പഠനലേഖനം 31
ഗീതം 12 യഹോവ മഹാദൈവം
പാപികളായ മനുഷ്യരെ രക്ഷിക്കാൻ യഹോവ എന്തു ചെയ്തു?
‘തന്റെ ഏകജാതനായ മകനെ ദൈവം ലോകത്തിനുവേണ്ടി നൽകി. അത്ര വലുതായിരുന്നു ദൈവത്തിനു ലോകത്തോടുള്ള സ്നേഹം.’—യോഹ. 3:16.
ഉദ്ദേശ്യം
പാപത്തിന് എതിരെ പോരാടാൻ യഹോവ നമ്മളെ സഹായിക്കുന്നത് എങ്ങനെയെന്നും പാപത്തിൽനിന്ന് മോചിതരായി എന്നെന്നും ജീവിക്കാൻ യഹോവ നമുക്ക് അവസരം ഒരുക്കിയത് എങ്ങനെയെന്നും ഈ ലേഖനത്തിലൂടെ പഠിക്കും.
1-2. (എ) എന്താണു പാപം, പാപത്തിന് എതിരെയുള്ള പോരാട്ടത്തിൽ നമുക്ക് എങ്ങനെ ജയിക്കാനാകും? (“പദപ്രയോഗത്തിന്റെ വിശദീകരണം” എന്നതും കാണുക.) (ബി) ഈ ലേഖനത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും, ഈ വീക്ഷാഗോപുരത്തിലെ മറ്റു ലേഖനങ്ങളിൽ നമ്മൾ എന്തായിരിക്കും പഠിക്കുന്നത്? (ഈ ലക്കത്തിലെ “വായനക്കാർക്കുള്ള കുറിപ്പ്” എന്നതും കാണുക.)
യഹോവ നിങ്ങളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട്? അത് അറിയാനുള്ള ഒരു വഴി പാപത്തിൽനിന്നും മരണത്തിൽനിന്നും നിങ്ങളെ രക്ഷിക്കാൻ യഹോവ എന്തു ചെയ്തെന്നു പഠിക്കുന്നതാണ്. പാപം a ഒരു ഭീകരശത്രുവാണ്. ആ ശത്രുവിനെ നമുക്ക് ഒറ്റയ്ക്കു ജയിച്ചടക്കാനാകില്ല. നമ്മളെല്ലാം ദിവസവും പാപം ചെയ്യുന്നു. പാപികളായതുകൊണ്ടുതന്നെ നമ്മൾ മരിക്കുകയും ചെയ്യുന്നു. (റോമ. 5:12) എന്നാൽ ഒരു സന്തോഷവാർത്തയുണ്ട്: യഹോവയുടെ സഹായത്താൽ പാപത്തെ നമുക്കു ജയിക്കാനാകും; അത് ഉറപ്പാണ്!
2 കഴിഞ്ഞ 6,000-ത്തോളം വർഷമായി പാപത്തോടു പോരാടാൻ യഹോവ മനുഷ്യരെ സഹായിക്കുന്നു. കാരണം യഹോവയ്ക്കു നമ്മളോട് അത്രമാത്രം സ്നേഹമുണ്ട്. മനുഷ്യരെ സൃഷ്ടിച്ചപ്പോൾമുതൽ ഉള്ളതാണ് ആ സ്നേഹം. അതുകൊണ്ട് പാപികളായ മനുഷ്യരെ സഹായിക്കാനായി യഹോവ പലതും ചെയ്തിരിക്കുന്നു. പാപികളായതുകൊണ്ട് നമ്മൾ മരിക്കുമെന്ന് യഹോവയ്ക്ക് അറിയാം. പക്ഷേ നമ്മൾ എന്നെന്നും ജീവിക്കാനാണ് യഹോവ ആഗ്രഹിക്കുന്നത്. (റോമ. 6:23) ഈ ലേഖനത്തിൽ പ്രധാനമായും മൂന്നു ചോദ്യങ്ങളുടെ ഉത്തരം നമ്മൾ കാണും: (1) പാപികളായ മനുഷ്യർക്ക് യഹോവ എന്തു പ്രത്യാശയാണു നൽകിയിരിക്കുന്നത്? (2) ബൈബിൾക്കാലങ്ങളിൽ എങ്ങനെയാണു പാപികളായ മനുഷ്യർ യഹോവയുടെ പ്രീതി നേടിയത്? (3) പാപത്തിൽനിന്നും മരണത്തിൽനിന്നും മനുഷ്യരെ രക്ഷിക്കാൻ യേശു എന്താണു ചെയ്തത്?
