ബൈബിളിന്റെ മാർഗനിർദേശം ഇന്ന് പ്രായോഗികമാണോ?
ചിലരുടെ അഭിപ്രായം അല്ല എന്നാണ്. മാർഗനിർദേശത്തിനായി ബൈബിളിലേക്കു നോക്കുന്നത്, ഈ 21-ാം നൂറ്റാണ്ടിൽ രസതന്ത്രക്ലാസ് എടുക്കുന്നതിനായി 1920-കളിലെ പാഠപുസ്തകം ഉപയോഗിക്കുന്നതുപോലെയായിരിക്കും എന്ന് ഒരു ഡോക്ടർ അഭിപ്രായപ്പെട്ടു. ബൈബിളിനെ ആദരിക്കാത്ത ഒരാൾ ഇങ്ങനെ ചോദിച്ചേക്കാം: കാലഹരണപ്പെട്ട പഴഞ്ചൻ കമ്പ്യൂട്ടറിന്റെ മാന്വൽ നോക്കി ഇന്നത്തെ പുതുപുത്തൻ കമ്പ്യൂട്ടർ ഉപയോഗിക്കാൻ ആരെങ്കിലും ശ്രമിക്കുമോ? മറ്റു ചിലരുടെ അഭിപ്രായത്തിൽ, പ്രതീക്ഷയ്ക്കു വകയില്ലാത്തവിധം ബൈബിളിന്റെ പ്രസക്തി ഇന്ന് ഇല്ലാതായിരിക്കുന്നു.
ഇന്നത്തെ അത്യാധുനിക ഹൈടെക് ലോകത്തിൽ ബൈബിളിനെ ഒരു മാർഗദർശിയായി വീക്ഷിക്കണോ? എണ്ണമറ്റ വെബ്സൈറ്റുകളിലും ബ്ലോഗുകളിലും, ഇന്ന് ഏറ്റവും പുതിയ ഉപദേശങ്ങളുടെയും മാർഗനിർദേശങ്ങളുടെയും ഒരു കുത്തൊഴുക്കുതന്നെയുണ്ട്. മറ്റൊരു ഭാഗത്ത്, ടിവി അവതാരകർ നടത്തുന്ന പരിപാടികളിൽ പ്രശസ്ത മനഃശാസ്ത്രജ്ഞന്മാരുടെയും ജീവിതശൈലി ആചാര്യന്മാരുടെയും എഴുത്തുകാരുടെയും ഉപദേശങ്ങൾ അരങ്ങ് തകർക്കുന്നു. ജീവിതപ്രശ്നങ്ങൾ സ്വയം പരിഹരിക്കാൻ സഹായിക്കുന്ന പുസ്തകങ്ങളുടെ ഒരു പ്രളയമാണ് ഇന്നു വിപണിയിൽ. കോടിക്കണക്കിനു വരുമാനമുള്ള ഒരു വൻ ബിസിനെസ്സ് തന്നെ!
അനുനിമിഷം വിവരങ്ങൾ ലഭിക്കുന്ന ഇക്കാലത്ത് എന്തിനു ബൈബിളിലേക്കു തിരിയണം? അതും, 2,000 വർഷം മുമ്പ് എഴുതിത്തീർന്ന ഒരു പുസ്തകത്തിലേക്ക്. കാലഹരണപ്പെട്ട ഒരു രസതന്ത്ര പുസ്തകമോ കമ്പ്യൂട്ടർ മാന്വലോ ഉപയോഗിക്കുന്നതുപോലെയാണോ നിർദേശങ്ങൾക്കുവേണ്ടി ബൈബിൾ ഉപയോഗിക്കുന്നത്? അല്ല. ശാസ്ത്രസാങ്കേതികവിദ്യ പെട്ടെന്നു മാറുന്നു, എന്നാൽ മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങൾ മാറുന്നില്ല. ജീവിതത്തിന്റെ അർഥം എന്താണെന്നു മനസ്സിലാക്കാൻ എന്നത്തെയുംപോലെ ഇപ്പോഴും ആളുകൾ ആഗ്രഹിക്കുന്നു. അതുപോലെ സന്തോഷവും സുരക്ഷിതത്വവും നിറഞ്ഞ ഒരു ജീവിതം, നല്ല കുടുംബബന്ധങ്ങൾ, നല്ല സൗഹൃദങ്ങൾ ഇതൊക്കെ ആഗ്രഹിക്കാത്ത ആരാണുള്ളത്?
ബൈബിൾ ഒരു പഴയ പുസ്തകം ആണെന്നതു ശരിതന്നെ. എങ്കിലും മനുഷ്യന്റെ ന്യായമായ എല്ലാ ആഗ്രഹങ്ങളും നിറവേറ്റാൻ അതു സഹായിക്കുന്നു. നമ്മുടെ സ്രഷ്ടാവാണ് ബൈബിളിന്റെ ഗ്രന്ഥകർത്താവായി പിന്നിൽ പ്രവർത്തിച്ചതെന്നു ബൈബിൾതന്നെ അവകാശപ്പെടുന്നു. ജീവിതത്തിന്റെ ഏതു മേഖലയിലും ആവശ്യമായ മാർഗനിർദേശം തരുമെന്നും ഏതു പ്രശ്നത്തെയും നേരിടാൻ നമ്മെ സജ്ജരാക്കുമെന്നും അത് അവകാശപ്പെടുന്നു. (2 തിമൊഥെയൊസ് 3:16, 17) ബൈബിളിലെ നിർദേശങ്ങൾ എക്കാലത്തും പ്രായോഗികമാണ്, അതിലെ ഉപദേശങ്ങൾ ഒരിക്കലും പഴഞ്ചനാകുന്നില്ല എന്നുപോലും അത് അവകാശപ്പെടുന്നു. അതെ, ‘ദൈവത്തിന്റെ വാക്കുകൾ ജീവനുള്ളതാണ്’ എന്നു ബൈബിൾതന്നെ പറയുന്നു.—എബ്രായർ 4:12.
ബൈബിളിന്റെ ഈ അവകാശവാദങ്ങൾ സത്യമാണോ? ഇത് കാലഹരണപ്പെട്ട ഒരു പുസ്തകമാണോ? അതോ നമുക്ക് ഇന്ന് ഏറ്റവും ആവശ്യമുള്ള നല്ലതും പ്രായോഗികവുമായ വിവരങ്ങൾ തരുന്ന ജീവനുള്ള ഒരു പുസ്തകമാണോ ഇത്? വീക്ഷാഗോപുരത്തിന്റെ ഈ ലക്കം ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരം തരുന്നു. ഇത് വീക്ഷാഗോപുരത്തിന്റെ പ്രത്യേക പതിപ്പുകളിൽ ആദ്യത്തേതാണ്.