“എന്റെ ജീവിതത്തെ കുറിച്ചാണ് നിങ്ങൾ എഴുതിയത്!”
“എന്റെ ജീവിതത്തെ കുറിച്ചാണ് നിങ്ങൾ എഴുതിയത്!”
വർഷങ്ങളായി ഉണരുക! വിവിധ രോഗങ്ങളെ കുറിച്ചുള്ള ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉണരുക! ഒരു ആരോഗ്യ മാസിക അല്ല, അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു പ്രത്യേക ചികിത്സാവിധിയെ അതു പിന്താങ്ങുന്നുമില്ല. എങ്കിലും ഒരു രോഗത്തെ കുറിച്ച് എഴുതുമ്പോൾ അതിനെ സംബന്ധിച്ച് നല്ല ഒരു വിശദീകരണം നൽകാനും ആ രോഗം ഉണ്ടാകാനുള്ള കാരണങ്ങളെ തിരിച്ചറിയിക്കാനും രോഗിക്കും രോഗിയെ പരിചരിക്കുന്നവർക്കും വേണ്ട തിരുവെഴുത്തുപരവും പ്രായോഗികവുമായ ബുദ്ധിയുപദേശങ്ങൾ നൽകാനും ഉണരുക! ശ്രമിക്കുന്നു.
ഉദാഹരണത്തിന്, 1998 ജൂൺ 8 ലക്കത്തിലെ “ഫൈബ്രോമയാൾജിയയെ മനസ്സിലാക്കലും പൊരുത്തപ്പെട്ടു ജീവിക്കലും” എന്ന ലേഖനത്തിന്റെ കാര്യംതന്നെ എടുക്കുക. ആ ലേഖനത്തിന് ലോകമെമ്പാടുനിന്നും നല്ല പ്രതികരണങ്ങൾ ലഭിക്കുകയുണ്ടായി. ലേഖനം പ്രസിദ്ധീകരിച്ച് മാസങ്ങൾക്കു ശേഷം പോലും വിലമതിപ്പിന്റേതായ കത്തുകൾ ലഭിച്ചു. “എനിക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി,” ഒരു സ്ത്രീ എഴുതി. “എന്റെ ജീവിതത്തെ കുറിച്ചാണ് നിങ്ങൾ എഴുതിയത് എന്ന് എനിക്കു തോന്നി!” മറ്റൊരു സ്ത്രീ കത്തിലൂടെ പറഞ്ഞു. “ഈ രോഗവുമായി എങ്ങനെ പൊരുത്തപ്പെടാമെന്ന് എനിക്ക് ഇപ്പോൾ അറിയാം” അവർ കൂട്ടിച്ചേർത്തു.
വൈദ്യശാസ്ത്ര മേഖലയിലെ വിദഗ്ധരിൽ ചിലരും പ്രസ്തുത ലേഖനത്തോടു വിലമതിപ്പു പ്രകടിപ്പിക്കുകയുണ്ടായി. ഐക്യനാടുകളിലെ ആർത്രൈറ്റിസ് ഫൗണ്ടേഷന്റെ മെഡിക്കൽ അഫയേഴ്സ് സീനിയർ വൈസ് പ്രസിഡന്റ് ഇപ്രകാരം എഴുതി: “ഫൈബ്രോമയാൾജിയയെ കുറിച്ചുള്ള ലേഖനം സന്തുലിതവും സമ്പൂർണവും തികച്ചും നല്ലതുമായിരുന്നു. പ്രസ്തുത ലേഖനത്തിൽ നിങ്ങൾ ബൈബിൾ ഉദ്ധരണികൾ നൽകിയതിനെ ഞാൻ വിലമതിക്കുന്നു. ആരോഗ്യ സംബന്ധമായ ഏതു പ്രശ്നത്തെ അഭിമുഖീകരിക്കുമ്പോഴും വിശ്വാസം ഉണ്ടായിരിക്കേണ്ടതു പ്രധാനമാണെന്നു തിരിച്ചറിയാനും അത് എന്നെ സഹായിച്ചു.”