പാപികളായ മനുഷ്യർക്ക് യഹോവ എന്തു പ്രത്യാശയാണു നൽകിയിരിക്കുന്നത്?
3. ആദ്യമനുഷ്യർ പാപികളായിത്തീർന്നത് എങ്ങനെ?
3 ആദ്യമനുഷ്യരെ സൃഷ്ടിച്ചപ്പോൾ അവർ സന്തോഷത്തോടെ ജീവിക്കണം എന്നതായിരുന്നു യഹോവയുടെ ആഗ്രഹം. അതിനുവേണ്ടി യഹോവ അവർക്കു താമസിക്കാൻ മനോഹരമായ ഒരു സ്ഥലം നൽകി; വിവാഹക്രമീകരണം ചെയ്തു; സന്തോഷവും സംതൃപ്തിയും നൽകുന്ന ഒരു നിയമനവും കൊടുത്തു. അവർ തങ്ങളുടെ മക്കളെക്കൊണ്ട് ഭൂമി നിറയ്ക്കുകയും മുഴുഭൂമിയും ഏദെൻ തോട്ടംപോലുള്ള ഒരു പറുദീസയാക്കുകയും ചെയ്യണമായിരുന്നു. ദൈവം അവർക്കു ലളിതമായ ഒരു കല്പന മാത്രമേ നൽകിയുള്ളൂ. അത് അനുസരിക്കാതിരുന്നാൽ മരിക്കുമെന്നു ദൈവം അവർക്കു മുന്നറിയിപ്പു കൊടുക്കുകയും ചെയ്തു. തുടർന്ന് എന്താണ് ഉണ്ടായതെന്നു നമുക്ക് അറിയാം. ദൈവത്തോടും മനുഷ്യരോടും സ്നേഹമില്ലാത്ത ഒരു ദുഷ്ടദൂതൻ ദൈവത്തോട് അനുസരണക്കേടു കാണിക്കാൻ ആദാമിനെയും ഹവ്വയെയും പ്രേരിപ്പിച്ചു. സാത്താൻ ആഗ്രഹിച്ചതുപോലെ അവർ പ്രവർത്തിച്ചു. തങ്ങളെ ഒരുപാടു സ്നേഹിക്കുന്ന പിതാവിനെ അവർ വിശ്വസിച്ചില്ല. അവർ അനുസരണക്കേടു കാണിച്ചു. അവസാനം യഹോവ പറഞ്ഞതുപോലെതന്നെ സംഭവിച്ചു. അന്നുമുതൽ അവർ തങ്ങളുടെ തെറ്റിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കാൻതുടങ്ങി: അവർ വാർധക്യം പ്രാപിക്കാൻതുടങ്ങി, ഒടുവിൽ മരിക്കുകയും ചെയ്തു.—ഉൽപ. 1:28, 29; 2:8, 9, 16-18; 3:1-6, 17-19, 24; 5:5.
