വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
മറ്റു മനുഷ്യരുടെ ആക്രമണം നേരിടാനായി ഒരു ക്രിസ്ത്യാനി, കൈത്തോക്കോ റൈഫിളോ പോലെ വെടിവെക്കാനുള്ള ആയുധം സൂക്ഷിക്കുന്നതു ശരിയാണോ?
സ്വയരക്ഷയ്ക്കുവേണ്ടിയുള്ള ന്യായമായ നടപടികൾ ഒരു ക്രിസ്ത്യാനി സ്വീകരിക്കുമെങ്കിലും അത് എപ്പോഴും ബൈബിൾതത്ത്വങ്ങൾക്കുള്ളിൽനിന്നുകൊണ്ട് ആയിരിക്കും. മറ്റു മനുഷ്യരുടെ ആക്രമണം നേരിടാനായി കൈത്തോക്കോ റൈഫിളോ പോലുള്ള മാരകമായ ആയുധങ്ങൾ ഉപയോഗിക്കുന്നതു ബൈബിൾതത്ത്വങ്ങളനുസരിച്ച് തെറ്റാണ്. അങ്ങനെയുള്ള ചില തത്ത്വങ്ങൾ നമുക്കു നോക്കാം.
യഹോവയുടെ വീക്ഷണത്തിൽ ജീവൻ, പ്രത്യേകിച്ച് മനുഷ്യജീവൻ, പാവനമാണ്. യഹോവയാണു “ജീവന്റെ ഉറവ്” എന്നു ദാവീദിന് അറിയാമായിരുന്നു. (സങ്കീ. 36:9) അതുകൊണ്ട് സ്വന്തം ജീവനോ വസ്തുവകകളോ സംരക്ഷിക്കാൻ ഒരു ക്രിസ്ത്യാനി ന്യായമായ നടപടികൾ സ്വീകരിക്കുന്നെങ്കിൽപ്പോലും മറ്റൊരു മനുഷ്യജീവനെടുക്കാതിരിക്കാനും അങ്ങനെ രക്തച്ചൊരിച്ചിലിന്റെ കുറ്റം ഒഴിവാക്കാനും അദ്ദേഹം അതീവശ്രദ്ധയുള്ളവനായിരിക്കും.—ആവ. 22:8; സങ്കീ. 51:14.
ഒരാൾ തോക്കെന്നല്ല, സ്വയരക്ഷയ്ക്കായി ഏതു വസ്തു ഉപയോഗിച്ചാലും അതു മറ്റൊരാളുടെ മരണത്തിനു കാരണമാകാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ അതു രക്തച്ചൊരിച്ചിലിന്റെ കുറ്റം വരുത്തിവെക്കും. എങ്കിലും ഒരു തോക്കാണ് ഉപയോഗിക്കുന്നതെങ്കിൽ, അറിഞ്ഞോ അറിയാതെയോ മരണം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. * അക്രമിയുടെ കാര്യമോ? അയാൾ അപ്പോൾത്തന്നെ ആകെ പരിഭ്രാന്തനായിരിക്കും. മറ്റേയാളുടെ കൈയിൽ ഒരു തോക്കുണ്ടെന്നുകൂടെ കണ്ടാൽ സാഹചര്യം വഷളാകാൻ സാധ്യത കൂടുതലാണ്. അവിടെ ഒരു മരണം സംഭവിച്ചേക്കാം.