മറ്റനേകം കത്തുകളും ലഭിച്ചിരുന്നു. അവയിൽനിന്നുള്ള ചില പ്രസക്ത ഭാഗങ്ങൾ ഇതാ:
“പ്രസ്തുത വിഷയത്തെ കുറിച്ച് സാധിക്കുന്നത്ര വിവരങ്ങൾ വായിച്ചു മനസ്സിലാക്കാൻ ഡോക്ടർ എന്നെ പ്രോത്സാഹിപ്പിച്ചു. ഞാൻ വായിച്ചതിൽ ഏറ്റവും നല്ലത് നിങ്ങളുടെ ലേഖനമായിരുന്നു.”—എൽ. ആർ.
‘എന്റെ രോഗത്തെ സംബന്ധിച്ച കാര്യങ്ങൾ പലരും എന്നോടു ചോദിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഞാൻ അതേക്കുറിച്ചുള്ള ഒരു ലഘുലേഖ അവർക്കു കൊടുക്കുമായിരുന്നു. ഇപ്പോൾ എനിക്ക് ഉണരുക!-യുടെ ഈ പ്രത്യേക ലക്കം കൊടുക്കാം. ഇത്രയും ആശ്വാസദായകമായ വിവരങ്ങൾ മറ്റൊരിടത്തുനിന്നും ലഭിക്കുകയില്ല!’—കെ. കെ.
‘ഞാൻ ഒന്നിനും കൊള്ളാത്ത ഒരു വ്യക്തിയല്ലെന്നും യഹോവയുടെ ദൃഷ്ടിയിൽ ഇപ്പോഴും വിലപ്പെട്ടവളാണെന്നും ആ ലേഖനം എന്നെ ബോധ്യപ്പെടുത്തി.’—ഡി. സി.
“ഞാൻ അനുഭവിക്കുന്ന ദുരിതത്തെ കുറിച്ച് നിങ്ങൾ മനസ്സിലാക്കുന്നതുപോലെ എനിക്കു തോന്നി.”—സി. എച്ച്.
‘നമ്മുടെ കഷ്ടപ്പാടുകളിൽ നാം തനിച്ചല്ലെന്ന് അറിയുന്നത് ആശ്വാസകരമാണ്.’—സി. എ.
‘മുമ്പ് ചെയ്യാൻ കഴിഞ്ഞിരുന്ന കാര്യങ്ങൾ ഇപ്പോൾ ചെയ്യാൻ കഴിയാതെ വരുമ്പോൾ എനിക്ക് വല്ലാത്ത നിരാശ തോന്നാറുണ്ട്. ഈ ലേഖനം ഞാൻ എന്റെ കട്ടിലിനടുത്തു തന്നെ വെക്കും. അങ്ങനെയാകുമ്പോൾ നിരാശ തോന്നുമ്പോഴൊക്കെ എനിക്ക് അതെടുത്തു വായിക്കാമല്ലോ.’—കെ. ബി.
‘എന്റെ വേദന അവഗണിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു, ചെയ്യാവുന്നതൊക്കെ ചെയ്തു. എങ്കിലും എനിക്കു വിജയിക്കാനായില്ല. നിങ്ങൾ നൽകിയ ആ നിർദേശങ്ങൾ വളരെ നല്ലതാണെന്നു തോന്നുന്നു.’—എം. സി.
“12 വയസ്സുള്ളപ്പോൾ എനിക്ക് ഫൈബ്രോമയാൾജിയ ഉള്ളതായി പരിശോധനയിൽ തെളിഞ്ഞു. ഇപ്പോൾ എനിക്ക് 14 വയസ്സുണ്ട്. യഹോവ നമുക്കായി കരുതുന്നുണ്ടെന്നു മനസ്സിലാക്കാൻ ആ ലേഖനം എന്നെ സഹായിച്ചു. എന്റെ കണ്ണുകൾ നിറഞ്ഞുപോയി. ഇത്തരത്തിലുള്ള പ്രോത്സാഹജനകമായ ലേഖനങ്ങൾ തുടർന്നും എഴുതണമെന്ന് അഭ്യർഥിക്കുന്നു.”—കെ. എ. എം.