4. യഹോവ പാപത്തെ വെറുക്കുകയും അതിന് എതിരെ പോരാടാൻ നമ്മളെ സഹായിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? (റോമർ 8:20, 21)
4 ഏദെൻ തോട്ടത്തിൽ സംഭവിച്ച കാര്യങ്ങൾ നമ്മുടെ പ്രയോജനത്തിനായി ബൈബിളിൽ രേഖപ്പെടുത്താൻ യഹോവ ഇടയാക്കി. യഹോവ പാപത്തെ ഇത്രമാത്രം വെറുക്കുന്നത് എന്തുകൊണ്ടെന്നു മനസ്സിലാക്കാൻ ആ വിവരണം സഹായിക്കുന്നു. പാപം ദൈവത്തിൽനിന്ന് നമ്മളെ അകറ്റുകയും മരണത്തിന് ഇടയാക്കുകയും ചെയ്യുന്നു. (യശ. 59:2) അത് അറിയാവുന്നതുകൊണ്ടാണു ധിക്കാരിയായ ആ ദുഷ്ടദൂതൻ പാപം ചെയ്യാൻ ആളുകളെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്നത്. ആദാമിനെയും ഹവ്വയെയും പാപത്തിലേക്കു നയിച്ചതിലൂടെ മനുഷ്യനെക്കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യം തകിടംമറിക്കാൻ കഴിഞ്ഞെന്നായിരിക്കാം സാത്താൻ ചിന്തിച്ചത്. എന്നാൽ യഹോവ എത്രയധികം സ്നേഹമുള്ളവനാണെന്ന കാര്യം സാത്താൻ തിരിച്ചറിയാതെപോയി. ആദാമും ഹവ്വയും തെറ്റു ചെയ്തെങ്കിലും അവരുടെ മക്കളെക്കുറിച്ചുള്ള തന്റെ ഉദ്ദേശ്യത്തിന് യഹോവ ഒരിക്കലും മാറ്റം വരുത്തിയില്ല. മനുഷ്യകുടുംബത്തെ സ്നേഹിക്കുന്നതുകൊണ്ട് പെട്ടെന്നുതന്നെ യഹോവ അവർക്കു പ്രത്യാശയ്ക്കുള്ള ഒരു വഴി തുറന്നു. (റോമർ 8:20, 21 വായിക്കുക.) ഭാവിയിൽ ആദാമിന്റെ മക്കളിൽ ചിലർ, തന്നെ സ്നേഹിക്കാനും അനുസരിക്കാനും തീരുമാനിക്കുമെന്ന് യഹോവയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ട് അവർക്കു തന്നോടു കൂടുതൽ അടുക്കാനും പാപത്തിൽനിന്നും മരണത്തിൽനിന്നും അവരെ മോചിപ്പിക്കാനും ഉള്ള ക്രമീകരണം യഹോവ ചെയ്തു. എന്തായിരുന്നു അത്?
5. പാപികളായ മനുഷ്യർക്കുളള പ്രത്യാശയുടെ കിരണങ്ങൾ യഹോവ ആദ്യമായി നൽകിയത് എപ്പോഴാണ്? വിശദീകരിക്കുക. (ഉൽപത്തി 3:15)
5 ഉൽപത്തി 3:15 വായിക്കുക. സാത്താന് എതിരെയുള്ള ന്യായവിധി പ്രഖ്യാപിച്ചതിലൂടെ യഹോവ പ്രത്യാശയുടെ ആദ്യകിരണങ്ങൾ നൽകി. ഒരു ‘സന്തതിയിലൂടെയായിരിക്കും’ അതു വരുന്നതെന്നു ദൈവം മുൻകൂട്ടിപ്പറഞ്ഞു. ആ സന്തതി അവസാനം സാത്താന്റെ തല തകർക്കുകയും ഏദെനിൽ ഉണ്ടായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുകയും ചെയ്യും. (1 യോഹ. 3:8) എന്നാൽ ആ സന്തതിക്കു കഷ്ടങ്ങൾ സഹിക്കേണ്ടിവരുമായിരുന്നു. സാത്താൻ ആ സന്തതിയുടെ ഉപ്പൂറ്റി ചതയ്ക്കുമെന്ന്, അതായത് ആ സന്തതി മരിക്കാൻ ഇടയാക്കുമെന്ന്, പ്രവചനത്തിൽ പറഞ്ഞു. അത് യഹോവയെ ഒരുപാടു വേദനിപ്പിക്കുമായിരുന്നു. എന്നാൽ മനുഷ്യകുടുംബത്തെ പാപത്തിൽനിന്നും മരണത്തിൽനിന്നും രക്ഷിക്കുന്നതിന് ആ വേദന സഹിക്കാൻ യഹോവ തയ്യാറായി.
