പാഠം 2
എങ്ങനെ താഴ്മയുള്ളവരായിരിക്കാം?
എന്താണു താഴ്മ?
താഴ്മയുള്ളവരെ മറ്റുള്ളവർ ആദരിക്കും. അവർ അഹങ്കാരത്തോടെ പെരുമാറില്ല. മറ്റുള്ളവർ തങ്ങളെ വലിയ ആളുകളായി കാണണമെന്ന ഭാവമൊന്നും അവർക്കില്ല. മറിച്ച്, അവർ മറ്റുള്ളവരിൽ ആത്മാർഥതാത്പര്യം കാണിക്കുന്നവരും അവരിൽനിന്ന് പഠിക്കാൻ മനസ്സൊരുക്കമുള്ളവരും ആണ്.
താഴ്മയെ ബലഹീനതയുടെ ലക്ഷണമായി കാണുന്നവരുമുണ്ട്. സത്യത്തിൽ, സ്വന്തം കുറവുകളും പരിമിതികളും തിരിച്ചറിയാൻ ആളുകളെ സഹായിക്കുന്ന ഒരു കരുത്താണ് ഈ ഗുണം.
താഴ്മയുടെ പ്രാധാന്യം
-
നല്ല ബന്ധങ്ങൾക്കു താഴ്മ വേണം. പൊങ്ങച്ചരോഗം എന്ന ഒരു ഇംഗ്ലീഷ് പുസ്തകം പറയുന്നത്, “താഴ്മയുള്ളവർക്കു പെട്ടെന്നു ബന്ധങ്ങൾ സ്ഥാപിക്കാൻ പറ്റും” എന്നാണ്. “മറ്റുള്ളവരുമായി നന്നായി ഇടപെടാൻ” അവർക്ക് അറിയാമെന്നും ആ പുസ്തകം പറയുന്നു.
-
നല്ല ഭാവിക്കു താഴ്മ വേണം. താഴ്മയുള്ളവരായിരിക്കാൻ പഠിക്കുന്നത് ഇപ്പോഴും ഭാവിയിലും നിങ്ങളുടെ കുട്ടിക്കു പ്രയോജനം ചെയ്യും. ഉദാഹരണത്തിന് ഒരു ജോലി അന്വേഷിക്കുന്ന കാര്യംതന്നെ എടുക്കാം. “സ്വയംപൊങ്ങിയായ, സ്വന്തം കുറവുകളെക്കുറിച്ച് അറിയാത്ത ഒരു യുവതി ജോലിക്കുള്ള ഇന്റർവ്യൂയിൽ ശോഭിക്കാൻ സാധ്യത തീരെ കുറവാണ്” എന്നു ഡോക്ടർ ലിയൊണാർഡ് സാക്സ് എഴുതുന്നു. “എന്നാൽ ഇന്റർവ്യൂ ചെയ്യുന്ന വ്യക്തിക്കു പറയാനുള്ള കാര്യങ്ങൾ ശ്രദ്ധിച്ചുകേൾക്കാൻ മനസ്സുകാണിക്കുന്ന ഒരാൾക്കു ജോലി കിട്ടാൻ സാധ്യത കൂടുതലാണ്.” a
താഴ്മ എങ്ങനെ പഠിപ്പിക്കാം?
തന്നെക്കുറിച്ചുതന്നെ അധികം ചിന്തിക്കാതിരിക്കാൻ സഹായിക്കുക.
ബൈബിൾതത്ത്വം: “ഒന്നുമല്ലാതിരുന്നിട്ടും വലിയ ആളാണെന്നു ചിന്തിക്കുന്നവൻ തന്നെത്തന്നെ വഞ്ചിക്കുകയാണ്.”—ഗലാത്യർ 6:3.
-
കുട്ടികളെ പറഞ്ഞുപറഞ്ഞ് വലിയ സംഭവമാക്കരുത്. ഉദാഹരണത്തിന്, “നീ സ്വപ്നം കാണുന്നതെല്ലാം നടക്കും,” “വിചാരിച്ചാൽ നിനക്കു പറ്റാത്ത ഒന്നുംതന്നെയില്ല” എന്നൊക്കെ പറഞ്ഞാൽ പ്രചോദനം ലഭിക്കുമെന്നു തോന്നിയേക്കാം, പക്ഷേ മിക്കപ്പോഴും അതൊന്നും സംഭവിക്കാറില്ല. എന്നാൽ എത്തിപ്പിടിക്കാൻ കഴിയുന്ന ലക്ഷ്യങ്ങൾവെച്ച് പ്രവർത്തിക്കുന്നെങ്കിലാണു നിങ്ങളുടെ കുട്ടി വിജയിക്കാൻ സാധ്യത കൂടുതൽ.
-
ചെയ്ത കാര്യം എടുത്തുപറഞ്ഞ് അഭിനന്ദിക്കുക. അല്ലാതെ മക്കളെ വെറുതെ പുകഴ്ത്തിയാൽ അവർക്കു താഴ്മയുണ്ടാകില്ല.