വാൾ കൈയിൽ കരുതാൻ ഭൂമിയിലെ തന്റെ അവസാനരാത്രിയിൽ യേശു ശിഷ്യന്മാരോടു പറഞ്ഞെങ്കിലും അത് അവരുടെ സ്വയരക്ഷയ്ക്കുവേണ്ടിയല്ലായിരുന്നു. (ലൂക്കോ. 22:36, 38) വാളെടുക്കാൻ യേശു ആവശ്യപ്പെട്ടത് അവരെ പ്രധാനപ്പെട്ട ഒരു പാഠം പഠിപ്പിക്കാനായിരുന്നു. എന്തായിരുന്നു അത്? ആയുധങ്ങളുമായി ഒരു ആൾക്കൂട്ടം വന്നാൽപ്പോലും അക്രമത്തിന്റെ വഴി സ്വീകരിക്കരുത് എന്ന പാഠം. (ലൂക്കോ. 22:52) മഹാപുരോഹിതന്റെ അടിമയ്ക്കു നേരേ പത്രോസ് വാളെടുത്ത് വീശിയപ്പോൾ യേശു പത്രോസിനോട് ഇങ്ങനെ കല്പിച്ചു: “വാൾ ഉറയിൽ ഇടുക.” അതിനു ശേഷം യേശു ഒരു അടിസ്ഥാനസത്യം പറഞ്ഞു: “വാൾ എടുക്കുന്നവരെല്ലാം വാളിന് ഇരയാകും.” ക്രിസ്തുശിഷ്യരെ ഇന്നോളം നയിച്ചിരിക്കുന്ന ഒരു തത്ത്വമാണ് അത്.—മത്താ. 26:51, 52.
മീഖ 4:3-നു ചേർച്ചയിൽ ദൈവജനം ‘അവരുടെ വാളുകൾ കലപ്പകളായും കുന്തങ്ങൾ അരിവാളുകളായും അടിച്ചുതീർക്കുന്നു.’ സത്യക്രിസ്ത്യാനികളെ തിരിച്ചറിയിക്കുന്ന ഒരു സവിശേഷതയാണ് ഇത്. അപ്പോസ്തലനായ പൗലോസ് ദൈവപ്രചോദിതമായി നൽകിയ ഈ ആഹ്വാനവും അതിനോടു യോജിക്കുന്നു: “തിന്മയ്ക്കു പകരം തിന്മ ചെയ്യരുത്. . . . എല്ലാവരുമായി സമാധാനത്തിലായിരിക്കാൻ നിങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുക.” (റോമ. 12:17, 18) “കവർച്ചക്കാരിൽനിന്നുള്ള ആപത്ത്” ഉൾപ്പെടെ പല അപകടങ്ങളും നേരിട്ടെങ്കിലും പൗലോസ് താൻ എഴുതിയ വാക്കുകൾക്കു ചേർച്ചയിൽ ജീവിച്ചു. തന്റെ സുരക്ഷിതത്വത്തിനു തിരുവെഴുത്തുതത്ത്വങ്ങളെക്കാൾ പ്രാധാന്യം കൊടുത്തില്ല. (2 കൊരി. 11:26) പകരം പൗലോസ് ദൈവത്തിലും ദൈവവചനത്തിലെ ജ്ഞാനത്തിലും ആശ്രയിച്ചു. അതെ, ‘യുദ്ധായുധങ്ങളെക്കാൾ നല്ല’ ദൈവികജ്ഞാനത്തിൽ.—സഭാ. 9:18.