ബൈബിൾക്കാലങ്ങളിൽ എങ്ങനെയാണു പാപികളായ മനുഷ്യർ യഹോവയുടെ പ്രീതി നേടിയത്?
6. വിശ്വാസത്തിന്റെ മാതൃകകളായ ഹാബേലിനെയും നോഹയെയും പോലുള്ളവർ യഹോവയോടു കൂടുതൽ അടുക്കാൻ എന്തു ചെയ്തു?
6 പാപികളായ മനുഷ്യർക്ക് എങ്ങനെ താനുമായി നല്ലൊരു ബന്ധത്തിലേക്കു വരാനാകുമെന്ന്, പിന്നീടുള്ള നൂറ്റാണ്ടുകളിൽ യഹോവ പടിപടിയായി വെളിപ്പെടുത്തി. ഏദെനിലെ ആ സംഭവത്തിനു ശേഷം യഹോവയിൽ വിശ്വാസമർപ്പിച്ച ആദ്യത്തെ മനുഷ്യനായിരുന്നു ഹാബേൽ—ആദാമിന്റെയും ഹവ്വയുടെയും രണ്ടാമത്തെ മകൻ. ഹാബേൽ യഹോവയെ സ്നേഹിച്ചതുകൊണ്ടും യഹോവയെ സന്തോഷിപ്പിക്കാനും ദൈവത്തോടു കൂടുതൽ അടുക്കാനും ആഗ്രഹിച്ചതുകൊണ്ടും ദൈവത്തിന് ഒരു ബലി അർപ്പിച്ചു. അദ്ദേഹം ഒരു ഇടയനായിരുന്നു. അതുകൊണ്ട് തന്റെ ആട്ടിൻപറ്റത്തിലെ കടിഞ്ഞൂലുകളിൽ ചിലതിനെയാണ് അദ്ദേഹം ബലി അർപ്പിച്ചത്. യഹോവ ആ ബലിയെ എങ്ങനെ കണ്ടു? “യഹോവ ഹാബേലിലും ഹാബേലിന്റെ യാഗത്തിലും പ്രസാദിച്ചു.” (ഉൽപ. 4:4) തന്നെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത നോഹയെപ്പോലുള്ള മറ്റുള്ളവരുടെ ബലികളിലും യഹോവ പ്രസാദിച്ചു. (ഉൽപ. 8:20, 21) അങ്ങനെ ചെയ്തതിലൂടെ പാപികളായ മനുഷ്യർക്കു തന്റെ പ്രീതി നേടാനും തന്നോടു കൂടുതൽ അടുക്കാനും കഴിയുമെന്ന് യഹോവ തെളിയിക്കുകയായിരുന്നു. b
7. സ്വന്തം മകനെ ബലിയായി നൽകാൻ തയ്യാറായ അബ്രാഹാമിന്റെ മാതൃകയിൽനിന്ന് നമ്മൾ എന്താണു പഠിക്കുന്നത്?
7 യഹോവയിൽ ശക്തമായ വിശ്വാസമുള്ള ഒരാളായിരുന്നു അബ്രാഹാം. യഹോവ അദ്ദേഹത്തോടു വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യം ചെയ്യാൻ ആവശ്യപ്പെട്ടു: സ്വന്തം മകനായ യിസ്ഹാക്കിനെ ബലി അർപ്പിക്കാൻ. ആ സമയത്ത് അബ്രാഹാമിന് ഉണ്ടായ വേദന ചിന്തിക്കാവുന്നതിനും അപ്പുറമായിരുന്നു. എന്നിട്ടും അത് അനുസരിക്കാൻ അദ്ദേഹം തയ്യാറായി. എന്നാൽ മകനെ ബലി അർപ്പിക്കുന്നതിനു തൊട്ടുമുമ്പ് ദൈവം അദ്ദേഹത്തെ തടഞ്ഞു. എങ്കിലും അബ്രാഹാം ചെയ്ത ആ കാര്യം വിശ്വാസമുള്ള എല്ലാവരെയും ഒരു വലിയ സത്യം പഠിപ്പിക്കുന്നു: യഹോവയും തന്റെ പ്രിയമകനെ മനസ്സോടെ ഒരു ബലിയായി നൽകാൻ തയ്യാറാകും. അത്ര വലുതാണ് യഹോവയ്ക്കു മനുഷ്യരോടുള്ള സ്നേഹം!—ഉൽപ. 22:1-18.