-
സമൂഹമാധ്യമങ്ങളുടെ ഉപയോഗം നിയന്ത്രിക്കുക. മിക്കപ്പോഴും സ്വയം പൊക്കാനുള്ള, അതായത് സ്വന്തം കഴിവുകളും നേട്ടങ്ങളും കൊട്ടിഘോഷിക്കാനുള്ള, പ്രോത്സാഹനമാണു സമൂഹമാധ്യമങ്ങൾ നൽകുന്നത്; താഴ്മയുടെ നേർവിപരീതം.
-
പെട്ടെന്നു ക്ഷമ ചോദിക്കാൻ മക്കളെ പരിശീലിപ്പിക്കുക. തെറ്റു മനസ്സിലാക്കാനും അംഗീകരിക്കാനും മക്കളെ സഹായിക്കുക.
നന്ദി കാണിക്കാൻ പരിശീലിപ്പിക്കുക.
ബൈബിൾതത്ത്വം: “നിങ്ങൾ നന്ദിയുള്ളവരാണെന്നു കാണിക്കുക.”—കൊലോസ്യർ 3:15.
-
സൃഷ്ടിയോടുള്ള വിലമതിപ്പ്. ജീവൻ നിലനിറുത്താൻ പ്രകൃതിയെയും അതിലെ വിഭവങ്ങളെയും ആശ്രയിക്കണമെന്ന കാര്യം കുട്ടികൾ മനസ്സിലാക്കണം, അതിനെ വിലമതിക്കണം. നമുക്കു ശ്വസിക്കാൻ വായുവും കുടിക്കാൻ വെള്ളവും കഴിക്കാൻ ഭക്ഷണവും വേണം. ഈ ഉദാഹരണങ്ങൾ ഉപയോഗിച്ച് പ്രകൃതിയിലെ അത്ഭുതങ്ങളോടുള്ള വിലമതിപ്പു വളർത്താൻ കുട്ടിയെ സഹായിക്കുക.
-
ആളുകളോടുള്ള നന്ദി. ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ മറ്റുള്ളവർ കുട്ടിയേക്കാൾ ഉയർന്നവരാണെന്ന കാര്യം അവനെ ഓർമപ്പെടുത്തണം. മറ്റുള്ളവരുടെ കഴിവിലും വൈദഗ്ധ്യത്തിലും അസൂയപ്പെടുന്നതിനുപകരം അവരിൽനിന്ന് പഠിക്കാൻ കുട്ടിയെ സഹായിക്കുക.
-
നന്ദി പറയാൻ കുട്ടിയെ പഠിപ്പിക്കുക. വെറുതെ “നന്ദി” എന്നു പറയാനല്ല, ഉള്ളിൽനിന്ന് വരുന്ന വിലമതിപ്പോടുകൂടി അതു പറയാൻ പഠിപ്പിക്കണം. വിലമതിപ്പും നന്ദിയും താഴ്മയുള്ളവരായിരിക്കാൻ സഹായിക്കും.
മറ്റുള്ളവർക്കു സേവനം ചെയ്യുന്നതിൽ മൂല്യമുണ്ടെന്നു കുട്ടിയെ പഠിപ്പിക്കുക.
ബൈബിൾതത്ത്വം: “താഴ്മയോടെ മറ്റുള്ളവരെ നിങ്ങളെക്കാൾ ശ്രേഷ്ഠരായി കാണുക. നിങ്ങൾ സ്വന്തം താത്പര്യം മാത്രം നോക്കാതെ മറ്റുള്ളവരുടെ താത്പര്യവുംകൂടെ നോക്കണം.”—ഫിലിപ്പിയർ 2:3, 4.
-
കുട്ടിക്കു വീട്ടുജോലികൾ കൊടുക്കുക. കുട്ടിയെക്കൊണ്ട് വീട്ടുജോലി ചെയ്യിപ്പിക്കാതിരുന്നാൽ “നീ ഇതൊന്നും ചെയ്യേണ്ട ആളല്ല” എന്നു കുട്ടിയോടു പറയുന്നതുപോലെയായിരിക്കും. കളിയേക്കാൾ പ്രാധാന്യം വീട്ടുജോലിക്കു കൊടുക്കാൻ കുട്ടിയെ പഠിപ്പിക്കണം. വീട്ടുജോലികൾ ചെയ്യുന്നതു മറ്റുള്ളവർക്ക് എങ്ങനെ പ്രയോജനം ചെയ്യുമെന്നും അങ്ങനെ ചെയ്താൽ അവർ കുട്ടിയെ വിലമതിക്കുകയും ആദരിക്കുകയും ചെയ്യുമെന്നും കുട്ടിക്കു പറഞ്ഞുകൊടുക്കുക.
-
മറ്റുള്ളവർക്കു സേവനം ചെയ്യുന്നത് ഒരു പദവിയാണെന്നു കുട്ടിക്കു മനസ്സിലാക്കിക്കൊടുക്കുക. പക്വത നേടാനുള്ള ഒരു മാർഗം ഇതാണ്. അതുകൊണ്ട് സഹായം ആവശ്യമുള്ളവരെ കണ്ടുപിടിക്കാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുക. അവരെ സഹായിക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയുമെന്നു ചർച്ച ചെയ്യുക. മറ്റുള്ളവരെ കുട്ടി സഹായിക്കുമ്പോൾ അവരെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
a മക്കളെ വളർത്തുന്നതിലെ തകർച്ച (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽനിന്ന്.