ദൈവത്തെ അനുസരിക്കുന്നവർക്കു ലഭിക്കുന്ന അനുഗ്രഹങ്ങൾ
ദൈവത്തിന്റെ കല്പനകൾ നമ്മൾ അനുസരിച്ചാൽ നമുക്കു ദൈവത്തിന്റെ അനുഗ്രഹങ്ങൾ നേടാനാകുമെന്നു പ്രവാചകനായ മോശ പറഞ്ഞു. (ആവർത്തനം 10:13; 11:27) ദൈവം ശിക്ഷിക്കുമല്ലോ എന്ന ഭയംകൊണ്ടല്ല നമ്മൾ ദൈവത്തെ അനുസരിക്കുന്നത്. ദൈവത്തിന്റെ മനോഹരമായ ഗുണങ്ങളാണ് അതിനു നമ്മളെ പ്രേരിപ്പിക്കുന്നത്. നമുക്കു ദൈവത്തോടു സ്നേഹമുള്ളതുകൊണ്ട് ദൈവത്തെ വേദനിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യാൻ നമ്മൾ ആഗ്രഹിക്കുന്നില്ല. “ദൈവത്തിന്റെ കല്പനകൾ അനുസരിക്കുന്നതാണു ദൈവത്തോടുള്ള സ്നേഹം.”—1 യോഹന്നാൻ 5:3.
ദൈവത്തെ അനുസരിക്കുന്നത് എങ്ങനെയാണ് അനുഗ്രഹം നേടിത്തരുന്നത്? അതിനുള്ള രണ്ടു വിധങ്ങൾ നോക്കാം.
1. ദൈവത്തെ അനുസരിക്കുന്നതു നമ്മളെ ജ്ഞാനികളാക്കും
“നിന്റെ പ്രയോജനത്തിനായി നിന്നെ പഠിപ്പിക്കുകയും പോകേണ്ട വഴിയിലൂടെ നിന്നെ നടത്തുകയും ചെയ്യുന്ന, യഹോവ എന്ന ഞാനാണു നിന്റെ ദൈവം.”—യശയ്യ 48:17.
നമ്മളെ സൃഷ്ടിച്ച ദൈവത്തിനു നമ്മളെ നന്നായി അറിയാവുന്നതുകൊണ്ട് നമുക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ വിശുദ്ധതിരുവെഴുത്തുകളിലൂടെ തരുന്നു. ആ നിർദേശങ്ങൾ നമ്മൾ പഠിക്കാനും അത് അനുസരിക്കാനും ദൈവം ആഗ്രഹിക്കുന്നു. അങ്ങനെ ചെയ്യുന്നത് ജ്ഞാനപൂർവം തീരുമാനമെടുക്കാൻ നമ്മളെ സഹായിക്കും.
2. ദൈവത്തെ അനുസരിക്കുമ്പോൾ നമുക്കു സന്തോഷം കിട്ടും
“ദൈവത്തിന്റെ വചനം കേട്ടനുസരിക്കുന്നവരാണ് സന്തുഷ്ടർ.”—ലൂക്കോസ് 11:28, അടിക്കുറിപ്പ്.
ദൈവത്തിന്റെ വചനം അനുസരിക്കുന്ന ദശലക്ഷങ്ങൾ ഇന്ന് യഥാർഥ സന്തോഷം ആസ്വദിക്കുന്നു. സ്പെയിനിലുള്ള ഒരാളുടെ അനുഭവം നോക്കാം. അദ്ദേഹം ഒരുചൂടനായിരുന്നു. ഭാര്യയോടുപോലും ഒരു മയവുമില്ലാതെയാണു പെരുമാറിയിരുന്നത്. ഒരിക്കൽ അദ്ദേഹംപ്രവാചകനായ മോശ എഴുതിയ ഒരു ഭാഗം വായിച്ചപ്പോൾ അതിൽ യാക്കോബിന്റെ മകനായ യോസേഫ് എന്ന സൗമ്യനായ ഒരാളെക്കുറിച്ച് കണ്ടു. യോസേഫിനെ ഒരു അടിമയായി വിൽക്കുകയും അന്യായമായി ജയിലിൽ അടയ്ക്കുകയും ചെയ്തതാണ്. എന്നിട്ടും യോസേഫ് ശാന്തതയോടും സമാധാനത്തോടും ക്ഷമയോടും കൂടെ പെരുമാറി. (ഉൽപത്തി 37-45 അധ്യായങ്ങൾ) സ്പെയിനിലുള്ള ആ വ്യക്തി പറഞ്ഞത്: “യോസേഫിന്റെ അനുഭവത്തെക്കുറിച്ച് ചിന്തിച്ചപ്പോൾ എനിക്ക് കുറച്ചുകൂടെ ശാന്തതയും ദയയും ആത്മനിയന്ത്രണവും ഒക്കെ കാണിക്കാനായി. ഇപ്പോൾ എനിക്കു സന്തോഷമുള്ള ഒരു കുടുംബജീവിതം ഉണ്ട്.”
മറ്റുള്ളവരോട് എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ച് തിരുവെഴുത്തുകളിൽ പറയുന്ന നിർദേശങ്ങൾ അടുത്ത ലേഖനത്തിൽ കാണാം.