8. ഇസ്രായേല്യർക്കു ദൈവം കൊടുത്ത നിയമത്തിലെ ബലികൾ എന്തിനെയാണു സൂചിപ്പിച്ചത്? (ലേവ്യ 4:27-29; 17:11)
8 നൂറ്റാണ്ടുകൾക്കു ശേഷം യഹോവ ഇസ്രായേൽ ജനതയ്ക്കു നിയമം കൊടുത്തപ്പോൾ പാപപരിഹാരത്തിനായി മൃഗബലികൾ അർപ്പിക്കാൻ ആവശ്യപ്പെട്ടു. (ലേവ്യ 4:27-29; 17:11 വായിക്കുക.) ആ ബലികളെല്ലാം സൂചിപ്പിച്ചത്, മനുഷ്യകുലത്തെ പാപത്തിൽനിന്ന് പൂർണമായി മോചിപ്പിക്കാൻ യഹോവ മഹത്തായ ഒരു ബലി നൽകുമെന്നാണ്. വാഗ്ദാനം ചെയ്ത സന്തതി കഷ്ടങ്ങൾ സഹിച്ച് മരിക്കുമെന്ന് എഴുതാൻ ദൈവം തന്റെ പ്രവാചകന്മാരെ പ്രചോദിപ്പിച്ചു. ബലി അർപ്പിക്കപ്പെടുന്ന ഒരു ആടിനെപ്പോലെ ദൈവത്തിന്റെ ആ പ്രിയമകൻ മരിക്കേണ്ടിവരുമായിരുന്നു. (യശ. 53:1-12) അതെക്കുറിച്ച് ഒന്നു ചിന്തിക്കുക: മനുഷ്യകുലത്തെ അതായത്, നമ്മളെ ഓരോരുത്തരെയും പാപത്തിൽനിന്നും മരണത്തിൽനിന്നും രക്ഷിക്കാൻ യഹോവ തന്റെ പ്രിയമകനെയാണ് ഒരു ബലിയായി നൽകിയത്!
മനുഷ്യരെ രക്ഷിക്കാൻ യേശു എന്താണു ചെയ്തത്?
9. സ്നാപകയോഹന്നാൻ യേശുവിനെക്കുറിച്ച് എന്താണു പറഞ്ഞത്? (എബ്രായർ 9:22; 10:1-4, 12)
9 ഒന്നാം നൂറ്റാണ്ടിൽ ദൈവത്തിന്റെ ദാസനായ സ്നാപകയോഹന്നാൻ നസറെത്തിൽനിന്നുള്ള യേശുവിനെക്കുറിച്ച് പറഞ്ഞു: “ഇതാ, ലോകത്തിന്റെ പാപം നീക്കിക്കളയുന്ന ദൈവത്തിന്റെ കുഞ്ഞാട്!” (യോഹ. 1:29) ദൈവപ്രചോദിതമായി പറഞ്ഞ ആ വാക്കുകൾ ദൈവം വാഗ്ദാനം ചെയ്ത സന്തതി യേശുവാണെന്നു തിരിച്ചറിയാൻ സഹായിച്ചു. യേശു തന്റെ ജീവൻ ഒരു ബലിയായി നൽകുമായിരുന്നു. അതിലൂടെ മനുഷ്യർക്കു പാപത്തിൽനിന്ന് പൂർണമായ ഒരു മോചനം സാധ്യമാകും.—എബ്രായർ 9:22; 10:1-4, 12 വായിക്കുക.
10. പാപികളെ “വിളിക്കാനാണ്” താൻ വന്നതെന്നു യേശു എങ്ങനെയാണു തെളിയിച്ചത്?
