ജീവിതം മാറ്റിമറിച്ച ഒരു ദയാപ്രവൃത്തി
ഇന്ത്യയിലെ ഗുജറാത്തിലുള്ള ഒരു ചെറുപട്ടണത്തിൽ 1950-കളുടെ അവസാനം ജോണിന്റെ അച്ഛൻ യഹോവയുടെ സാക്ഷികളിൽ ഒരാളായി സ്നാനമേറ്റു. അടിയുറച്ച കത്തോലിക്കാവിശ്വാസികളായിരുന്ന ജോണിനും അഞ്ചു സഹോദരീസഹോദരന്മാർക്കും അവരുടെ അമ്മയ്ക്കും അച്ഛന്റെ വിശ്വാസത്തോട് എതിർപ്പായിരുന്നു.
ഒരിക്കൽ, സഭയിലെ ഒരു സഹോദരന് ഒരു എഴുത്തു കൊണ്ടുപോയി കൊടുക്കാൻ ജോണിനോട് അച്ഛൻ ആവശ്യപ്പെട്ടു. പക്ഷേ, അന്നു രാവിലെ ഒരു വലിയ തകരപ്പാത്രം തുറക്കുന്നതിനിടെ ജോണിന്റെ വിരൽ മുറിഞ്ഞു. എങ്കിലും അച്ഛൻ പറഞ്ഞതുപോലെതന്നെ ചെയ്യാൻ ജോൺ തീരുമാനിച്ചു, ചോരയൊലിക്കുന്ന വിരലിൽ ഒരു തുണിക്കഷണവും ചുറ്റി എഴുത്തുമായി സഹോദരന്റെ വീട്ടിലേക്കു നടന്നു.
സഹോദരന്റെ ഭാര്യ വീട്ടിലുണ്ടായിരുന്നു. എഴുത്തു വാങ്ങിയപ്പോൾ ജോണിന്റെ കൈയിലെ മുറിവ് സഹോദരിയുടെ ശ്രദ്ധയിൽപ്പെട്ടു. പെട്ടെന്നുതന്നെ സഹോദരി പ്രഥമശുശ്രൂഷയ്ക്കുള്ള പെട്ടി തുറന്ന് അണുനാശിനി ഉപയോഗിച്ച് മുറിവ് വൃത്തിയാക്കിയിട്ട് വിരലിൽ ബാൻഡേജ് ചുറ്റി. എന്നിട്ട് ജോണിന് ഒരു ചൂടു ചായ കൊടുത്തു. ഈ സമയത്തെല്ലാം സഹോദരി ജോണിനോടു സൗഹാർദപരമായി ബൈബിളിനെക്കുറിച്ച് സംസാരിച്ചു.
ഇത്രയുമായപ്പോഴേക്കും സാക്ഷികളെക്കുറിച്ച് ജോണിനുണ്ടായിരുന്ന തെറ്റിദ്ധാരണ മെല്ലെ അലിഞ്ഞുതുടങ്ങി. യേശു ദൈവമാണോ, ക്രിസ്ത്യാനികൾ മറിയയോടു പ്രാർഥിക്കണോ എന്നീ രണ്ടു വിഷയങ്ങളെക്കുറിച്ച് അവൻ സഹോദരിയോടു ചോദിച്ചു. അച്ഛന്റെ വിശ്വാസങ്ങളിൽ ജോണിനു യോജിക്കാൻ പറ്റാഞ്ഞ രണ്ടു വിഷയങ്ങളായിരുന്നു അവ. ഗുജറാത്തി ഭാഷ പഠിച്ചിരുന്ന ആ സഹോദരി ബൈബിളിൽനിന്ന് ഉത്തരം കൊടുത്തു, രാജ്യത്തിന്റെ ഈ സുവാർത്ത എന്ന ചെറുപുസ്തകവും കൊടുത്തു.
പിന്നീട് ആ ചെറുപുസ്തകം വായിച്ചുകൊണ്ടിരുന്നപ്പോൾ, ബൈബിളിലെ സത്യം താൻ ആദ്യമായി കേൾക്കുന്നതുപോലെ ജോണിനു തോന്നി. ജോൺ പുരോഹിതന്റെ അടുക്കൽ ചെന്ന് സഹോദരിയോടു ചോദിച്ച അതേ ചോദ്യങ്ങൾ ചോദിച്ചു. പെട്ടെന്നു നിയന്ത്രണംവിട്ട പുരോഹിതൻ, ബൈബിൾ ജോണിന്റെ നേരെ വലിച്ചെറിഞ്ഞ് പൊട്ടിത്തെറിച്ചു: “നീ ഒരു ചെകുത്താനായി മാറിയിരിക്കുന്നു! യേശു ദൈവമല്ലെന്നു ബൈബിളിൽ പറഞ്ഞിരിക്കുന്നതു കാണിച്ചുതാ. മറിയയെ ആരാധിക്കേണ്ട എന്നു പറഞ്ഞിരിക്കുന്നത് എവിടെയാ? ഉം, കാണിക്ക്.” പുരോഹിതൻ ഇങ്ങനെ പെരുമാറുന്നതു കണ്ട് ഞെട്ടിപ്പോയ ജോൺ അദ്ദേഹത്തോടു പറഞ്ഞു: “ഒരു കത്തോലിക്കാപള്ളിയുടെ പടി ഞാൻ ഇനി ചവിട്ടില്ല.” പിന്നെയൊരിക്കലും ജോൺ പള്ളിയിൽ പോയിട്ടില്ല.
ജോൺ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങി, സത്യാരാധനയ്ക്കായി നടപടികൾ സ്വീകരിച്ചു, അങ്ങനെ യഹോവയെ സേവിക്കാൻ തുടങ്ങി. പിന്നീട് ജോണിന്റെ കുടുംബത്തിലെ പലരും സത്യാരാധകരായി. ജോണിന്റെ വലതുകൈയിലെ ചൂണ്ടുവിരലിൽ 60 വർഷങ്ങൾക്കു മുമ്പുണ്ടായ ആ മുറിവിന്റെ പാട് ഇന്നുമുണ്ട്. സത്യാരാധകനായുള്ള ഒരു ജീവിതത്തിലേക്കു തന്നെ ആകർഷിച്ച ക്രിസ്തീയദയയുടെ ആ ഒരൊറ്റ പ്രവൃത്തി ഇന്നും ജോണിന്റെ മധുരസ്മരണകളിൽ നിറഞ്ഞുനിൽക്കുന്നു.—2 കൊരി. 6:4, 6.