ക്രിസ്ത്യാനികൾ വസ്തുവകകളെക്കാൾ വിലയുള്ളതായി കാണുന്നതു ജീവനെയാണ്. “ഒരാൾക്ക് എത്ര സമ്പത്തുണ്ടെങ്കിലും അതൊന്നുമല്ല അയാൾക്കു ജീവൻ നേടിക്കൊടുക്കുന്നത്.” (ലൂക്കോ. 12:15) അതുകൊണ്ട് സൗമ്യതയോടെ സംസാരിച്ചിട്ടും അക്രമി പിന്മാറുന്നില്ലെങ്കിൽ ക്രിസ്ത്യാനികൾ ബുദ്ധിപൂർവം യേശുവിന്റെ പിൻവരുന്ന വാക്കുകളിലെ തത്ത്വം അനുസരിക്കും: “ദുഷ്ടനോട് എതിർത്തുനിൽക്കരുത്.” ചിലപ്പോൾ “മേലങ്കി” മാത്രമല്ല “ഉള്ളങ്കി”പോലും നമുക്കു വിട്ടുകൊടുക്കേണ്ടിവന്നേക്കാം. (മത്താ. 5:39, 40; ലൂക്കോ. 6:29) * എന്നാൽ അത്തരം സാഹചര്യങ്ങളുണ്ടാകാതെ നോക്കുന്നതാണ് ഏറ്റവും നല്ല പ്രതിരോധം. അതിന് എന്തു ചെയ്യാം? ‘വസ്തുവകകൾ പൊങ്ങച്ചത്തോടെ പ്രദർശിപ്പിക്കുന്നത്’ ഒഴിവാക്കിയാൽ അക്രമാസക്തരായ കുറ്റവാളികളുടെ നോട്ടപ്പുള്ളികളാകുന്നത് ഒരു പരിധിവരെ തടയാനാകും. അതുപോലെ നമ്മൾ യഹോവയുടെ സമാധാനസ്നേഹികളായ ജനമാണ് എന്നൊരു പേര് അയൽക്കാർക്കിടയിലുണ്ടെങ്കിൽ അതും ഒരു സംരക്ഷണമായിരിക്കും.—1 യോഹ. 2:16; സുഭാ. 18:10.
ക്രിസ്ത്യാനികൾ മറ്റുള്ളവരുടെ മനസ്സാക്ഷിയെ ആദരിക്കുന്നു. (റോമ. 14:21) സഭയിലെ ഒരു അംഗം മറ്റു മനുഷ്യരിൽനിന്നുള്ള രക്ഷയ്ക്കായി തോക്കു സൂക്ഷിക്കുന്നെന്ന് അറിഞ്ഞാൽ സഭയിലെ ചിലർക്ക് അത് ഉൾക്കൊള്ളാൻ കഴിഞ്ഞെന്നു വരില്ല, ചിലരെ അതു വിശ്വാസത്തിൽനിന്ന് വീഴിക്കുകപോലും ചെയ്തേക്കാം. ഒരുപക്ഷേ തോക്കു കൈവശം വെക്കാൻ നമുക്കു നിയമപരമായി അവകാശമുണ്ടായിരിക്കാം. എങ്കിൽപ്പോലും നമ്മുടെ ചില താത്പര്യങ്ങളെക്കാൾ മറ്റുള്ളവരുടെ താത്പര്യങ്ങൾക്കു മുൻഗണന കൊടുക്കാൻ സ്നേഹം നമ്മളെ പ്രേരിപ്പിക്കും.—1 കൊരി. 10:32, 33; 13:4, 5.
ക്രിസ്ത്യാനികൾ മാതൃകായോഗ്യരായിരിക്കാൻ കഠിനശ്രമം ചെയ്യുന്നു. (2 കൊരി. 4:2; 1 പത്രോ. 5:2, 3) തിരുവെഴുത്തുബുദ്ധിയുപദേശം ലഭിച്ചശേഷവും ഒരു ക്രിസ്ത്യാനി മറ്റു മനുഷ്യരിൽനിന്നുള്ള രക്ഷയ്ക്കായി തോക്കു കൈവശം വെക്കാൻ തീരുമാനിക്കുന്നെങ്കിൽ ആ വ്യക്തിയെ മാതൃകായോഗ്യനായി കണക്കാക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ സഭയിലെ ഉത്തരവാദിത്വങ്ങളും പ്രത്യേകപദവികളും ലഭിക്കുന്നതിന് അദ്ദേഹം യോഗ്യനായിരിക്കില്ല. ജോലിയുടെ ഭാഗമായി തോക്കു കൈവശം വെക്കുന്ന ഒരു ക്രിസ്ത്യാനിയുടെ കാര്യത്തിലും ഇതു ബാധകമാണ്. സാഹചര്യം ഇതാണെങ്കിൽ മറ്റൊരു ജോലി കണ്ടുപിടിക്കുന്നതല്ലേ എന്തുകൊണ്ടും നല്ലത്! *