10 മനുഷ്യന്റെ കഷ്ടപ്പാടുകൾക്കുള്ള യഥാർഥകാരണം പാപമാണെന്നു യേശുവിന് അറിയാമായിരുന്നു. അതുകൊണ്ട് പാപഭാരത്താൽ മനസ്സു നീറി കഴിയുന്നവർക്കു യേശു പ്രത്യേകശ്രദ്ധ കൊടുത്തു, തന്റെ അനുഗാമികളാകാൻ അവരെ ക്ഷണിച്ചു. സമൂഹം പാപികളായി കണ്ടിരുന്ന ആളുകളുടെ അടുത്തേക്കു യേശു ചെന്നു. താൻ അങ്ങനെ ചെയ്യുന്നതിന്റെ കാരണം ഒരു ദൃഷ്ടാന്തത്തിലൂടെ യേശു വിശദീകരിക്കുകയും ചെയ്തു. യേശു പറഞ്ഞു: “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണു വൈദ്യനെ ആവശ്യം. . . . നീതിമാന്മാരെയല്ല, പാപികളെ വിളിക്കാനാണു ഞാൻ വന്നത്.” (മത്താ. 9:12, 13) അതുതന്നെയാണു യേശു ചെയ്തതും. കണ്ണീരുകൊണ്ട് തന്റെ പാദങ്ങൾ കഴുകിയ ആ സ്ത്രീയോടു യേശു സ്നേഹത്തോടെ സംസാരിച്ചു. അവളുടെ പാപങ്ങൾ ക്ഷമിച്ചു. (ലൂക്കോ. 7:37-50) അധാർമികജീവിതം നയിക്കുന്നവളാണെന്ന് അറിഞ്ഞിട്ടും കിണറ്റിൻകരയിൽ കണ്ട ശമര്യക്കാരി സ്ത്രീയെ യേശു പ്രധാനപ്പെട്ട സത്യങ്ങൾ പഠിപ്പിച്ചു. (യോഹ. 4:7, 17-19, 25, 26) പാപത്തിന്റെ ഫലമായ മരണത്തെ നീക്കാൻപോലുമുള്ള ശക്തി യഹോവ യേശുവിനു നൽകി. അതുകൊണ്ടാണ് യേശുവിനു മരിച്ചവരെ ഉയിർപ്പിക്കാൻ കഴിഞ്ഞത്. അതിൽ പുരുഷനും സ്ത്രീയും, കുട്ടിയും മുതിർന്ന ആളും ഒക്കെ ഉണ്ടായിരുന്നു.—മത്താ. 11:5.
11. പാപികളായ ആളുകൾപോലും യേശുവിന്റെ കൂടെയായിരിക്കാൻ ഇഷ്ടപ്പെട്ടത് എന്തുകൊണ്ട്?
11 വളരെ മോശമായ ജീവിതം നയിച്ചിരുന്നവർപോലും യേശുവിന്റെ കൂടെയായിരിക്കാൻ ഇഷ്ടപ്പെട്ടത് എന്തുകൊണ്ടാണ്? കാരണം യേശു അവരോട് അനുകമ്പയും സഹാനുഭൂതിയും കാണിച്ചു. അതുകൊണ്ട് യേശുവിനോട് അടുക്കാൻ അവർക്കു പേടി തോന്നിയില്ല. (ലൂക്കോ. 15:1, 2) തന്നിൽ വിശ്വസിച്ച അത്തരം ആളുകളെ യേശു അഭിനന്ദിച്ചു, അവരോടു ദയയോടെ ഇടപെട്ടു. (ലൂക്കോ. 19:1-10) തന്റെ പിതാവ് എത്ര കരുണയുള്ളവനാണെന്നു യേശു കാണിച്ചു. (യോഹ. 14:9) അനുകമ്പയുള്ള തന്റെ പിതാവ് പാപികളെ സ്നേഹിക്കുന്നെന്നും അവരെ സഹായിക്കാൻ ആഗ്രഹിക്കുന്നെന്നും യേശു തന്റെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും തെളിയിച്ചു. ജീവിതത്തിൽ മാറ്റങ്ങൾ വരുത്തി തന്നെ അനുഗമിക്കാൻ യേശു പാപികളെ സഹായിച്ചു.—ലൂക്കോ. 5:27, 28.
