒ.സി.; യോഹന്നാൻ 11:25; തീത്തോസ് 1:2.
ആദ്യലേഖനത്തിൽ പരാമർശിച്ച റോബർട്ടിനും അതേ വികാരമാണ്. അദ്ദേഹം പറയുന്നു: “യഹോവയോടുള്ള പ്രാർഥനയിലൂടെ എനിക്കും ഭാര്യക്കും ഫിലിപ്പിയർ 4:6, 7 വാക്യങ്ങളിൽ പറയുന്ന മനസ്സമാധാനം അനുഭവിച്ചറിയാൻ കഴിഞ്ഞു. ഈ സമാധാനം ഉണ്ടായിരുന്നതുകൊണ്ടാണ്, പുനരുത്ഥാനപ്രത്യാശയെക്കുറിച്ച് ഞങ്ങൾക്കു വാർത്താലേഖകരോടു സംസാരിക്കാൻ കഴിഞ്ഞത്. വിമാനാപകടം മകന്റെ ജീവനെടുത്തെങ്കിലും ഞങ്ങൾ ഒരുമിച്ചായിരുന്നപ്പോഴത്തെ അനേകം മധുരസ്മരണകൾ ഇപ്പോഴും ഞങ്ങളുടെകൂടെയുണ്ട്. അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണു ഞങ്ങൾ ശ്രമിക്കുന്നത്.
“ഞങ്ങൾ ടിവി-യിൽ ഞങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ച് ശാന്തമായി വിശദീകരിക്കുന്നതു കണ്ടെന്നു യഹോവയുടെ സാക്ഷികളായ മറ്റു ചിലർ പറഞ്ഞപ്പോൾ അതു ഞങ്ങൾക്കു വേണ്ടി ഉയരുന്ന അനേകം പ്രാർഥനകളുടെ ഫലമാണെന്നു ഞങ്ങൾ പറഞ്ഞു. ആശ്വാസം പകരുന്ന അവരുടെ എണ്ണമറ്റ സന്ദേശങ്ങളിലൂടെ യഹോവ ഞങ്ങളെ പിന്തുണയ്ക്കുകയായിരുന്നെന്നു ഞാൻ ഉറച്ച് വിശ്വസിക്കുന്നു.”
മുകളിൽ കണ്ട അനുഭവങ്ങൾ സൂചിപ്പിക്കുന്നത്, ഓരോരുത്തരുടെയും പ്രശ്നങ്ങളും വെല്ലുവിളികളും എത്ര വ്യത്യസ്തമാണെങ്കിലും ദൈവത്തിന് എല്ലാവരെയും ആശ്വസിപ്പിക്കാനാകും എന്നാണ്. നിങ്ങളുടെ കാര്യമോ? ജീവിതത്തിൽ എന്തെല്ലാം പ്രശ്നങ്ങൾ നേരിട്ടാലും ആ സമയങ്ങളിലെല്ലാം പിടിച്ചുനിൽക്കാൻ വേണ്ട ആശ്വാസം ലഭ്യമാണെന്ന് ഓർക്കുക. b എന്തുകൊണ്ട് സഹായത്തിനായി യഹോവയിലേക്കു നോക്കിക്കൂടാ? യഹോവ ‘സർവാശ്വാസത്തിന്റെയും ദൈവമാണ്.’—2 കൊരിന്ത്യർ 1:3. ▪ (wp16-E No. 5)
a ഈ ലേഖനത്തിലെ ചില പേരുകൾ മാറ്റിയിട്ടുണ്ട്.
b ദൈവത്തോട് അടുത്ത് ചെല്ലാനും ദൈവത്തിൽനിന്നുള്ള ആശ്വാസം നേടാനും സഹായം വേണമെന്നുണ്ടോ? നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടുകയോ അടുത്തുള്ള ബ്രാഞ്ച് ഓഫീസിലേക്ക് എഴുതുകയോ ചെയ്യുക.