സ്വയരക്ഷ, സ്വന്തം കുടുംബത്തിന്റെയും വസ്തുവകകളുടെയും സംരക്ഷണം എന്നീ കാര്യങ്ങളിൽ ഓരോ ക്രിസ്ത്യാനിയുമാണു തീരുമാനമെടുക്കേണ്ടത്. ജോലിയുടെ കാര്യവും അങ്ങനെതന്നെ. പക്ഷേ ഓർക്കുക: ദൈവത്തിന്റെ ജ്ഞാനവും ദൈവത്തിനു നമ്മളോടുള്ള സ്നേഹവും ആണ് ബൈബിൾതത്ത്വങ്ങളിൽ പ്രതിഫലിച്ചിരിക്കുന്നത്. ഈ തത്ത്വങ്ങളോട് ആദരവുള്ളതുകൊണ്ട് ആത്മീയപക്വതയുള്ള ക്രിസ്ത്യാനികൾ, മറ്റു മനുഷ്യരുടെ ആക്രമണം നേരിടാനായി ഒരു തോക്കു സൂക്ഷിക്കേണ്ടതില്ല എന്നു തീരുമാനിച്ചിരിക്കുന്നു. ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിച്ച് ദൈവത്തിലുള്ള ആശ്രയം തെളിയിക്കുന്നവർക്കാണ് എന്നെന്നും നിലനിൽക്കുന്ന യഥാർഥസുരക്ഷിതത്വം ലഭിക്കുകയെന്ന് അവർക്ക് അറിയാം. —സങ്കീ. 97:10; സുഭാ. 1:33; 2:6, 7.
^ ഖ. 3 ആഹാരത്തിനുവേണ്ടി മൃഗങ്ങളെ വേട്ടയാടാനോ വന്യമൃഗങ്ങളിൽനിന്നുള്ള സംരക്ഷണത്തിനായോ തോക്കു സൂക്ഷിക്കാൻ ഒരു ക്രിസ്ത്യാനി തീരുമാനിച്ചേക്കാം. എന്നാൽ അത് ഉപയോഗിക്കാത്ത സമയത്ത് അതിൽനിന്ന് വെടിയുണ്ടകൾ എടുത്തുമാറ്റി വെക്കുന്നതു നല്ലതായിരിക്കും. അതിന്റെ ഭാഗങ്ങൾ അഴിച്ചുമാറ്റിവെക്കുന്നെങ്കിൽ ഏറെ നല്ലത്. എന്നിട്ട് അതു സുരക്ഷിതമായി ഒരിടത്ത് പൂട്ടിവെക്കുക. ഇനി, ഒരു തോക്കു കൈവശം വെക്കുന്നതു നിയമപരമല്ലെങ്കിലോ മറ്റ് ഏതെങ്കിലും വിധത്തിൽ അതിനു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലോ എന്തു ചെയ്യും? അപ്പോൾ ക്രിസ്ത്യാനികൾ ആ നിയമങ്ങൾ അനുസരിക്കണം.—റോമ. 13:1.
^ ഖ. 2 ബലാൽസംഗത്തെ എങ്ങനെ പ്രതിരോധിക്കാമെന്നു മനസ്സിലാക്കാൻ 1993 ജൂൺ 8 ലക്കം ഉണരുക!-യിലെ “ബലാൽസംഗത്തെ തടുക്കേണ്ട വിധം” എന്ന ലേഖനം കാണുക.
^ ഖ. 4 ആയുധം കൈവശം വെക്കേണ്ടിവരുന്ന ഒരു ജോലി സ്വീകരിക്കുന്നതിനെക്കുറിച്ചുള്ള കൂടുതലായ വിവരങ്ങൾക്ക് 2005 നവംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 31-ാം പേജും 1983 ജൂലൈ 15 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 25-26 പേജുകളും കാണുക.