12. തന്റെ മരണത്തെക്കുറിച്ച് യേശു അനുഗാമികളോട് എന്താണു പറഞ്ഞത്?
12 തനിക്ക് എന്താണു സംഭവിക്കാൻപോകുന്നതെന്നു യേശുവിനു കൃത്യമായി അറിയാമായിരുന്നു. തന്നെ ഒറ്റിക്കൊടുക്കുമെന്നും സ്തംഭത്തിലേറ്റി കൊല്ലുമെന്നും ഒന്നിലധികം തവണ യേശു തന്റെ അനുഗാമികളോടു പറഞ്ഞു. (മത്താ. 17:22; 20:18, 19) സ്നാപകയോഹന്നാനും പ്രവാചകന്മാരും പറഞ്ഞിരുന്നതുപോലെ തന്റെ ബലിമരണം ലോകത്തിന്റെ പാപം നീക്കിക്കളയുമെന്നു യേശുവിന് അറിയാമായിരുന്നു. തന്റെ മരണശേഷം താൻ “എല്ലാ തരം മനുഷ്യരെയും” തന്നിലേക്ക് “ആകർഷിക്കും” എന്നും യേശു പഠിപ്പിച്ചു. (യോഹ. 12:32) യേശുവിൽ വിശ്വസിക്കുകയും യേശുവിനെ അനുകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർക്ക് യഹോവയെ സന്തോഷിപ്പിക്കാനാകും. അങ്ങനെ ചെയ്യുമ്പോൾ അവർക്ക് ഒടുവിൽ ‘പാപത്തിൽനിന്നുള്ള സ്വാതന്ത്ര്യം’ കിട്ടും. (റോമ. 6:14, 18, 22; യോഹ. 8:32) അതുകൊണ്ടാണ് യേശു നമ്മളെ രക്ഷിക്കാനായി മനസ്സോടെയും ധൈര്യത്തോടെയും ക്രൂരമായ മരണത്തിനു വിധേയനായത്.—യോഹ. 10:17, 18.
13. യേശു എങ്ങനെയാണു മരിച്ചത്, ആ മരണം ദൈവമായ യഹോവയെക്കുറിച്ച് നമ്മളെ എന്തു പഠിപ്പിക്കുന്നു? (ചിത്രവും കാണുക.)
13 ശത്രുക്കൾ യേശുവിനെ ഒറ്റിക്കൊടുത്തു, അറസ്റ്റു ചെയ്തു, പരിഹസിച്ചു. യേശുവിനെക്കുറിച്ച് അപവാദം പറഞ്ഞു, കൂടാതെ വധശിക്ഷയ്ക്കു വിധിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. അവസാനം പടയാളികൾ യേശുവിനെ, വധശിക്ഷ നടപ്പാക്കാനുള്ള സ്ഥലത്തേക്കു കൊണ്ടുപോയിട്ട് ഒരു സ്തംഭത്തിൽ തറച്ചു. യേശു വിശ്വസ്തനായി ആ വേദനകളെല്ലാം സഹിക്കുന്ന സമയത്ത് അതിനെക്കാൾ വേദന അനുഭവിച്ച മറ്റൊരു വ്യക്തിയുണ്ടായിരുന്നു. അതു ദൈവമായ യഹോവയായിരുന്നു. യഹോവയ്ക്കു വേണമെങ്കിൽ തന്റെ ശക്തി ഉപയോഗിച്ച് അതൊക്കെ തടയാമായിരുന്നു. പക്ഷേ അങ്ങനെ ചെയ്തില്ല. എന്തുകൊണ്ട്? യഹോവയ്ക്കു നമ്മളോടു സ്നേഹമുള്ളതുകൊണ്ട്. യേശു പറഞ്ഞു: “തന്റെ ഏകജാതനായ മകനിൽ വിശ്വസിക്കുന്ന ആരും നശിച്ചുപോകാതെ അവരെല്ലാം നിത്യജീവൻ നേടാൻ ദൈവം അവനെ ലോകത്തിനുവേണ്ടി നൽകി. അത്ര വലുതായിരുന്നു ദൈവത്തിനു ലോകത്തോടുള്ള സ്നേഹം.”—യോഹ. 3:16.
14. യേശുവിന്റെ ബലിമരണം എന്തിന്റെ തെളിവാണ്?
14 ആദാമിന്റെയും ഹവ്വയുടെയും മക്കളെ യഹോവ എത്രമാത്രം സ്നേഹിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണു യേശുവിന്റെ ബലിമരണം. നമ്മളെ ഓരോരുത്തരെയും യഹോവ ഒരുപാടു സ്നേഹിക്കുന്നു എന്നാണ് അതു കാണിക്കുന്നത്. പാപത്തിൽനിന്നും മരണത്തിൽനിന്നും നമ്മളെ രക്ഷിക്കാനായി, അങ്ങേയറ്റം വേദന സഹിച്ചിട്ടാണെങ്കിലും തന്റെ പ്രിയമകനെ ബലിയായി നൽകാൻ യഹോവ തയ്യാറായി. (1 യോഹ. 4:9, 10) പാപത്തിന് എതിരെ പോരാടാൻ നമ്മളെ ഓരോരുത്തരെയും സഹായിക്കാനും നമ്മൾ പാപത്തിന്മേൽ ജയം നേടാനും യഹോവ ആഗ്രഹിക്കുന്നു.
15. യേശുവിന്റെ മോചനവിലയിൽനിന്ന് പ്രയോജനം നേടാൻ നമ്മൾ എന്തു ചെയ്യണം?
15 തന്റെ ഏകജാതനായ മകനെ ഒരു മോചനവിലയായി നൽകിയതു ദൈവത്തിൽനിന്നുള്ള വലിയൊരു സമ്മാനമാണ്. അതിലൂടെ നമ്മുടെ പാപങ്ങൾക്കുള്ള ക്ഷമ സാധ്യമാകുന്നു. എന്നാൽ ദൈവത്തിൽനിന്നുള്ള ക്ഷമ ലഭിക്കാൻ നമ്മൾ എന്തു ചെയ്യണം? അതിനുള്ള ഉത്തരം സ്നാപകയോഹന്നാനും പിന്നീട് യേശുവും നൽകി: “സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു. അതുകൊണ്ട് മാനസാന്തരപ്പെടുക.” (മത്താ. 3:1, 2; 4:17) പാപത്തോടു പോരാടാനും സ്വർഗീയപിതാവിനോടു കൂടുതൽ അടുക്കാനും ആഗ്രഹിക്കുന്നുണ്ടെങ്കിൽ നമ്മൾ മാനസാന്തരപ്പെട്ടേ മതിയാകൂ. എന്നാൽ മാനസാന്തരപ്പെടുക അല്ലെങ്കിൽ, പശ്ചാത്തപിക്കുക എന്നാൽ എന്താണ് അർഥം? ഇനി, നമ്മൾ പാപികളായിരിക്കുമ്പോൾത്തന്നെ യഹോവയെ സന്തോഷിപ്പിക്കാൻ അത് എങ്ങനെ സഹായിക്കും? അടുത്ത ലേഖനത്തിൽ അതിനുള്ള ഉത്തരം കാണാം.
ഗീതം 18 മോചനവിലയ്ക്കു നന്ദിയുള്ളവർ
a പദപ്രയോഗത്തിന്റെ വിശദീകരണം: ബൈബിളിൽ “പാപം” എന്ന വാക്ക്, യഹോവ തെറ്റ് എന്നു പറഞ്ഞ കാര്യം ചെയ്യുന്നതിനെയോ ശരി എന്നു പറഞ്ഞിരിക്കുന്ന കാര്യം ചെയ്യാതിരിക്കുന്നതിനെയോ കുറിക്കാൻ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ആദാമിൽനിന്ന് നമുക്കെല്ലാം കൈമാറിക്കിട്ടിയിരിക്കുന്ന അപൂർണതയുടെ അഥവാ പാപത്തിന്റെ അവസ്ഥയെ കുറിക്കാനും ആ പദത്തിനാകും. ഈ പാപം കാരണമാണു നമ്മളെല്ലാം മരിക്കുന്നത്.